യാത്രാപ്രേമിയാണോ? തീർച്ചയായും ഇവിടം കണ്ടിരിക്കണം

idukki
SHARE

കോടമഞ്ഞില്‍ കുളിച്ചുണരുന്ന മലനിരകള്‍ കണ്ടിട്ടുണ്ടോ? പച്ചപ്പട്ടുമെത്ത വിരിച്ച പുല്‍മേട്ടില്‍ ഓടിക്കളിച്ചിട്ടുണ്ടോ? പുരാണങ്ങള്‍ ഉറങ്ങുന്ന മണ്ണിന്റെ ചരിത്രം തേടിയിട്ടുണ്ടോ? ഇല്ലെങ്കില്‍ ഇടുക്കിയെന്ന മിടുക്കിയെ നിങ്ങൾ അടുത്തറിഞ്ഞിട്ടില്ലെന്നും പാഞ്ചാലിമേടെന്ന വിസ്മയം നിങ്ങള്‍ക്കിനിയും അന്യമാണെന്നും അർഥം.

panchalimedu-travel

സമുദ്രനിരപ്പില്‍നിന്ന് 2500 അടിയോളം ഉയരത്തിലുള്ള പാഞ്ചാലിമേടിന്റെ വശ്യചാരുത സഞ്ചാരികളുടെ ലഹരിയാണ്. മലനിരകളും കോടയും ചേർന്ന ദൃശ്യവിരുന്നാണ്‌ അതിൽ മുഖ്യം. മലനിരകളെ തൊട്ടുതലോടി വിരുന്നെത്തുന്ന കോടമഞ്ഞും മഞ്ഞുമൂടിയ മലനിരകളും ആരെയും അതിശയിപ്പിക്കും. 

panchalimedu-travel3

ദ്വാപരയുഗത്തോളം പഴക്കമുള്ള ഐതിഹ്യങ്ങളുറങ്ങുന്ന പ്രദേശമാണ് പാഞ്ചാലിമേട്. അജ്ഞാതവാസത്തിനു തൊട്ടുമുമ്പുള്ള കാലത്ത് പഞ്ചപാണ്ഡവര്‍ പാഞ്ചാലിക്കൊപ്പം ഇവിടെയാണ്‌ താമസിച്ചിരുന്നതെന്നു കരുതപ്പെടുന്നു. പാണ്ഡവരുടെ വനവാസ കാലത്ത് പാഞ്ചാലിയുടെ നീരാട്ടിനായി ഭീമസേനന്‍ കുഴിച്ചതെന്നു കരുതപ്പെടുന്ന പാഞ്ചാലിക്കുളം, പാണ്ഡവര്‍ താമസിച്ചതെന്നു വിശ്വസിക്കപ്പെടുന്ന ഗുഹ എന്നിവ സഞ്ചാരികളിൽ കൗതുകമുണർത്തുന്നു. എതിരെയുള്ള മലമുകളില്‍നിന്ന് തന്നെ ആക്രമിക്കാനെത്തിയ ഒരു ആനയെ പാഞ്ചാലി ശപിച്ച് ശിലയാക്കി മാറ്റിയെന്നും പറയപ്പെടുന്നു. ആനക്കല്ല് എന്നറിയപ്പെടുന്ന ആ ശിലയാണ് മറ്റൊരു ആകർഷണം. പാണ്ഡവപത്നി പാഞ്ചാലിയുടെ പേരിൽ നിന്നാണ്‌ പാഞ്ചാലിമേട് എന്ന പേര് വന്നത് എന്നിനി പറയേണ്ടതില്ലല്ലോ. സ്ത്രീസൗന്ദര്യത്തിന്റെ പ്രതീകമായിരുന്ന പാഞ്ചാലിയുടെ സൗന്ദര്യം അത്രത്തോളം തന്നെ കിട്ടിയിട്ടുണ്ട് പാഞ്ചാലിമേടിനും. 

panchalimedu-travel1

പാഞ്ചാലിമേട്ടിലെ ഒരു കുന്നില്‍ സ്ഥിതി ചെയ്യുന്ന ശ്രീഭുവനേശ്വരി ക്ഷേത്രവും മറുകുന്നിൽ സ്ഥിതി ചെയ്യുന്ന കുരിശുമലയും ഈ പ്രദേശത്തെ മതസൗഹാര്‍ദ്ദത്തിന്റെയും മാനവികതയുടെയും പ്രതീകമാക്കി മാറ്റുന്നു. വാനവും ഭൂമിയും കൂട്ടിമുട്ടിന്നിടത്ത് ജാതി-മത-വര്‍ഗ ഭിന്നതകള്‍ അപ്രത്യക്ഷമാകുന്നതില്‍ അദ്ഭുതമില്ല. ഭക്തിസാന്ദ്രമായ അന്തരീക്ഷം സൃഷ്ടിക്കുന്നതിനോടൊപ്പം തീർഥാടന സഞ്ചാര കേന്ദ്രമാകാനുള്ള സാധ്യതകള്‍ കൂടി തുറന്നിടുകയാണ് പാഞ്ചാലിമേട്. 

അടിസ്ഥാനസൗകര്യങ്ങളുടെ അഭാവമായിരുന്നു പാഞ്ചാലിമേടിന്റെ ഏക കുറവ്. ഇതിനു പരിഹാരമായി വിനോദസഞ്ചാരവകുപ്പ് പാഞ്ചാലിമേട് ഏറ്റെടുക്കുകയും 2018 ല്‍ വികസനപ്രവര്‍ത്തനങ്ങളുടെ ആദ്യഘട്ടം നടപ്പിലാക്കുകയും ചെയതു. പ്രവേശന കവാടം, ടിക്കറ്റ് കൗണ്ടര്‍, റെയിന്‍ ഷെല്‍ട്ടറുകള്‍, അമിനിറ്റി സെന്റര്‍, നടപ്പാത, കഫറ്റീരിയ, മഡ് ഹൗസുകള്‍ എന്നിവ ഇതിൽ ഉള്‍പ്പെടുന്നു. കൂടാതെ സോളാര്‍ വിളക്കുകളും ഇരിക്കാനായി ബെഞ്ചുകളും ഏറുമാടവും ടോയ്‌ലറ്റ്സൗകര്യവും ഒരുക്കിയിരുന്നു. ഇതിനു പിന്നാലെ രണ്ടാംഘട്ട വികസന പ്രവർത്തനങ്ങളുടെ ഉദ്ഘാടനം കഴിഞ്ഞ സെപ്റ്റംബറിൽ നടത്തിക്കഴിഞ്ഞു. പാഞ്ചാലിക്കുളം നവീകരണം, ചെക്ക് ഡാം നിര്‍മാണം, ഹാങ്ങിങ് ബ്രിജ്, അഡ്വഞ്ചര്‍ സോണ്‍ എന്നിവ ഇതില്‍ ഉൾപ്പെടും.

ഇടുക്കി ജില്ല എന്നും സഞ്ചാരികളുടെ പറുദീസയാണ് - ആഗോളതലത്തിൽ വരെ പ്രശസ്തമായ വിനോദസഞ്ചാരകേന്ദ്രങ്ങളാല്‍ സമ്പന്നം.  മൂന്നാറും വാഗമണ്ണും തേക്കടിയുമൊക്കെ പോലെ തന്നെ സുന്ദരമായ, എന്നാൽ അധികമാരും അറിയാത്ത നൂറുകണക്കിനിടങ്ങൾ ഇടുക്കിയിലുണ്ടെന്നതാണ് സത്യം. പാഞ്ചാലിമേട് എന്ന പ്രകൃതിവിരുന്ന് അതിനൊരു ഉത്തമ ഉദാഹരണമാണ്. ഇനിയൊരിക്കല്‍ ഇടുക്കിയിലെത്തുമ്പോൾ നിര്‍ബന്ധമായും കണ്ടിരിക്കേണ്ടയിടം. 

കോട്ടയം - കുമളി ദേശീയ പാതയിലെ മുറിഞ്ഞപുഴയില്‍നിന്നു നാലു കിലോമീറ്ററോളം ദൂരെയാണ് പാഞ്ചാലിമേട് സ്ഥിതി ചെയ്യുന്നത്. കോട്ടയത്തുനിന്നു വരുമ്പോൾ മുണ്ടക്കയം- തെക്കേമല വഴിയും ഇവിടെ എത്തിച്ചേരാം.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.