ADVERTISEMENT

കാടിനെയറിഞ്ഞുള്ള യാത്ര ആരെയും മോഹിപ്പിക്കുന്നതാണ്.  കുറെ നാളായി മനസ്സിലുള്ള മോഹമാണ് പൈതൽമല. അതു സഫലീകരിക്കാനായി ഒരു ശനിയാഴ്ച ഉച്ചതിരിഞ്ഞ് ഒരു മണിക്കുള്ള തളിപ്പറമ്പ് ബസിൽ തൃശൂരില്‍നിന്നു യാത്ര ആരംഭിച്ചു. ആരോടും അനുവാദം ചോദിക്കാതെ മഴയും കൂട്ടിനെത്തി. കോഴിക്കോട് വരെ മഴയായതിനാല്‍ ഷട്ടറിട്ടായിരുന്നു യാത്ര. മഴയത്ത് ഒാടിയൊളിക്കുന്ന ആളുകളെ മാത്രം കണ്ടു ശീലിച്ച എന്റെ കണ്ണുകൾക്ക് പുതിയ കാഴ്ചയായിരുന്നു  മഴയത്ത് മൈതാനത്തു ഫുട്ബോള്‍ കളിക്കുന്ന കോഴിക്കോട്ടുകാർ.

മഴ ആസ്വദിക്കുന്ന കൂട്ടർ. മഴവെള്ളം തട്ടിത്തെറിപ്പിച്ച് ഗോളടിക്കുന്ന കളിക്കാരായിരുന്നു കോഴിക്കോട് നഗരം വിടുന്നതുവരെ എന്റെ കണ്ണുകളിൽ നിറഞ്ഞു നിന്നിരുന്നത്. പുസ്തകം ബൈന്‍ഡ് ചെയ്യാനുപയോഗിച്ചിരുന്ന ‘കാലിക്കോ’ എന്ന പരുത്തിത്തുണി കോഴിക്കോട്ടു തുറമുഖത്തുനിന്നു ലോകമെമ്പാടും കയറ്റി അയച്ചിരുന്നു. അങ്ങനെയാകാം കോഴിക്കോടിനെ വിദേശികൾ ‘കാലിക്കറ്റ്’ എന്ന പേരുവിളിച്ചത് എന്നാണ് ചില ചരിത്രകാരൻമാരുടെ വിലയിരുത്തൽ. 

Paithlmala-travel2-gif

ഒടുവിൽ ആറരയോടെ തളിപ്പറമ്പിൽ ബസിറങ്ങി അവിടെനിന്ന് അടുത്ത ബസിൽ കറുകച്ചാലില്‍ എത്തി. അൽപസമയത്തിനുള്ളിൽ എനിക്കു പോകാനുള്ള, നൂലിടാമലയിലേക്കുള്ള ബസ് വന്നു. അതൊരു ‘ജനകീയ ബസായിരുന്നു. ആ നാട്ടിലെ ജനങ്ങൾ പിരിവെടുത്തു വാങ്ങിയ ബസ്. വർഷത്തിൽ ഒരിക്കല്‍ കണക്കെടുപ്പ് നടത്തി എല്ലാവര്‍ക്കും ലാഭവിഹിതം നല്‍കും. ആ ജനകീയ ബസിലെ യാത്ര എന്നെ നൂലിടാമലയിലെത്തിച്ചു. അതായിരുന്നു ആ ബസിന്റെ ലാസറ്റ് സ്റ്റോപ്പ്. അതിനടുത്തുള്ള ജംക്‌ഷനിലായിരുന്നു എനിക്കു താമസസൗകര്യം ഏർപ്പെടുത്തിയിരുന്നത്. ബസ് ഇറങ്ങിയ എന്നെ കൂട്ടിക്കൊണ്ടു പോകാൻ റിസോർട്ടിലെ ജീവനക്കാരൻ സൻജോ കാത്തു നില്‍പ്പുണ്ടായിരുന്നു. അവിടെനിന്ന് അഞ്ചു മിനിറ്റിനകം കോട്ടേജിൽ എത്തി. അപ്പോൾ തണുത്തുവിറയ്ക്കുന്നുണ്ടായിരുന്നു.

ചൂടിനായി കോട്ടേജിനു മുന്നിൽ തീകൂട്ടി ഞങ്ങൾ കഥകൾ പറഞ്ഞ് ഇരുന്നു. കോട്ടേജിൽനിന്നു നോക്കിയാൽ തൊട്ടുമുന്നിൽ കാണുന്നതാണ് പൈതൽമല എന്ന് സിന്‍ജോ പറയുമ്പോഴും ആ കാഴ്ചകളെല്ലാം അന്ധകാരത്തിനു കീഴ്പ്പെട്ടിരുന്നു. സായംസന്ധ്യയിലെ ഇളം കുളിരും പൈതല്‍ മലയിലെ തണുത്ത കാറ്റും മൂടൽമഞ്ഞും ചാറ്റൽമഴയും എന്റെ മനസ്സിൽ, നാളെ കാണാൻ പോകുന്ന കാഴ്ചകളെപ്പറ്റി ആകാംക്ഷയുണ്ടാക്കി. അധികം താമസിയാതെ, പിറ്റേന്നു കാണാൻ പോകുന്ന ആ സൗന്ദര്യത്തെപ്പറ്റി ചിന്തിച്ച് ഉറങ്ങാൻ കിടന്നു.

Paithlmala-travel-gif

പിറ്റേന്ന് നേരം പുലര്‍ന്നു. കോട്ടേജിന്റെ വാതിൽ തുറന്ന് പുറത്തിറങ്ങി ചുറ്റുപാടും കണ്ണോടിച്ചു. മലമുകളിലെ മൂടല്‍മഞ്ഞിൻ പാളികളെ തന്റെ കിരണങ്ങളാൽ തള്ളി നീക്കാൻ സൂര്യൻ പാടുപെടുകയാണ്. എങ്ങും കാടും മേടും മലയും. വിരലിലെണ്ണാന‍ും മാത്രം കൊച്ചു വീടുകളുമുണ്ട്. നേരം പുലർന്നുവെന്നറിയാൻ സമയം നോക്കണം. സൂര്യപ്രകാശത്തിന്റെ നിഴൽ പോലും കാണാൻ കോടമഞ്ഞ് അവസരമൊരുക്കുന്നില്ല. എന്തായാലും ആ മഞ്ഞുവീഴ്ച ആസ്വാദിച്ചു ഞാൻ താഴെയുള്ള രാമചന്ദ്രൻ ചേട്ടന്റെ  ചായക്കടയിലേക്കു നടന്നു. ഒാലമേഞ്ഞ ഒരു പഴയ നാട്ടിൻപുറ ചായക്കട. നല്ല വീശി അടിക്കുന്ന ചായയും നാടന്‍ ദോശയും ചട്നിയുമൊക്കെ ആസ്വദിച്ചു കഴിച്ചു. ഒരു റേഡിയോ പതുക്കെ പാടുന്നു. ഒരു മുതിര്‍ന്ന ആൾ പത്രം വായിച്ചു തുടങ്ങി. കൂടെയുള്ളവർ അതിന് അഭിപ്രായവും പറഞ്ഞു തുടങ്ങി. ബാല്യത്തിൽ കണ്ടു മറന്ന ചില കാഴ്ചകൾ വര്‍ഷങ്ങൾക്കിപ്പുറം കൺമുന്നിൽ ഒരു സിനിമയെന്ന പോലെ പ്രദർശിപ്പിക്കുകയാണ് കാലം. 

പൈതൽ മലയിലേക്കുള്ള യാത്രയ്ക്കായി കോട്ടേജിലേക്കു നടന്നു. ഭാഗ്യമെന്നു പറയട്ടെ തിരിച്ചെത്തിയപ്പോഴേക്കും പൈതൽമല എനിക്കു ദര്‍ശനം നൽകി. കോട്ടേജിനു മുന്നിൽ നിന്നു നോക്കുമ്പോൾ അങ്ങു ദൂരെ ആനയുെട മസ്തകം പോലെ പൈതല്‍ മല. കോടമഞ്ഞു മാറിയപ്പോൾ ഞങ്ങൾ മലയിലേക്കുള്ള നടത്തം ആരംഭിച്ചു. ഞങ്ങള്‍ക്കൊപ്പം ഒരു പത്താം ക്ലാസുകാരനുംകൂടിയുണ്ടായിരുന്നു – അമൽ, പൈതല്‍ മലയിലെ ലോക്കൽ ഗൈഡ്. പൈതൽ മലയെക്കുറിച്ചുള്ള െഎതിഹ്യങ്ങളും കഥകളും അരച്ചുകലക്കി കുടിച്ച അമല്‍ തന്റെ ജോലി ആരംഭിച്ചു. ദൂരെക്കണ്ട കുറച്ചു വീടുകൾ ചൂണ്ടിക്കാട്ടി പറഞ്ഞു.– ഇത് ഇവിടുത്തെ ഗോത്രവര്‍ഗക്കാരുടേതാണ്. സാധാരണ നമ്മുടെ ആദിവാസികൾ ഇരുനിറക്കാരാണെങ്കിൽ ഇവർ വെളുത്ത നിറക്കാരാണ്. കുടകിൽനിന്ന് ഇവിടേക്കു വന്നവരാണ്.

Paithlmala-travel4-gif

പണ്ട് കാലത്ത് കുടകിലെ രാജാവ് പൈതല്‍ മലയ്ക്ക് മുകളിൽ ഒരു കൊട്ടാരവും അമ്പലവും സ്ഥാപിച്ചിരുന്നുവെന്നും ആ കൊട്ടാരത്തിലേക്കുള്ള പ്രാചീന വഴിയിതാണെന്നും കരുതപ്പെടുന്നു. അവിടുത്തെ രാജാവിനും പരിവാരങ്ങൾക്കും ഒരു പ്രത്യേകത ഉണ്ടായിരുന്നു. ആഹാരം കഴിക്കുന്ന സമയത്ത് എന്തു സംഭവിച്ചാലും അനങ്ങില്ല. കഴിച്ച ശേഷമേ എഴുന്നേൽക്കൂ. ഇത് മനസ്സിലാക്കിയ കണ്ണൂരിലെ രാജാവ് അവരുടെ ഭക്ഷണസമയത്ത് കൊട്ടാരവും അമ്പലവും ആക്രമിക്കുകയും പിടിച്ചെടുക്കുകയും നശിപ്പിക്കുകയും ചെയ്തു എന്നും പറയപ്പെടുന്നു. ഇങ്ങനെ നിരവധി കഥകാണ് പൈതൽമലയെപ്പറ്റി.

കാട്ടുവഴിയിലൂടെയുള്ള മലകയറ്റമായിരുന്നു ആദ്യം. ഇൗ കഥകളൊക്കെ കേട്ടു നടന്നതുകൊണ്ട് മലകയറിയത് അറിഞ്ഞതേയില്ല. അതുവരെ ആകാശത്തെ മറച്ചുപിടിച്ച കാട്ടിൽനിന്ന് പുറത്തിറങ്ങിയതും അതീവ സുന്ദരമായ കാഴ്ചകളാണ് കണ്‍മുന്നില്‍ തെളിഞ്ഞത്. എങ്ങും പച്ചപ്പുൽ വിരിച്ച മലനിരകള്‍. ഒാടിക്കളിക്കുന്ന മഞ്ഞുമേഘങ്ങള്‍. വീശിത്തണുപ്പിക്കുന്ന നനുത്ത കാറ്റ്. കോട നീങ്ങി ആകാശവും മലനിരകളുമൊക്കെ തെളിഞ്ഞു. മലമുകളിലേക്ക് കയറുന്തോറും തണുപ്പും കൂടിവന്നു. പ്രകൃതി കനിഞ്ഞു നല്‍കിയ കാടും മലകളുമെല്ലാം നനഞ്ഞു കുതിർന്ന് നിൽക്കുന്നു. മലകയറി തളരുമ്പോൾ കാറ്റും മഞ്ഞും വീണ്ടും വന്ന് കൂടുതൽ ഉന്‍മേഷവും ഉൗർജവും നല്‍കിക്കൊണ്ടിരുന്നു. കുറച്ചു കൂടി കയറിയപ്പോള്‍ എങ്ങും കോട മാത്രമായി.

Paithlmala-travel6-gif

തണുപ്പിന്റെ കാഠിന്യവും കൂടി. ക്ഷീണമകറ്റാന്‍ പുൽമേടുകൾക്കിടയിൽ അങ്ങിങ്ങായ് ഒറ്റപ്പെട്ടു തണുത്തു വിറങ്ങലിച്ചു നില്‍ക്കുന്ന മരങ്ങളിലൊന്നിന്റെ ചുവട്ടിൽ ചാരി ഇരിക്കവേ എന്റെ കിട്ടുന്ന സ്പര്‍ശം ആ മരത്തിന് അല‍്പം ചൂടുപകരുന്നതായി തോന്നി. മഞ്ഞും മഴയും കാറ്റുമൊക്കെ ആസ്വദിച്ച് ഒടുവിൽ മലമുകളിൽ എത്തിയപ്പോൾ ആദ്യം കണ്ണില്‍ ഉടക്കിയത് ഇട​ഞ്ഞു പൊളിഞ്ഞ കെട്ടിടാവശിഷ്ടങ്ങളായിരുന്നു. പണ്ട് കൊട്ടാരം സ്ഥിതി ചെയ്തിരുന്നതായി കരുതപ്പെടുന്നയിടം. തൊട്ടടുത്തായി ഒരു കിണറും. മലകയറിയ ക്ഷീണമകറ്റാൻ അവിടെയിരുന്ന് കാഴ്ചകള്‍ ആസ്വദിക്കാൻ തീരുമാനിച്ചു.

Paithlmala-travel7-gif

മലമുകളിലെ  ശുദ്ധവായു കൂടുതൽ ഉൗർജം പകർന്നു. അല്‍പം കഴിഞ്ഞ് മൂടൽമഞ്ഞ് മാറി ഇളം ചൂടുതട്ടി തണുപ്പിന്റെ കാഠിന്യം കുറഞ്ഞപ്പോൾ ആ ആകാശവിസ്തൃതിയിൽ മലഞ്ചെരിവുകളുടെ ഒാരത്ത് നിന്നു.  തെളിഞ്ഞ അന്തരീക്ഷത്തിൽ അവിടെനിന്നുള്ള കാഴ്ചകൾ വിവരണാതീതമായിരുന്നു.

പച്ച വിരിച്ച താഴ്‍വാരങ്ങൾ ​െഞാറികളായ് താഴേക്കു പോകുന്നു. എങ്ങും കുന്നും താഴ്‌വാരങ്ങളും മാലമടക്കുകളും. അവിയ്ക്കിടയിൽ വെള്ളിനൂലിഴ പോലെ അരുവികളും നീർച്ചാലുകളും. ആ മനോഹര കാഴ്ചകൾ ക്യാമറയിൽ ഒപ്പിയെടുക്കുവാൻ മലകൾ തോറും കയറിയിറങ്ങി. ഒടുവിൽ വിശപ്പിന്റെ വിളി കീഴടക്കിയപ്പോൾ മലയിറങ്ങി കോട്ടേജിലെത്തി. നല്ല സ്വാദുള്ള ഉച്ചഭക്ഷണത്തിനുശേഷം ഇത്രയും നല്ല യാത്രയും താമസവും ഭക്ഷണവും ഒരുക്കിയ കോട്ടേജിന്റെ മാനേജർ സുബിനോടു നന്ദി പറഞ്ഞ് തിരിച്ച് തൃശ്ശൂർക്കു മടങ്ങി.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com