ADVERTISEMENT

രാമായണത്തെ പുസ്തകത്തിലൂടെ മാത്രമല്ല വരകളും വർണങ്ങളായും ആസ്വദിക്കാമെന്നതിന്റെ തെളിവുകളാണ് കേരളത്തിലെ രാമായണ ചുമർ ചിത്രങ്ങൾ. പ്രകൃതിദത്ത വർണങ്ങൾ ഉപയോഗിച്ചു രാമായണത്തിലെ സന്ദർഭങ്ങളെ ചിത്രീകരിക്കാനുള്ള ശ്രമങ്ങൾ പലഭാഗത്തും നടന്നിട്ടുണ്ട്. ഈ ചിത്രങ്ങൾ പഠിക്കുവാൻ പ്രശസ്ത ചിത്രകാരിയായ അമൃതാ ഷെർഗിൾ ഇവിടെ എത്തിയിരുന്നു. അതിൽ ഏറ്റവും മികച്ചത് മട്ടാഞ്ചേരി കൊട്ടാരത്തിലെ കിരീടധാരണം മുറിയിലെ രാമായണ ചിത്രങ്ങളാണെന്നാണ് അവർ സാക്ഷ്യപ്പെടുത്തിയത്. വർണ്ണാലേഖനങ്ങളിൽ അജന്താ ചിത്രീകരണങ്ങളാണ് മികച്ചതെങ്കിലും രേഖാ വിന്യാസങ്ങളിൽ മട്ടാഞ്ചേരി ചിത്രങ്ങളാണ് മുന്നിട്ടു നിൽക്കുന്നതെന്ന് അവർ എഴുതി.

 

1552 –ൽ കൊച്ചീരാജാക്കന്മാർക്കുവേണ്ടി പോർട്ടുഗീസുകാർ നിർമിച്ചതാണ് മട്ടാഞ്ചേരികൊട്ടാരം. ഡച്ചുകാർ പതിനേഴാം നൂറ്റാണ്ടിൽ ഇതു പുതുക്കിപ്പണിതു. അക്കാലത്ത് കേരളീയ കലാകാരന്മാർ വരച്ചതാണ്  കീരീടധാരണ മുറിയിലെ രാമായണചിത്രങ്ങൾ. ഏതാണ്ട് 300 ചതുരശ്ര അടി വിസ്തീർണം വരുന്ന മുറിയിൽ 66 രാമായണ കഥാസന്ദർഭങ്ങളാണ് അവതരിപ്പിച്ചിട്ടുള്ളത്.  വെട്ടത്തുനാട്ടിൽ നിന്നു ദത്തുവഴി കൊച്ചിയുടെ ഭരണാധികാരം നേടിയ രാമവർമയോ  പിൻഗാമികളായ ഗോദവർമ്മ, വീരകേരളവർമ്മ എന്നിവരിൽ ഒരാളോ ആകണം  ഈ രാമായണചിത്രങ്ങൾക്കു മുൻകൈയെടുത്തത്.

 

ഈ ചിത്രങ്ങളുടെ സംരക്ഷണത്തിനു കൊച്ചിയുടെ പുരാവസ്തുമേധാവിയായിരുന്ന പി.അനുജൻ അച്ചൻ അഭിനന്ദനീയ സേവനങ്ങളാണ് നിർവചിച്ചത്. മാന്നാറിനു സമീപം പനയന്നാർക്കാവിലും മികച്ച രാമായണ ചിത്രങ്ങളുണ്ട്.

 

രാമായണ ചിത്രങ്ങളിലൂടെ 

 

ചുവപ്പ്, കറുപ്പ്, പച്ച, മഞ്ഞ, വെള്ള എന്നീ നിറങ്ങളാണ് രാമായണ ചിത്രങ്ങളിൽ കാണുന്നത്. വികാരങ്ങൾപോലും രേഖകൾ കൊണ്ട് പ്രകടിപ്പിക്കുവാനാണ് ചിത്രകാരനു  താൽപര്യം. രാവണന്റെ അസ്ത്രങ്ങളേറ്റിട്ടും കീഴടങ്ങാതെ നിൽക്കുന്ന വീര രാമൻ, വരുണനെ കീഴടക്കാൻ മന്താസ്ത്രം പ്രയോഗിക്കുന്ന രാമൻ, രാമൻ, കുംഭകർണനെ ഉണർത്തൽ,  ഹനുമാന്റെ പരാക്രമങ്ങൾ എന്നിവയാണ് രാമായണ ചിത്രങ്ങളിൽ  ഏറ്റവും മികച്ചത്.

 

പുത്രകാമേഷ്ടി യാഗം മുതൽ സീതയെ വീണ്ടെടുത്ത രാമലക്ഷ്മണന്മാരെ അയോധ്യാവാസികൾ നന്ദിഗ്രാമത്തിൽ എത്തി സ്വീകരിക്കുന്നതുവരെയുള്ള രാമായണ കഥാസന്ദർഭങ്ങളാണ് മട്ടാഞ്ചേരിയിൽ  ചിത്രീകരിച്ചിരിക്കുന്നത്. അത്ഭുതം, ഭയാനകം, ബീഭത്സം, ശൃംഗാരം എന്നീ രസങ്ങളുടെ ആവിഷ്ക്കാരത്തിനാണ് ചിത്രകാരൻ ഇവിടെ  പ്രാധാന്യം നൽകിയിരിക്കുന്നത്. ദശരഥപത്നിമാരുടെ പ്രസവം, താടകാവധം, അഹല്യാമോക്ഷം, ചാപഭഞ്ജനം, സീതാപരിണയം, എന്നിവയെല്ലാമാണ് വടക്കും കിഴക്കുമുള്ള ഭിത്തികളിൽ പ്രധാനമായി ചിത്രീകരിക്കുന്നത്.

 

രാമ–പരശുരാമ സംവാദം, വിച്ഛിന്നാഭിഷേകം, തോണിയാത്ര, വിരാധനിഗ്രഹം എന്നീ സന്ദർഭങ്ങളും ഇതോടൊപ്പം ഉണ്ട്. മനുഷ്യസ്വഭാവത്തിന്റെ സങ്കീർണതകളും മൂപ്പിളമ മത്സരവും സാധാരണക്കാരന്റെ ആർദ്രതയും തിന്മയുടെ ആത്യന്തിക പരാജയവുമെല്ലാമാണ് ഈ ചിത്രീകരണങ്ങൾ പറയുന്നത്.

 

പഞ്ചവടിയിൽ കഴിയുന്ന സീതാരാമലക്ഷ്മണന്മാരുടെ ചിത്രീകരണമാണ് പിന്നീടുള്ള ആവിഷ്ക്കാരങ്ങളിൽ പ്രധാനം. ശൂർപ്പണഖാഗമനവും ശൂർപ്പണഖയുടെ ആവയവഛേദനവും വിശദമായി തുടർന്ന് അവതരിപ്പിക്കുന്നു. ആശ്ചര്യചൂഡാമണിയെ അടിസ്ഥാനമാക്കി ചാക്യാന്മാർ ചിട്ടപ്പെടുത്തിയ ശൂർപ്പണാങ്കമാണ് കലാകാരനെ പ്രചോദിപ്പിക്കുന്നത്.

 

ശൂർപ്പണഖയുടെ അവയവഛേദനത്തിനും എഴുത്തച്ഛനെയല്ല ചിത്രകാരൻ പിന്തുടരുന്നത്. ഹാസ്യരസാവിഷ്കാരത്തിൽ ചിത്രകാരനുള്ള വൈദഗ്ധ്യം കുംഭകർണനെ ഉണർത്തുന്ന രംഗത്തു  കൃത്യമായി  കാണാം.  ഹനുമാന്റെ പരാക്രമങ്ങൾ  പടിഞ്ഞാറേ ഭിത്തിയിലാണ്. രാമായണത്തിലെ  സുന്ദരകാണ്ഡം ഹൃദിസ്ഥമാക്കിയ ഒരാളെ നമുക്കിവിടെ  പിന്തുടരാം. 

Content Summary : The murals are painted in a tempera style, They depict a wide range of scenes from the Ramayana, from the birth of Rama to his victory over Ravana.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com