വെള്ളച്ചാട്ടം കണ്ട് പോകാം അധികം സാഹസമില്ലാത്ത ഒരു ട്രക്കിങ്ങ്

coorg-travel
SHARE

അധികം പണിയൊന്നുമില്ലാതെ ഒരു ട്രെക്കിങ് ആയാലോ? കര്‍ണ്ണാടക ജില്ലയിലെ കുടകിലുള്ള ചോമക്കുണ്ട് ഇതിനു ഏറ്റവും പറ്റിയ ഇടമാണ്. എല്ലാ പ്രായത്തിലുമുള്ള ആളുകള്‍ക്ക് അധികം സാഹസപ്പെടാതെ ചുമ്മാ അങ്ങ് കയറിപ്പോകാന്‍ പറ്റുന്ന ചെറിയ ഒരു മലയാണിത്. മൊത്തത്തില്‍ അഞ്ചാറു കിലോമീറ്റര്‍ ദൂരമേയുള്ളൂ. വെറും രണ്ടു മണിക്കൂര്‍ കൊണ്ട് ആര്‍ക്കും ഈസിയായി കയറിപ്പോകാം. 

കുടക് ജില്ലയിലെ വിരാജ്പേട്ടില്‍ നിന്നും ഏകദേശം 16 കിലോമീറ്റര്‍ അകലെയായാണ് ചോമക്കുണ്ട്. കേരളത്തില്‍ നിന്നും യാത്ര ചെയ്യുമ്പോള്‍ കണ്ണൂരിനും കുടകിനും ഇടയിലായി വരും. ഇതിനടുത്തായി ചെലവറ എന്നൊരു  വെള്ളച്ചാട്ടവും ഉണ്ട്. കുടകില്‍ അധികമാരും ചെന്നു പെടാത്ത രണ്ടു മനോഹര ഇടങ്ങളാണ് ഇവ.  ചെലവറ വെള്ളച്ചാട്ടം രണ്ടു അരുവികളായി പിരിഞ്ഞ് ഒഴുകുന്നത് കാണാം. വെള്ളച്ചാട്ടത്തിനടുത്തേക്ക് അധികം യാത്ര ചെയ്യാതിരിക്കുന്നതാണ് നല്ലത്. ഇതല്‍പ്പം അപകടം പിടിച്ച പണിയാണ്. കുട്ടികള്‍ കൂടെയുണ്ടെങ്കില്‍ പ്രത്യേകം ശ്രദ്ധിച്ചേ മതിയാകൂ. 

ഈ വെള്ളച്ചാട്ടത്തിനരികില്‍ നിന്ന് രണ്ടു കിലോമീറ്ററോളം ഉള്ളിലേക്ക് പോകണം, ചോമക്കുണ്ടിലെത്താന്‍.പുല്‍മേടുകളില്‍ മഞ്ഞ് ഘനീഭവിച്ച് പുകമറയിടുന്ന ചോമക്കുണ്ടിലെ മനോഹര കാഴ്ച യാത്രികര്‍ക്ക് നല്‍കുന്ന അനുഭൂതി പറഞ്ഞറിയിക്കാനാവത്തത്ര സുന്ദരമാണ്. വേനല്‍ ഒഴികെയുള്ള സമയത്ത് വര്‍ഷം മുഴുവനും മഞ്ഞിന്‍കണങ്ങള്‍ തങ്ങി നില്‍ക്കുന്ന കാഴ്ചയാണ് ഇവിടെ കാണാനാവുക. മണ്‍സൂണ്‍, ശൈത്യ കാലങ്ങളില്‍ ഇവിടെയെത്തിയാല്‍ പൂര്‍ണ്ണമായും ഇവിടത്തെ തണുപ്പ് ആസ്വദിക്കാനാവും.

ചെലവറയില്‍ നിന്നാണ് പോകുന്നതെങ്കില്‍ വലതു വശത്ത് കാബി മലനിരകളും ഇടതു വശത്ത് ചോമക്കുണ്ടും ആണ് കാണാനാവുക. കാബി മലനിരകളില്‍ നിറയെ മരങ്ങളാണ് കാണാനാവുക. താഴ്വാരത്തെ കുളത്തിനരികില്‍ നിന്നും ട്രെക്കിംഗ് ആരംഭിക്കാം.പോകുന്ന വഴിക്ക് ഭാഗ്യമുണ്ടെങ്കില്‍ ആനകളെയും പുലിയെയും ഒക്കെ കാണാം. അല്‍പ്പം സൂക്ഷിക്കുന്നത് നല്ലതായിരിക്കും. രാത്രി കാലങ്ങളിലാണ് യാത്രയെങ്കില്‍ നിര്‍ബന്ധമായും ഒരു ഗൈഡ് കൂടെ ഉണ്ടായിരിക്കണം. 

സൂര്യരശ്മികള്‍ അരിച്ചിറങ്ങുന്ന പുലര്‍കാല ദൃശ്യവും പടിഞ്ഞാറ് മറഞ്ഞു പോകുന്ന അസ്തമയക്കാഴ്ചയും അനിര്‍വചനീയമാണ്. ഇവിടെ ഇത് കാണാനായി സണ്‍സെറ്റ് പോയിന്‍റ് ഉണ്ട്. മലയുടെ മുകളില്‍ കയറി നോക്കിയാല്‍ ദൂരെയായി അറബിക്കടലും കാണാം.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN READERS CORNER
SHOW MORE
FROM ONMANORAMA