ADVERTISEMENT

പഠനത്തിനും ജോലിക്കുമായി കേരളത്തിലുള്ളവർ വണ്ടി കയറുന്ന നാടാണ് ബെംഗളൂരു. ചെന്നുകയറുന്നവരെയെല്ലാം ഇരുകയ്യും നീട്ടി സ്വീകരിക്കാറുമുണ്ട് ഈ മെട്രോ നഗരം. ധാരാളം മലയാളികൾ സ്ഥിരതാമസക്കാരായും ജോലിക്കാരെയും ഉള്ളതുകൊണ്ടുതന്നെ ബെംഗളൂരു നഗരത്തിന്റെ മുക്കിലും മൂലയിലും വരെ നമ്മുടെ നാട്ടിലെ ഭക്ഷണം സുലഭമാണ്. നാടൻ ഭക്ഷണം ഇഷ്ടപ്പെടുന്ന മലയാളികളെല്ലാം ഒരിക്കലെങ്കിലും എത്തുന്ന ബെംഗളൂരുവിലെ ഏറ്റവും പ്രശസ്തമായ ഇടമാണ് മഡിവാള. മഡിവാളയിലെ മലയാളികവല വരെയൊന്നു പോയാലോ? രുചികരമായ ഭക്ഷണം മാത്രമല്ല, ഷോപ്പിങ് മാളുകളും ഐ ടി സ്ഥാപനങ്ങളുമൊക്കെ നിറഞ്ഞ ഇവിടം സഞ്ചാരികളുടെയും ഭക്ഷണപ്രേമികളുടെയും തൊഴിൽ തേടിയെത്തുന്നവരുടെയും പ്രിയപ്പെട്ട ഇടമാണ്. 

ബെംഗളൂരുവിൽ ഏറ്റവും കൂടുതൽ മലയാളികളെ കാണാൻ കഴിയുന്ന, മഡിവാളയിലെ തെരുവോരങ്ങൾ വായിൽ വെള്ളമൂറിക്കുന്ന രുചിയുടെ കേന്ദ്രം കൂടിയാണ്. ബജികളും വടകളും മുളകു ചമ്മന്തിയും വിളമ്പുന്ന സാധാരണ തട്ടുകടകൾ മുതൽ കേരളത്തിന്റെ തനതു രുചി പകരുന്ന ഇലയടയും ഉന്നക്കായയുമൊക്കെ ഇവിടുത്തെ ചെറുകടകളിൽ ലഭിയ്ക്കും. മഡിവാളയിലെ പ്രധാന ആകർഷണമാണ്  മമ്മൂസ് സ്റ്റോർ. മലബാർ സ്പെഷ്യൽ വിഭവങ്ങളാണ് മമ്മൂസിന്റെ ഹൈലൈറ്റ്. വൈകുന്നേരത്തോടെ ഈ ചെറുകട സജീവമാകും.  അന്നേരങ്ങളിൽ ചായയും പലഹാരങ്ങളും വിളമ്പുന്ന  തനി നാട്ടിന്പുറത്തെ ചായക്കട പോലെയാകും ഇവിടം. ഉന്നക്കായയും പഴം നിറച്ചതും ഇലഅടയും ഉഴുന്നുവടയുമൊക്കെ തേടിയാണ്  മലയാളികൾ മമ്മൂസിലെത്തുന്നത്. കൂടെ മുട്ട ബജ്ജിയും മുളകു ബജ്ജിയും ചമ്മന്തിയുമൊക്കെ ചേരുമ്പോൾ വൈകുന്നേരത്തെ ചായകുടി ഉഷാറാകും. പഴം പൊരിയും പരിപ്പുവടയും കഴിച്ചുകൊണ്ട്, ആവിപറക്കുന്ന കട്ടൻ ചായ ഊതികുടിക്കുന്ന ന്യൂജൻ പിള്ളേരെ കാണുമ്പോൾ ഒറ്റനോട്ടത്തിൽ ഇതു നമ്മുടെ നാടു തന്നെയല്ലേയെന്നു തോന്നിപ്പോകുക സ്വാഭാവികം മാത്രം.

മമ്മൂസ് മാത്രമല്ല മഡിവാളയിൽ നമ്മുടെ നാടിന്റെ രുചി വിളമ്പുന്നത്. കേരളത്തിന്റെ തനതു ഭക്ഷ്യവിഭവങ്ങൾ തയാറാക്കി നൽകുന്ന ഹോട്ടലുകളും റെസ്റ്റോറന്റുകളും മഡിവാളയിലെത്തുന്ന മലയാളികൾക്കു വലിയ ആശ്വാസമാണ്. പ്രഥമനും സാമ്പാറും തൊടുകറികളും അച്ചാറുമെല്ലാമുള്ള വിഭവസമൃദ്ധമായ സദ്യ മുതൽ തലശ്ശേരി ബിരിയാണി വരെ കിട്ടുന്ന റെസ്റ്റോറന്റുകൾ മഡിവാളയിൽ ധാരാളമുണ്ട്. എന്തിനേറെ പറയുന്നു എരിവും പുളിയും മുന്നിട്ടു നിൽക്കുന്ന ഷാപ്പിലെ ഭക്ഷണത്തിന്റെ രുചിയറിയണമെങ്കിലും ഷാപ്പ് എന്നുതന്നെ പേരുള്ള മഡിവാളയിലെ ഭക്ഷ്യശാലയിലെത്തിയാൽ മതി. കേരളത്തിൽ നിന്നുള്ളവരെ ആകർഷിക്കുന്നതിനായി തറവാട്, ഊട്ടുപുര പോലുള്ള പേരുകളാണ് മിക്ക റെസ്റ്റോറന്റുകൾക്കും നൽകിയിരിക്കുന്നത്. രുചിയിൽ മുന്നിട്ടു നിൽക്കുന്ന ഈ ഭക്ഷ്യശാലകളാണ് കേരളത്തിൽ നിന്നും ബെംഗളൂരുവിലേയ്ക്ക് പറിച്ചുനടപ്പെടുന്നവർക്കു ഏറെ ആശ്വാസം.

രുചിപുരകൾ മാത്രമല്ല, മഡിവാളയിലെ ആകർഷണം, ആഴ്ചാവസാനങ്ങൾ ആഘോഷമാക്കാൻ ധാരാളം സന്ദർശകരെത്തുന്ന സുന്ദരമായ മഡിവാള തടാകവും ഇവിടുത്തെ പ്രധാന കാഴ്ചയാണ്. നാനൂറു വർഷത്തിലേറെ പഴക്കമുള്ള ഈ തടാകത്തിലൂടെ സന്ദർശകർക്കു ബോട്ടിങ് നടത്താനുള്ള സൗകര്യമുണ്ട്. കൂടാതെ കുട്ടികൾക്കു കളിക്കാനായി ഒരു പാർക്കുമിവിടെയുണ്ട്. തടാകത്തിനു നാടുവിൽ കാണുന്ന ദ്വീപും തടാകക്കരയിലെത്തുന്ന ദേശാടന പക്ഷികളും ഇവിടം സന്ദർശിക്കുന്നവർക്കെല്ലാം ഒരു കൗതുക കാഴ്ചയാണ്.  കേരളത്തിന്റെ ഒരു ചെറിയ മുഖമാണ് മഡിവാള. ബെംഗളൂരുവിൽ ഏറ്റവും കൂടുതൽ മലയാളികളെ കാണാൻ കഴിയുന്ന ഈ ചെറുനഗരത്തിനു കേരളത്തിന്റെ മണമാണ്. ഭൂരിപക്ഷം പേരും മലയാളം സംസാരിക്കുന്ന, കേരളത്തിന്റെ രുചി മണക്കുന്ന ഈ ചെറുനഗരം ബെംഗളൂരുവിൽ എത്തുന്നവർക്കു  സന്ദർശിക്കാൻ പറ്റിയൊരിടമാണ്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com