ADVERTISEMENT

ഇന്ത്യയുടെ അഭിമാനമായ നളന്ദ സര്‍വകലാശാലക്ക് ലഭിച്ച യുനെസ്‌കോയുടെ ലോക പൈതൃക പദവി അര്‍ഹതക്കുള്ള അംഗീകാരമായിരുന്നു. മനുഷ്യ ചരിത്രത്തിലെ ആദ്യത്തെ രാജ്യാന്തര ഗുരുകുല വിദ്യാഭ്യാസ സര്‍വകലാശാലയായിരുന്നു നളന്ദയെന്ന് കരുതപ്പെടുന്നു. എട്ടു നൂറ്റാണ്ടോളം തലയുയര്‍ത്തി ലോകത്തിന് വിദ്യാഭ്യാസം നല്‍കിയ നളന്ദ സര്‍വകലാശാല നശിച്ച് ആയിരം വര്‍ഷങ്ങള്‍ക്കു ശേഷമാണ് ചെറിയ തോതിലെങ്കിലും പുനര്‍നിര്‍മിച്ചത്. 

 

NalandaUniversity1
Image From Shutterstock

ബീഹാര്‍ തലസ്ഥാനമായ പട്‌നയില്‍ നിന്നും ഏതാണ്ട് 95 കിലോമീറ്റര്‍ തെക്കു കിഴക്കായാണ് നളന്ദ സര്‍വകലാശാലയുടെ സ്ഥാനം. സംരക്ഷിത സ്മാരകത്തിലേക്ക് ടിക്കറ്റെടുത്തു വേണം പ്രവേശിക്കാൻ. ചുവന്ന കല്ലു പാകിയ നടവഴികളിലൂടെ നടക്കുമ്പോൾ നൂറ്റാണ്ടുകൾ പഴക്കമുള്ള ക്ലാസ് മുറികളും രസതന്ത്ര പരീക്ഷണ ശാലകളും അധ്യാപകർ താമസിച്ചിരുന്ന കെട്ടിടങ്ങളും കാണാം. 

 

NalandaUniversity
Image From Shutterstock

അഞ്ചാം നൂറ്റാണ്ടില്‍ ഗുപ്ത സാമ്രാജ്യത്തിന് കീഴില്‍ കുമാര ഗുപ്തനാണ് നളന്ദ സര്‍വകലാശാല സ്ഥാപിക്കുന്നത്. ലോകത്തിന്റെ പലഭാഗങ്ങളില്‍ നിന്നും രണ്ടായിരത്തോളം അധ്യാപകരം പതിനായിരത്തോളം വിദ്യാര്‍ഥികളും നളന്ദയില്‍ ഒരേ സമയം താമസിച്ച് പഠിച്ചിരുന്നു.

 

NalandaUniversity2
Image From Shutterstock

 

ഇന്ത്യയിലെ ആദ്യകാല സര്‍വകലാശാലകളായ നളന്ദയും തക്ഷശിലയും വിക്രമശിലയുമെല്ലാം വേദ പഠനരീതിയെയാണ് പിന്തുടര്‍ന്നിരുന്നത്. ഗുപ്തകാലത്തെ അഞ്ച് ആറ് നൂറ്റാണ്ടുകളായിരുന്നു നളന്ദയുടെ സുവര്‍ണകാലം. കനൂജിലെ രാജാവായിരുന്ന ഹര്‍ഷനായിരുന്നു നളന്ദയെ പ്രതാപത്തിലേക്ക് ഉയര്‍ത്തിയത്. ഒമ്പതാം നൂറ്റാണ്ടുവരെ സര്‍വ പ്രതാപിയായി നളന്ദ സര്‍വകലാശാല പ്രവര്‍ത്തിച്ചു. പിന്നീടുള്ള കാലം നളന്ദക്ക് തിരിച്ചടികളുടേതായിരുന്നു. 

 

427 മുതല്‍ 1197 വരെയുള്ള നീണ്ട എട്ടു നൂറ്റാണ്ടുകള്‍ നളന്ദ രാജ്യാന്തര സര്‍വകലാശാലയായി നിലയുറപ്പിച്ചു. ആയിരക്കണക്കിന് പുസ്തകങ്ങളുള്ള നളന്ദയിലെ ലൈബ്രറി ഒമ്പത് നിലകളിലായാണ് സജ്ജീകരിച്ചിരുന്നത്. നൂറു പ്രഭാഷണ ശാലകളുണ്ടായിരുന്ന നളന്ദയില്‍ പന്ത്രണ്ട് വര്‍ഷത്തെ പാഠ്യ പദ്ധതിയായിരുന്നു ഉണ്ടായിരുന്നത്. വിദ്യാഭ്യാസം സൗജന്യമായിരുന്ന നളന്ദക്ക് വേണ്ട സഹായങ്ങള്‍ നൂറ് ഗ്രാമങ്ങളില്‍ നിന്നും ലഭിച്ചിരുന്നു. 

 

1193ല്‍ മുഹമ്മദ് ബിന്‍ ബക്തിയാര്‍ ഖില്‍ജിയുടെ ആക്രമണത്തിലാണ് നളന്ദ സര്‍വകലാശാല തകര്‍ന്നത്. പിന്നീട് നൂറ് വര്‍ഷത്തോളം കൂടി നളന്ദ നിലനിന്നെങ്കിലും പതുക്കെ പൂര്‍ണമായും തകര്‍ന്നടിയുകയായിരുന്നു. പഠന പ്രവർത്തനങ്ങൾ നിലച്ച് വിസ്മൃതിയിലാണ്ട നളന്ദയിലേക്ക് നൂറ്റാണ്ടുകളോളം ആരും കടന്നു വന്നില്ല. 19-ാം നൂറ്റാണ്ടിൽ ആർക്കിയോളജിക്കൽ സർവെ ഓഫ് ഇന്ത്യയുടെ നേതൃത്വത്തിൽ ഉദ്ഖനനം നടത്തി വീണ്ടെടുത്തതാണ് ഇപ്പോൾ കാണുന്ന സംരക്ഷിത ഭാഗങ്ങൾ. ബീഹാറിലെ രാജ്ഗിറിന് 15 കിലോമീറ്റര്‍ ദൂരെയാണ് ഇന്ന് നളന്ദ സര്‍വകലാശാലയുടെ അവശിഷ്ടങ്ങളുള്ളത്. ഏകദേശം 1.50 ലക്ഷം ചതുരശ്ര മീറ്റര്‍ വിസ്തൃതിയിലാണ് നളന്ദയുടെ ഭാഗങ്ങളുള്ളത്. 

 

ഏഴാം നൂറ്റാണ്ടില്‍ നളന്ദയിലെത്തിയ ചൈനീസ് സഞ്ചാരി ഹ്യുയാന്‍സാങിന്റെ വിവരണം അനുസരിച്ച് നോക്കിയാല്‍ ഇന്നും നളന്ദയുടെ 90 ശതമാനവും വീണ്ടെടുക്കാനായിട്ടില്ല. 2016ലാണ് നളന്ദ സര്‍വകലാശാല യുനെസ്‌കോ ലോക പൈതൃക പട്ടികയില്‍ ഇടം നേടുന്നത്. 2009 ജനുവരി ഒമ്പത് മുതല്‍ ലോക പൈതൃക പട്ടികയുടെ താല്‍ക്കാലിക ലിസ്റ്റില്‍ നളന്ദ സര്‍വകലാശാല ഉണ്ടായിരുന്നു. 2015 ജനുവരിയില്‍ ഇന്ത്യന്‍ പുരാവസ്തു വകുപ്പ് നളന്ദക്കുവേണ്ടി ഒരു അപേക്ഷ തയാറാക്കി നല്‍കുകയും 2016ല്‍ ലോക പൈതൃക കമ്മറ്റി അംഗീകരിക്കുകയുമായിരുന്നു.

English Summary: Nalanda Mahavihara Unesco World Heritage Site

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT