ADVERTISEMENT

ഐതിഹ്യങ്ങൾ നിറഞ്ഞ അനേകം മനകൾ നമ്മുടെ കേരളത്തിലുണ്ട്. പഴമയുടെ കാഴ്ചകൾ നിറഞ്ഞ ഇൗ മനോഹര ഇടങ്ങൾ കാണാനായി മിക്കവർക്കും പ്രിയമാണ്. അത്തരത്തിൽ പ്രശസ്തമായ ഒരു മനയാണ് തൃശ്ശൂർ ജില്ലയിലുള്ള പാമ്പു മേക്കാട്ടുമന. മനയുടെ പേരിലെ പാമ്പ് തന്നെയാണ് മനയെ പ്രശസ്തമാക്കുന്നത്. ആ കഥ അറിഞ്ഞാലേ മനയുടെ പ്രാധാന്യവും വിനോദ സഞ്ചാര മേഖലയിൽ ഇവിടം എത്രത്തോളം പ്രത്യേകത അർഹിക്കുന്നുവെന്നും അറിയൂ.

ഇന്ന് കേരളത്തിലെ വളരെ പ്രസിദ്ധമായ സർപ്പാരാധനാകേന്ദ്രമാണ് പാമ്പു മേക്കാട്ടുമന. തൃശൂരിലെ മുകുന്ദപുരം താലൂക്കിൽ വടമ വില്ലേജിലാണ് പാമ്പുമേക്കാട്ട് ഇല്ലം സ്ഥിതി ചെയ്യുന്നത്. സര്‍പ്പദോഷം മാറാനും ആരാധനയ്ക്കും എത്തുന്നവര്‍ മാത്രമല്ല, ആയിരക്കണക്കിന് വര്‍ഷം പഴക്കമുള്ള കഥകളുടെ പൊരുള്‍ നേരിട്ട് കണ്ടറിയാന്‍ ഒട്ടേറെ സഞ്ചാരികളും ഇവിടെയെത്തുന്നു.

മന ഒരു ആരാധനാലയമല്ല

പാമ്പുമേക്കാട്ടു മനയിലേക്ക് കാലെടുത്തു വയ്ക്കുമ്പോള്‍ത്തന്നെ അന്തരീക്ഷത്തിലെങ്ങും സര്‍പ്പസാന്നിധ്യം ഉള്ളതുപോലെ തോന്നും. തണുത്ത കാറ്റു പൊഴിച്ച്, വള്ളിപ്പടര്‍പ്പുകള്‍ വിരിച്ച് നില്‍ക്കുന്ന കൂറ്റന്‍ മരങ്ങള്‍... ഭിത്തികളില്‍ തെളിയുന്ന നാഗരൂപങ്ങള്‍... പടിപ്പുരമാളിക തുറന്നുചെല്ലുമ്പോള്‍ അതിപുരാതനമായ എട്ടുകെട്ടോടു കൂടിയ മണിമാളിക കാണാം. എണ്ണയുടെയും കദളിപ്പഴത്തിന്‍റെയും പൂജാദ്രവ്യങ്ങളുടെയും ഗന്ധം.

pambummekkatu-mana1
Image Source:pambummekkattumana facebook page

പാമ്പുമേക്കാട്ടു മന ഒരു ആരാധനാലയം എന്ന രീതിയില്‍ അല്ല അറിയപ്പെടുന്നത്. ആയിരത്തിൽപരം വർഷം പഴക്കമുള്ള മനയുടെ പടിപ്പുര മാളികയ്ക്കു തന്നെ 250 വർഷത്തോളം പഴക്കമുണ്ട്. മാളികയായി പണിത പടിഞ്ഞാറ്റി ഇല്ലത്തിന്‍റെ ഒരു മുഖ്യ സവിശേഷതയാണ്.

ദേവാലയമല്ലാത്തതുകൊണ്ടുതന്നെ എല്ലാ ദിവസവും ഇവിടെ ഭക്തർക്കു പ്രവേശനമില്ല. കന്നി മാസത്തിലെ ആയില്യം, മേടം പത്ത്, മിഥുനം കർക്കടകം എന്നിവ ഒഴികെയുള്ള മലയാള മാസങ്ങളിൽ ഒന്നാം തീയതി, കർക്കടകം അവസാന ദിവസം, മീന മാസത്തിൽ തിരുവോണം മുതൽ ഭരണി വരെ തുടങ്ങിയ ദിവസങ്ങളിൽ മാത്രമേ ഭക്തർക്കു പ്രവേശനമുള്ളൂ.

ആയിരക്കണക്കിനു വര്‍ഷം മുന്‍പു നടന്ന കഥയാണ്‌. മന്ത്രവാദത്തില്‍ മേക്കാട്ടു മനക്കാരെ വെല്ലാന്‍ ആരും ഉണ്ടായിരുന്നില്ല. പറഞ്ഞിട്ടെന്തു കാര്യം, അടുപ്പില്‍ പുകയെരിയുന്നത് വല്ലപ്പോഴും മാത്രം. കടുത്ത ദാരിദ്ര്യം അകറ്റാന്‍ വഴിയെന്താണെന്നു ചിന്തിച്ച് മനയ്ക്കലെ മൂത്ത നമ്പൂതിരിക്ക് ഉറക്കം നഷ്ടപ്പെട്ടു. അങ്ങനെ ചരിത്ര പ്രസിദ്ധമായ തിരുവഞ്ചിക്കുളം ക്ഷേത്രത്തിൽ, ഒരു വ്യാഴവട്ടക്കാലം ഭജനമിരിക്കാന്‍ അദ്ദേഹം തീരുമാനിച്ചു. 

pambummekkatu-mana2
Image Source:pambummekkattumana facebook page

ഭജനം നീണ്ടുപോകെ, ഒരു ദിനം സര്‍പ്പരാജനായ വാസുകി അദ്ദേഹത്തിനു മുന്നില്‍ പ്രത്യക്ഷപ്പെട്ടു. വാസുകിയുടെ കയ്യില്‍ അമൂല്യമായ മാണിക്യക്കല്ലുണ്ടായിരുന്നു. കുടുംബത്തിലെ ദാരിദ്ര്യം മാറ്റാന്‍ കനിഞ്ഞരുളണമെന്ന് മൂത്ത നമ്പൂതിരി വാസുകിയോട് അപേക്ഷിച്ചു. വാസുകിയാകട്ടെ അതിനായി എന്തൊക്കെ ചെയ്യണമെന്നുള്ള നിര്‍ദ്ദേശങ്ങള്‍ നല്‍കി. അന്നുമുതല്‍ സര്‍പ്പങ്ങള്‍ മനയിലെ പരദേവതയായി. മേക്കാട്ടുമന പാമ്പുമേക്കാട്ട്‌ എന്നറിയപ്പെടാനും തുടങ്ങി. . വാസുകിയിൽ നിന്ന് ലഭിച്ച മാണിക്യകല്ല് ഈ മനയിൽ ഇപ്പോഴുമുണ്ടെന്നാണ് വിശ്വാസം.

നാഗരാജാവും നാഗയക്ഷിയും

നടുമുറ്റത്തു പ്രതിഷ്ഠയുള്ള മുല്ലയ്ക്കൽ ഭഗവതിയാണ് ഇല്ലത്തെ പ്രധാന ദേവത. ഇതിനോടു ചേർന്നു മനയുടെ കിഴക്കിനിയിൽ, വാസുകിെയയും നാഗയക്ഷിയെയും പ്രതിഷ്ഠിച്ചിടത്ത് ഒരു കെടാവിളക്ക് കത്തിക്കൊണ്ടിരിക്കുന്നു. ഇവിടേക്കു മനയിലെ അംഗങ്ങൾക്കല്ലാതെ മറ്റാർക്കും പ്രവേശനമില്ല. എങ്കിലും, കെടാവിളക്കിലെ എണ്ണയും മഷിയും എല്ലാ ഭക്തർക്കും നൽകി വരുന്നു.

മനയ്ക്കു ചുറ്റുമായി അഞ്ചു കാവുകളുണ്ട്. ഇതിൽ തെക്കേ കാവാണ് ഏറ്റവും പ്രധാനം. നാനാദേശങ്ങളിൽനിന്ന് ആവാഹിച്ചു കൊണ്ടുവരുന്ന കാവുകളിലെ സര്‍പ്പദൈവങ്ങളെയെല്ലാം പ്രതിഷ്ഠിക്കുന്നത് ഈ കാവിലാണ്.

തീ അടുപ്പില്‍ മാത്രം

നാഗങ്ങള്‍ക്കു യാതൊരുവിധത്തിലും ബുദ്ധിമുട്ട് ഉണ്ടാക്കാത്ത ജീവിതരീതിയാണ് മനയില്‍ പിന്തുടരുന്നത്. മനപ്പറമ്പ് കിളയ്ക്കുകയോ ഉഴുതുമറിക്കുകയോ ചെയ്യരുതെന്നും പറമ്പിന്‍റെ ഒത്തനടുവിൽ ഉള്ള എട്ടുകെട്ടിലെ അടുക്കളയിലല്ലാതെ മറ്റൊരു ദിക്കിലും തീ കത്തിക്കരുതെന്നും നിര്‍ദ്ദേശമുണ്ട്. മനയിലെത്തുന്ന പാമ്പുകളെ യാതൊരു കാരണവശാലും ഉപദ്രവിക്കാനും പാടില്ല.

ജനനവും മരണവും പാരമ്പര്യങ്ങളും

പാമ്പുമേക്കാട്ടു മനയിലെ അംഗങ്ങൾ നാഗങ്ങളെ ‘പാരമ്പര്യങ്ങൾ‘ എന്നാണ് വിളിക്കുക. മനയിൽ ഒരു ജനനം ഉണ്ടായാൽ ശിശുവിനെ സ്വീകരിക്കാൻ പാരമ്പര്യങ്ങൾ എത്തുമത്രേ. മരണം സംഭവിച്ചാൽ ഒരു പാരമ്പര്യവും മരിക്കും എന്നാണ് വിശ്വാസം. പറമ്പിലെങ്ങും തീ കത്തിക്കാൻ അനുവാദമില്ലാത്തതിനാൽ ‘തെക്കേക്കാവ്’ എന്നറിയപ്പെടുന്ന തെക്കേപറമ്പിലാണ് പാരമ്പര്യത്തിനും നമ്പൂതിരിക്കും ചിതയൊരുക്കുന്നത്. മനയിലെ അംഗങ്ങളും നാഗങ്ങളും തമ്മിലുള്ള ആത്മബന്ധമാണ് ഇതിലൂടെ തെളിയുന്നത്.

മനയിലേക്കെത്താന്‍

കേരളത്തിന്‍റെ ഏതു ഭാഗത്തുനിന്നും റോഡ് മാർഗം ക്ഷേത്രത്തിലെത്താം. മാളയിൽ നിന്ന് 2.5 കിലോമീറ്റർ വടക്ക് പ്രധാന റോഡിന് പടിഞ്ഞാറായാണ് പാമ്പുമേക്കാട്ടു മന. ബസ് സ്റ്റോപ്പിന്‍റെ പേരു തന്നെ മേക്കാട്ട് ജംക്‌ഷൻ എന്നാണ്. മാള മുതൽ വടമ വരെ ഒന്നര കിലോമീറ്ററും വടമയിൽനിന്ന് പാമ്പുമേക്കാട്ടു മനയിലേക്കുള്ള ദൂരം ഒരു കിലോമീറ്ററുമാണ്.

English Summary: Visit Pambummekkatu Mana in Thrissur

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com