ADVERTISEMENT

ജപ്പാന്റെ തലസ്ഥാനമായ ടോക്കിയോയുടെ വടക്കായി സൈതാമ പ്രവിശ്യയിൽ സ്ഥിതിചെയ്യുന്ന ഒരു പ്രാചീന നഗരമാണ് കവഗോയെ.  ജപ്പാൻ ചരിത്രത്തിലെ എഡോ കാലഘട്ടത്തിന്റെ (1603-1867) വികാരം പൂർണരൂപത്തിൽ ഉൾക്കൊണ്ട് നിൽക്കുന്ന ഇൗ ചെറുപട്ടണം ‘ലിറ്റിൽ എഡോ’ എന്നാണ് അറിയപ്പെടുന്നത്. ചരിത്രപ്രധാനമായ സൗധങ്ങൾ, പുരാതനക്ഷേത്രങ്ങൾ, കോട്ടകൾ, മ്യൂസിയങ്ങൾ തുടങ്ങി കാഴ്ചകൾ ധാരാളമുണ്ട് കവഗോയയിൽ. പരാമ്പരാഗത ശൈലിയിൽ നിർമിച്ചിട്ടുളള ഇവിടുത്തെ കെട്ടിടങ്ങൾക്ക് ഇന്നും പഴമയുടെ ഗന്ധമാണ്. 370 ഒാളം വർഷങ്ങളുടെ പാരമ്പര്യം അവകാശപ്പെടുന്ന, കവഗോയെ ഉത്സവം എന്നറിയപ്പെടുന്ന രഥോത്സവമാണ് ഇൗ പട്ടണത്തിന്റെ പ്രധാന ആകർഷണം.

Kawagoe5
ചിത്രങ്ങൾ, വിഡിയോ - അനില മാത്യു

പഴമയുടെ തനിമ കൊണ്ടും രഥോത്സവത്തിന്റെ പെരുമ കൊണ്ടും കവഗോയെ നമ്മുടെ പാലക്കാട്ടെ കല്പാത്തി ഗ്രാമത്തെ ഒാർമപ്പെടുത്തും. കവഗോയയിലെ കുറാസുകുറി തെരുവും തെരുവിന്റെ വശങ്ങളിലുളള കുറാസുകുറി വീടുകളും സമ്മാനിക്കുന്നത് കല്പാത്തി ഗ്രാമത്തിലെ അഗ്രഹാരങ്ങളും അഗ്രഹാരതെരുവുകളും നൽകുന്ന അനുഭൂതിയാണ്. കവഗോയെ രഥോത്സവമാകട്ടെ, പാലക്കാടിന്റെ സാംസ്കാരിക ആഘോഷമായ കല്പാത്തി രഥോത്സവത്തിന്റെ സ്മരണകൾ ഉണർത്തുന്നു.

വർഷങ്ങൾ പഴക്കമുളള ബുദ്ധക്ഷേത്രം

ആയിരത്തിഇരുനൂറോളം വർഷങ്ങൾ പഴക്കമുളള കിതാഇൻ ബുദ്ധക്ഷേത്രമാണ് കവഗോയയിലെ പ്രധാന ആരാധനാകേന്ദ്രം. പുരാതന എഡോ കോട്ടയുടെ ശേഷിപ്പുകൾ ക്ഷേത്രസ്വത്തായി ഇവിടെ സൂക്ഷിച്ചിരിക്കുന്നു. ഗോയാക്കു റാക്കൻ പ്രതിമകളാണ് ഏറ്റവും കൗതുകമുളള ഒരു ക്ഷേത്രക്കാഴ്ച. അഞ്ഞൂറോളം വരുന്ന ബുദ്ധശിഷ്യന്മാരുടെ ശിലാപ്രതിമകളാണിത്.

Kawagoe7
ചിത്രങ്ങൾ - അനില മാത്യു

ഒാരോ പ്രതിമയുടെയും രൂപവും ഭാവവും വ്യത്യസ്തവും രസകരവുമാണ്. ഇവയിലേതെങ്കിലും ഒന്നിന് നാം ഒാരോരുത്തരുമായും സാമ്യമുണ്ടായിരിക്കുമത്രേ. അത് ഏതെന്നു കണ്ടുപിടിക്കുവാൻ ഒരു സൂത്രവുമുണ്ട്. രാത്രിയിൽ ഇരുട്ടത്തുചെന്ന് ഒാരോ പ്രതിമയേയും തൊടുക. അവയിലൊന്നിനു മാത്രം ചൂട് അനുഭവപ്പെടും. അത് അടയാളപ്പെടുത്തിവച്ച ശേഷം അടുത്ത ദിവസം പകൽ വരിക. ആ പ്രതിമ ആരുടെയാണോ ആ കഥാപാത്രത്തിന് നിങ്ങളുമായി എന്തെങ്കിലും രൂപസാദൃശ്യമുണ്ടെങ്കിൽ അത് വെറും യാദൃച്ഛികം മാത്രമല്ലെന്നാണ് വിശ്വാസം.

Kawagoe2
ചിത്രങ്ങൾ - അനില മാത്യു

'മംഗല്യത്തിന്റെ ദേവൻ’

കവഗോയയിലെ മറ്റൊരു പ്രധാന ആരാധനാകേന്ദ്രമായ ഹിക്കാവ ആയിരത്തിയഞ്ഞൂറോളം വർഷങ്ങൾ പഴക്കമുളള ഷിന്റോ മത ക്ഷേത്രമാണ്. ഇവിടുത്തെ മൂർത്തി ‘മംഗല്യത്തിന്റെ ദേവൻ’ ആയി അറിയപ്പെടുന്നതിനാൽ പ്രണയസാഫല്യത്തിനും ദാമ്പത്യസുഖത്തിനും വേണ്ടിയുളള പ്രാർഥനകളുമായി വരുന്നവരാണ് അധികവും. ഉത്സവനാളുകളിൽ ‘ടണൽ ഒാഫ് ലൗ’ എന്ന പേരിൽ വിൻഡ് ചൈമുകൾ കൊണ്ട് ഒരുക്കപ്പെടുന്ന പാത കണ്ണിനും കാതിനും വിരുന്നാണ്.  ഇൗ പ്രണയത്തിന്റെ പാതയിലൂടെ നടക്കുന്നതും പ്രാർഥനകൾ അതിൽ എഴുതി തൂക്കുന്നതും ജീവിതത്തിലേക്ക് നല്ല സ്നേഹബന്ധങ്ങൾ കൊണ്ടുവരുമെന്നാണ് വിശ്വാസം. 

കവഗോയെ രഥോത്സവം

പഴമയുടെ തനിമയുമായി വേറിട്ടുനിൽക്കുന്ന ഒരാഘോഷമാണ് ഹിക്കാവ ക്ഷേത്രത്തിന്റെ ഉത്സവമായ കവഗോയെ ഉത്സവം എന്നറിയപ്പെടുന്ന രഥോത്സവം. ഏതൊരുത്സവത്തെയും പോലെ, ആത്മീയതയുടെ പശ്ചാത്തലത്തിൽ മനുഷ്യമനസ്സുകളെ ഏകീകരിക്കുക എന്ന ധർമമാണ് ഇൗ ഉത്സവവും നിർവഹിക്കുന്നത്. എല്ലാ കൊല്ലവും ഒക്ടോബറിൽ മൂന്നാമത്തെ വാരാന്ത്യമാണ് കവഗോയെ ഉത്സവം.

Kawagoe10
ചിത്രങ്ങൾ - അനില മാത്യു

തോരണങ്ങളും റാന്തൽ വിളക്കുകളും കൊണ്ട് അലങ്കരിച്ച ഇരുപതോളം ബഹുനിലരഥങ്ങൾ ജാപ്പനീസ് വാദ്യമേളങ്ങളുടെ അകമ്പടിയോടെ കവയോഗയുടെ വീഥിയിലൂടെ ഘോഷയാത്ര നടത്തുന്നു. ജാപ്പനീസ് നാടോടിക്കഥകളിലെ കഥാപാത്രങ്ങളും ചരിത്രനായകന്മാരും കൂറ്റൻ പാവകളായി രഥങ്ങളുടെ മുകളിൽ നിലകൊളളുന്നു. രഥോത്സവത്തിൽ പങ്കെടുക്കുന്ന ഒാരോ രഥവും ഇൗ പാവകളുടെ പേരിലാണ് അറിയപ്പെടുന്നത്. തികച്ചും കലാപരമായ രീതിയിൽ നിർമിച്ചിട്ടുളള ഇൗ തേരുകളുടെ ഘോഷയാത്ര കാണേണ്ടതുതന്നെയാണ്.

Kawagoe6
ചിത്രങ്ങൾ - അനില മാത്യു

എഡോ കാലഘട്ടത്തിന്റെ സ്മരണകൾ നിലനിർത്തുന്നതാണ് കവഗോയെയിലെ ഒരു പ്രധാന വീഥിയായ കുറാസുകുറി തെരുവും അതിന്റെ വശങ്ങളിലുളള കുറാസുകുറി കെട്ടിടങ്ങളും. ‘കുറാസുകുറി’ എന്നത് ഒരു ജാപ്പനീസ് പരമ്പരാഗത വാസ്തുവിദ്യാ ശൈലിയാണ്. കളിമൺപാളികളും തടിയും ഉപയോഗിച്ചുകൊണ്ടുളള സവിശേഷമായ ഇൗ നിർമാണ രീതിയുടെ പ്രധാന പ്രത്യേകത അവയുടെ അഗ്നിപ്രതിരോധ ക്ഷമതയാണ്.

Kawagoe-1
ചിത്രങ്ങൾ - അനില മാത്യു

എഡോ കാലത്ത് ഒരു വ്യാപാരനഗരമായിരുന്ന കവഗോയയിലെ അക്കാലത്തെ സമ്പന്നരായ വ്യാപാരികളുടെ വീടുകളും സംഭരണശാലകളുമായിരുന്നു  ഇൗ കുറാസുകുറി കെട്ടിടങ്ങൾ. ഇരുനൂറോളം കെട്ടിടങ്ങളിൽ അവശേഷിക്കുന്ന പലതും ഇന്ന് മ്യൂസിയങ്ങളും റസ്റ്ററന്റുകളുമാണ്. 

മണിമേടയിലെ ഭീമൻ മണി 

കുറാസുകുറി തെരുവിന്റെ ഒരു വശത്തു തന്നെയാണ് 400 ഒാളം വർഷം പഴക്കമുളള ടോക്കി-നോ-കാനെ എന്ന ബെൽ ടവർ സ്ഥിതി ചെയ്യുന്നത്. പതിനാറ് മീറ്ററോളം ഉയരമുളള ഇൗ മണിമേടയിലെ ഭീമൻ മണി ഇന്നും ദിവസം നാല് പ്രാവശ്യം കൃത്യമായി മുഴങ്ങി സമയം അറിയിക്കുന്നു.  ഇതു പോലെ ഒരു വിഖ്യാത നാഴികമണി നമ്മുടെ കൊച്ചു കേരളത്തിലുമുണ്ടല്ലോ. തിരുവനന്തപുരം ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിനു സമീപത്തുളള മേത്തൻ മണി. നൂറ്റാണ്ടുകൾക്ക് മുമ്പ് നിർമിച്ച ഇത്തരം നാഴികമണികൾ ഒരു കാലഘട്ടത്തിന്റെ മാത്രമല്ല പഴയ കാലത്തെ സങ്കീർണ യന്ത്ര സാങ്കേതികവിദ്യയുടെ മികവിന്റെ ഒാർമപ്പെടുത്തലുകൾ കൂടിയാണ്.

Kawagoe
ചിത്രങ്ങൾ - അനില മാത്യു

മ്യൂസിയങ്ങളുടെ നാട്

മറ്റൊരു ആകർഷണം ഹോൻമാരുഗോത്തൻ എന്ന പുരാതന ചരിത്രസ്മാരകമാണ്. ഒരു കാലത്ത് കോട്ടനഗരമായിരുന്ന കവഗോയയുടെ കോട്ടയുടെ ബാക്കിപത്രമാണിത്. എഡോ കാലഘട്ടത്തിൽ നിലനിന്നിരുന്ന ജന്മിത്ത സമ്പ്രദായത്തിന്റെ ജീവിക്കുന്ന സ്മാരകം കൂടിയാണിത്.  പരമ്പരാഗത ശൈലിയിൽ നിർമിച്ചിട്ടുളള ഇവിടുത്തെ തത്താമിമുറികളും ഉദ്യാനങ്ങളും നമ്മളെ സാമുറായ് കാലഘട്ടത്തിലേക്ക് കൊണ്ടുപോകുന്നു.

Kawagoe4
ചിത്രങ്ങൾ - അനില മാത്യു

കവഗോയയുടെ ചരിത്രവും സംസ്കാരവും സന്ദർശകർക്കു മുന്നിൽ തുറന്നുവയ്ക്കുന്ന കുറേ മ്യൂസിയങ്ങൾ കവഗോയയിൽ ഉണ്ട്. സിറ്റി മ്യൂസിയം, സിറ്റി ആർട്ട് മ്യൂസിയം, കവഗോയെ ഉത്സവ മ്യൂസിയം, കുറാസുകുറി മ്യൂസിയം തുടങ്ങിയവ അവയിൽ ചിലതു മാത്രം.

Kawagoe9
ചിത്രങ്ങൾ - അനില മാത്യു

ജപ്പാന്റെ മഹത്തായ പൈതൃകത്തിലേക്കും പാരമ്പര്യത്തിലേക്കും ചരിത്രത്തിലേക്കും വെളിച്ചം വീശുന്ന ഒരു പിടി കാഴ്ചകളാണ് കവഗോയയിലുളളത്. ആ നാടിന്റെ മഹത്തായ പാരമ്പര്യവും സംസ്കാരവും അനുഭവിച്ചറിയാൻ ഇൗ നഗരത്തിന്റെ വീഥിയിലൂടെ വെറുതേ നടന്നാൽ മതി.  ജപ്പാൻ പരമ്പരാഗത വേഷമായ കിമോണയും ചുറ്റി ജാപ്പനീസ് പേപ്പർ കുടയും ചൂടി നഗരക്കാഴ്ചകൾ കാണാൻ ഇറങ്ങുന്ന സഞ്ചാരികൾ ഇവിടുത്തെ സ്ഥിരം കാഴ്ചയാണ്.

ചിത്രങ്ങൾ, വിഡിയോ -  അനില മാത്യു

English Summary: Travel to Kawagoe City in Japan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com