ADVERTISEMENT

തിറയാട്ടം കാണാനും തിറയാട്ടത്തിന് പിന്നിലുള്ള വിശ്വാസങ്ങളും ആചാരങ്ങളും സങ്കൽപങ്ങളുമെല്ലാം മനസിലാക്കാനും നടി രശ്മി സോമൻ നടത്തിയ യാത്ര ദൃശ്യങ്ങൾ ശ്രദ്ധേയമാണ്. വള്ളുവനാട് മേഖലയിൽ ആയിരകണക്കിന് കാവുകളിലാണ് തിറയാട്ടം നടക്കുന്നത്. പുരാവൃത്തത്തിലെ ദാരികാവധവുമായി ബന്ധപ്പെട്ടാണ് ഭഗവതിത്തിറയുടെ ഇതിവൃത്തം. ജനുവരി മുതൽ ഏപ്രിൽ വരെയുള്ള കാലത്താണ് മലബാറിലെ ക്ഷേത്രങ്ങളിലും കാവുകളിലുമായി തെയ്യകോലങ്ങൾ കെട്ടിയാടാറുള്ളത്.

 

തിറയുടെ ബിംബങ്ങൾ, ചമയം, ആട്ടം, പാട്ട്, വിശ്വാസം, ആചാരം എന്നിവയൊക്കെ അറിയാനും ആസ്വദിക്കാനും ഏറ്റവും മികച്ച സമയം കൂടിയാണിത്. അതുകൊണ്ടു തന്നെ  തെയ്യവും തിറയും ആചാരാനുഷ്ഠാനങ്ങളോടെ കാണാൻ ഈ കാലത്ത് വള്ളുവനാട്ടിലെത്തുന്നവർ ഒട്ടും കുറവല്ല.

 

ഗ്രാമ പ്രദേശങ്ങളിലും ക്ഷേത്ര പരിസരങ്ങളിലും തെയ്യവും തിറയും കെട്ടിയാടുമ്പോള്‍ അകലെ നിന്നും ആളുകളെത്തുന്നതും മനുഷ്യന്റെ ദേവതാരൂപം കാണാനും അനുഗ്രഹവും വാങ്ങാനുമായിട്ടാണ്. ദൈവങ്ങളുടെ കോലം ധരിച്ചു മനുഷ്യര്‍ കെട്ടിയാടുമ്പോള്‍ ഒരു സമൂഹത്തിന്റെ കൂട്ടായ്മയും അവിടെ കാണാന്‍ കഴിയും. എത്ര അന്യവല്‍ക്കരിക്കപ്പെടുന്നുവെന്ന് പറഞ്ഞാലും മലബാറിലും മറ്റ് ചില തെക്കന്‍ ജില്ലകളിലും ഈ അനുഷ്ഠാന കല കൊണ്ട് ഉപജീവനം നടത്തുന്നവര്‍ നിരവധിയാണ്. അതിനു പിന്നില്‍ തെയ്യവും തിറയും ഇഷ്ടപ്പെടുന്ന നിരവധിയാളുകള്‍ ഉള്ളതു കൊണ്ടു തന്നെയാണ്. വടക്കന്‍ മലബാര്‍ തെയ്യങ്ങള്‍ക്കും തിറകള്‍ക്കും പേരു കേട്ടതാണ്. അതോടൊപ്പം വള്ളുവനാടന്‍ പ്രദേശങ്ങളിലെ പൂതനും തിറയും.

 

എന്താണ് പൂതനും തിറയും

 

കാലില്‍ ചിലമ്പുകളും അരയില്‍ മണികളോടും കൂടിയുള്ള പൂതനും തിറയും. വള്ളുവനാടന്‍ ഗ്രാമങ്ങളും സമീപ പ്രദേശങ്ങളിലും കുംഭം മീനം മാസങ്ങളില്‍ പൂതനും തിറയുമുണ്ടാകും. ദേവീക്ഷേത്രോത്സവങ്ങളോടനുബന്ധിച്ച് പെരുമണ്ണാന്‍, വണ്ണാന്‍ സമുദായക്കാര്‍ കെട്ടിയാടുന്ന പരമ്പരാഗതമായ ഒരു ക്ഷേത്ര കലയാണിത്. തലയിലെ കിരീടം(മുടി) മാണ് ഈ ദൈവക്കോലത്തിന്റെ ആകര്‍ഷണങ്ങളില്‍ പ്രധാനമായൊന്ന്. അര്‍ദ്ധവൃത്താകൃതിയിലാണിവ. തിറ തലയില്‍ വലുപ്പമുള്ള കിരീടമാണ് ധരിക്കുക, വലുപ്പം കൂടിയതിനാല്‍ തന്നെ മുടിയുടെ രണ്ടറ്റങ്ങളിലും ഓരോ മുണ്ടിന്റെ ഓരോ അറ്റം ബന്ധിച്ച് മറ്റേ അറ്റങ്ങള്‍ കൈകളില്‍ പിടിച്ച് തുലനം ചെയ്തുകൊണ്ടാണ് നൃത്തം ചെയ്യുക. പൂതത്തിന്റെ തലയില്‍ കുട്ടികളെ പേടിപ്പിക്കുന്ന തരത്തിലുള്ള ഉന്തിനില്‍ക്കുന്ന നാക്കും ഉണ്ടക്കണ്ണുകളുമുള്ള മുഖം മൂടിയോടുകൂടിയ കിരീടമാണുണ്ടാവുക. ഒപ്പം വര്‍ണാഭമായ വസ്ത്രങ്ങളുമുണ്ടായിരിക്കും. അരളിപ്പൂക്കള്‍ കൊണ്ടുള്ള അമ്പിളിപ്പൂമാല തിറയും ധരിക്കും. തിറ കാളിയേയും പൂതം ഭൂത ഗണങ്ങളേയും പ്രതിനിധീരിക്കുന്നു. പറയാണ് തിറയുടെ വാദ്യോപകരണം. പൂതത്തിന്റേത് തുടിയും.

 

പൂതവും തിറയും നടക്കുമ്പോള്‍ കാലിലെ ചിലമ്പുകളും അരയിലെ മണികളും കിലുങ്ങി വള്ളുവനാടന്‍ ഗ്രാമങ്ങളെ സംഗീത സാന്ദ്രമാക്കും. തിറയുത്സവത്തിന്റെ വിവരം നാട്ടുകാരെ അറിയിക്കുന്നതിനായി പൂതം കെട്ടി വീടുകള്‍ കയറിയിറങ്ങുന്ന പതിവുണ്ട്. കാവേറ്റമെന്നാണ് ഈ ചടങ്ങിനെ വിളിക്കാറ്. കാവേറ്റം അഥവാ കാവില്‍ കയറല്‍ ഈ അനുഷ്ഠാനത്തിന്റെ പ്രധാന ഭാഗമാണ്. വീടുകളില്‍ നിന്ന് ഈ നൃത്തസംഘത്തിന്ന് അരിയും നെല്ലും പണവും വസ്ത്രങ്ങളും സമ്മാനമായി കിട്ടും. ഒടുവില്‍ അതത് ക്ഷേത്രങ്ങളില്‍ എത്തി അവിടെയും കളിച്ച് ദേവീ ദര്‍ശനവും നടത്തി അവര്‍ പിരിയുകയാണ് പതിവ്. 

poothan-thira

 

തിറ നൃത്തം

 

ഭഗവതി ക്ഷേത്രങ്ങളിലാണ് കൂടുതലും തിറകെട്ടിയാടുന്നത്. ദേവപ്രീതി ഉദ്ദേശിച്ചാണു തെയ്യക്കോലങ്ങള്‍ കെട്ടിയാടുന്നതെങ്കിലും കാണുന്നവരെ രസിപ്പിക്കാറുണ്ട് ഇവര്‍. അസാമാന്യ മെയ്‌വഴക്കം വേണം തെയ്യം കെട്ടുന്ന ഓരോ കലാകാരനും. വാദ്യങ്ങളുടെ താള മേളങ്ങള്‍ക്കനുസരിച്ച് ചുവടുവെക്കണം. കെട്ടിയാട്ടക്കാരന്‍ അവതരണത്തിന്റെ ഭാഗമായി സങ്കീര്‍ണ്ണമായ ചുവടുകളും പ്രകടനങ്ങളും നടത്താറുണ്ട്. കുറേ സമയം വാദ്യങ്ങളുടെ താളത്തിനനുസരിച്ച് നൃത്തം ചവിട്ടണം. വെറും ചടങ്ങിനല്ലാതെ സ്വയം മറന്നാടുമ്പോഴാണ് ഓരോ തെയ്യക്കോലങ്ങളും ഭക്തിനിര്‍ഭരമായ അന്തരീക്ഷമുണ്ടാക്കുന്നത്. ഈശ്വര ചൈതന്യം ആവേശിച്ച വിധം ഉറഞ്ഞാടുമ്പോഴേക്കും വാദ്യ മേളങ്ങളും അത്യുച്ചത്തില്‍ മുഴങ്ങിക്കൊണ്ടിരിക്കും. 

 

വള്ളുവനാടന്‍ ഗ്രാമങ്ങളിലെ പൂതനും തിറയും ഒരിക്കലെങ്കിലും കണ്ടിരിക്കണമെന്ന് ആഗ്രഹിക്കുന്നവര്‍ നിരവധിയാണ്. ഇന്ന് ഇതിനായി കുംഭം മീനം മാസങ്ങള്‍ക്കു വേണ്ടി കാത്തിരിക്കേണ്ട. 'വള്ളുവനാടന്‍സ് മണ്ണാര്‍ക്കാട്' എന്ന സംഘം നിങ്ങളുടെ ഗ്രാമങ്ങളിലെത്തി ഈ അനുഷ്ഠാന കല അവതരിപ്പിക്കും. നിരവധി പരിപാടികളുടെ ഭാഗമായിട്ടുണ്ട് ഈ സംഘം ഇതിനോടകം. നടി രശ്മി സോമന്റെ വ്‌ളോഗില്‍ പൂതനും തിറയും അവതരിപ്പിക്കുന്ന സംഘമായ 'വള്ളുവനാടന്‍സ് മണ്ണാര്‍ക്കാട്'നെ പരിചയപ്പെടുത്തുന്നുണ്ട്. മണ്ണാര്‍ക്കാട് ഭീമനാടെത്തിയാണ് നടി ഈ സംഘത്തെ പരിചയപ്പെടുത്തിയത്.

 

'വള്ളുവനാടന്‍സ് മണ്ണാര്‍ക്കാട്' 

 

പാരമ്പര്യമായി ക്ഷേത്രത്തില്‍ മാത്രം ചെയ്തു വരികയായിരുന്നു സംഘ തലവനായ മനോജ് നെരളത്ത്. പത്ത് വര്‍ഷത്തോളമായി ഇങ്ങനെയൊരു സംഘം രൂപീകരിച്ചിട്ട്. കിഴക്കന്‍ ശൈലിയിലും പടിഞ്ഞാറന്‍ ശൈലിയിലുമാണ് ഇവര്‍ നൃത്തം ചെയ്യുന്നത്. പാലക്കാട് ഭാഗങ്ങളില്‍ കിഴക്കന്‍ ശൈലിയും മലപ്പുറം തൃശൂര്‍ ഭാഗങ്ങളില്‍ പടിഞ്ഞാറന്‍ ശൈലിയും ആണ് ഇവര്‍ നൃത്തരൂപത്തിലൂടെ അവതരിപ്പിക്കാറുള്ളത്. പിഴക്കാതെയും അതിവേഗതയിലുമുള്ള ചുവടുകളാണ് ഇവരുടെ പ്രത്യേകത. മേളക്കാരുടെ താളത്തിനൊപ്പം മുടിയുമായി കെട്ടിയാട്ടക്കാരന്‍ നിറഞ്ഞാടുമ്പോള്‍ പൊടി പാറുന്ന പ്രകടനം തന്നെ കാണാനാവും ഓരോ കാഴ്ചക്കാരനും. ഈ അനുഷ്ഠാന കലകള്‍ ഒരിക്കലും അന്യം നിന്നു പോകില്ല, ഇത്തരം കലാകാരന്മാരും സംഘവുമുള്ളപ്പോള്‍. ജാതിഭേദമില്ലാതെ തന്നെ സ്വീകരിക്കപ്പെടുന്നവരാണ് ഈ തെയ്യങ്ങള്‍. 

 

അവര്‍ണസമുദായത്തില്‍പ്പെട്ടവരാണ് തെയ്യവും തിറയും കെട്ടിയാടുന്നത്. എന്നാല്‍ ആ ദൈവങ്ങളെ സവര്‍ണ്ണരും വണങ്ങി നില്‍ക്കുന്നു. അവര്‍ കെട്ടിയാടുന്ന കോലങ്ങളില്‍ ദൈവത്തെ ദര്‍ശിക്കുന്നുവെന്നാണ് വിശ്വാസം. ഓരോ തെയ്യക്കോലങ്ങളും ഓരോ സമൂഹത്തിനെ അടയാളപ്പെടുത്തുമ്പോള്‍ അത് സംരക്ഷിക്കുന്ന ഇത്തരം കലാസംഘടനകളും വളരട്ടെ.. കലാകാരന്മാരും വളരട്ടെ.

English Summary: poothan thira ritual to move out on demand

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com