രാവുകളെ പകലാക്കുന്ന കുന്നത്തൂർപ്പാടി; രാമനും സീതയും മക്കളുമിറങ്ങുന്ന അണ്ടലൂർ കാവ്

Mail This Article
കണ്ണൂരിൽ വിവിധ സ്ഥലങ്ങളിൽ നടക്കുന്ന കളിയാട്ടങ്ങളക്കുറിച്ച് അന്വേഷിക്കുമ്പോൾ ആദ്യം കേട്ട പേരായിരുന്നു കുന്നത്തൂർപ്പാടി. അധികമാരും എത്താനില്ലാത്ത ഒരു ചെറിയ ഗ്രാമമാണ് കുന്നത്തൂർപ്പാടി. തെയ്യങ്ങളിറങ്ങുന്ന ധനുമാസം ഈ ഗ്രാമത്തിന് ഉത്സവക്കാലമാണ്. വടക്കൻ കേരളത്തിലെ മുത്തപ്പൻ മടപ്പുരകളുടെ മൂലസ്ഥാനമായാണ് ഉടുമ്പമലയിലെ കുന്നത്തൂർപ്പാടി കരുതപ്പെടുന്നത്. തിരുവപ്പനയുത്സവമാണ് ഈ പ്രദേശത്തെ പ്രശസ്തമാക്കുന്നത്. ഉത്സവത്തിനായി കാട് വെട്ടിത്തെളിച്ച് ഓലയും മുളയും കൊണ്ട് താത്കാലിക മടപ്പുര തയാറാക്കിയെടുക്കുകയാണ് പതിവ് വലിയ ബസുകളിലും മറ്റ് വാഹനങ്ങളിലുമായി ആയിരക്കണക്കിനാളുകൾ മുത്തപ്പന്റെ മൂലസ്ഥാനത്ത് തെയ്യാട്ടം കാണാനെത്തുമ്പോൾ മുകളിലെ മടപ്പുരയിലേക്ക് നയിക്കുന്ന പടിക്കട്ടുകൾക്ക് ഇരുവശവും കച്ചവടക്കാർ വൈദ്യുതദീപങ്ങൾ തൂക്കി രാത്രി പകലാക്കി അവർക്കായി കാത്തിരിക്കുന്നുണ്ടാകും. ഒന്നോ രണ്ടോ ദിവസമല്ല, ഒരു മാസം മുഴുവൻ ഇവിടെ തെയ്യാട്ടമുണ്ട്. തെയ്യാട്ടം കാണാനിറങ്ങിയത് കൃത്യം ധനുമാസത്തിലായതിനാൽ കുന്നത്തൂർപ്പാടിയിലെ ആ അപൂർവസുന്ദരമായ മണിക്കൂറുകൾ ആവാഹിച്ചടുക്കാനായി.
തലശ്ശേരിയിൽ നിന്ന് പുറപ്പട്ടപ്പോൾ തന്നെ സന്ധ്യ കഴിഞ്ഞിരുന്നതിനാൽ പ്രധാനവഴി പിന്നിട്ട് മുകളിലേക്ക് കയറിക്കൊണ്ടിരിക്കുന്ന കാറിൻറ ഗ്ലാസിലൂടെ ഇരുളിൽ ചലിക്കുന്ന മരങ്ങളുടെ നിഴലുകൾ മാത്രം കണ്ടിരിക്കേണ്ടിവന്നു. അധികം മനുഷ്യവാസമില്ലാത്ത ഏതോ പ്രദേശത്ത് കൂടിയാണ് യാത്രയെന്നും മലമുകളിലെവിടെയോ ആണ് തെയ്യാട്ടം നടക്കുന്ന കുന്നത്തൂർപ്പാടിയെന്നും ഊഹിച്ചു. അവസാനം മുത്തപ്പന്റെ മൂലസ്ഥാനത്തത്തിയപ്പോൾ യാത്രാക്ഷീണം കാരണം വലിയ ഉത്സാഹമൊന്നുമില്ലാതയാണ് കാറിൽ നിന്നിറങ്ങിയത്. പക്ഷേ എല്ലാ ക്ഷീണവും നിമിഷം കൊണ്ട് ഇല്ലാതാക്കുന്ന വിധത്തിലുള്ള ഒരു എനർജി നിറഞ്ഞുനിൽക്കുന്ന അന്തരീക്ഷത്തിലേക്കായിരുന്നു ചുവട് വച്ചത്.

പ്രസാദമൂട്ടിന് ക്ഷണിച്ച് താഴെ ദേവസ്ഥാനത്ത് നിന്ന് അനൌൺസ്മെന്റ് ഉയരുന്നുണ്ട്. നല്ല തിളയ്ക്കുന്ന ചുക്ക് കാപ്പിയും തട്ടുദോശയുമൊക്കെ നിരത്തി വഴിയോരത്ത് നിരത്തിക്കെട്ടിയ കടകൾ. ടാർപ്പോ കൊണ്ട് നിർമിച്ച ആ താത്കാലിക കടകളുടെ മുന്നിലെല്ലാം കടയിലേക്ക് ക്ഷണിച്ചുകൊണ്ടുപോകാൻ മത്സരിക്കുന്നവരുണ്ട്. നോൺ വെജ് വിഭവങ്ങളുടെ പേരുകൾ നിരത്തിയാണ് ക്ഷണം. ക്ഷേത്രത്തിലേക്ക് പോകുന്നവർക്ക് ചിക്കനും ബീഫുമൊക്കെയോ എന്ന് സംശയിച്ചപ്പോൾ മുത്തപ്പന് അത്തരം വിവേചനങ്ങളൊന്നുമില്ലെന്നും കൂടുതൽ ഇഷ്ടം അതൊക്കെയാണെന്നും കൂടെയുണ്ടായിരുന്ന സുഹൃത്ത് ഷാനിത പറഞ്ഞു. പടിക്കെട്ടുകൾക്ക് മുകളിലെ മടപ്പുരയിലേക്ക് പോയാൽ തിരിച്ചെത്താൻ വൈകും. ഭക്ഷണം കഴിച്ച് മുകളിലേക്ക് കയറാം എന്ന അഭിപ്രായം മാനിച്ച് നല്ല ചൂട് ദോശയും ചമ്മന്തിയും ചുക്കുകാപ്പിയും കഴിച്ചു. ക്ഷീണം പമ്പ കടന്നു എന്ന് മാത്രമല്ല വെളുക്കുന്നത് വരെ തെയ്യാട്ടം കണ്ടിരിക്കാനുള്ള ആവേശം ഉള്ളിൽ നിറയുകയും ചെയ്തു. ധനുമാസമായതിനാൽ നല്ല തണുപ്പുണ്ട്. പക്ഷേ ആൾക്കൂട്ടത്തിന് ഒരു കുറവുമില്ലായിരുന്നു.

കുട്ടിക്കാലത്ത് കണ്ട ഉത്സവപറമ്പായിരുന്നു മുകളിൽ. കൂർത്തകല്ലും കരിയിലകളും നിറഞ്ഞ മരച്ചുവടുകളിലും മറ്റ് ഒഴിഞ്ഞ സ്ഥലങ്ങളിലുമെല്ലാം പായ വിരിച്ച് കപ്പലണ്ടി കൊറിച്ച് നർമം പറഞ്ഞിരിക്കുന്ന കുടുംബങ്ങൾ. മിക്കവരുടെയും കൂടെ പുരുഷൻമാരുമുണ്ട്. ചിലർ കിടന്നുറങ്ങുന്നു. വലിപ്പചെറുപ്പമില്ലാതെ, കിട്ടുന്ന കല്ലിൻറെയും വേരിൻറെയും മുകളിൽ ഇരിപ്പിടം കണ്ടെത്തുകയാണ് വരുന്നവരൊക്കെ. നാട്യങ്ങളോ വേഷം കെട്ടലോ ഇല്ലാതെ മനുഷ്യനെ മനുഷ്യനാക്കി നിർത്തുന്നത് ഒരുപക്ഷേ ഇത് കാടകമായതിനാലാകും എന്ന് തോന്നി. വെറുതേ അതൊക്കെ കണ്ടിരുന്നപ്പോൾ കാരണമില്ലാത്തൊരു സന്തോഷം. കുട്ടിക്കാലത്ത് ഉത്സവക്കാലമെത്തുമ്പോൾ മനസ് തുള്ളിച്ചാടുന്ന ആവേശമുണരുമായിരുന്നു. ഉത്സവങ്ങളും ഉത്സവപറമ്പുകളും പാടേ ഉപേക്ഷിച്ച ജീവിതയാത്രയിൽ എന്നോ തീർത്തും മറന്നുപോയ ആ ആവേശത്തള്ളിച്ച കാലങ്ങൾക്കിപ്പുറം വീണ്ടും അറിയുന്നതുപോലെ..

കോലധാരി വേഷമണിയുന്നതേയുള്ളു. ആളുകൾ കൂട്ടത്തോടെ എത്തിക്കൊണ്ടിരിക്കുന്നു. രാത്രിയാണങ്കിലും തിരക്കിന് കുറവില്ലല്ലോ എന്ന് ആത്മഗതം നടത്തിയപ്പോൾ അടുത്തിരുന്ന പെൺകുട്ടി പറഞ്ഞു, എയ്, ഇതൊന്നും ആൾക്കൂട്ടമല്ലെന്ന്. താഴെ വണ്ടിയിടാൻ പോലും സ്ഥലമില്ലാതാകും. ആളുകൾ തിക്കിത്തിരക്കി പടിക്കെട്ടുകൾ കയറി ഒഴുകിക്കൊണ്ടേയിരിക്കുന്ന ദിവസങ്ങളാണ് ഇനി വരാൻ പോകുന്നതെന്നും അവൾ വിവരിച്ചു. ചമയം പൂർത്തിയാക്കി കലശക്കൊട്ടിന്റെ അകമ്പടിയോടെ തെയ്യാട്ടത്തിന് തുടക്കമാകുകയാണ്. കോലധാരി താനെന്ന വ്യക്തിയെ ഉപേക്ഷിച്ച് അകലങ്ങളിലവിടയോ വിളി കാത്തുനിൽക്കുന്ന ദേവതയെ ക്ഷണിച്ച് പ്രീതിപ്പെടുത്തി തന്നിലേക്ക് സന്നിവേശിപ്പിക്കുന്ന ഘട്ടങ്ങളോരോന്നായി നടക്കുന്നു. മുത്തപ്പനയുടെ ചമയങ്ങളിൽ തന്നെയുണ്ട് വൈവിധ്യം. വിശേഷരീതിയിലാണ് ഇവിടെ മുത്തപ്പന്റെ മുടിക്കെട്ട്. പൗമുടിക്കൂട്ടം എന്നാണ് ഇതിനെ പറയുന്നത്.

മുത്തപ്പൻ, നാടുവാഴിശ്ശൻ ദൈവം, തിരുവപ്പന എന്നിവരാണ് കുന്നത്തൂർപ്പാടിയിൽ ആദ്യദിവസമെത്തുന്ന തെയ്യങ്ങൾ. പിന്നീട് തിരുവപ്പനയും ഒന്നിടവിട്ട ദിവസങ്ങളിൽ മൂലംപെറ്റഭഗവതിയുടെ കോലവും ഇറങ്ങും. സമുദ്രനിരപ്പിൽ നിന്ന് മൂവായിരം അടി ഉയരത്തിൽ സ്ഥിതി ചയ്യുന്ന കുന്നത്തൂർപ്പാടി മുത്തപ്പന്റെ ആരുഡസ്ഥാനമായതിന് പിന്നിൽ ഐതിഹ്യമുണ്ട്.
പയ്യാവൂരിലെ എരുവശ്ശി ഗ്രാമത്തിൽ മക്കളില്ലാതിരുന്ന അയ്യങ്കര ഇല്ലത്തെ വാഴുന്നോരുടെയും ഭാര്യ പാടിക്കുറ്റിഅമ്മയുടെയും നിരന്തരപ്രാർത്ഥനയുടെ ഫലമായി പുഴക്കരയിൽ നിന്ന് ഒരു ആൺകുഞ്ഞിനെ ലഭിച്ചു. ഇല്ലത്തെ ചിട്ടകളിൽ കുഞ്ഞ് വളർന്നെങ്കിലും തരംകിട്ടുമ്പഴൊക്കെ അവൻ വനവാസികളുമായി കൂട്ടുകൂടാനും വേട്ടയാടികിട്ടുന്ന മാംസം ഭക്ഷിക്കാനും ഇഷ്ടപ്പെട്ടു. അച്ഛനും അമ്മയും ഉപദേശിക്കുകയും ശകാരിക്കുകയും ചെയ്തെങ്കിലും ഉണ്ണി പതിവ് മുടക്കിയില്ല. അവസാനം വിശ്വരൂപം കാണിച്ച് താനാരാണെന്ന് വ്യക്തമാക്കി കുട്ടി ഇല്ലം വിട്ടിറങ്ങിയെന്നാണ് ഐതിഹ്യം. ആ ഉണ്ണി കുന്നത്തൂർമലയിലെത്തി പനകളിൽ നിന്ന് കള്ള്മോഷ്ടിച്ച് കുടിച്ച് സന്തോഷത്തോടെ അവിടെ കഴിഞ്ഞു. കള്ള് ആരോ മോഷ്ടിക്കുന്നത് കയ്യോടെ പിടികൂടാൻ ചന്തൻ എന്ന തീയ്യൻ കാത്തിരുന്നു. കള്ള് മോഷ്ടിച്ച ആളെ അമ്പെയ്യാൻ ചന്തൻ ശ്രമിച്ചെങ്കിലും അനങ്ങാനാകാത്തവിധം ശിലയായിപ്പോയി.
ചന്തനെ തിരഞ്ഞെത്തിയ ഭാര്യ ഭർത്താവ് കല്ലായത് കണ്ട് വല്ലാതെ സങ്കടപ്പെട്ടു. മുകളിൽ നല്ല തേജസുള്ള ഒരു വൃദ്ധനിരുന്ന് കള്ള് കുടിക്കുന്നത് ഈ സ്ത്രീ കണ്ടു. ആൾ നിസ്സാരക്കാരനല്ല എന്ന് മനസിലാക്കിയ അവർ ‘എന്റെ മുത്തപ്പാ’ എന്ന് സങ്കടത്തോടെ വിളിക്കുകയും പ്രസാദമായി കടലയും പയറും ചുട്ട മത്തിയും ഒരു കുടം കള്ളും സമർപ്പിക്കുകയും ചെയ്തു. അങ്ങനെ ആ സ്ത്രീയിൽ പ്രസാദിച്ച മുത്തപ്പൻ ചന്തനെ പഴയ രൂപത്തിലാക്കി. അവിടെ നിന്ന് പോന്ന മുത്തപ്പൻ സ്വസ്ഥമായി ഇരിക്കാൻ പറശ്ശിനിക്കടവ് തെരഞ്ഞെടുത്തു എന്നാണ് വിശ്വാസം.

തിരുവപ്പന ഉത്സവം നടക്കുന്ന ഒരുമാസം മാത്രമാണ് വനാന്തരത്തിലെ ദേവസ്ഥാനത്തേക്ക് ആള്‍പ്രവേശം അനുവദിക്കുന്നത്. മുത്തപ്പന്റെ പ്രകൃതിയോടിണങ്ങിയ ജീവിതം പോലെയാണ് കുന്നത്തൂര്‍പാടിയിലെ എല്ലാ ചടങ്ങുകളും. വർഷംതോറും ലക്ഷക്കണക്കിനാളുകളാണ് മുത്തപ്പന തെയ്യം കാണാനായി മാത്രം മലകയറി രാത്രി കുന്നത്തൂർപ്പാടിയിലെത്തുന്നത്. വെളുക്കുവോളം നീളുന്ന തെയ്യാട്ടം കണ്ട് അവിടെത്തന്നെ കിടന്നുറങ്ങുന്നവരുമുണ്ട്. എന്തായാലും നാട്ടു നൻമയും പ്രകൃതിയും കറകളഞ്ഞ വിശ്വാസവുമൊക്കെ തീർക്കുന്ന ദൈവികമായ ഒരു അന്തരീക്ഷമാണ് കുന്നത്തൂർപ്പാടിയിലേക്ക് ഇക്കണ്ട ജനങ്ങളെയൊക്കെ എത്തിക്കുന്നതെന്ന് വ്യക്തം. ജോലിയുടെ സമ്മർദ്ദം സഹിക്കാനാകാതെയോ ദൈനംദിനവിരസതകളിൽ മടുക്കുമ്പോഴോ പുറപ്പടേണ്ടത് ഇത്തരമൊരു സ്ഥലത്തേക്കായിരിക്കണം. നഗരവേഷവും ഞാൻ ഭാവവും പിന്നിടുന്ന കാട്ടുവഴികളിലെവിടെയോ അഴിഞ്ഞു വീഴുന്നതറിയാം. കാടും കുളിരും കാറ്റും വിശ്വാസങ്ങളും നിറഞ്ഞുനിൽക്കുന്ന ഉടുമ്പമലയിലേക്ക് കയറുമ്പോൾ മനസ് സ്വസ്ഥമാകും. വഴിവക്കിൽ നിന്ന് ഭക്ഷണം കഴിച്ച് പ്രത്യേകിച്ച് നാട്യങ്ങളൊന്നുമില്ലാത്ത ഒരു ആൾക്കൂട്ടത്തിന് നടുവിലിരുന്ന് കപ്പലണ്ടിയും കൊറിച്ച് മുത്തപ്പനെയും കണ്ടിരിക്കുന്ന ആ രാത്രിയുടെ ഓർമ മാത്രം മതി വരുംരാത്രികൾ ധന്യമാകാൻ
രാമായണ കഥ പറഞ്ഞ് അണ്ടലൂരിലെ തെയ്യങ്ങൾ
അയോധ്യയിൽ നിന്ന് രാമനും വാനരസംഘവും സീതയെ തിരഞ്ഞ് ലങ്കയിലേക്ക് പുറപ്പെടും. രാമനും സീതയും മക്കളും ഹനുമാനും ബാലിയും സുഗ്രീവനുമൊക്കെ ഇവിടെ തെയ്യങ്ങളാകും. ഇത് അണ്ടലൂർക്കാവ്. കുംഭം രണ്ടിന് തുടങ്ങി ഏഴ് ദിവസം നീണ്ടുനിൽക്കുന്ന ഉത്സവം തുടങ്ങുന്നതോടെ ധർമടത്തെ അണ്ടലൂർ കാവിൽ രാമായണക്കഥ പറയാൻ തെയ്യങ്ങൾ നിരനിരക്കും.
ദൈവത്താർ അണ്ടലൂരീശ്വരൻ എന്ന പേരിലാണ് അണ്ടലൂർ കാവിലെ ശ്രീരാമരൂപം ആരാധിക്കപ്പെടുന്നത്. ലക്ഷ്മണൻ അങ്കക്കാരൻ എന്ന പേരിലും ഹനുമാൻ ബപ്പൂരാൻ എന്ന പേരിലും ഇവിട തെയ്യമായി കെട്ടിയാടപ്പെടുന്നു. ബാലി,സുഗ്രീവൻ മുതലായ തെയ്യങ്ങളും ആണ്ടലൂരിലെ തിറമഹോത്സവത്തിൻറ ഭാഗങ്ങളാണ്.

ഈ കാവിൽ ഉത്സവം തുടങ്ങി നാലാം തിയതി മുതലാണ് തെയ്യക്കോലങ്ങൾ കെട്ടിയാടപ്പെടുന്നത്. അന്ന് സന്ധ്യയോടെ പ്രധാന ആരാധനാമൂർത്തിയായ ദൈവത്താർ തെയ്യം പടിഞ്ഞാറേത്തറയിലെത്തും. അവിടെ വച്ച് ശ്രീരാമപട്ടാഭിഷേക സങ്കൽപ്പത്തിൽ പൊന്മുടി ചാർത്തും. പിന്നീട് ദൈവത്താർത്തെയ്യം അങ്കക്കാരൻ, ബപ്പൂരൻ എന്നീ തെയ്യങ്ങൾക്കൊപ്പം വില്ലുകാരുടെ അകമ്പടിയോടെ കാവിനെ വലംവയ്ക്കുന്ന ചടങ്ങായ ‘മെയ്യാലം കൂടൽ’ നടത്തും. വ്രതമെടുത്ത പുരുഷന്മാരും ആൺകുട്ടികളും ‘വാനരപ്പട’ എന്ന സങ്കൽപ്പത്തോടെ ഇവർക്കൊപ്പമുണ്ടാകും.
പിന്നീട് സീതയെ വീണ്ടടുക്കാൻ ദൈവത്താറും അങ്കക്കാരനും ബപ്പൂരനും താഴേക്കാവിലേക്ക് പോകും. ലങ്കയിലെ അശോക വനമായാണ് താഴേക്കാവ് സങ്കൽപ്പിക്കപ്പെടുന്നത്. പുലർച്ചയോടെ സീതയും മക്കളുമെത്തും. അതിരാളൻ തെയ്യവും രണ്ടു മക്കളും എന്നാണ് ഈ തെയ്യപ്പുറപ്പാടിനെ പറയുന്നത്. ബാലിയും സുഗ്രീവനും എന്ന സങ്കൽപ്പത്തിൽ ഇറങ്ങുന്ന ഇളങ്കരുവനും പൂതാടിയും തമ്മിലുള്ള യുദ്ധവും അണ്ടലൂർ കാവിലെ പ്രത്യേകതയാണ്. ബപ്പൂരാൻ ഇടപെടുന്നതോടെയാണ് ഇവർ യുദ്ധം അവസാനിപ്പിച്ച് രഞ്ജിപ്പിലെത്തുന്നത്. രാമായണത്തിലെ സുന്ദരകാണ്ഡവും യുദ്ധകാണ്ഡവുമാണ് ഇവിട തെയ്യാട്ടത്തിന് ആധാരം.
അണ്ടലൂർ കാവിലെത്തുമ്പോൾ ഉത്സവക്കാലമായിരുന്നില്ല. വിജനമായ കാവിൽ വല്ലപ്പോഴും തൊഴുവാനെത്തുന്നവർ മാത്രം. വിശാലമായ മുറ്റവും പടിക്കട്ടുകളും വരാനിരിക്കുന്ന ആൾക്കൂട്ടത്തിനെ ഓർമിപ്പിച്ച് നിവർന്ന് കിടക്കുന്നു. രാമനും സീതയുമൊക്കെ ചിലമ്പ് കിലുക്കി കടന്നുവരുന്ന വഴികളും അപ്പോൾ വിജനമായിരുന്നു. നടക്കാനിരിക്കുന്ന ഒരു തെയ്യക്കാഴ്ച്ച മനസിൽ കണ്ട് ആ പടിക്കട്ടുകളിൽ ഞങ്ങൾ വെറുതെ അങ്ങനെയിരുന്നു. ആൾക്കൂട്ടത്തിൻറ ആരവങ്ങൾക്കിടയിൽ അവരിലൊരാളായി ഈ മണ്ണിൽ നിന്ന് എന്നെങ്കിലും തെയ്യം കാണാനായി ഇനി എത്തുമോ എന്നറിയില്ല. എങ്കിലും ആ ജനക്കൂട്ടത്തിൻറെ ആരവവും ആവശവും കാഴ്ച്ചകളുടെ നിറക്കൂട്ടും അകക്കണ്ണ് കണ്ടുകൊണ്ടേയിരുന്നു.
തിയ്യവിഭാഗത്തിൽ വരുന്ന ചില തറവാടുകൾക്കായിരുന്നു അണ്ടലൂർകാവിൽ അധികാരം. ഇപ്പോഴിത് ട്രസ്റ്റിൻരെ കീഴിലാണ്. മേലേക്കാവ്, കീഴേക്കാവ് എന്നിങ്ങനെ രണ്ട് കാവുകൾ ചേർന്നതാണ് അണ്ടലൂർക്കാവ്. മേലേക്കാവ് അയോധ്യയായും കീഴേക്കാവ് ലങ്കയായുമാണ് സങ്കൽപ്പിക്കപ്പെടുന്നത്. ഇവിടത്ത ഊരാളൻമാരെ അച്ഛൻ പദവി നൽകി ആദരിക്കുന്നു.
പലവിധഐതിഹ്യങ്ങളിൽ ഊന്നിനിന്ന് നൂറ് കണക്കിന് തെയ്യങ്ങളാണ് വടക്കൻ കേരളത്തിലിറങ്ങുന്നത്. ദൈവങ്ങളെയും ഗുരുകാരണവൻമാരെയും പ്രകൃതി ശക്തികളെയും പ്രീതിപ്പെടുത്താനാണ് കാവുകളിലും തറവാടുകളിലും ക്ഷേത്രങ്ങളിലും തെയ്യാട്ടം നടത്തുന്നത് അത് തറവാടിനും നാടിനും ഗുണപ്രദമാണെന്ന് എല്ലാവരും വിശ്വസിക്കുന്നു, ആ വിശ്വാസത്തിന് കാലം കഴിയുന്തോറും ശക്തി കൂടുകയാണ്. പരമ്പരാഗതമായി പല കലാരൂപങ്ങളും ഏറ്റടുക്കാനാളില്ലാതെ പേരിന് മാത്രമായി അനുഷ്ഠിക്കപ്പെടുകയോ മൂലരൂപത്തിൽ നിന്ന് പാടേ മാറി അവതരിപ്പിക്കപ്പെടുകയോ ചെയ്യുന്നത് സാധാരണമാണ്. എന്നാൽ തെയ്യാട്ടം നടത്തുന്ന കോലധാരികൾക്കിടയിൽ നിന്ന് പൂർവ്വികരുടെ വിശ്വാസത്തെയും ആചാരങ്ങളെയും അതേപടി ഏറ്റെടുത്ത് മുന്നോട്ട് കൊണ്ടുപോകാൻ താത്പര്യപ്പെടുന്ന ചെറുപ്പക്കാർ മുന്നോട്ട് വരുന്നുണ്ട്. തെയ്യങ്ങൾ ദൈവങ്ങൾ തന്നെയാണെന്ന വിശ്വാസത്തോട് നീതി പുലർത്താൻ ആവതും ശ്രമിക്കുകയും അതിനായി സ്വയം മാറാൻ തയ്യാറാവുകയും ചെയ്യുന്നവരാണ് ഈ ചെറുപ്പക്കാർ. അവരെക്കുറിച്ച് കൂടി പരയാതെ ഈ തെയ്യക്കാഴ്ചകൾ പൂർണമാകില്ല.
English Summary: Theyyam festival at Andalur Kavu, Kannur