സ്വിറ്റ്‌സർലൻഡിലെ ശരത്കാല നിറങ്ങൾക്ക് സാക്ഷ്യം വഹിക്കാൻ നവംബർ ആദ്യ വാരത്തിലെ മനോഹരമായ ഒരു തെളിഞ്ഞ പ്രഭാതം ഞങ്ങളെ ആഹ്വാനം ചെയ്തു. അതിനുള്ള ഏറ്റവും എളുപ്പമായ മാർഗം താഴ്‍വരയിലൂടെയുള്ള ട്രെക്കിങ്ങായിരുന്നു.രാജ്യത്തെ ബാസൽ മേഖലയിലെ കാൾട്ട്ബ്രുന്നൻ താഴ്‍വരകളിലൂടെ ട്രെക്കിങ് ചെയ്യാൻ ഞങ്ങൾ തീരുമാനിച്ചു.

ലെമാൻ, ന്യൂചാറ്റൽ തടാക തീരങ്ങളിലൂടെ, ജനീവയിൽ നിന്ന് ഗ്രെല്ലിംജെനിലേക്കുള്ള ട്രെയിൻ യാത്ര മനംമയക്കുന്ന സൗന്ദര്യം നിറഞ്ഞതായിരുന്നു. തടാകത്തിന്റെ പശ്ചാത്തലത്തിൽ മഞ്ഞുമൂടിയ ആൽപ്സ് കൊടുമുടികൾ, ഉദയ സൂര്യന്റെ രശ്മികളാൽ പ്രഭാപൂരിതരായി തിളങ്ങുന്ന മനോഹരമായ കാഴ്ച ഇന്നും കണ്ണുകളിൽ നിറഞ്ഞു നിൽക്കുന്നുണ്ട്.
കാഴ്ചകൾ ആസ്വദിച്ചുള്ള ട്രെക്കിങ്
ജനീവയിൽ നിന്നും ന്യൂചാറ്റൽ വഴി ഗ്രെല്ലിംജെൻ സ്റ്റേഷൻ വരെ എത്തിച്ചേരാൻ ഏകദേശം മൂന്നര മണിക്കൂർ എടുത്തു. ഗ്രെല്ലിംജെൻ സ്റ്റേഷനിൽ നിന്ന് മേൽറ്റിജെൻ എന്ന സ്ഥലത്തെക്കാണ് സാധാരണ ട്രെക്കിങ് ചെയ്യാറുള്ളത്. ഗ്രെല്ലിംജെൻ മുതൽ മെൽറ്റിജെൻ വരെ ട്രെക്ക് ഏകദേശം 8 കിലോമീറ്റർ ഉണ്ടാകും.

ഗ്രെല്ലിംജെൻ സ്റ്റേഷനിൽ നിന്നുള്ള മികച്ച ഇടങ്ങൾ ടൂറിസ്റ്റുകളെ ആകർഷിക്കുന്നവയാണ്. കാഴ്ചകൾ ആസ്വദിച്ച് ബിർസ് നദി (Contributory of Rhine River) തീരത്തിലൂടെ ഞങ്ങൾ ട്രെക്കിങ് ആരംഭിച്ചു.
നടപ്പാത കല്ലും മണ്ണും നിറഞ്ഞതായിരുന്നു. ബിർസ് നദിയുടെ കളകളാരവം കാതുകൾക്ക് ഇമ്പമേകി. നദിക്ക് അക്കരെ, വീടുകളുടെ കാഴ്ച ശരിക്കും ഭംഗിയുള്ളതായിരുന്നു. ശരത്കാല നിറങ്ങളാൽ ഭംഗിയേറിയ കാടുകളുടെ പശ്ചാത്തലത്തിൽ ദൂരക്കാഴ്ച സ്വപ്നതുല്യമായി തോന്നി.

കുത്തനെയുള്ള വഴിയിലൂടെ ഞങ്ങൾ ട്രെക്കിങ് തുടർന്നു, വേഗമേറിയ ട്രെയിനുകൾ വഴിയോരത്തിലൂടെ കടന്നു പോകുന്നതും കാണാം. ദൂരെ പായൽ കൊണ്ട് മൂടിയ പാറക്കെട്ടുകളും ഗുഹകളും അത്യധികം നിഗൂഡതകൾ നിറഞ്ഞ കാഴ്ചയായിരുന്നു.
പ്രകൃതി ഭംഗിയാൽ നിറഞ്ഞ 'ചെസ്സിലോക്ക്'
യാത്രയിൽ 4 കിലോമീറ്റർ നടത്തം പൂർത്തിയാക്കിയപ്പോൾ, ഞങ്ങൾ ചരിത്ര പ്രധാനമായ 'ചെസ്സിലോക്ക്'എന്ന സ്ഥലത്തെത്തി. നാലുചുറ്റും പ്രകൃതി ഭംഗിയാൽ നിറഞ്ഞ ഒരു സ്ഥലം. ഒരു വശത്തു ബിർസ് നദി ഒഴുകുന്നു. എതിർ വശത്തു കുത്തനെ നിൽക്കുന്ന ഒരു പാറയും, നേരെ നോക്കിയാൽ ശരത്കാല വർണങ്ങളാൽ അനുഗ്രഹീതമായ കാടും... പ്രകൃതിയുടെ രമണീയമായ ആ കാഴ്ച ജീവിതത്തിൽ ആദ്യമായാണ് ആസ്വദിക്കുന്നത്.

ഒന്നാം ലോക മഹായുദ്ധകാലത്തു (1914-18) അതിർത്തി സൈനികർ ചെസ്സിലോക്കിനടുത്തുള്ള തന്ത്രപ്രധാനമായ റെയിൽവേ പാലത്തിന് കാവൽ നിൽക്കുവാനായി ബിർസ് നദിയുടെ തീരത്ത് നിലയുറപ്പിച്ചിരുന്നു. അവർ വരച്ച ആയുധങ്ങളും മറ്റ് ചിഹ്നങ്ങളും പാറകളിൽ ഇന്നും ചരിത്ര സാക്ഷിയായി കാണാം. തറനിരപ്പിൽ തലയുയർത്തി നിൽക്കുന്ന ചെറിയ പാറകളിൽ പോലും ഈ ചിഹ്നങ്ങൾ കാണാം. സ്വിറ്റ്സർലൻഡിലെ ഏറ്റവും പ്രധാനപ്പെട്ട സൈനിക സാംസ്കാരിക സ്മാരകങ്ങളിലൊന്നായി ഇന്നും കണക്കാക്കപ്പെടുന്നു.
സഞ്ചാരികളുടെ പ്രിയയിടം
നാട്ടുകാർ ഈ സ്ഥലത്ത് എത്തിച്ചേരുന്നുണ്ടെന്നതിന് തെളിവായി അവിടെ പാചകം ചെയ്തത്തിന്റെ അടുപ്പുകളും മറ്റും കാണാമായിരുന്നു. കരിയിലകൾ കാലിനടിയിൽ പൊടിയുന്ന ശബ്ദവും, പക്ഷികളുടെ ചിലപ്പും വെള്ളം ഒഴുകുന്ന ശബ്ദവുമൊക്കെ മുന്നോട്ടുള്ള യാത്രയ്ക്ക് പ്രചോദനമായി.

മുന്നോട്ടുള്ള യാത്രയിൽ എത്തിച്ചേർന്നത് അതിമനോഹരമായ, ഹരിത ഭംഗിയാൽ ആവരണം ചെയ്യപ്പെട്ട സ്ഥലത്തായിരുന്നു. ശാന്തമായി ഒഴുകുന്ന ഇബാക് പുഴയുടെ തീരം ഞങ്ങളെ സ്വാഗതം ചെയ്തു. ക്യാമറക്കു വിശ്രമം കിട്ടിയില്ല. കണ്ണുകൾ കാണുന്ന ഭംഗി ക്യാമറയ്ക്കു പകർത്താൻ കഴിയില്ല എന്നത് സത്യം തന്നെ എന്ന് തോന്നിയ നിമിഷങ്ങളായിരുന്നു. പ്രകൃതി സൗന്ദര്യത്തിന്റെ വശ്യതയിൽ മുഴുകി ഞങ്ങൾ അവിടെ കുറച്ചു നേരം ചിലവഴിച്ചു.

ശരത്കാലത്തു ദിവസങ്ങൾക്കു ദൈർഘ്യം കുറവാണെന്ന അപ്രിയ സത്യം ഞങ്ങളെ സങ്കടപ്പെടുത്തി. ട്രെക്കിങ് തുടരാൻ കഴിയില്ല എന്ന യാഥാർഥ്യം മനസ്സിലാക്കിയതോടെ തിരികെ സ്റ്റേഷനിലേക്ക് നടന്നു.
വ്യത്യസ്തമായ വഴികളിലൂടെ, വ്യത്യസ്തമായ കാഴ്ചകൾ കണ്ടു ഞങ്ങൾ തിരികെ നടന്നു തുടങ്ങി. ആ ദേശവാസികളുടെ സൗന്ദര്യമാർന്ന വീടുകൾ തടി കൊണ്ട് നിർമിച്ചതായിരുന്നു. ബാല്യകാലത്തിൽ വായിച്ച കഥാപുസ്‌തകത്തിൽ നിന്നുള്ള ഏടുകൾ വീണ്ടും കണ്മുന്നിൽ തെളിഞ്ഞപോലെ തോന്നി. പുൽത്തകിടികൾ വഴിയോരങ്ങളിലുടനീളം പച്ച പരവതാനികൾ വിരിച്ചതു പോലെയായിരുന്നു.
സൂര്യൻ അസ്തമിക്കാൻ തുടങ്ങിയിരുന്നു! ശരത്കാല വനങ്ങളുടെ നിറപ്പകിട്ടാർന്ന മാസ്മര ഭംഗി മനസ്സിൽ നിറച്ചു അവിസ്മരണീയവും മാന്ത്രികവുമായ ഓർമകൾ സമ്മാനിച്ച ആ ദിവസം കടന്നുപോയി. മനസ്സ് അടുത്ത യാത്രക്കുള്ള തയാറെടുപ്പിൽ മുഴുകി.

അറിയാം
ബേസ് സിറ്റി: ജനീവ, സ്വിറ്റ്സർലൻഡ്.
ഉദ്ദിഷ്ടസ്ഥാനം: കൽറ്റ്ബ്രുന്നൻ
റെയിൽ വഴിയുള്ള ദൂരം: 260 കിമി
യാത്ര ചെയ്യാനുള്ള സമയം: മൂന്നര മണിക്കൂർ
ഏറ്റവും അടുത്ത റെയിൽവേസ്റ്റേഷൻ : ഗ്രെല്ലിംജെൻ
ഏറ്റവും അടുത്ത വിമാനത്താവളം: ബാസൽ
English Summary: Autumn trek through a valley in Switzerland