രണ്ട് കുതിരകളും ഒറ്റ ൈബക്കുമുള്ള സമ്പന്നരുടെ നാട്

tamilnadu-dindigul-trip1
SHARE

 വല്ലാത്ത ഒരു യാത്രയായിരുന്നു തെന്‍മലയിലേക്ക്, തെന്‍മല എന്നു കേൾക്കുമ്പോൾ എല്ലാവരുടെയും മനസിലേക്ക് ഓടി വരുന്നത് കൊല്ലം ജില്ലയിലെ തെന്‍മലയാകാം എന്നാൽ ഇത് അതല്ല. തമിഴ്നാട്ടിലെ ഡിണ്ടുക്കൽ ജില്ലയിലുള്ള തെൻമല എന്ന മലയോരഗ്രാമം. ജീവിതത്തിലെ ഏറ്റവും മഹത്തായ നിമിഷം. അജ്ഞാതമായ സ്ഥലത്തേയ്ക്കുള്ള യാത്രയാണെന്നതും തനിച്ചായി സഞ്ചരിക്കുന്നവർ ഇന്നുതന്നെ ആരംഭിക്കും എന്നുള്ളതുകൊണ്ടും ഒരു വെള്ളിയാഴ്ച രാത്രി 9.30 ന് വീട്ടിൽ നിന്നും തൃശൂർ ബസ് സ്റ്റാൻഡിലേക്ക് നടന്നു.

ശബ്ദം ആയാലും നിറമായാലും വ്യത്യസ്തതകളാണ് നമ്മെ പലപ്പോഴും ആദ്യം ആകർഷിക്കുക. ഇവിടെയും അതുതന്നെ സംഭവിച്ചു. ചുവന്ന കൊമ്പൻമാർക്കിടയിലെ അൽപ്പം നീളം കൂടിയ പച്ച കൊമ്പനെയാണ് എന്റെ കണ്ണ് ആദ്യം ആകർഷിച്ചത്. തമിഴ്നാട് R.T.C യുടെ ഡിണ്ടുക്കൽ ചെങ്കോട്ട പച്ച ബസ്. പിന്നെ രണ്ടാമതൊന്ന് ആലോചിക്കാതെ ഡിണ്ടുക്കല്ലിലേക്ക് പോകാൻ തീരുമാനിക്കുകയായിരുന്നു. പതിവ് ശീലം തെറ്റിക്കാതെ ഡ്രൈവറുടെ പിന്നിലെ തടി പലകയിൽ തീർത്ത ഇരിപ്പിടത്തിൽ ഇരുന്നു. പുലരുവോളം അദ്ദേഹത്തിന്റെ കണ്ണുകളിൽ ഉറക്കത്തിന്റെ നിഴൽ വീഴാതെ വിശേഷങ്ങൾ പങ്കുവെച്ചിരുന്നു. ഒടുവിൽ നാലുമണിയോടെ ഡിണ്ടുക്കൽ ബസ് ഇറങ്ങുമ്പോൾ അദ്ദേഹവും എന്നോടൊപ്പം ഒരു ചായ പങ്കു വെച്ചു. ആ ചായ സൗഹൃദത്തിൽ എന്നോട് പറഞ്ഞു ‘‘എന്നും ഇതുപോലെ ഒരാളെ കിട്ടിയിരുന്നെങ്കിൽ ഒരു തരി പോലും ഉറക്കം വരാതെ വണ്ടി ഓടിക്കാമായിരുന്നു.’’

‘‘ഓർക്കുക അവരും മനുഷ്യരാണ് ഒരു രാത്രി മുഴുവൻ വണ്ടി ഓടിക്കുമ്പോൾ അറിയാതെ ഒരു നിമിഷമെങ്കിലും പാളിപ്പോകാം. ഒരു ബസിലെ ഒരാളെങ്കിലും ഇതുപോലെ ഡ്രൈവർക്ക് ഒരു കമ്പനി കൊടുത്താൽ ചിലപ്പോൾ നിങ്ങൾ രക്ഷിക്കുന്നത് ബാക്കി 49 പേരുടെ ജീവനാകാം’’  അതിരാവിലെ നാലുമണി ഡിണ്ടുക്കൽ ബസ് സ്റ്റാന്റിൽ ബസുകൾ നന്നെ കുറവ്. എങ്ങും പത്രക്കെട്ടുകൾ അടുക്കുന്നതിന്റെ തിരക്കിലാണ്. എന്തായാലും തൊട്ടു മുന്നിൽ കണ്ട ഒരു ഹോട്ടലിൽ കയറി ഫ്രെഷ് ആയി ഇറങ്ങിയപ്പോഴേക്കും സമയം 5.30. ഒരു മിനിബസ് സ്റ്റാൻഡിൽ പിടിച്ചിരിക്കുന്നു. അറിയാവുന്ന തമിഴ് വെച്ച് ബോർഡ് വായിച്ചു ‘‘തെൻമലൈ’’. കൊല്ലത്തെ തെൻമല മാത്രം കണ്ടു ശീലിച്ച എനിക്ക് ആ പേരിൽ ഒരു കൗതുകം തോന്നി, തമിഴ്നാട്ടിലും തെൻമലയോ എന്നാൽ അതൊന്ന് അറിഞ്ഞിട്ട് തന്നെ കാര്യം സഹായത്തിനായി ഗൂഗിളിനെ വിളിച്ചു. 

tamilanadu-trip2

ഭാഗ്യം എല്ലാത്തവണത്തെയും പോലെ ഇത്തവണയും ഗൂഗിൾ എനിക്ക് താങ്ക്യൂ മെയിൽ അയയ്ക്കേണ്ടി വരും കാരണം അങ്ങനെ ഒരു സ്ഥലം ഗൂഗിൾ മാപ്പിലില്ല. എന്തായാലും അവിടേക്ക് തന്നെ പോകാൻ തീരുമാനിച്ച് ബസിനുള്ളിൽ കയറി. കമ്പിളിയും പുതച്ച് തൊപ്പിയും വെച്ച് ഒരു 50–കാരന്‍ ഇരുന്ന് പത്രം വായിക്കുന്നു അതായിരുന്നു ആ ബസിന്റെ സാരഥി ആന്റണി ചേട്ടൻ. 5.45 ഓട് കൂടി ഡ്രൈവറും കണ്ടക്ടറും ഞാനും ഉൾപ്പെടെ മൂന്ന് പേരെ വച്ച് ബസിന്റെ ചക്രങ്ങൾ കറങ്ങാൻ തുടങ്ങിയെങ്കിലും പട്ടണം വിടുന്നതിനു മുന്നെ തന്നെ അത്യാവശ്യം സീറ്റുകള്‍ നിറഞ്ഞിരുന്നു. മലമുകളിൽ പണിക്കുപോകുന്നവരാണ് കൂടുതലും.

അധികം താമസിയാതെ ബസ് ഒരു ചെക്പോസ്റ്റിനു മുന്നിൽ ചെന്ന് നിന്നു. എന്തിനാണ് ഇവിടെ ഒരു ചെക്പോസ്റ്റ് എന്ന് നോക്കവെ ആണ് ചെക്പോസ്റ്റിനുമപ്പുറം അതിന്റെ അവകാശികളെ കണ്ടത്. ഒരു പറ്റം കാട്ടുപോത്തുകൾ. ഇനി അങ്ങോട്ടേക്ക് റിസർവ് ഫോറസ്റ്റാണ്. അതുകൊണ്ട് തന്നെ രാത്രി സഞ്ചാരം അനുവദനീയമല്ല. മുന്നിലെ കവാടം തുറന്നതും അവ പതുക്കെപ്പതുക്കെ റോഡിൽ നിന്നും വശങ്ങളിലേക്ക് മാറുന്ന കാഴ്ച എന്നെ അത്ഭുതപ്പെടുത്തി. ഡിണ്ടുക്കൽ പട്ടണത്തിൽ നിന്നും 18 ഹെയർപിൻ വളവുകൾ പിന്നിട്ടു വേണം മലമുകളിലെത്താൻ അതുവരെ കുളിരുള്ള ഇളംതെന്നലാണ് വന്നുകൊണ്ടിരുന്നതെങ്കിൽ ഹെയർപിൻ വളവുകൾ പിന്നിടാൻ തുടങ്ങിയതോടെ ആ കുളിർ തെന്നൽ വില്ലനായി മാറിക്കഴിഞ്ഞിരുന്നു.

tamilnadu-trip4

ഇപ്പോഴാണ് ആന്റണി ചേട്ടൻ കമ്പിളിയും തൊപ്പിയും ഒക്കെ പുതച്ചിരുന്നതിന്റെ ഗുട്ടൻസ് പിടി കിട്ടിയത്. പതുക്കെ ബാഗ് തുറന്ന് ഞാനും ജാക്കറ്റ് ധരിച്ചു. പിറകിലേക്ക് ഒന്നു തിരിഞ്ഞ് നോക്കി എല്ലാവരും കമ്പിളി പുതച്ച് നല്ല ഉറക്കമാണ്. പെട്ടെന്ന് ഒരു വളവു വളഞ്ഞതും തൊട്ട് പിന്നിലെ സീറ്റിൽ ഇരുന്ന ആളുടെ തല ശക്തമായി കമ്പിയിൽ ഇടിച്ചു. അയാൾ കണ്ണുതുറന്ന് കോപത്തോടെ എന്നെ നോക്കി. ഞാൻ എന്തോ ചെയ്തതുപോലെ ആയിരുന്നു പുള്ളിയുടെ നോട്ടം.

നേരം പുലർന്നപ്പോൾ ഹെയർപിൻ വളവുകൾ പിന്നിട്ട് വണ്ടി അവിടെ കണ്ട ഒരു ഭീമൻ വാച്ച് ടവറിനു മുന്നിൽ സൈഡാക്കി നിര്‍ത്തി. പുരുഷന്മാർ ബസിറങ്ങി താഴേക്കും സ്ത്രീകൾ മുന്നോട്ടും നടന്നു മറഞ്ഞു. ഏതൊരു ന്യൂജെൻ സഞ്ചാരിക്കും തോന്നുന്ന സംശയം പത്തുവർഷം മുന്നെ നടത്തിയ മേഘമലയാത്രയിൽ എനിക്കും തോന്നിയിരുന്നു. അതിവിടെ ആവർത്തിക്കുകയാണെന്ന് എനിക്ക് മനസ്സിലായി. ഇങ്ങനെയുള്ള ഉൾനാടൻ മലയോരഗ്രാമങ്ങളിൽ പോകുന്ന വഴി വണ്ടികൾ നിർത്തുന്നത് യൂറിൻ പാസ് ചെയ്യുന്നതിനാണ് വേണ്ടിയാണ്.

അവിടെ പബ്ലിക് ടോയ്‍ലറ്റോ മറ്റ് സംവിധാനങ്ങളോ ഇല്ലാത്തതിനാൽ രണ്ടു കൂട്ടരും റോഡിന്റെ രണ്ടു വശങ്ങളിലേക്ക് പോയി മറയുന്നു. എന്തായാലും ആ സമയം കൊണ്ട് മുന്നിൽ കണ്ട വച്ച് ടവറിൽ നിന്നും ആ കാനനത്തിന്റെയും മലനിരയുടെയും ഭംഗി ആസ്വദിക്കാനായി പടവുകൾ കയറി മുകളിലെത്തിയിരുന്നു. രാത്രിയുടെ പുതപ്പിനുള്ളിൽ നിന്നും ആ മലനിരകൾ പതുക്കെ ഉണർന്നു വരുന്നതേയുള്ളൂ. ഇരുവശവും പച്ചപ്പട്ടു പുതപ്പിട്ട കുന്നുകളും താഴ്‍വാരങ്ങളും മലമടക്കുകളും അവയ്ക്കിടയിലൂടെ വളഞ്ഞും പുളഞ്ഞും കിടക്കുന്ന പിന്നിട്ട വഴികൾ. മലമടക്കു‌കളുടെ ഉയർച്ചയും താഴ്ച്ചയും ചരിവും അവിടെ വളർന്ന് നിൽക്കുന്ന വൃക്ഷങ്ങളുടെ ഭംഗിയും നോക്കി ഞാൻ അറിയാതെ അവിടെ നിന്നും പോയി. 

tamilnadu-trip-3

ആ സ്വപ്നത്തിൽ നിന്നും ഉണർന്നത് ബസിന്റെ സാരഥി എനിക്കുവേണ്ടി മുഴക്കിയ ഹോണടി കേട്ടിട്ടാണ്. വീണ്ടും യാത്ര തുടർന്നു കുളിർമയുള്ള കാലാവസ്ഥയും തെളിഞ്ഞ അന്തരീക്ഷവുമായതു കൊണ്ട് തന്നെ വനത്തിനുള്ളിലൂടെയുള്ള യാത്രകളിൽ ഒരിക്കലും ക്ഷീണം അനുഭവപ്പെടാറില്ല. തെൻമലൈ വിശേഷങ്ങൾക്ക് കാതോർത്തിരുന്ന ഞാൻ തൊട്ടടുത്തിരുന്ന ഡിണ്ടുക്കൽ നിന്നും കയറിയ പട്ടണവാസിയോട് കുശലാന്വേഷണം നടത്തുന്നതിന്റെ കൂട്ടത്തിൽ എവിടേക്കാണ് യാത്ര എന്ന് ചോദിച്ചു. ആഴ്ചതോറും നഗരത്തിൽ നിന്നും മുകളിലത്തെ ഗ്രാമങ്ങളിൽ പന്തൽ കെട്ടുന്ന ജോലിക്ക് വരുന്നതാണെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടിയെങ്കിലും, ആ മറുപടിയിൽ വീണ്ടും എനിക്ക് സംശയങ്ങൾ മുളച്ചു കാരണം നമ്മുടെ നാട്ടിൽ പന്തൽ കെട്ടുക കല്യാണം, മരണം, തുടങ്ങിയ പരിപാടികൾക്കാണല്ലോ. എന്തായാലും ആ സംശയത്തിനുള്ള ഉത്തരം അദ്ദേഹം നൽകി. ആ മലയോരങ്ങളിലെ പ്രധാന കൃഷിയാണ് ചൗ ചൗ അതിന് പന്തലുകെട്ടുകയാണ് തങ്ങളുടെ പ്രധാന ജോലിയും വരുമാനവുമെന്ന് വ്യക്തമാക്കി.

വൻമരങ്ങൾ അതിരിട്ട വഴി തീരുന്നിടത്ത് ആകാശത്തിന്റെ വെള്ളക്കീറ് അതായിരുന്നു തെൻമലൈ ഗ്രാമം. ഒപ്പം ആ പാതയുടെ അവസാനവും. പെട്ടെന്ന് എന്റെ ഇരുത്തത്തിന് ഒരു കുലുക്കം സംഭവിച്ചു. തെൻമലൈ എന്ന ബസിന്റെ ഗാംഭീര്യമുള്ള ബോർഡ് കണ്ടപ്പോൾ ഇത്രയും പ്രതീക്ഷിച്ചില്ല. ചായ കുടിക്കാൻ ഒരു ടീ ഷോപ്പ് പോലും ഇല്ല. പതുക്കെ ഡ്രൈവറും കണ്ടക്ടറും ബസ് സൈഡാക്കി എന്നോടും ഇറങ്ങാൻ ആവശ്യപ്പെട്ടതിനുശേഷം അവിടെ കണ്ട ഒരു കുഞ്ഞ് വീടിനു മുന്നിലേക്ക് നടന്നു കയറി അതിനുള്ളിൽ കണ്ട ഒരു സ്ത്രീയോട് ഇന്നേക്ക് 3 ചായ വേണമെന്ന് ആവശ്യപ്പെട്ടു.

അതായിരുന്നു സെൽവി അക്ക. വർഷങ്ങളായി രാവിലെ എത്തുന്ന ഈ ബസിലെ ഡ്രൈവർക്കും കണ്ടക്ടർക്കും സെൽവി അക്കയുടെ വീട്ടിൽ നിന്നും സൗജന്യ ചായയാണ് കാരണം ആ ബസും അതിലെ ജീവനക്കാരും അവരുടെ ദൈവങ്ങളാണ്. ഇവരുടെ ഏക സഞ്ചാര മാർഗവും ആ ഗ്രാമത്തിന് ആവശ്യമായ ഉപ്പു തൊട്ട് കർപ്പൂരം വരെ എല്ലാ സാധനങ്ങളും ഡിണ്ടുക്കൽ പട്ടണത്തിൽ നിന്നും ഇവിടേക്ക് എത്തിക്കുന്നതിൽ ഈ വാഹനത്തിന്റെ പങ്കു വളരെ വലുതാണ്. വിശേഷങ്ങൾ സംസാരിച്ചിരിക്കവെ എന്താണ് ഈ നാടിന്റെ പ്രത്യേകത എന്നു ഞാൻ ചോദിക്കുകയുണ്ടായി. അതിനുത്തരമായി എനിക്ക് ലഭിച്ചത് ഇന്നു വരെ ഒരു യാത്രകളിലും കേൾക്കാത്ത കൗതുകമേറിയ വാചകങ്ങളായിരുന്നു. 

tamilnadu-trip6

‘‘സർ ഇങ്കെ രണ്ടു കുതിരകളും ഒരു ബൈക്കും ഉള്ളവർതാൻ പണക്കാരങ്കെ’’‌‌ 

കണ്ടു മടുത്ത കാഴ്ചകളിൽ നിന്ന് വേറിട്ട പുതിയ സംസ്കാരവുമായി നിലകൊള്ളുന്ന രണ്ടു കുതിരയും ഒരു ബൈക്കും ഒറ്റ നില വീടുമുള്ള സമ്പന്നന്റെ നാടാണ് തെൻമലൈ. അവിടത്തെ ഗ്രാമവാസികളെ സംബന്ധിച്ചിടത്തോളം ആ മലകൾക്കപ്പുറം വേറൊരു ലോകമില്ല എന്ന ചിന്താഗതിക്കാരാണ് അതുകൊണ്ട് തന്നെ പുറം ലോകത്തെ കുറിച്ചുള്ള അറിവുകളും ഇടപെടലുകളും വളരെ വിരളം മാത്രം. ഞങ്ങൾക്ക് വേണ്ടുന്നതെല്ലാം ഇവിടത്തെ മണ്ണിൽ തന്നെ ഉണ്ടെന്ന് അവർ വിശ്വസിക്കുന്നു. കാലം തീർത്ത പരിഷ്കാരങ്ങളുടെ പോറലേൽക്കാത്ത നാട്ടുകാരും നാടൻ സംസ്ക്കാരവുമാണ് ആ ഗ്രാമത്തെ വേറിട്ടു നിർത്തുന്നത്. ഒരു പക്ഷെ അതുകൊണ്ട് തന്നെയാകാം നമ്മുടെയെല്ലാം ചിന്തകൾക്കതീതമായി രണ്ടു കുതിരകളും ഒരു ബൈക്കും ഉള്ളവർ ആ നാട്ടിലെ സമ്പന്നരായി തീർന്നതും. കൂടുതൽ കുതിരകളെയും പണക്കാരെയും കാണണമെങ്കിൽ നാം വന്ന വഴിയിലെ സിരുമലൈ ഗ്രാമത്തിൽ ചെന്നാൽ മതിയെന്നും സെൽവി അക്ക വ്യക്തമാക്കി.

ആറു നാട്ടിൽ നൂറു ഭാഷ എന്ന കണക്കിനപ്പുറം വിഭിന്നതകളും പേറി ഓരോ സഞ്ചാരികളേയും വരവേൽക്കുന്ന ആ മലയോരഗ്രാമത്തിന്റെ വിശേഷങ്ങളിലേക്ക് ഞാന്‍ വീണ്ടും യാത്ര തുടർന്നു. മഞ്ഞിന്റെ മാറാപ്പിൽ നിന്നും സൂര്യകിരണങ്ങൾ സടകുടഞ്ഞ് എഴുന്നേറ്റിരിക്കുന്നു. ഇരുണ്ടു നിന്ന ഭവനങ്ങളിലും പാതയോ രങ്ങളിലും സൂര്യപ്രഭയുടെ സ്വർണ വെളിച്ചം അവിടമാകെ പടർന്നു കഴിഞ്ഞിരിക്കുന്നു. അവിടുത്തെ ജനങ്ങൾക്കൊപ്പം സന്തത സഹചാരിയായി എങ്ങുമുള്ള കുതിരകളാണ് പിന്നീട് അങ്ങോട്ട് എന്റെ ക്യാമറക്കണ്ണുകളിൽ പതിഞ്ഞുകൊണ്ടിരുന്നത്. കൃഷിയെ ഏകവരുമാനമാർഗമായി കാണുന്ന മിക്ക കുടുംബങ്ങളും ഉൾക്കാടുകളിൽ നിറഞ്ഞു നിൽക്കുന്ന കാർഷികോൽപ്പന്നങ്ങളെ നാട്ടിൽ എത്തിക്കാനാണ് ഈ കുതിരകളെ ആശ്രയിക്കുന്നത്. 

മിക്ക ദേശങ്ങളിലും ചരക്കുമായി ചീറിപ്പായുന്ന പിക്കപ്പുകളും ലോറികളുടെയും ശബ്ദമാണ് കേൾക്കാൻ കഴിയുകയെങ്കിൽ ഇവിടെ കൃഷി ഉൽപ്പന്നങ്ങളെല്ലാം ചുമടും കെട്ടി തലങ്ങും വിലങ്ങും സഞ്ചരിക്കുന്ന കുതിര കുളമ്പടികളാണ്. ഏത് ദിക്കിലും കാണാൻ കഴിയുക. അതുകൊണ്ട് തന്നെ ആ കർഷകർക്കായി കുതിരയെ വാടകയ്ക്ക് കൊടുക്കുന്നവർ ഇവിടത്തെ സമ്പന്നരും. വർഷങ്ങൾക്ക് മുന്നെ 50000 രൂപയ്ക്ക് വരെ കുതിരക്ക്  വില കിട്ടിയിരുന്ന ഈ ഗ്രാമത്തിൽ ഇന്നു വിലയിടിഞ്ഞ് 10000 രൂപ വരെ ആയിരിക്കുന്നു. കുതിരകൾ വാടകയ്ക്ക് എടുക്കാൻ കഴിയാത്തവർ തലച്ചുമടുമായി കൃഷിയിടങ്ങളിൽ നിന്നും കവലകളിൽ എത്തുന്നു. ഏറ്റവും വേദനാജനകമായി തോന്നിയത് കൊച്ചു കുട്ടികൾ വരെ അവിടെ എഴുതാൻ പഠിക്കുന്നതിനുപകരം ചുമടെടുക്കാൻ ആണ് ആദ്യം പഠിക്കുന്നു എന്ന വാർത്തയാണ്. നിരത്തുകളിലെല്ലാം ഒരു കുടുംബം മുഴുവൻ ചുമടുമായി പോകുന്ന കാഴ്ചകൾ പോലും ക്യാമറയിൽ പകർത്തി. കുളമ്പടിക്കു പിന്നാലെ നടക്കുമ്പോഴാണ് അവിടത്തെ കർഷകർ താമസിക്കുന്ന ഓലക്കുടിലുകൾ ശ്രദ്ധയിൽപ്പെട്ടത്.

ഓലമേഞ്ഞ ചെറിയൊരു കൂര അതിന്റെ ഉള്ളിൽ വീട്ടുകാർക്ക് കിടക്കാൻ ചെറിയൊരു കട്ടിൽ. ഒരു മൂലയിൽ ആഹാരം പാകം ചെയ്യാനുള്ള അടുപ്പ്. അതിന്റെ അപ്പുറത്തായി വീട്ടിലെ പശുവിനെ കെട്ടിയിരിക്കുന്നു. പശു വിസർജിക്കുന്നതും അവിടെ തന്നെ. തമിഴ്നാട്ടിലെ ഉൾനാടൻ ഗ്രാമങ്ങളിൽ ഒരു കുടുംബ ത്തിന് താമസിക്കുവാനുള്ള ഒറ്റമുറി വീടിന്റെ ചിത്രമാണിത്.

tamilnadu-trip-5

ഏതായാലും ഇനിയും വരാനിരിക്കുന്ന കഥകളും കൗതുകങ്ങളും തേടി തൊട്ടടുത്ത ഗ്രാമമായ സിരുമലൈ ഒരു ദിവസം തങ്ങി അവിടത്തെ കുളിരനുഭവിച്ചാണ് ഞാൻ മടങ്ങിയത്. ടൂറിസം ചെറുതായി തലപൊക്കിത്തുടങ്ങിയിരിക്കുന്ന ആ ഹിൽ സ്റ്റേഷനിലേക്ക് ഇപ്പോൾ വിനോദസഞ്ചാരികൾ എത്തി തുടങ്ങിയിരിക്കുന്നു. അവരുടെ വരവറിയിക്കലെന്നോണം ഒന്നു രണ്ടു റിസോർട്ടുകളും ഹോം സ്റ്റേകളും ആ മലയോരങ്ങളിൽ സ്ഥാനം പിടിച്ചിരിക്കുന്നു. തന്റെ ഇടം ഇതല്ല എന്ന പൊറുതിക്കേടാണ് ഒരു സ്ഥലത്തു നിന്നും മറ്റു സ്ഥലത്തേക്ക് സഞ്ചരിക്കാൻ പ്രേരിപ്പിച്ചതും. സഞ്ചാരി ആക്കിയതും. എന്തായാലും അങ്ങനെയുള്ള സഞ്ചാരികൾ ഇനി ഈ മലയോരങ്ങളിലേക്ക് ചേക്കേറാൻ അധിക ദൂരമില്ലെന്നു പറയാം.

ശ്രദ്ധിക്കേണ്ടവ 

തമിഴ്നാട്ടിലെ ‍ഡിണ്ടുക്കൽ ജില്ലയിലുള്ള ഒരു ചെറിയ ഹിൽ സ്റ്റേഷൻ ആണ് തെൻമലൈ. സിരുമലൈ റിസർവ് ഫോറ സ്റ്റിനു നടുവിലാണ് ഈ മലയോരഗ്രാമം. ആയതിനാൽ രാത്രി സഞ്ചാരം അനുവദനീയമല്ല. ആഗസ്റ്റ് മുതൽ ജനുവരി വരെയാണ് നല്ല സീസൺ. എപ്പോഴും ചെറുതണുപ്പുള്ള കാലാവസ്ഥ. സമുദ്രനിരപ്പിൽ നിന്നും 1600 മീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഇവിടം ഇപ്പോൾ അത്യാവശ്യം അറിയപ്പെടുന്ന ടൂറിസ്റ്റ് കേന്ദ്രമായി മാറിക്കഴിഞ്ഞു. തൊട്ടടുത്ത ഗ്രാമമായ സിരുമലൈയിൽ താമസസൗകര്യം ലഭ്യമാണ്.

താമസസൗകര്യങ്ങള്‍:

കോഫി ഡേ റിസോർട്ട് : 09380385200

Sirumalai House : 9600322616

ദൂരം

തൃശ്ശൂർ – 250 km

പാലക്കാട് – 200 km

ഡിണ്ടുഗൽ – 35 km 

അടുത്ത റെയിൽവേ സ്റ്റേഷൻ - ഡിണ്ടുഗൽ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN READERS CORNER
SHOW MORE
FROM ONMANORAMA