ആറ് നാട്ടിൽ നൂറ് വേഷം നൂറ്റെട്ട് അവതാരം.. തെയ്യങ്ങളിറങ്ങും പല രൂപത്തിൽ ഭാവത്തിൽ  

theyyam4
 ചുടലഭദ്രകാളി
SHARE

വടക്കൻ കേരളത്തിലെ ഗ്രാമക്ഷേത്രങ്ങളിലും കാവുകളിലുമാണ് പ്രധാനമായും തെയ്യങ്ങളിറങ്ങുന്നത്. വടക്കൻ കേരളത്തിലെ ഗ്രാമങ്ങളിലെ ഉത്സവക്കാലത്താണ് കളിയാട്ടം എന്നും തെയ്യാട്ടമെന്നും അറിയപ്പെടുന്ന ഈ കലാരൂപം നടക്കുന്നത്. ഓരോ തെയ്യത്തിനു പിന്നിലും ഐതിഹൃവും ചരിത്രവും മിത്തും സംസ്കാരവുമൊക്കെ ഇഴചേർന്നു നിൽക്കുന്നുണ്ട്. ഇതിഹാസ പുരാണങ്ങളിലെ കഥാപാത്രങ്ങളെയും ചിലപ്പോൾ  പൂർവ പിതാക്കൻമാരുടെ ആത്മാക്കളെയും ആവാഹിച്ചാണ്  തെയ്യങ്ങളിറങ്ങുന്നത്. മന്ത്രമൂര്‍ത്തികളും അമ്മദൈവങ്ങളും നാഗകന്യകകളും സമൂഹത്തിനായി ജീവത്യാഗം ചെയ്ത പുണ്യാത്മാക്കളുമൊക്കെ തെയ്യങ്ങളായെത്തും. ഗ്രാമീണമായ വിശ്വാസങ്ങളും  പ്രകൃതിയോട് ഏറ്റവും ചേർന്നുനിൽക്കുന്ന ആചാരാനുഷ്ഠാനങ്ങളുമാണ് ദൈവത്തറകളിലെ  തെയ്യപ്പുറപ്പാടുകൾക്കു പിന്നിലുള്ളത്. അത്തരം ആചാരങ്ങളിലും വിശ്വാസങ്ങളിലും വിട്ടുവീഴ്ചയോ പരിഷ്കാരമോ വരുന്നത് വേദനാജനകമാണെന്ന് തെയ്യം കലാകാരൻമാർ പറയുന്നു. അതുകൊണ്ടുതന്നെ മാസങ്ങൾ നീളുന്ന സമർപ്പണവും ത്യാഗവുമുണ്ട് ഓരോ തെയ്യത്തിനു പിന്നിലും.

theyyam2
 ചാമുണ്ഡി- ചിത്രം: സുരേന്ദ്രൻ കെ.ജി.

തെയ്യം കാണാത്തവർ വടക്കൻ കേരളത്തിലുണ്ടായെന്നു വരില്ല. പക്ഷേ തെയ്യങ്ങളെക്കുറിച്ച് ആധികാരികമായി പറഞ്ഞുതരാൻ എല്ലാവർക്കുമാകില്ല. ‘നിങ്ങൾ ഏട്ന്നാ...’ എന്ന് അവർ ചോദിക്കുന്നു. ‘തെക്കു നിന്നാണ്, തെയ്യം കാണാനിറങ്ങിയതാണ്’ എന്ന ഉത്തരം കേൾക്കുമ്പോൾ ആവേശം കൊള്ളുന്നു. ഓർത്തെടുത്ത് കളിയാട്ടം നടക്കുന്ന സ്ഥലങ്ങൾ പറയുന്നു. ചിലർ ഏതൊക്കെ തെയ്യങ്ങളാണ് ഇറങ്ങുന്നതെന്നും പറയും. പക്ഷേ ഏതു കഥ, എന്തു സന്ദർഭം എന്നൊന്നും വ്യക്തമല്ല. ആ ജനതയെ സംബന്ധിച്ച്, ഏതു പേരിലുള്ള തെയ്യമാണെങ്കിലും അത് ദൈവമാണ്. അവിടെ ചോദ്യമില്ല, ഉറച്ച ഭക്തിയോടെ വിശ്വാസത്തോടെ വണങ്ങി അനുഗ്രഹം വാങ്ങുക എന്നതിനപ്പുറം ആ ദൈവം എന്തു ചെയ്തു, അതിന്റെ ഉത്ഭവമെന്താണ് എന്നതൊന്നും അവരുടെ വിഷയമാകുന്നില്ല. ശുദ്ധമായ ആ  ഭക്തിക്കു മുന്നിൽ പോതിയും ചാമുണ്ഡിയും മുത്തപ്പനുമൊക്കെ പ്രസാദിച്ച് വാചാലു (ഭക്തരുടെ സങ്കടം കേട്ട് തെയ്യങ്ങളുടെ ഭാഷയിൽ അവരെ അനുഗ്രഹിക്കുന്ന ചടങ്ങ്)  നടത്തുന്ന  കാഴ്ചയാണ് പോയയിടങ്ങളിൽ കണ്ടതും. തെയ്യങ്ങളെക്കുറിച്ച് ഒന്നുമറിയില്ലെങ്കിലും കളിയാട്ടക്കളരികളിൽ തെയ്യാട്ടത്തിനിറങ്ങുന്ന ദേവതകൾക്ക് പല മുഖങ്ങളുണ്ടെന്ന് അവരുടെ ചമയങ്ങളിലും  ചലനങ്ങളിലും ശബ്ദങ്ങളിലും പ്രകടമായിരുന്നു. പക്ഷേ എല്ലാ തെയ്യങ്ങളിലും ചുവപ്പ് എന്ന നിറം കത്തി നിന്നു. അതെ,  ഓർമയിൽപോലും തെയ്യങ്ങൾക്കു ചുവപ്പാണല്ലോ.  

മുഖത്തെഴുത്തും ആടയാഭരണങ്ങളും മുടിയുമായി തെയ്യമിറങ്ങുന്നത് ഒരു കാഴ്ച തന്നെയാണ്. എന്തൊരു വർണപ്പകിട്ടാണതിന്, അതിനൊപ്പം ചേർന്നുനിൽക്കുന്ന ഗാംഭീര്യവും രൗദ്രതയുമുണ്ട്. തെയ്യമിറങ്ങുന്നതിന് മുൻപ് അധികം ചമയങ്ങളില്ലാതെ ലളിതമായ വേഷത്തോടുകൂടിയുള്ള തോറ്റവും വെള്ളാട്ടവും നടക്കും. കോലക്കാരന്റെ (തെയ്യം കെട്ടുന്ന ആൾ) ദേവതയെ വിളിച്ചുവരുത്തുന്ന ചടങ്ങാണിത്. വരവിളി തോറ്റമാകുമ്പോള്‍ കോലക്കാരന്റെ ശരീരത്തിലെത്തിയ ദേവത ഉറഞ്ഞുതുള്ളാൻ തുടങ്ങും. കഥയ്ക്ക് അനുസൃതമായ  നിറവും ശൈലിയും മുഖത്തെഴുത്തുമാണ്  ഓരോ  തെയ്യത്തിനും. അണിഞ്ഞിരിക്കുന്ന കിരീടങ്ങളുടെ വലുപ്പത്തിലും  ആ വ്യത്യാസം  പ്രതിഫലിക്കും. രൗദ്രരസ പ്രധാനമായ കഥാസന്ദർഭമാണെങ്കിൽ വാദ്യങ്ങളിലും അത് പ്രകടമാകുന്നു. ചെണ്ടയും കുറുംകുഴലും, ഇലത്താളവും വീക്കനും ആ രൗദ്രത്തിന് ആക്കംകൂട്ടി  കൊട്ടിക്കയറുന്നത് കണ്ടു. 

കാലടി സർവകലാശാലയിലെ ഗവേഷണ വിദ്യാർഥിയും സുഹൃത്തുമായ ദേവ്ഹർ കണ്ണൂർക്കാരനാണ്. കളിയാട്ടങ്ങളെക്കുറിച്ചുള്ള നോട്ടിസ് ദേവൻ അയച്ചുതന്നിരുന്നു. കുറ്റ്യാട്ടൂർ മുച്ചിലോട്ട് ഭഗവതിക്കാവിൽ തെയ്യങ്ങളിറങ്ങുന്ന നോട്ടിസും അതിലുണ്ടായിരുന്നു. രാവിലെ ഡൈനിങ് ടേബിളിൽ നിരന്ന ധന്യയുടെയും കുടുംബത്തിന്റെയും സ്നേഹവിഭവങ്ങൾ കണ്ടപ്പോൾ ഞെട്ടിപ്പോയി. ഇതെന്താ രാജകീയ പ്രാതലോ.. അതിഥികൾക്കായി അധിക വിഭവങ്ങൾ എല്ലാ ദേശത്തും പതിവാണ്. പക്ഷേ കണ്ണൂരിൽ അതിത്തിരി അതിര് കടക്കും. പലഹാരങ്ങൾ കൊണ്ട് മേശ നിറച്ചിട്ടേ വീട്ടിലെത്തുന്നവർക്ക് അവർ ചായ നൽകൂ. രണ്ടു ദിവസത്തെ അനുഭവം അതായിരുന്നു. മധ്യകേരളത്തിലോ തെക്കൻ കേരളത്തിലോ ലഭ്യമല്ലാത്ത അതീവരുചികരമായ കല്‍ത്തപ്പവും കിണ്ണപ്പവുമൊക്കെ അതിൽപ്പെടും. വിഭവസമൃദ്ധമായ പ്രാതൽ കഴിഞ്ഞപ്പോൾ കാറും ഡ്രൈവറും റെഡി. പറയാതിരിക്കാൻ നിവൃത്തിയില്ല, മറ്റുള്ളവർക്കായി ഇത്രയൊക്കെ സൗകര്യങ്ങളൊരുക്കാൻ കണ്ണൂരുകാരേ, നിങ്ങൾക്കേ കഴിയൂ... 

theyyam3
 ചാമുണ്ഡി തെയ്യം-ചിത്രം: സുരേന്ദ്രൻ കെ.ജി.

രണ്ടു ദിവസമായി കാവിൽ തെയ്യങ്ങളിറങ്ങുന്നുണ്ട്. ഉത്സവ പറമ്പിൽ വേണ്ടത്ര ആൾക്കൂട്ടമുണ്ട്. തെയ്യം പുറപ്പാട് കഴിഞ്ഞ് ഭക്തരെ അനുഗ്രഹിക്കുന്നു. ഇനി ഇറങ്ങാനുള്ള തെയ്യം അവസാനവട്ട മിനുക്കുപണിയുമായി അണിയറയിലുണ്ട്. ഇനി ഇറങ്ങുന്നത് ഏത് തെയ്യമാണെന്നും എന്താണ് കഥയെന്നുമറിയില്ല. എന്തായാലും അധികം ബഹളങ്ങളൊന്നുമില്ലാതെ തെയ്യാട്ടം തുടങ്ങി. പ്രദക്ഷിണത്തിനിടയിൽ തെയ്യം മുന്നിലെത്തിയപ്പോൾ ഏതു ദൈവമായിരിക്കുമെന്ന് വെറുതേ സങ്കൽപ്പിച്ചു നോക്കി. ദൈവത്തറകളും കളിയാട്ടവും എന്തെന്ന് ഇനിയുമറിയാത്ത തെക്കത്തിക്ക് എന്തു മനസ്സിലാകാൻ. ആൺ ദൈവമോ പെൺദൈവമോ എന്നു പോലും ഒരു നിശ്ചയവുമില്ല. തെയ്യപ്പുറപ്പാടുണ്ടാക്കിയ  ഭക്തിയിലും വാദ്യമേളം സൃഷ്ടിക്കുന്ന ആസ്വാദ്യതയിലും മുങ്ങിനിന്ന ഒരാളെ തോണ്ടിവിളിച്ചു. ഇറങ്ങിയിരിക്കുന്നത് ചാമുണ്ഡിയാണെന്നും ഇതിനു പിന്നാലെ മുച്ചിലോട്ട് ഭഗവതി ഇറങ്ങുമെന്നും അയാൾ പറഞ്ഞുതന്നു. ചാമുണ്ഡിത്തെയ്യമെന്ന് കേട്ടപ്പോൾ അപ്പോഴിത് ഭഗവതി (തെയ്യാട്ടത്തിലെ പോതി)  എന്ന് മനസ്സിലുറപ്പിച്ചു. കുശലം ചോദിച്ച മറ്റൊരാളോട് ഈ തെയ്യം രൗദ്രമാകുമോ എന്ന് അന്വേഷിച്ചപ്പോൾ ‘ഇല്ല ഇത് വിഷ്ണുത്തെയ്യമാണ് അധികം ബഹളമില്ല’  എന്ന് അദ്ദേഹം. ശ്ശെ.. അപ്പോൾ ചാമുണ്ഡിയല്ലേ എന്ന സംശയിച്ചപ്പോൾ രണ്ടും ഒന്നാണെന്ന് പുള്ളിക്കാരൻ.  അങ്ങനെ, പരാശക്തിയായ മഹാദേവി മാത്രമല്ല ചാമുണ്ഡിയെന്നും തെയ്യാട്ടത്തിൽ വിഷ്ണുവും ചാമുണ്ഡിയാണെന്നും അറിഞ്ഞു. 

theyyam5
  മുച്ചിലോട്ട് ഭഗവതി- ഫോട്ടോ സുരേന്ദ്രൻ കെ.ജി.

തെയ്യാട്ടം ഒരു നൃത്തരൂപമായി കാണുമ്പോൾ രൗദ്രവും ലാസ്യവുമാണ് അതിനോട് ഇഴചേർന്നു നിൽക്കുന്നത്. പുരുഷഭാവങ്ങൾക്കാണ് രൗദ്രം കൂടുതൽ ഇണങ്ങുന്നതെങ്കിലും അവരെ നിഷ്പ്രഭമാക്കിയാകും ചില ഭദ്രകാളിത്തെയ്യങ്ങളെത്തുന്നത്. തെയ്യങ്ങളിലെ സുന്ദരിപ്പട്ടം മുച്ചിലോട്ട്കാവിലമ്മയ്ക്കാണ്. ദ്രുതചലനങ്ങളോടെ ഇളകിയാടി പാഞ്ഞു നടക്കുന്ന രജോഗുണികളായവർ, അതിഭീകരമായി അലറിവിളിച്ച് പേടിപ്പിക്കുന്ന ചലനങ്ങളുമായി കാണികൾക്കിടയിലേക്ക് പാഞ്ഞുകയറുന്ന,  ജീവനുള്ള കോഴിയുടെ കഴുത്ത് കടിച്ചുപറിച്ച് ചോര വീഴ്ത്തുന്ന ഉഗ്രരൂപികൾ.. അങ്ങനെ പല രൂപത്തിലും ഭാവത്തിലും വേഷത്തിലുമാണ് ഓരോ തെയ്യവുമെത്തുന്നത്. 

theyyam
ചിത്രം: സുരേന്ദ്രൻ കെ.ജി.

കോലക്കാരിലെ പ്രധാന സമുദായമാണ് വണ്ണാൻമാർ. തെക്കൻകരിയാത്തൻ,  മണത്തണക്കാളി, ഭദ്രകാളി, വേട്ടയ്ക്കൊരുമകൻ, ഊർപ്പഴശ്ശി ദൈവത്താർ, അണ്ടല്ലൂർ ദൈവത്താർ തുടങ്ങിയവയാണ് അവർക്ക് അവകാശപ്പെട്ട പ്രധാന തെയ്യങ്ങൾ. വേലൻമാർ കെട്ടിയാടുന്ന ചുടലഭദ്രകാളി, പുള്ളിക്കുറത്തി, പുള്ളിച്ചാമുണ്ഡി, ഗുളികൻ, ബപ്പിരിയൻ  തുടങ്ങിയ ദേവതകൾ പൊതുവേ രൗദ്രൻമാരാണ്. മന്ത്രമൂർത്തി, വിഷ്ണുമൂർത്തി കരിഞ്ചാമുണ്ഡി, കുറവൻ തുടങ്ങിയ തെയ്യങ്ങൾ മാവിലരുടേതാണ്. പുലി മറഞ്ഞ തൊണ്ടച്ചൻ, പനയാർ കുരിക്കൾ, പുലപൊട്ടൻ, കുട്ടിച്ചാത്തൻ, കാവുമ്പായി ഭഗവതി തുടങ്ങിയവ പുലയ സമുദായക്കാരുടേതാണ്. മലയസമുദായക്കാർക്ക് ഭൈരവൻ, കുട്ടിച്ചാത്തൻ, രക്തചാമുണ്ഡി, വസൂരിമാത തുടങ്ങിയ ദേവതകളുടെ അവകാശമാണ്. കോലത്തിരിമാരുടെ ചുങ്കം പിരിവുകാരായ ചിങ്കത്താൻമാർക്ക് അവകാശപ്പെട്ട വീരചാമുണ്ഡി, കമ്മിയമ്മ, വണ്ണാത്തിഭഗവതി തുടങ്ങിയ തെയ്യങ്ങൾ വേറെയുണ്ട്. അഞ്ഞൂറ്റാൻ, മുന്നൂറ്റാൻ, കോപ്പാളർ തുടങ്ങിയ സമുദായങ്ങൾക്ക് അവർ മാത്രം കെട്ടിയാടേണ്ട തെയ്യങ്ങളുണ്ട്. ഇത്തരത്തിൽ ഇരുനൂറിലധികം തെയ്യങ്ങളുണ്ടെന്നാണ് കണക്ക്. തെയ്യങ്ങളിലുമുണ്ട് പദവിയിൽ വ്യത്യാസം. പഴശ്ശിരാജാവ് ആരാധിച്ചിരുന്ന ശ്രീപോർക്കലി, പയ്യന്നൂർ താഴ്സ്വരൂപത്തിൽ വരുന്ന തായ് പരദേവത തുടങ്ങിയവർക്ക് സാധാരണ ദേവതകളേക്കാൾ അധികം പ്രാമുഖ്യം കൽപിക്കപ്പെടുന്നു.

theyyam1
 കണ്ണങ്ങാട്ട് ഭഗവതി - ഫോട്ടോ സുരേന്ദ്രൻ. കെ.ജി.

 ദേവതകളുടെ അടിസ്ഥാനത്തിലാണ് നേദ്യവും. മത്സ്യവും മാംസവും കള്ളും പ്രസാദമാകുന്ന തെയ്യാട്ടങ്ങളുണ്ട്. മുച്ചിലോട്ട് ഭഗവതി, ആര്യപൂങ്കന്നി, നാഗകണ്ഠൻ, നാഗഭഗവതി, വേട്ടക്കൊരു മകൻ, ഊർപ്പഴശ്ശി തുടങ്ങിയ ദേവതകൾക്ക് പാലും പഴവുമാണ് നേദിക്കുന്നത്. ഗുളികൻ,  ശ്രീപോർക്കലി, കാളരാത്രി, ചുടലഭദ്ര  തുടങ്ങിയവർക്ക് കോഴിയും കള്ളും നേദ്യമാകും. പക്ഷേ ഇത്തരം കാര്യങ്ങളിൽ നിയതമായ ചിട്ടവട്ടങ്ങളില്ലെന്ന് കോലധാരികൾ ചൂണ്ടിക്കാണിക്കുന്നു. പ്രാദേശികമാണ് പലതും. തെക്കൻ കണ്ണൂരിലെ രീതിയും സമ്പ്രദായവുമായിരിക്കില്ല വടക്കൻ മേഖലകളിലും കാസർകോടും. വേദങ്ങളെപ്പോലെയാണ് തെയ്യങ്ങൾ. വരമൊഴിയിലൂടെയല്ല അത് കൈമാറ്റം ചെയ്യപ്പെട്ടത്. വാമൊഴിയായി തലമുറകളിൽനിന്ന് തലമുറകളിലേക്ക് പകർന്ന മന്ത്രങ്ങളും വിവരണങ്ങളും കഥകളുമൊക്കെയാണ് തെയ്യത്തിന് അടിസ്ഥാനം. അതുകൊണ്ടുതന്നെ പറഞ്ഞു പറഞ്ഞു വരുമ്പോള്‍ കൂട്ടിച്ചേരലുകളോ കൊഴിഞ്ഞുപോക്കലുകളോ വരാതെ തരമില്ലല്ലോ.

English Summary: Experience Theyyam in Kannur

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ദുരൂഹം ആ വരവ്, ആരാണ് അമൃത്പാൽ സിങ്?

MORE VIDEOS