ADVERTISEMENT

യാത്ര മനസ്സിലാലോചിക്കുമ്പോൾ ഏറ്റവുമാദ്യം ചിന്തിക്കുന്നത് പണമാണ്. ചുരുങ്ങിയ ചെലവിൽ യാത്ര പോകാൻ പറ്റിയ ഇടങ്ങളുണ്ടോ എന്നതാണ് അടുത്ത ചിന്ത. യാത്ര ചെലവ്, താമസം, ഭക്ഷണം, എല്ലാം സാധാരണക്കാരനെ കൊണ്ട് താങ്ങാനാവില്ല. അതുതന്നെയാണ് മിക്കവരെയും യാത്രയിൽ നിന്നും പിന്നോട്ട് വലിക്കുന്നത്. താമസത്തിനും ഭക്ഷണത്തിനും വലിയ ചെലവില്ലാതെ ഇന്ത്യയിൽ പോയി വരാവുന്ന ചില സ്ഥലങ്ങൾ.

പുഷ്കർ

മൂന്നു വശങ്ങളില്‍ തലയുയര്‍ത്തി നില്‍ക്കുന്ന വലിയ മലകള്‍, അതിന്റെ ഒരു വശത്ത് മനോഹരമായ ഒരു തടാകം. ഇതൊക്കെയാണ് പുഷ്കർ. രാജസ്ഥാനിലെ ഒരു നഗരമാണിത്.  ഹിന്ദുക്കളുടെയും സിഖുകാരുടെയും തീർത്ഥാടന കേന്ദ്രമായ പുഷ്കറിൽ നിരവധി ക്ഷേത്രങ്ങൾ സ്ഥിതി ചെയ്യുന്നുണ്ട്. പുഷ്കർ ഒരു വിശുദ്ധ നഗരമായി കാണുന്നതുകൊണ്ട് ഇവിടെ മുട്ട, ഇറച്ചി എന്നിവ ഉപയോഗിക്കാനാവില്ല. പതിനാലാം നൂറ്റാണ്ടിൽ നിർമിക്കപ്പെട്ട ക്ഷേത്രങ്ങൾ വരെ ഇവിടെയുണ്ട്.

 

രാജസ്ഥാന്റെ തനത് സൗന്ദര്യമായ ഒട്ടകങ്ങളും ഒട്ടക സവാരികളും ഇവിടെ സഞ്ചാരികളെ ആകർഷിക്കുന്നുണ്ട്. ഹിന്ദുക്കള്‍ ശ്രേഷ്ഠമായി കരുതുന്ന പുഷ്കർ തടാകത്തിനു ചുറ്റുമായി 300ല്‍ ഏറെ ക്ഷേത്രങ്ങളും 52 സ്നാനഘട്ടങ്ങളും ഉണ്ട്. കാര്‍ത്തിക പൂര്‍ണിമ ദിവസം ഈ തടാകത്തില്‍ മുങ്ങി നിവരുന്നവര്‍ക്ക് മോക്ഷം ലഭിക്കും എന്നാണു സങ്കല്പം. എല്ലാ പാപവും മാത്രമല്ല ത്വക് രോഗങ്ങളും ഇവിടെ മുങ്ങിക്കുളിക്കുന്നവരില്‍ നിന്ന് വിട്ടു പോകുന്നു എന്നും വിശ്വസിക്കപ്പെടുന്നു.

475836292

 

ഷിംല

goa-travel

ചെലവ് കുറച്ചുള്ള യാത്രക്കാർക്ക് ഏറ്റവും അനുയോജ്യമായ ഹിൽസ്റ്റേഷനുകളിലൊന്നാണ് ഷിംല. ഹിമാചൽ പ്രദേശിന്റെ തലസ്ഥാനമായ ഷിംലയിൽ തണുപ്പിക്കുന്ന കാഴ്ചകൾക്കൊപ്പം കീശ ചോരാത്തതിന്റെ ആശ്വാസവും അനുഭവിക്കാം. മഞ്ഞു പൊതിഞ്ഞു നിൽക്കുന്ന മലനിരകളും മരങ്ങളും ഉൾപ്പെടെ മനോഹരമായ കാഴ്ചകൾ ഷിംല ഒരുക്കുന്നു. മഞ്ഞുകാലത്ത് മനോഹര റോഡ് ട്രിപ്പുകൾ ഇവിടെ ആസ്വദിക്കാം. അത്യാവശ്യം നല്ലൊരു റെസ്റ്റോറന്റിൽ പോയി ഭക്ഷണം കഴിക്കാൻ ഷിംലയിൽ തീരുമാനിച്ചാൽ പോലും അത് നിങ്ങളുടെ കീശയെ അധികം ചോർത്തില്ല. അതുകൊണ്ടു തന്നെ ഭക്ഷണത്തിനും താമസത്തിനും ഏറെ ബുദ്ധിമുട്ടേണ്ടി വരില്ല. 700 രൂപ മുതലുള്ള താമസ സൗകര്യം ഇവിടെ ലഭ്യമാണ്.

Mobor-Beach--Goa-gif

 

ഗോവ

ജീവിതത്തിൽ ഒരിക്കലെങ്കിലും സന്ദർശിക്കേണ്ട സ്ഥലങ്ങളിൽ ഒന്നായാണ് ഗോവ ഇന്ത്യൻ വിനോദ സഞ്ചാര ഭൂപടത്തിൽ അടയാളപ്പെട്ടിരിക്കുന്നത്. ബജറ്റ് ട്രിപ്പ് ആഗ്രഹിക്കുന്നവർക്കും ഗോവ പറ്റിയയിടമാണ്. ബീച്ചുകൾ, പോർച്ചുഗീസ് വാസ്തു നിർമിതികൾ, കോട്ടകൾ, ചന്തകൾ, മുളക്കൂട്ടങ്ങൾ നിരന്ന ഗ്രാമങ്ങൾ എന്നിവ ഓരോ നിമിഷവും കാഴ്ചയെ പ്രണയിക്കുന്ന സഞ്ചാരിയെ ത്രസിപ്പിക്കും. ഇവിടെ നിന്നും വാടകയ്ക്ക് മോട്ടർബൈക്കുകളും സൈക്കിളുകളും ലഭിക്കും.  അതുമെടുത്ത് ഊരു ചുറ്റാം, ഒപ്പം പബ്ബ് പോലെയുള്ള സ്ഥലങ്ങളിൽ ചില്ല്-ഔട്ട്  ചെയ്യാം. കുറഞ്ഞ ചെലവിൽ സുരക്ഷിതമായി താമസിക്കാവുന്ന ഹോട്ടലുകളും ലഭ്യമാണ്. 500 രൂപയ്ക്ക് വലിയ തരക്കേടില്ലാത്ത താമസവും ലഭ്യമാണ്.

ഡാര്‍ജിലിങ്

മലയാളികൾ പണ്ടു മുതലേ ഏറ്റവുമധികം കേൾക്കുന്ന ഇന്ത്യൻ വിനോദ സഞ്ചര സ്ഥലങ്ങളിലൊന്നാണ് ഡാര്ജിലിങ്. മഞ്ഞുകാലമാണ് ഡാര്‍ജിലിങിനെ അതിസുന്ദരിയാക്കുന്നത്. ആ സമയങ്ങളിൽ ഇവിടെ അഭൂതപൂർവമായ തിരക്ക് അനുഭവപ്പെടാറുണ്ട്. മഞ്ഞുപുതച്ചു നിൽക്കുന്ന അവിടുത്തെ പ്രകൃതിയ്ക്ക് അന്നേരങ്ങളിൽ വല്ലാത്തൊരു വശ്യതയാണ്. ആ അഴക് കാണാനാണ് സഞ്ചാരികൾ കൂട്ടത്തോടെ ഡാര്‍ജിലിങിലേക്കെത്തുന്നത്.

653900858

 

ന്യൂ ജൽപൈഗുരിയിൽ നിന്നും ഡാർജിലിങ് വരെയുള്ള യാത്ര ജീവിതത്തിൽ ഒരിക്കലെങ്കിലും അനുഭവിക്കണം. അത്ര ആകർഷണീയമാണ്. മാത്രമല്ല ഇന്ത്യയിലെ ഏറ്റവും നല്ല ബജറ്റ് യാത്രയും ഇതായിരിക്കും. ടൈഗർ മലനിരകളിലെ സൂര്യാസ്തമയം, ഡാര്‍ജലിങ് ചായ, മലനിരകളിലെ യാത്ര, എല്ലാം അവിസ്മരണീയമാണ്. ഏറെ പ്രത്യേകതകൾ നിറഞ്ഞ കാഞ്ചൻജംഗയും ഇവിടെ തന്നെ. കാഴ്ചകൾ കണ്ടു മനസുനിറഞ്ഞിറങ്ങുമ്പോൾ കീശ കാലിയാകുമെന്ന പേടിയും വേണ്ട. വലിയ ചിലവില്ലാതെ കണ്ടുമടങ്ങാൻ കഴിയുന്ന ഒരു നാടാണ് ഡാർജിലിംഗ്.

 

ലോണാവാല

മനോഹരമായ ഒരു ഹിൽസ്റ്റേഷനാണ് ലോണാവാല. സഹ്യപര്‍വതത്തിലെ രത്‌നം എന്നാണ് ഇവിടം അറിയപ്പെടുന്നത്. ഇന്ത്യയിലെ ഏറ്റവും മികച്ച മഴക്കാല വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ ഒന്നുകൂടിയാണ് ലോണാവാല. മഴക്കാലത്ത് പതഞ്ഞൊഴുകുന്ന അരുവികളും വെള്ളച്ചാട്ടങ്ങളും ചുറ്റും നിറഞ്ഞു നില്‍ക്കുന്ന പച്ചപ്പും ഒക്കെയാണ് ഇവിടം ഏറ്റവും മികച്ച മഴക്കാല വിനോദ സഞ്ചാര കേന്ദ്രമാക്കി മാറ്റുന്നത്.

 

മഹാരാഷ്ട്ര സംസ്ഥാനത്തിന് പടിഞ്ഞാറ് ഭാഗത്തായി കിടക്കുന്ന, ജനപ്രീതിയാര്‍ജിച്ച ഈ ഹിൽസ്റ്റേഷനിലേക്കുള്ള യാത്ര ബജറ്റ് നിരക്കിൽ ലഭ്യമാണ്. നിരവധി കോട്ടകളും ഇവിടെ സഞ്ചാരികളെ കാത്തിരിക്കുന്ന ഒന്നും സൗജന്യമല്ലെങ്കിലും ബജറ്റ് റേറ്റിൽ ലഭ്യമാണ്. മനോഹരമായ കാഴ്ചകള്‍ കൊണ്ടും പച്ചപ്പുകൊണ്ടും ആരെയും ആകര്‍ഷിക്കുന്ന ലോണാവാലയിലേക്ക് പോകാന്‍ റെഡിയല്ലേ?

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com