ADVERTISEMENT

കേരളത്തിന്റെ തനത് വാസ്തുവിദ്യയും തറവാട്ട് മഹിമയും അടുത്തറിയണമെങ്കിൽ പഴയ മനകളുടെ മുറ്റത്ത് നിൽക്കണം. പാലക്കാടിലൂടെ സഞ്ചരിക്കുമ്പോൾ വാണിയംകുളം ചോറോട്ടൂരിലെത്തി പോഴത്ത് മനയൊന്ന് കാണണം. വള്ളുവനാട്ടിലെ സുപ്രസിദ്ധ നമ്പൂതിരി പരമ്പര തറവാടാണ് പോഴത്ത് മന. 

ആറാംതമ്പുരാനിലെ കീഴ്പയുർ തറവാട്, അനന്തഭദ്രത്തിലെ ദിഗംബരന്റെ വീട്, എന്ന് നിന്റെ മൊയ്ദീനിലെ കാഞ്ചനമാലയുടെ വീട്. വിശേഷണങ്ങൾ അങ്ങനെ ഒരുപാടുണ്ട് ഈ മനയ്ക്ക് പങ്കുവയ്ക്കാൻ. അതിലുമേറെ ചരിത്രമുണ്ട് പോഴത്ത് മനയ്ക്ക്. 17 ഏക്കറിൽ ചെങ്കൽ നിറത്തിൽ വിളങ്ങി നിൽക്കുകയാണ് ഈ എട്ടു കെട്ടുള്ള മന.

മനയുടെ ചരിത്രമിങ്ങനെ

പോഴത്ത് മനക്കാർ പന്നിയൂർ ഗ്രാമക്കാരാണ്‌. പന്നിയൂർ വരാഹമൂർത്തിയാണ്‌ ഇവരുടെ ഗ്രാമദേവത. ഭാർഗ്ഗവ ഗോത്രക്കാരായ ഇവർ ഋഗ്വേദികളാണ്‌. ഇളയേടം,താളിക്കോട്‌, പാലക്കാട്‌, ചൂരക്കോട്‌ എന്നീ നാല്‌ ഇല്ലങ്ങൾ പോഴത്ത് മനയിൽ ലയിച്ചിട്ടുണ്ട്‌. വള്ളുവനാടിന്റെ പ്രകൃതി ഭംഗിയും, വാസ്തുവിദഗ്ദ്ധരുടെ പ്രാഗത്ഭ്യവും നമുക്ക്‌ നുകരാൻ ആകും പോഴത്ത് മനയിൽ ചെന്നാൽ. പതിനേഴേക്കറോളം വരുന്ന , ധാരാളം വൃക്ഷങ്ങൾ നിറഞ്ഞ്‌ നിൽക്കുന്ന ഭൂമിയിലാണ്‌ പോഴത്ത് മന സ്ഥിതി ചെയ്യുന്നത്‌.

140 വർഷത്തോളമായി മന പുതുക്കി പണികഴിപ്പിച്ചിട്ട്. ഇന്നും നൂറ്റാണ്ടുകൾ പഴക്കമുള്ള പ്രൗഡിയ്ക്ക് ഒരു കോട്ടവും തട്ടിയിട്ടില്ല. വെട്ടുകല്ലിലാണ് പോഴത്തിൽ മനയുടെ നിർമാണം. മനയുടെ വരാന്തകളിലുമെല്ലാം വെട്ടുകല്ലാൽ തീർത്ത തൂണുകൾ കാണാം. മൂന്ന് നിലയിലായാണ്‌ മന. മരങ്ങൾ നിറഞ്ഞ ഭൂമിയിലൂടെ നടന്ന് മനയ്ക്കലേക്ക്‌ കയറിയാൽ തന്നെ തണുപ്പാണ്‌. മനോഹരമായ പൂമുഖവും, കൊത്തുപണികളുള്ള പ്രധാന വാതിലും,പൂമുഖത്തെ ഉമ്മറപ്പടികളിലുള്ള മരത്താൽ തീർത്ത അറകളുള്ള ഇരിപ്പിടവും ആദ്യകാഴ്ചയിൽ തന്നെ വിസ്മയിപ്പിക്കും. 

സിനിമാക്കാരുടെ ഇഷ്ട ലൊക്കേഷൻ

അനന്തഭദ്രത്തിലെ ദിഗംബരന്റെ നാലു ദിക്കും കുലുങ്ങുന്ന അട്ടഹാസങ്ങൾക്ക് വേദിയായ തറവാടാണ് പോഴത്തിൽ മന. പുതിയ തലമുറയിലെ സിനിമാക്കാർക്ക് മാത്രമല്ല പഴയ തലമുറയുടെയും പ്രിയപ്പെട്ടതായിരുന്നു ഈ മന. കൊച്ചുതെമ്മാടി,അടിവേരുകൾ തുടങ്ങിയ പഴയ സിനിമകൾ മുതൽ മുതൽ പുതിയ കാലത്തെ ആറാം തമ്പുരാനും എന്ന് നിന്റെ മൊയ്തീനിലെ കാഞ്ചനമാലയുടെ വീട് വരെ ഇവിടെയാണ് ഷൂട്ട് ചെയ്തത്.വള്ളുവനാടൻ സൗന്ദര്യം തേടിയെത്തുന്ന സിനിമാക്കാർക്കും സഞ്ചാരികൾക്കും എന്നും പ്രിയപ്പെട്ടതാണ് പോഴത്തിൽ മന. 

വള്ളുവനാടൻ സൗന്ദര്യം ആവാഹിച്ച എട്ടുകെട്ട്

മനയുടെ ഉള്ളിലേക്ക്‌ കയറിയാൽ പുറത്തളവും, മുല്ലത്തറയോട്‌ കൂടിയ മനോഹരമായ നടുമുറ്റവും കാണാം. നടുമുറ്റത്തെ തറയോട്‌ ചേർന്നുള്ള ഭിത്തിയിൽ നാലു ഭാഗത്തുമായി കല്ലാൽ തീർത്ത ആനത്തലയുമുണ്ട്. നടുമുറ്റത്തെ പടിഞ്ഞാറ്റി ഭാഗത്തായി കാലങ്ങളോളം പഴക്കമുള്ള ആട്ടുകട്ടിലും സ്ഥാപിച്ചിട്ടുണ്ട്‌. അനന്തശയനവും മറ്റ്‌ കൊത്തുപണികളുമുള്ള തൂണുകൾ നിറഞ്ഞ തെക്കിനിത്തറയും,വല്ലിയ തളങ്ങളും, രണ്ട്‌ നിലയിലായി ഇരുപതോളം മുറികളും,രണ്ടാം കെട്ടിലെ ചെറിയ നടുമുറ്റവും,പഴയ അടുക്കളയും, പുതിയ അടക്കളയും, മൂന്നാമത്തെ നിലയിൽ മൺ തറയോട്‌ കൂടിയ വല്ലിയ തളവും അടങ്ങിയതാണീ എട്ടുകെട്ട്‌. 

സാധാരണ മനകളിലും തറവാടുകളിലും കാണുന്നതിൽ നിന്നും വ്യത്യസ്തമായി കരിങ്കല്ലാൽ തീർത്ത പടികളാണ് പോഴത്ത് മനയിലുള്ളത്. 17 ഏക്കറിലെ ഭൂമിയിൽ രണ്ട്‌ കിണറുകളും, രണ്ട്‌ കുളങ്ങളുമുണ്ട്‌. കുളപ്പുരയിൽ സ്ത്രീകളുടെ കടവിലെ കൽപ്പടികളിൽ കൊത്തി വച്ചിരിക്കുന്ന ആമയും ,ആണുങ്ങളുടെ കടവിൽ കൊത്തിവച്ചിരിക്കുന്ന മുതലയും, പെട്ടെന്ന് കാണുമ്പോൾ ജീവൻ ഉള്ളവയാണെന്ന് തോന്നും. പോഴത്തില്‍ മനയിലെ നാലും അഞ്ചും തലമുറയാണ് ഇപ്പോള്‍ ഇവിടത്തെ അവകാശികള്‍. 

English Summary: Pozhathu Mana Heritage building in Palakkad

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com