ADVERTISEMENT

ലോകത്തെ ഏറ്റവും സന്തുഷ്ടരായ ജനത താമസിക്കുന്ന രാജ്യമെന്ന ബഹുമതിയുണ്ട് ഭൂട്ടാന്. പർവതങ്ങളുടെ താഴ്‌വരയായതുകൊണ്ടു തന്നെ വശ്യമനോഹരമായ പ്രകൃതിയാണ് ഈ നാടിന്റെ സവിശേഷത. മരങ്ങളും ചെടികളും മനോഹരമാക്കുന്ന ഇവിടുത്തെ പ്രകൃതിയും കാഴ്ചകളും  ഏതൊരു സഞ്ചാരിക്കും വിസ്മയമാണ്. ഭൂട്ടാൻ യാത്രയ്ക്ക് തയാറെടുക്കുമ്പോൾ കുറച്ചേറെ കാര്യങ്ങൾ ശ്രദ്ധിക്കാനുണ്ട്.  ധനച്ചെലവ് കുറയ്ക്കാനും യാത്ര മികച്ച രീതിയിൽ ആസ്വദിക്കാനമിതാ കുറച്ചു മാർഗങ്ങൾ.

 

ഓരോ സഞ്ചാരിയുടെയും താൽപര്യങ്ങൾക്കും അഭിരുചികൾക്കും അനുസരിച്ചു യാത്രകൾക്കുള്ള പദ്ധതികൾ തയാറാക്കാം. തിരക്കുകൾ കുറവുള്ള സമയത്തോടാണ് ആഭിമുഖ്യം കൂടുതലെങ്കിൽ യാത്രയ്ക്കു ഒരുങ്ങുന്നതിനു മുൻപ് തന്നെ ആ നാട്ടിൽ ഏറ്റവും കൂടുതൽ സഞ്ചാരികൾ എത്തുന്ന മാസങ്ങൾ ഏതെന്നു അറിഞ്ഞു വെയ്ക്കാം. ഭൂട്ടാനിൽ സന്ദർശകരുടെ തിരക്കനുഭവപ്പെടുന്നതു വസന്തകാലത്തിലാണ്. അതായതു മാർച്ച് മുതൽ മെയ് വരെയുള്ള സമയമാണ് സീസൺ.

 

ഉത്സവങ്ങൾ ആസ്വദിക്കാനും ട്രെക്കിങ്ങ് പോലുള്ള വിനോദങ്ങൾക്കും ഉചിതം ആ മാസങ്ങളിൽ ഭൂട്ടാൻ സന്ദർശിക്കുന്നതാണ് .  സെപ്തംബര്‍ മുതൽ നവംബര്‍ വരെയുള്ള മാസങ്ങൾ സീസൺ അല്ലെങ്കിലും തിരക്കുകളും ബഹളങ്ങളും താല്പര്യമില്ലാത്ത സഞ്ചാരികൾ ആ സമയങ്ങളിൽ ഭൂട്ടാന്റെ മനോഹാരിത ആസ്വദിക്കാൻ എത്തും. അതുകൊണ്ടു തന്നെ  മാർച്ച്, ഏപ്രിൽ, ഒക്ടോബർ, നവംബർ മാസങ്ങളിൽ പൊതുവെ സഞ്ചാരികളുടെ എണ്ണത്തിൽ വർധനവ് അനുഭവപ്പെടാം. ഈ മാസങ്ങളിലാണ് യാത്രയ്ക്കു ഒരുങ്ങുന്നതെങ്കിൽ മൂന്നു മാസങ്ങൾക്കു മുൻപ് തന്നെ യാത്രാടിക്കറ്റുകൾ റിസർവ് ചെയ്തു വെയ്ക്കുന്നതു ഉപകാരപ്പെടും. ചില വർഷങ്ങളിൽ സീസൺ സമയങ്ങളിൽ ടിക്കറ്റുകൾ ലഭിക്കാതെ വരാറുണ്ട്. ടൂർ പാക്കേജുകൾ ബുക്ക് ചെയ്യുന്നതും ടിക്കറ്റുകൾ റിസർവ് ചെയ്തു വെയ്ക്കുന്നതും യാത്ര സുഗമമാക്കും.

 

സീസൺ അറിഞ്ഞു സന്ദർശനം നടത്തുന്നതു വഴി മറ്റൊരു ഉപകാരം കൂടിയുണ്ട്. ധനച്ചെലവ് കുറയ്ക്കാനും ഇതൊരു മികച്ച മാർഗമാണ്. സീസൺ സമയങ്ങളിൽ ഒരു ദിവസത്തെ താമസത്തിനും ഭക്ഷണത്തിനും ചെലവാകുന്നതിന്റെ പകുതി പണം മാത്രമേ സീസൺ അല്ലാത്ത ഡിസംബർ മുതൽ ജനുവരി വരെയും ജൂൺ മുതൽ ഓഗസ്റ്റ് വരെയുള്ള മാസങ്ങളിലും ചെലവാകുകയുള്ളു. കീശ കാലിയാകാതെ കാഴ്ചകൾ ആസ്വദിക്കണം എന്ന മനോഭാവമുള്ള യാത്രികനാണ് നിങ്ങളെങ്കിൽ സീസൺ അല്ലാത്ത സമയങ്ങൾ യാത്രയ്ക്കായി തെരെഞ്ഞെടുക്കുന്നതായിരിക്കും ഉത്തമം.

 

 

ഒറ്റയ്ക്കാണ് യാത്രയെങ്കിൽ പണച്ചെലവ് അധികരിക്കാൻ ഇടയുണ്ട്. ഒരാൾക്കു രാത്രി താമസത്തിനു ഈടാക്കുന്ന സർ ചാർജ് ഇന്ത്യൻ രൂപ, മൂവായിരത്തോളം നൽകേണ്ടി വരുമ്പോൾ രണ്ടു പേർക്കതു 2200 രൂപയെ വരുന്നുള്ളു. മൂന്നു പേരുള്ള യാത്രാസംഘമെങ്കിൽ രാത്രി താമസത്തിനു സർ ചാർജ് ഒട്ടും തന്നെയും നൽകേണ്ടതില്ല. അതുകൊണ്ടു തന്നെ ഭൂട്ടാൻ യാത്രയിൽ രണ്ടു സുഹൃത്തുക്കളെ കൂടെ കൂട്ടുന്നതു ഉപകാരപ്രദമാണ്.

 

ഋതുക്കൾ മാറുന്നതിനനുസരിച്ചു ഭൂട്ടാനിലെ കാഴ്ചകളിലും വ്യത്യസങ്ങളുണ്ടാകും. അതുകൊണ്ടുതന്നെ നമ്മുടെ താൽപര്യങ്ങൾക്കനുസരിച്ചു ഓരോ സീസണുകളിലും അവിടുത്തെ കാഴ്ചകൾ എന്തെല്ലാമെന്നറിഞ്ഞു യാത്രയ്ക്കു തയ്യാറെടുക്കാം. ട്രെക്കിങ് താല്പര്യമുള്ള സഞ്ചാരികളാണെങ്കിൽ ഏപ്രിൽ, മെയ്, സെപ്തംബർ, ഒക്ടോബർ മാസങ്ങളാണ് ഭൂട്ടാൻ യാത്രയ്ക്കു അനുയോജ്യം. സുഖകരമായ കാലാവസ്ഥയും തെളിഞ്ഞ ആകാശവും മിതമായ തണുപ്പും കൂടിയാകുമ്പോൾ സഞ്ചാരികൾക്കു അതൊരു പുത്തൻ അനുഭവമാകും. ഭൂട്ടാനിലെ മൺസൂൺ ആരംഭിക്കുന്നത് ജൂലൈയിലാണ്. ഓഗസ്റ്റ് വരെ ആ കാലാവസ്ഥ തുടരും. മഴ കണ്ടുകൊണ്ടായിരിക്കും പുലരികളിൽ ഉറക്കമുണരുക. ആ സമയങ്ങളിൽ ട്രെക്കിങ് ഒട്ടും പ്രോത്സാഹിപ്പിക്കപ്പെടുന്നില്ല. ശീതകാലവും സഞ്ചാരികളെ സംബന്ധിച്ചു അനുകൂലമാണ്. അന്നേരങ്ങളിൽ മാത്രം ആസ്വദിക്കാൻ കഴിയുന്ന ഫോബ്‌ജിക താഴ്വയിലെ കാഴ്ചകൾ യാത്രികർക്കു ഏറെയിഷ്ടപ്പെടും. വേനൽക്കാലങ്ങളിൽ ഇവിടുത്തെ പ്രധാനപ്പെട്ട വിനോദങ്ങളിൽ ഒന്നാണ്  മഷ്‌റൂം പിക്കിങ്, മഷ്‌റൂം പിക്കിങ്ങുമായി ബന്ധപ്പെട്ട ആഘോഷങ്ങളും ഇവിടെ പതിവുണ്ട്. സഞ്ചാരികളെ വിസ്മയപ്പെടുത്തുന്ന കാഴ്ചകളാണ് ഭൂട്ടാനിലെ വേനലും ശീതവും ഒരുക്കിവെച്ചിരിക്കുന്നത്.

 

 

വർഷം മുഴുവൻ ആഘോഷങ്ങൾ നീണ്ടു നിൽക്കുന്ന രാജ്യമാണ് ഭൂട്ടാൻ. അതുകൊണ്ടു തന്നെ ഉത്സവകാലങ്ങൾ യാത്രകൾക്കായി തെരെഞ്ഞെടുക്കുന്നതു വേറിട്ട കാഴ്ചകളും അനുഭവങ്ങളും സമ്മാനിക്കും. ഓരോ ഉത്സവങ്ങളും പരമ്പരാഗത വസ്ത്രങ്ങൾ അണിഞ്ഞും വർണങ്ങൾ നിറഞ്ഞ നൃത്തത്തിന്റെ അകമ്പടിയോടെയും ആയിരിക്കും. മതപരമായ ഉത്സവങ്ങൾക്കുപരിയായി, റോഡോഡെൻഡ്രോൺ ഫെസ്റ്റിവൽ, ബ്ലാക്ക് നെക്ക്ഡ് ക്രെയിൻ ഫെസ്റ്റിവൽ, റോയൽ ഹൈലാൻഡർ ഫെസ്റ്റിവൽ, ഹാ സമ്മർ ഫെസ്റ്റിവൽ തുടങ്ങി നിരവധി ആഘോഷങ്ങൾ വർഷം മുഴുവൻ ആ രാജ്യത്തിനു ഉത്സവഛായ നൽകുന്നു.

 

ഹോം സ്റ്റേകൾ താമസത്തിനായി തെരഞ്ഞെടുക്കാൻ താല്പര്യമുള്ളവർക്കു മികച്ച താമസ സൗകര്യങ്ങൾ നൽകുന്ന നിരവധി ഹോം സ്റ്റേകൾ കാണുവാൻ കഴിയും. സൗകര്യങ്ങൾ കുറഞ്ഞ ഹോം സ്റ്റേ കളും കുറഞ്ഞ നിരക്കിൽ ലഭ്യമാകും. ഭൂട്ടാനിലെ ജനങ്ങളുടെ ജീവിതരീതികളും ശൈലികളും അടുത്തറിയാൻ ഏറെ ഉപകാരപ്രദമാണ് ഹോംസ്റ്റേകൾ. മാത്രമല്ല, ആഡംബരങ്ങൾ നിറഞ്ഞ ഹോട്ടൽ മുറിയോളം പണച്ചെലവുമില്ല. ഒരു സ്ഥലത്തു നിന്നും മറ്റൊരിടത്തേയ്ക്കുള്ള യാത്രകൾക്കു മിക്കപ്പോഴും ടാക്സികളെ ആശ്രയിക്കേണ്ടതായി വരും. അവിടെയും വിവേകപൂർവം പ്രവർത്തിച്ചാൽ പണച്ചെലവ് കുറയ്ക്കാം.

 

എല്ലാ ഹോട്ടലുകളിലും വൈഫൈ സൗകര്യം ലഭ്യമാണെങ്കിലും കൂടുതൽ വേഗതയുള്ള നെറ്റ് കണക്ഷൻ ആവശ്യമെങ്കിൽ ഒരു പ്രീപെയ്ഡ് സിം കാർഡ് എടുക്കുന്നതാണ് ഉത്തമം. ഭൂട്ടാനിലെ ഔദ്യോഗിക ഭാഷ ദ്സോങ്ക ആണെങ്കിലും ഭൂരിപക്ഷം ആളുകൾക്കും ഇംഗ്ലീഷ് കൈകാര്യം ചെയ്യാൻ അറിയാം. അതുകൊണ്ടു തന്നെ ഭൂട്ടാൻ സന്ദർശനത്തിൽ ഭാഷ ഒരു പ്രശ്നമാകില്ല. പ്രധാന പട്ടണങ്ങളിൽ മാത്രമേ എടിഎമ്മുകൾ ഉള്ളൂ. ക്രെഡിറ്റ്, ഡെബിറ്റ് കാർഡുകൾ ഉപയോഗിച്ച് പണം അടക്കാനുള്ള സൗകര്യങ്ങൾ ഭൂരിപക്ഷം ഹോട്ടലുകളിലും കരകൗശല വിൽപനശാലകളിലുമുണ്ട്. പുകയില ഉത്പന്നങ്ങളുടെ വില്പനയും വാങ്ങലും നിരോധിച്ച ഒരു രാജ്യമാണ് ഭൂട്ടാൻ, കൂടാതെ, പൊതുസ്ഥലങ്ങളിൽ പുകവലി നിരോധിക്കപ്പെട്ടിട്ടുണ്ട്. അതുകൊണ്ടു ഭൂട്ടാനിലെത്തി പുകവലിച്ചാൽ വലിയ വില കൊടുക്കേണ്ടി വരും. സാധനങ്ങൾ വാങ്ങുമ്പോൾ വില പേശുന്നതു നല്ലതാണ്. കുറച്ചു പണം ലാഭിക്കാൻ അത് സഹായിക്കും. ബുദ്ധമത കേന്ദ്രങ്ങളുടെയും ക്ഷേത്രങ്ങളുടെയുമൊക്കെ ചിത്രങ്ങൾ പകർത്തുമ്പോൾ അനുമതിയുണ്ടോ എന്ന് ഗൈഡിനോട് അന്വേഷിച്ചതിനുശേഷം മാത്രം ഫോട്ടോകൾ എടുക്കുക.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com