ADVERTISEMENT

വിദേശയാത്രയ്ക്കായി ഒരുങ്ങുന്നുവരിൽ മിക്കവരും തെരഞ്ഞെടുക്കുന്ന സ്ഥലമാണ് ബാലി. വളരെ സുഖകരമായ കാലാവസ്ഥയാണ് ബാലിയിലേത് എന്നതിനാല്‍ ഏതു സമയത്തും അവിടം സന്ദര്‍ശിക്കാം. എങ്കിലും മെയ് മുതല്‍ ഓഗസ്റ്റ് വരെയുള്ള കാലമായിരിക്കും മികച്ചത്. ഈ സമയത്ത് ബാലിയുടെ പ്രകൃതി അതിമനോഹരിയായിരിക്കും. മഴ മാറി തെളിഞ്ഞ ആകാശത്തിന്‍ കീഴെ ബാലി ആരേയും മോഹിപ്പിക്കും. മാത്രമല്ല ടിക്കറ്റ് ബുക്ക് ചെയ്യുമ്പോള്‍ ശ്രദ്ധിച്ചാല്‍ ജൂണ്‍ മുതല്‍ ഓഗസ്റ്റ് വരെയുള്ള മാസങ്ങളില്‍ സാധാരണയായി നടക്കുന്ന ബാലി കൈറ്റ് ഫെസ്റ്റിവല്‍ പോലുള്ള ചില അപൂര്‍വ സാംസ്‌കാരിക പരിപാടികളിലും പങ്കെടുക്കാന്‍ സാധിക്കും. 

ഇന്തോനേഷ്യ അനേകം അദ്ഭുതങ്ങൾ കാത്തുവച്ചിട്ടുണ്ട്. അതിലൊന്നാണ് മലംഗ്. പൂർത്തിയാകാത്ത ഒരു ആഗ്രഹം പോലെയാണ് മലംഗ്. കണ്ടെത്തണമെന്ന് ആഗ്രഹിക്കുന്തോറും കൂടുതൽ രഹസ്യങ്ങൾ വെളിപ്പെടുത്തിക്കൊണ്ടിരിക്കും. സാധാരണ സഞ്ചാരികൾ തെരഞ്ഞെടുക്കുന്ന ബാലി പോലെയല്ല ഈ നാട്.

മലംഗ് രണ്ടാം ലോകമഹായുദ്ധത്തിനുശേഷം ഡച്ച് നിയന്ത്രണത്തിലായിരുന്നു. ഇന്തോനേഷ്യൻ, ഡച്ച്, പുരാതന ബുദ്ധ-ഹിന്ദു സ്വാധീനങ്ങളുടെ സമന്വയമാണ് മലംഗിനുള്ളത്. മറ്റ് ഇന്തോനേഷ്യൻ നഗരങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ, മലംഗിന് ഇപ്പോഴും ആഭ്യന്തര വിനോദ സഞ്ചാരികളാണ് കൂടുതൽ. അതിനാൽ തന്നെ ബാലി പോലെയുള്ള തിരക്കുപിടിച്ച ടൂറിസ്റ്റ് കേന്ദ്രങ്ങളിലെ ബഹളങ്ങളില്ലാതെ സ്വസ്ഥമായൊരു അവധിക്കാലം ആസ്വദിക്കാം.

കടൽത്തീരങ്ങളേക്കാൾ വെള്ളച്ചാട്ടങ്ങളുടെ വൈവിധ്യം കൊണ്ടാണ് മലംഗ് സുന്ദരമാകുന്നത്. മലംഗിന്റെ സമ്പന്നവും വൈവിധ്യപൂർണവുമായ ഭൂപ്രകൃതിയിൽ  ചിതറിക്കിടക്കുന്ന നിരവധി മനോഹരമായ വെള്ളച്ചാട്ടങ്ങൾക്ക് ഓരോന്നിനും അതിന്റേതായ മനോഹാരിതയും സൗന്ദര്യവുമുണ്ട്. ഉദാഹരണത്തിന്‌, തുമ്പക് സേവു, സമൃദ്ധവും ഗംഭീരവുമായ ഒരു മലഞ്ചെരുവിലൂടെ ഒത്തുചേരുന്ന അനേകം ഒഴുക്കുകൾ ഉൾക്കൊള്ളുന്ന വിസ്മയകരമായ വെള്ളച്ചാട്ടമാണ്. കോബൻ പുത്രി, കോബൻ തുന്തോ, മടക്കരിപ്പുര എന്നിവയെല്ലാം തന്നെ അതിമനോഹരമായ വെള്ളച്ചാട്ടങ്ങളാണ്.

ബ്രോമോ പർവ്വതത്തിൽ നിന്ന് സൂര്യോദയം

മലംഗിലെത്തിയാൽ തീർച്ചയായും കണ്ടിരിക്കേണ്ട ഒന്നാണ് ബ്രോമോ പർവ്വതത്തിൽ നിന്ന് സൂര്യോദയം. കിഴക്കൻ ജാവയിലെ ഏറ്റവും പ്രശസ്തമായ ടൂറിസം കേന്ദ്രമാണ് മൗണ്ട് ബ്രോമോ. ബ്രോമോ പർവതത്തിന് മുകളിലുള്ള സൂര്യോദയത്തിന് ഇത് വളരെ പ്രസിദ്ധമാണ്, അതിന് ഒരു  കാരണവുമുണ്ട്. സൂര്യന്റെ ആദ്യ കിരണങ്ങൾ ചക്രവാളത്തിന് മുകളിലൂടെ കയറുമ്പോൾ ബ്രോമോ പർവതത്തിൽ മൂടൽമഞ്ഞ് മൂടുന്നു. ആ മഞ്ഞിൻ പാളികൾക്കിടയിലൂടെ സൂര്യകിരണങ്ങൾ തെന്നിത്തെറിച്ച് വരുന്ന കാഴ്ച വർണ്ണനകൾക്ക് അതീതമാണ്. നിങ്ങൾ ട്രെക്കിംഗ് ആസ്വാദകരാണെങ്കിൽ സജീവമായി നിൽക്കുന്ന സെമെരു അഗ്നിപർവ്വതത്തിലേക്ക് പോകാം. ഇത് ജാവ ദ്വീപിലെ ഏറ്റവും ഉയർന്ന അഗ്നിപർവ്വതമാണ്. ബുദ്ധ, ഹിന്ദു പാരമ്പര്യത്തിലെ ദേവന്മാരുടെ ഭവനമായ മേരു അല്ലെങ്കിൽ സുമേരുവിൽ നിന്നാണ് അഗ്നിപർവ്വതത്തിന്റെ പേര്.

സെമ്പു ദ്വീപ്

മലംഗിന്റെ തെക്കൻ തീരത്തുള്ള ഈ ചെറിയ ദ്വീപിൽ ഏറ്റവും ആകർഷകമായ ബീച്ചുകളും പ്രകൃതി ഒളിപ്പിച്ച അദ്ഭുതങ്ങളും ഉണ്ട്. സെഗാര അനകൻ ലഗൂണിൽ കിലോമീറ്റർ നീളമുള്ള വലിയൊരു തടാകം സ്ഥിതി ചെയ്യുന്നു. സമൃദ്ധമായ കുന്നുകളാൽ ചുറ്റപ്പെട്ട ഈ തടാകം ശക്തമായ പ്രവാഹങ്ങളിൽ നിന്ന് സംരക്ഷിക്കപ്പെട്ടിരിക്കുന്നു. ഈ ദ്വീപിന് ചുറ്റുമാണ് മലംഗിലെ ഏറ്റവും മനോഹരമായ ബീച്ചുകൾ. ഒരു കടൽത്തീരത്ത് നിന്ന് മറ്റൊന്നിലേക്ക് വളരെ എളുപ്പത്തിൽ പോകാം. അതിമനോഹരമായ കടൽ ക്ഷേത്രമുള്ള ബാലെകാംബാംഗ് ബീച്ച്, അതിശയകരമായ ചെറിയ ദ്വീപുകളുടെ രൂപവത്കരണമുള്ള ഗോവ സിന ബീച്ച്, മൂന്ന് നിറങ്ങളിലുള്ള കടൽത്തീരമായ പന്തായ് ടിഗ വാർണ എന്നിവയാണ് പ്രശസ്തമായ മലംഗ് കടൽത്തീരങ്ങൾ.

ജക്കാർത്ത, സുരബായ, ബാലിക്പൻ അല്ലെങ്കിൽ ബാലി എന്നിവിടങ്ങളിൽ നിന്നുള്ള പ്രധാന വിമാനത്താവളങ്ങൾ വഴി നിങ്ങൾക്ക് മലംഗിലേക്ക് പോകാം. ജക്കാർത്ത, ബന്ദൂംഗ്, യോഗകാർത്ത, സുരബായ എന്നിവിടങ്ങളിൽ നിന്ന് ബസ്, ട്രെയിൻ അല്ലെങ്കിൽ ടാക്സി എന്നിവയിലൂടെയും മലംഗ് ഓവർലാന്റിൽ എത്തിച്ചേരാം.അപ്പോൾ കാഴ്ച്ചകൾക്കും അനുഭവങ്ങൾക്കും ഒട്ടും കുറവില്ലാത്ത മലംഗിലേയ്ക്കാവട്ടെ അടുത്ത യാത്ര

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com