ADVERTISEMENT

നൂറ്റാണ്ടുകൾ പഴക്കമുള്ള മനയുടെ കാഴ്ചയും െഎതിഹ്യ കഥകളും തേടി എത്തുന്ന സഞ്ചാരികൾക്ക് എന്നും പ്രിയപ്പെട്ടതാണ് പാണ്ടിക്കാരൻ വെങ്കു പട്ടർ മഠം. തൃശൂർ ജില്ലയിൽ വെങ്കിടങ്ങ് പഞ്ചായത്തിലുള്ള തമിഴ് ബ്രാഹ്മണ കുടുംബമാണ് പാണ്ടിക്കാരൻ വെങ്കു പട്ടർ മഠം. വെങ്കിടങ്ങിൽ പണ്ട് ആറേഴു തമിഴ് ബ്രാഹ്മണ കുടുംബങ്ങളുണ്ടായിരുന്നു. കാലങ്ങൾക്കു ശേഷം പല കുടുംബങ്ങളും ഇവിടെനിന്ന് താമസം മാറി. നിലവിൽ വെങ്കിടങ്ങിൽ ഉള്ള ഒരേയൊരു തമിഴ് ബ്രാഹ്മണ കുടുംബമാണ് പാണ്ടിക്കാരൻ വെങ്കു പട്ടർ മഠം. വലിയമ്പലം ശ്രീ ശങ്കരനാരായണ ക്ഷേത്രത്തിനു സമീപത്താണ് ഈ മഠം. 

heritage-building

പഴമയും കാഴ്ചയും

130 വർഷം പഴക്കമുണ്ട് ഈ മഠത്തിന്. വെട്ടുകല്ലും കുമ്മായവും ഉപയോഗിച്ച് മൂന്ന് നിലകളിലായാണ് നിർമിതി. ചുറ്റു വരാന്തകൾ കൊണ്ട് സമ്പന്നമാണ് ഇവിടം. താഴത്തെ നിലയിൽ കിഴക്കും പടിഞ്ഞാറും നീണ്ട വരാന്തകളും മുകൾ നിലയിൽ നാലുഭാഗത്തും വരാന്തകളുമുണ്ട്. വരാന്തകളിലെ ഇരട്ടത്തൂണുകളും നടശാലയിൽ മൂന്നു തൂണുകൾ ഒരുമിച്ച് നിൽക്കുന്നതും മനോഹര കാഴ്ചയാണ്. വരാന്തകളും അകത്തളങ്ങളും എല്ലാം തടി കൊണ്ടാണ് നിർമിച്ചിരിക്കുന്നത്. 

heritage-building1

അടുപ്പിച്ചുള്ള തുലാനുകൾ അകത്തളത്തെ മനോഹരമാക്കുന്നു. മരപ്പണികളുടെ സമ്പന്നതയും ഇവിടെ ആസ്വദിക്കുവാൻ സാധിക്കും. തേക്കും ഇരുമുള്ളും ഉപയോഗിച്ചാണ് ഇവിടുത്തെ മരപ്പണികൾ. പല തരത്തിലുള്ള പൂക്കൾ, പൂമൊട്ടുകൾ, ചെറിയ അറകൾ എന്നിവയാൽ കോണിപ്പടിയുടെ നിർമാണ രീതി കൗതുകം ഉണർത്തുന്നതാണ്. 

ഇരുനിലയ്ക്കും മുകളിൽ വരുന്ന മച്ച് വളരെ ഉയർന്ന നിർമിതിയാണ് .ആറടിയോളം വരുന്ന ചുമരിലാണ് മേൽക്കൂര പണിതിരിക്കുന്നത്. മച്ചിന്റെ ഉത്തരത്തിൽ പഴയ കാലത്തെ ഒരു എഴുത്തും കാണാം. പാറട്ടി കുഞ്ഞൻ 120 വർഷം മുമ്പ് പണിതു എന്നാണ് എഴുത്ത്. പാറട്ടി എന്നത് തൊട്ടടുത്തുള്ള പാവറട്ടി എന്ന സ്ഥലപ്പേരാണ്.

തമിഴ്  ബ്രാഹ്മണ കുടുംബം

തമിഴ് ബ്രാഹ്മണ വിഭാഗത്തിൽപ്പെട്ട ഈ കുടുംബക്കാർ കേരളത്തിൽ കാലങ്ങൾക്ക് മുമ്പേ തന്നെ താമസമാക്കിയവരാണ്. വെങ്കിടങ്ങിലെ പല ഭൂമികളും ഒരു കാലത്ത് നമ്പൂതിരിമാരുടെ കൈവശമായിരുന്നു. നമ്പൂതിരിമാർ കൂടുതലായി താമസിച്ചിരുന്ന വെങ്കിടങ്ങിൽ അവർക്ക് ഭക്ഷണം തയാറാക്കുവാനായി തമിഴ്നാട്ടിൽനിന്ന് എത്തിയവരാണ് പരദേശി ബ്രാഹ്മണർ എന്നാണ് കരുതപ്പെടുന്നത്. കച്ചവട ആവശ്യത്തിനായി കേരളത്തിൽ എത്തിയവരും ഉണ്ട്. ഈ കുടുംബം കച്ചവടത്തിനായി ഇവിടെ എത്തിയതാണ്. 

heritage-building6

നാലു തലമുറ മുൻപ് വീരരാഘവൻ എന്ന വീരാൻ പട്ടർ ആണ് വെങ്കിടങ്ങിൽ എത്തിയത്. അദ്ദേഹത്തിന്റെ മകൻ വെങ്കിട സുബ്രഹ്മണ്യൻ എന്ന വെങ്കു പട്ടർ ജന്മിയായി. വലിയ ഭൂസ്വത്തിന് ഉടമയായി .വെങ്കുപട്ടരുടെ പതിനാറ് മക്കളിൽ ഒരുവനായ കൊളുത്തു സ്വാമി എന്നറിയപ്പെടുന്ന ഹരിഹരനും ഭാര്യ വടക്കുഞ്ചേരി മഞ്ഞപ്ര സുബ്രഹ്മണ്യ ജഡാവല്ലഭന്റെ മകൾ കാന്തിമതി അമ്മാളും അവരുടെ നാലു മക്കളുമാണ് ഒരു കാലം വരെ ഇവിടെ താമസിച്ചിരുന്നത്. കൊളുത്തു സ്വാമിയുടെ നാലു മക്കളിൽ മൂത്തയാളായ വെങ്കിടസുബ്രഹ്മണ്യൻ കോൾ ഇന്ത്യയിൽനിന്ന് ചീഫ് എൻജിനീയറായി റിട്ടയർ ചെയ്തു. രണ്ടാമത്തെ മകൻ രാമകൃഷ്ണൻ അകാലത്തിൽ ചരമമടഞ്ഞു. സഹോദരി ഗംഗാഭാഗീരഥി നൂറണി ഗ്രാമത്തിലേക്ക് വിവാഹം കഴിച്ചു പോയി. നാലാമത്തെ മകനായ സ്വാമിനാഥനും ഭാര്യ ലത സ്വാമിനാഥനുമാണ് ഇന്നിവിടെ താമസിക്കുന്നത് .

സംസാര ഭാഷ തായ്മൊഴിയായ തമിഴ്

തമിഴ് ബ്രാഹ്മണ കുടുംബങ്ങളിലെ സംസാര ഭാഷ തായ്മൊഴിയായ തമിഴ് ആണ്. എല്ലാവരും തമിഴ് എഴുതുവാനും വായിക്കുവാനും പഠിക്കുന്നു. ഇന്നും കല്യാണക്കുറിയുടെ ഒരു വശത്ത് തമിഴിൽ അച്ചടിക്കാൻ ഇവർ ശ്രദ്ധ പുലർത്താറുണ്ട്. പരമ്പരാഗത കല്യാണക്കുറിയുടെ നിറം ഒരു ഭാഗം പിങ്കും മറുഭാഗം മഞ്ഞയുമാണ് .കാലം മാറിയാലും ഇത്തരം പരമ്പരാഗത രീതികളെ ഇവർ ഇന്നും മുറുകെ പിടിക്കുന്നു.

heritage-building2

ആഘോഷങ്ങൾ

തമിഴ് സമൂഹത്തിന്റെ ആചാരാനുഷ്ഠാനങ്ങളായ ദീപാവലി, തൃക്കാർത്തിക, അക്ഷയതൃതീയ, നവരാത്രി എന്നിവയോടൊപ്പം കേരളത്തിന്റെ ഓണം, വിഷു എന്നീ ആഘോഷങ്ങളും ഇവിടെ നടത്തുന്നു. തൃപ്രയാർ ശ്രീരാമസ്വാമി ക്ഷേത്രത്തിലെ ശ്രീരാമസ്വാമിയെയാണ് പ്രധാനമായും ആരാധിക്കുന്നത്. തിരുനെൽവേലിയിലെ നെല്ലയപ്പൻ ക്ഷേത്രമാണ് കുടുംബ ക്ഷേത്രം.

കൗതുകമുണർത്തും വിവാഹം

തമിഴ് ബ്രാഹ്മണ വിവാഹത്തിന്റെ ചടങ്ങുകൾ വിശേഷമുള്ളതാണ്. വിവാഹത്തിന് വാദ്യഘോഷങ്ങളോടെ വരനെയും കൂട്ടരെയും സ്വീകരിക്കുന്നു. വടിയും കുടയുമായി ബ്രഹ്മചാരിയായ വരൻ കാശിക്ക് പോകാൻ ഒരുങ്ങുമ്പോൾ വധൂപിതാവ് ഗൃഹസ്ഥനാകുവാൻ വിഷ്ണുരൂപിയായ ബ്രഹ്മചാരിയെ ക്ഷണിക്കുന്നു. മകളെ കന്യാദാനം ചെയ്യാമെന്നു പറയുന്നു. തുടർന്ന് മൂന്നു തവണ മാല മാറുന്നു. അച്ഛന്റെ മടിയിൽ വധുവിനെ ഇരുത്തിയാണ് ചടങ്ങുകൾ. 

പാണിഗ്രഹണം നടക്കുമ്പോൾ കൈമുകളിലൂടെ വെള്ളം ഒഴിക്കുന്നു. തുടർന്ന് താലി കെട്ടുന്നു. വരൻ കെട്ടുന്ന താലി മൂന്നു തവണ ഭർതൃസഹോദരിയാണ് വീണ്ടും കെട്ടുന്നത്. സപ്തപദി എന്ന ചടങ്ങും തുടർന്നുണ്ടാകും. ചേലയാണ് സ്ത്രീകൾ വിവാഹത്തിന് ഉപയോഗിക്കുന്നത്. വലിയ പാത്രങ്ങൾ നിറയെ അരിമുറുക്ക്, അപ്പം, മൈസൂർ പാക്ക്, തെരട്ടിപ്പാൽ, പരിപ്പ് കുറ്റി എന്നിങ്ങനെയുള്ള പലഹാരങ്ങളുണ്ടാകും. അരിമാവു കോലങ്ങൾ കൊണ്ടു കമനീയമാക്കിയതായിരിക്കും കതിർ മണ്ഡപം.

ചാത്തം ഊട്ടാൻ ചടങ്ങ്

മൂന്നുതലമുറയ്ക്ക് ചാത്തം ഊട്ടുന്നവരാണ് തമിഴ് ബ്രാഹ്മണർ. തിഥിയാണ് ചാത്തത്തിന് കണക്കാക്കുക. വിഷ്ണുവിനെ സങ്കൽപിച്ച് ഒരു ഇലയിൽ വിഭവങ്ങൾ വിളമ്പുന്നു. രണ്ട് നാക്കിലകൾ ഒരുമിച്ചു വച്ചാണ് ഭക്ഷണം വിളമ്പുന്നത്. ഒന്നിൽ ചോറും മറ്റതിൽ കറികളുമാണ് വിളമ്പുക. 

heritage-building-varantha

ചാത്തം ഊട്ടാൻ ചുരുങ്ങിയത് രണ്ടു പേരെ ക്ഷണിക്കണം. കുളിക്കാൻ എണ്ണയും ചീവയ്ക്കപ്പൊടിയും കോടി മുണ്ടും കൊടുക്കണം. തേൻ നിർബന്ധമാണ്. വാഴയില കുത്തി കൂട്ടി ഉണ്ടാക്കുന്ന തൊപ്പി പോലുള്ള പാത്രമാണ് ദൊണ്ണ. സദ്യയിൽ ദൊണ്ണയും നിർബന്ധമാണ്.

വിശേഷപ്പെട്ട പലഹാരങ്ങള്‍

അപ്പം, ഉഴുന്നുവട, സുഖിയൻ, കഞ്ഞി, കൊഴുക്കട്ട, അമ്മിണി കൊഴുക്കട്ട, സേവ, വേപ്പിലക്കട്ടി, മാഹാണി കൈമുറുക്ക്, ഗുഡാം, പെരുവളങ്കായ, ജിലേബി, ഉപ്പൂട്ട് എന്നിവയെല്ലാം ഇവിടുത്തെ വിശേഷപ്പെട്ട പലഹാരങ്ങളാണ്. മത്തൻകാളി, താമരക്കിഴങ്ങ്, താമരവളയം ‌എന്നിങ്ങനെയുള്ള കൊണ്ടാട്ടങ്ങളും അച്ചാറുകളും ഇവിടുത്തെ പരമ്പരാഗത ഭക്ഷണവിഭവങ്ങൾ ആണ്. തൈര് കടഞ്ഞിരുന്ന കടക്കോലും മരത്തവികളും ഇന്നിവിടെ വിശ്രമത്തിലാണ്. സ്ത്രീകളും കുട്ടികളും കളിക്കാനായി ഉപയോഗിച്ചിരുന്ന മരം കൊണ്ട് നിർമിച്ച പല്ലാങ്കുഴി എന്ന കളിപ്പാട്ടം ഇവിടെ ഇന്നും സൂക്ഷിച്ചിരിക്കുന്നു. 

കുടുംബ പെരുമ

ഉയർന്ന വിദ്യാഭ്യാസമുള്ളവരും പല പ്രമുഖ പദവികളിലും ജോലി ചെയ്ത് വിരമിച്ചവരുമാണ് ഈ തായ്‌വഴിക്കാർ. പാണ്ടിക്കാരൻ കൊളുത്തു അയ്യരുടെ ജ്യേഷ്ഠനായ ബാലകൃഷ്ണ അയ്യർ ലണ്ടനിൽനിന്ന് ഐസിഎസ് പഠിച്ച് 1950 കാലഘട്ടത്തിൽ മദ്രാസിൽ ഹൈക്കോടതി ജഡ്ജിയായി സേവനം അനുഷ്ഠിച്ച് വിരമിച്ചു. ഇദ്ദേഹത്തിന്റെ മകൻ വെങ്കിട സുബ്രഹ്മണ്യൻ ഇന്ത്യയുടെ ലോ മിനിസ്ട്രി ക്യാബിനറ്റ് സെക്രട്ടറിയായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ബാലകൃഷ്ണ അയ്യരുടെ മകളുടെ ഭർത്താവ് കെ.വി. രാമനാഥൻ പ്ലാനിങ് കമ്മിഷനിൽ മെമ്പർ സെക്രട്ടറിയായും ബാലകൃഷ്ണഅയ്യരുടെ രണ്ടാമത്തെ മകൻ കൃഷ്ണമൂർത്തി മദ്രാസ് ഹൈക്കോടതി വക്കീലായും സേവനമനുഷ്ഠിച്ചവരാണ്.

ഈ താവഴിയിൽപ്പെട്ട മൂന്ന് ശാഖകളാണ് ഇവിടെയുള്ളത്. വെങ്കിടാചലത്തിന്റെ മകൻ രാമചന്ദ്രൻ വെന്മേനാട്ടിലും വിശ്വനാഥശർമയുടെ മക്കളായ സുബ്രഹ്മണ്യനും (ഹൈക്കോടതിയിൽ പ്രാക്ടീസ് ചെയ്തിരുന്നു) അദ്ദേഹത്തിന്റെ സഹോദരൻ വരദരാജ അയ്യരും (സെഷൻ ജഡ്ജി) മരതിയൂരിലും താമസിക്കുന്നു. ഇദ്ദേഹത്തിന്റെ മകൻ പി.വി. ബാലകൃഷ്ണൻ (പ്രിൻസിപ്പൽ മജിസ്ട്രേറ്റ്) കാസർകോട്ടാണ്.

മറ്റു പല താവഴിക്കാരും കേരളത്തിന് പുറത്താണ്. വലിയമ്പലം ശ്രീ ശങ്കരനാരായണ ക്ഷേത്രവും വെങ്കു പട്ടർ മഠവും ഒരു മതിലിനാലാണ് വേർതിരിച്ചിരിക്കുന്നത്. കുളവും തെങ്ങുകളും മാവുകളും നിറഞ്ഞ വലിയ തൊടിയിലെ പാണ്ടിക്കാരൻ വെങ്കുപട്ടർമഠം പല  ടെലി ഫിലിമുകളുടെയും ചിത്രീകരണ സ്ഥലം കൂടിയാണ്.

English Summary: Heritage Walk Vengu pattar madham Thrissur

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com