ADVERTISEMENT

കണ്ണെത്താദൂരത്തോളം പരന്നുകിടക്കുന്ന ആ ജലാശയത്തിലെ ദ്വീപിലെ മണൽപരപ്പിൽ ഞങ്ങളങ്ങിനെ ആകാശത്തേക്കു നോക്കികിടക്കുമ്പോൾ നക്ഷത്രങ്ങൾ വന്നു കഥകൾ പറയുന്നുണ്ടായിരുന്നു!

‘ടാ... നമ്മൾ എത്തിയെന്നു തോന്നുന്നു!’

‘ഹോ സ്വപ്നമായിരുന്നു...’

‘എന്ത്?’

‘അല്ല... ഈ വെള്ളം... ജലാശയം... ദ്വീപ്...’

‘സ്വപ്നമൊന്നുമല്ല! ഇതാ നമ്മൾ സ്ഥലമെത്തി...’ സുഹൃത്ത് ഷഫീഖ് എന്നെ ആ ചെറുമയക്കത്തിൽനിന്നുണർത്തി. 

wayanad-trave10

ഇന്നലെ രാത്രിയിലെ വൈകിയുറക്കവും ഇന്ന് രാവിലത്തെ ട്രെക്കിങ്ങും തന്ന ക്ഷീണം ഇന്നലെ താമസിച്ച റിസോർട്ടിൽ നിന്നുള്ള മടക്കയാത്രയിൽ ചെറുതായൊന്നുറക്കിക്കളഞ്ഞിരുന്നു.‘ശരിയാണല്ലോ... നമ്മൾ എത്തിയിരിക്കുന്നത് ഞാൻ സ്വപ്നത്തിൽ കണ്ടപോലൊരു ജലാശയത്തിനടുത്താണല്ലോ...’

wayanad-trave4

ഇതാണ് കാരാപ്പുഴഡാം...ഇന്ത്യയിലെ ഏറ്റവും വലിയ എർത്ത് ഡാമുകളിലൊന്നായ ഇതു സ്ഥിതി ചെയ്യുന്നത് വയനാട്ടിലെ കൽപ്പറ്റയിൽനിന്നു പതിനാറു കിലോമീറ്റർ മാറി കുന്നുകളാലും മലകളാലും ചുറ്റപ്പെട്ടൊരു മനോഹരസ്ഥലത്താണ്. ഡാമിന്റെ റിസർവോയറിനോട് ചേർന്ന് ഒരുകിലോമീറ്ററോളം ഉള്ളിലേക്കുപോയാൽ ഞങ്ങളിപ്പോൾ എത്തിനിൽക്കുന്ന ഈ മനോഹരമായ റിസോർട്ടിലെത്താം. ‘വിസ്താര’–  മൂന്ന് ഭാഗവും വെള്ളത്താൽ ചുറ്റപ്പെട്ട ഈ റിസോർട്ടിലാണ് ഇന്ന് ഞങ്ങൾ താമസിക്കുന്നത്. മൂന്ന് വ്യത്യസ്ത കാറ്റഗറികളിലായി നിരവധി റൂമുകളുള്ള ഈ റിസോർട്ടിന്റെ ഏതു ഭാഗത്തുനിന്നും നോക്കിയാലും ജലാശയത്തിൽ മനോഹരചിത്രം നമ്മൾക്കുമുന്നിൽ തെളിഞ്ഞുവരും.

wayanad-trave9

ചെറുതും വലുതുമായ യാത്രകളുടെ അവസാനദിവസം വിശ്രമത്തിനു പ്രാധാന്യം നൽകുന്ന എന്നെ സംബന്ധിച്ചിടത്തോളം സന്തോഷം നൽകുന്നതായിരുന്നു ഇന്ന് എനിക്കായൊരുക്കിയിരിക്കുന്ന സ്‌കൈവില്ല കാറ്റഗറിയിൽപെട്ട ഈ റൂം. പഞ്ഞിമെത്തയിൽ കിടന്നുകൊണ്ട് ചുറ്റുമുള്ള ചില്ലുജാലകത്തിലൂടെ നോക്കിയാൽ ഡാം റിസർവോയർ കാണാം.

wayanad-trave6

ജലസേചനത്തിനുമാത്രമായുണ്ടാക്കിയ ഡാമിൽ ദൂരെ ദ്വീപുപോലൊരു സ്ഥലമുണ്ട്. പച്ചപ്പുൽമേടുകൾപോലെ തോന്നിക്കുന്ന അവിടെ രണ്ടുമൂന്നു കുഞ്ഞു വീടുകൾ കാണാം. ആദിവാസികൾ താമസിക്കുന്ന അവിടേക്ക് പുറത്തുനിന്നുള്ളവർക്ക് പ്രവേശനമില്ലെന്നാണ് അറിയാൻ കഴിഞ്ഞത്. 

ഉച്ചഭക്ഷണത്തിന് ശേഷം ചെറുതായൊന്നു മയങ്ങിയ എന്നെ പടിഞ്ഞാറുനിന്നു വന്ന ഒരിളംകാറ്റ് തഴുകിത്തലോടിപ്പോയി. പൊക്കുവെയിലിൽ വെട്ടിത്തിളങ്ങുന്ന കാരാപ്പുഴ ഡാമിലെ വെള്ളത്തിനുമുകളിലൂടെ താറാവുകൂട്ടങ്ങൾ നീന്തുന്നതുകാണാൻ മനോഹരമാണ്. കോഫിമേക്കറിന്റെ സഹായത്തോടെ നല്ല ചൂടുകാപ്പിയുണ്ടാക്കി കപ്പിലേക്കൊഴിച്ചു തുറന്നിട്ടിരിക്കുന്ന ചില്ലുവാതിലിലൂടെ ബാൽക്കണിയിൽ വന്നിരുന്നു. 

wayanad-trave1

സൂര്യൻ അസ്തമിക്കാനുള്ള തയാറെടുപ്പിലാണ്. അസ്തമയ സൂര്യനെ കണ്ടപ്പോൾ, ഞങ്ങളുടെ കശ്മീർ യാത്രയിൽ തുലിപ് ഗാർഡനിൽവച്ചുകണ്ട കാശ്മീരി സുന്ദരികളുടെ ചുവന്നുതുടുത്ത കവിളുകൾ പോലെയാണ് തോന്നിയത്. നിമിഷങ്ങൾകൊണ്ട് ആകാശത്തിലെ നിറങ്ങൾ മാറുന്നു... കൂടെ കാരാപ്പുഴ ഡാമും.

wayanad-travel

 

wayanad-trave8

ആകാശത്തിലെ ആ വർണ്ണവിസ്മയം കണ്ണാടിപോലെ തെളിഞ്ഞുനിൽക്കുന്ന ഡാമിലെ വെള്ളത്തിൽ പ്രതിഫലിക്കുന്നതുകാണാം. സൂര്യാസ്തമയം ഇത്രയും മനോഹരമായി ആസ്വദിക്കാൻ കഴിയുന്ന വയനാട്ടിലെ അപൂർവമൊരു റിസോർട്ടാണ് വിസ്താരയെന്നതിൽ സംശയമില്ല. അസ്തമയചിത്രം വരച്ചുവച്ച കാരാപ്പുഴ ഡാമിലെ ജലപ്പരപ്പിലൂടെ വഞ്ചികളിൽ മീൻപിടിക്കുന്ന ആദിവാസികളെ ഇപ്പോൾ എനിക്ക് അവ്യക്തമായി കാണാം.

അത്താഴത്തിനു ശേഷം ഉദ്യാനത്തിനോട് ചേർന്നുള്ള ഡക്കിൽ ഞങ്ങൾ കഥകൾ പറഞ്ഞിരിക്കുമ്പോൾ സമയം പോകുന്നതറിയുന്നേയുണ്ടായിരുന്നില്ല. തിരിച്ചു റൂമിലെത്തി ബാൽക്കണിയിലിരുന്നു പഴയ ഹിന്ദി ഗാനങ്ങൾ ആസ്വദിക്കുമ്പോൾ ആകാശത്തുനിന്നു നക്ഷത്രങ്ങൾ വന്ന് എനിക്ക് കൂട്ടിരിക്കുന്നപോലെ തോന്നി, കാരണം അത്രയും മനോഹരമാണ് സ്‌കൈവില്ലയിൽ നിന്നുള്ള കാഴ്ചകൾ. 

നാളെ ഇനി വീട്ടിലേക്കുള്ള മടക്കയാത്രയാണ്.  രണ്ടുദിവസം വയനാടിന്റെ കുളിരിൽ കാട്ടിൽ താമസിച്ചു, ഗുഹയിലിരുന്നു ഭക്ഷണം കഴിച്ചു, മലമുകളിൽ കയറി സൂര്യോദയം കണ്ട്, തടാകക്കരയിലിരുന്നു അസ്തമയവും കണ്ട്, നിലാവിൽ നക്ഷത്രങ്ങളോട് കഥകൾ പറഞ്ഞ് ഉറങ്ങാൻ പോകുമ്പോൾ എന്റെ മനസ്സിൽ ഒരേഒരാഗ്രഹം മാത്രമേ ഉണ്ടായിരുന്നൂള്ളൂ: ഇനിയുമൊരിക്കൽകൂടി വരണം, പ്രിയപ്പെട്ടവളോടൊപ്പം.

 

English Summary: Wayanad Trip

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com