ADVERTISEMENT
gokarna-beach1

ആഘോഷങ്ങളിൽ മിതത്വം പാലിക്കുന്നവരെങ്കിൽ അങ്ങനെയുള്ളവർക്കു സന്ദർശിക്കാൻ ഏറ്റവും ഉചിതമായൊരിടമാണ് ഗോകർണം ബീച്ച്. സൗന്ദര്യം കൊണ്ട് സഞ്ചാരികളെ ആകര്‍ഷിക്കുന്നതിനാൽ ഗോകര്‍ണത്തെ മിനി ഗോവ എന്ന് വിളിക്കാം. വളരെ ശാന്തവും അതിനൊപ്പം തന്നെ തിരക്കധികവുമില്ലാത്ത  ഒരു കടൽത്തീരമാണിത്. ഗോവ പോലെ നിറങ്ങൾ നിറഞ്ഞതല്ലെങ്കിലും മനോഹരമായ  കടൽ കാഴ്ചകളാലും വശ്യതയാർന്ന പ്രകൃതിയാലും ഗോവയ്‌ക്കൊപ്പം തന്നെ നിൽക്കും ഗോകർണം. അതുകൊണ്ടുതന്നെ തെക്കേ ഇന്ത്യ കാണാനിറങ്ങുന്ന സഞ്ചാരികൾ ഒരിക്കലും കാണാതെ പോകരുത് ഗോകർണം. 

gokarna-beach5

ബൈക്ക് യാത്രികരെ മോഹിപ്പിക്കുന്ന റോഡുകളാണ് ഗോകർണത്തേക്കുള്ളത്. യാത്രയാരംഭിക്കുന്നതു മാംഗ്ലൂരിൽ നിന്നാണെങ്കിൽ അതിരാവിലെ  യാത്ര തുടങ്ങിയാൽ ഉച്ചയോടെ ലക്ഷ്യസ്ഥാനത്ത്  എത്തിച്ചേരാം. തികച്ചും ഗ്രാമീണ അന്തരീക്ഷമാണ് ഗോകർണത്തിന്. കന്നഡ മാത്രം സംസാരിക്കാൻ അറിയുന്നവരാണ്  ഇവിടെയുള്ളത്.

പാതയരികിലെ കാഴ്ചകൾ മനസുകവരുക തന്നെ ചെയ്യും. അത്രയ്ക്ക് മനോഹരമാണ്. യാത്രാക്ഷീണത്തെ പാടെയകറ്റാൻ ഈ കാഴ്ചകളുടെ മനോഹാരിതയ്‌ക്കു കഴിയുമെന്ന് നിസംശയം പറയാം.

gokarna-beach4

ഗോകർണമെന്നാൽ പശുവിന്റെ ചെവി എന്നാണ് അർഥം. അത്തരത്തിലുള്ള ഒരു രൂപമാണ് ഈ സ്ഥലത്തിന്. അതുകൊണ്ടാണ് ആ പേര് വന്നത് എന്ന് പറയപ്പെടുന്നു. ഈ ബീച്ചുകളുടെ  ഒരു പ്രധാന സവിശേഷത, ചെറിയ റോഡുകളാൽ ഇവയോരോന്നും ബന്ധിതമാണ്. ട്രെക്കിങ്ങ് പ്രിയർക്ക് ഒരു ബീച്ചിൽ നിന്നും മറ്റു ബീച്ചിലേക്ക് മലകൾ കയറിയിറങ്ങി പോകാമെന്നൊരു മെച്ചവുമുണ്ട്. ഗോകര്‍ണത്തിന്റെ കാഴ്ചകളിലേക്കിറങ്ങിയാൽ ആദ്യം തന്നെ ശ്രദ്ധയാകർഷിക്കുന്നത് മഹാബലേശ്വർ ക്ഷേത്രത്തിനടുത്തുള്ള കടകളാണ്. വസ്ത്രങ്ങളും ആഭരണങ്ങളും വീട്ടുപകരണങ്ങളുമെല്ലാം വിൽക്കുന്ന നിരവധി കടകളുണ്ട് ഇവിടെ. വിവിധ ദേശങ്ങളുടെ സമ്മേളനം പോലെയാണ് ഓരോ കടകളും. തുച്ഛമായ വില മാത്രമേ ഓരോ വസ്തുക്കൾക്കും ഈടാക്കുന്നുള്ളു എന്നുള്ളതും ഈ കടകളുടെ പ്രത്യേകതകളാണ്. 

gokarna-beach3

പ്രധാന പാതയിൽ നിന്നും അധികം ദൂരയല്ല കുഡ്ലെ ബീച്ച്. ഒട്ടും ആൾത്തിരക്കില്ലാത്ത ഈ ബീച്ചിൽ വളരെ കുറച്ചു സഞ്ചാരികൾ മാത്രമേ എല്ലായ്‌പ്പോഴും ഉണ്ടാകാറുള്ളൂ. കടൽത്തിരകളോട് സംസാരിച്ചുകൊണ്ടു എത്രനേരം ഈ തീരത്തിരുന്നാലും മുഷിയുകയില്ലെന്നതാണ് യാഥാർത്ഥ്യം. ഏതുസമയത്താണ് ഇവിടുത്തെ കടലിന്റെ സ്വഭാവത്തിൽ മാറ്റം വരുകയെന്നത് പ്രവചിക്കാൻ സാധ്യമല്ല. അതുകൊണ്ടു തന്നെ അക്കാര്യത്തിൽ അതീവശ്രദ്ധ കൊടുക്കേണ്ടതാണ്. 

ഒന്നു രണ്ടു ഷാക്‌സും ഒരു ഹനുമാൻ ക്ഷേത്രവും തദ്ദേശീയരുടെ കുറച്ചു വീടുകളും മാത്രമാണ് ഇവിടെയുള്ളത്. വിശ്വാസികൾക്ക് താല്പര്യമുണ്ടെങ്കിൽ ക്ഷേത്രത്തിൽ ദര്ശനത്തിനുള്ള സൗകര്യങ്ങളുമുണ്ട്. കുഡ്ലെ ബീച്ചിൽ നിന്നും റോഡ് മാർഗമോ, അല്ലാതെ പാറകൾ കയറിയിറങ്ങിയോ ഓം ബീച്ചിലേക്ക് എത്താവുന്നതാണ്. സമയം പരിമിതമാണെങ്കിൽ റോഡ് മാർഗം ബീച്ചിലേക്കെത്തുന്നതായിരിക്കും ഉചിതം. നിരവധി സഞ്ചാരികൾ ബീച്ചുകളിൽ നിന്ന് ബീച്ചുകളിലേക്കു ട്രെക്കിങ്ങ് നടത്തുന്നത് ഗോകര്‍ണത്തെ നിത്യകാഴ്ചയാണ്.  പേര് സൂചിപ്പിക്കുന്നതുപോലെ തന്ന് ഈ ബീച്ചിനു ഓം എന്ന പേരുവന്നത്, ഓം എന്ന്   എഴുതുന്നതുപോലെയുള്ള രൂപമായതുകൊണ്ടാണ്. തീരത്തു നിരവധി പാറകൾ ഉള്ളതുകൊണ്ട് തന്നെ  ഈ പാറകൾക്കു മുകളിൽ നിന്ന് ഉദയാസ്തമയങ്ങൾ കാണാം. മനോഹരമാണ് ആ ദൃശ്യങ്ങൾ എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. 

രാത്രികളിലും സജീവമാകുന്ന ഒരു ബീച്ചു മാത്രമേ ഇവിടുള്ളൂ. അത് ഗോകർണം ബീച്ചാണ്.  ഇവിടെ ധാരാളം ഷാക്കുകളുണ്ട്,  അതുകൊണ്ടു തന്നെയാണ് രാത്രികൾക്കു ഇവിടെ നീളം കുറയുന്നത്. ഭൂരിപക്ഷം സഞ്ചാരികളും ഒഴിവാക്കുന്ന ഒരു ബീച്ചാണ് പാരഡൈസ് ബീച്ച്. മറ്റു ബീച്ചുകളിൽ നിന്നും വ്യത്യസ്തമായി ഇവിടെ മറ്റൊന്നും കാണാനില്ലാത്തതു കൊണ്ട് തന്നെ എപ്പോഴും പാരഡൈസ് ബീച്ച് ഒഴിവാക്കപ്പെടാറാണ് പതിവ്. കാര്യങ്ങൾ അങ്ങനെയൊക്കെയാണെങ്കിലും ഈ ബീച്ചിലേക്കു നീങ്ങുന്ന പാതയും കാഴ്ചകളും മറ്റുള്ള ബീച്ചുകളെക്കാളും  മനസുകുളിർപ്പിക്കുന്നതാണ്. അതുകൊണ്ടു തന്നെ ഗോകർണ യാത്രയിൽ ഈ ബീച്ചിനെ കൂടി ഉൾപ്പെടുത്തുന്നത് നിങ്ങളുടെ യാത്രയെ കൂടുതൽ മനോഹരമാക്കുക തന്നെ ചെയ്യും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com