മൂന്നാർ –കൊളുക്കുമല ഒരു ഒാഫ് റോഡ് യാത്ര!

Mail This Article
കുട്ടിക്കാലം മുതൽ കണ്ട സ്വപ്നമായിരുന്നു കോട പുതച്ച മലമടക്കുകളിൽ കൂടയൊരു ബുള്ളറ്റ് യാത്ര കുറച്ചു മാസങ്ങൾക്കു മുൻപ് സുഹൃത്തുമായി ചേർന്ന് ആ ആഗ്രഹം നിറവേറി.
ഒരു മൂന്നാർ കൊളുക്കുമല യാത്രയിലൂടെ
മലനിരകളുടെയും തേയിലത്തോട്ടങ്ങളുടെയും ഇടയിലൂടെ കോടമഞ്ഞിനെവകഞ്ഞു മാറ്റി കാഴ്ചകൾക്കു മുന്നേ പാഞ്ഞ ശബ്ദവുമായി ബുള്ളറ്റിൽ മൂന്നാർ എത്തിയപ്പോൾ മനസ്സിൽ കയറിക്കൂടിയതായിരുന്നു ഒരു ഒാഫ് റോഡ് യാത്ര ചിലതേടലുകൾക്കുത്തരമായി വീണു കിട്ടിയ പേരാണ് കൊളുക്കുമല! മൂന്നാറിൽ നിന്നും 32കിലോമീറ്റർ മാറി സൂര്യനെല്ലി വഴിയാണ് കൊളുക്കുമല പോകേണ്ടത്. സൂര്യനെല്ലിയെത്തിയപ്പോൾ ഏകദേശം ഉച്ചയ്ക്ക് മുന്നു മണിയോടടുത്തായിരുന്നു. കൊളുക്കു മലയിലേക്ക് അവിടെ നിന്ന് പത്ത് കിലോ മീറ്ററിനടുത്ത് ദുരവും.
ഒരു കല്ലിൽ നിന്നും തെറിച്ച് അടുത്ത കല്ലിലേക്ക് അവിടെ നിന്നും വലിയ ഗർത്തങ്ങളിലേക്ക്. മുകളിലേക്ക് പോകുംതോറും താഴെ വശങ്ങളുടെ ആഴം ഭീതി ജനിപ്പിച്ചു! പോകുന്ന വഴിയിൽ മുള്ളൻ പന്നികളും മുയലുകളുമൊക്കെ തേയിലക്കാടിനുള്ളിലേയ്ക്ക് മിന്നായം പോലെ കടന്നു പൊയ്ക്കൊണ്ടിരുന്നു. ദൂരെ മലനിരകളെ ഇടയ്ക്കിടെ ഒളിപ്പിച്ചും, പതിയെ തെളിഞ്ഞും കോടമഞ്ഞ് വീണുകൊണ്ടിരുന്നു. ഒാഫ് റോഡ് യാത്രയുടെ അപകടവും അതിലുപരി ആവേശവും നിഴലിച്ച മണിക്കുറുകൾ, പാതയുടെ ചിലയിടത്താകട്ടെ മുന്നോട്ടുപോകുവാൻ വഴിയ്ക്കു പകരം ആഴത്തിലുള്ള കുഴികൾ മാത്രം ചിലയിടത്ത് കയറുന്നതിനെക്കാൾ സ്പീഡിൽ തിരിച്ചിറങ്ങി വരുന്നുമുണ്ട്.
തൊട്ടുരുമ്മി നിൽക്കുന്നു അഞ്ചോളം പർവ്വതനിരകൾ, പച്ച പുതച്ച താഴ് വാരം വനാന്തരത്തിന്റെ വശ്യസൗന്ദര്യം ഉയർത്തിക്കാട്ടുന്നു. താഴെ തേയിലത്തോട്ടങ്ങൾക്കു മുകളിലൂടെ പഞ്ഞിക്കെട്ടുപോലെ പറന്നു നടക്കുന്ന മേഘങ്ങൾ പുത്തൻ അനുഭുതിയായിരുന്നു. താഴ് വാരത്തെ ചൂണ്ടി ഗൈഡ് എന്നു തോന്നിപ്പിക്കുന്നൊരാൾ തമിഴ് കലർന്ന മലയാളത്തിൽ ഏതൊക്കെയോ സിനിമ അവിടെയാണ് ഷൂട്ട് നടന്നതെന്നും ഏറ്റവും ഉയരത്തിൽ സ്ഥിതി ചെയ്യുന്ന തേയിലത്തോട്ടം ഇവിടെയാണ് എന്നുമൊക്കെ ഉച്ചത്തിൽ വിവരിക്കുന്നത് കേട്ടു. ഞങ്ങളെത്തിച്ചേർന്ന നേരമാകട്ടെ സൂര്യാസ്തമനമായിരുന്നു. ആരെയും മോഹിപ്പിക്കുന്ന വശ്യത. അരിച്ചിറങ്ങുന്ന തണുപ്പ് സാഹചര്യത്തിന്റെ മാറ്റു കൂട്ടി. ജീവിതത്തിലിന്നു വരെ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മനോഹരമായ സൂര്യാസ്തമനം ഇത് മാത്രമായി മാറി. പക്ഷികൾ കുട്ടത്തോടെ മലനിരകളിലെ മരങ്ങളിലേക്ക് ചേക്കേറിക്കൊണ്ടിരുന്നു, കൊളുക്കുമലയുടെ ഒരു വശം കേരളവും മറുവശം തമിഴ്നാടുമാണ്.
ദുസ്സഹമായ യാത്രയുടെ കാഠിന്യം കൊണ്ടാകാം ഇത്രയും ദൃശ്യസൗന്ദര്യമുണ്ടായിരുന്നിട്ടു കുടി സഞ്ചാരികൾ പൊതുവേ കുറവായിരുന്നു. അതിനാലാകണം പ്രകൃതി സൗന്ദര്യം കളങ്കമേൽക്കാതെ അതുപോലെ തന്നെ നിലകൊള്ളുന്നത്.