ADVERTISEMENT

വൈകുന്നേരം മൂന്ന് മണിയായി, ദൂരെ മലമടക്കുകളിൽനിന്നു കോടമഞ്ഞിനെ ആനയിച്ചുകൊണ്ടുവന്ന ഇളംകാറ്റ്, വരാന്തയിൽ വിദൂരതയിലേക്കു നോക്കിയിരിക്കുന്ന എന്നെ തലോടി കടന്നുപോയി. ഇവിടുത്തെ വയനാടൻ കാറ്റിന് കാപ്പിപ്പൂക്കളുടെ ഗന്ധമാണ്. കോടമഞ്ഞ് മൂടി കാഴ്ചകൾ വ്യക്തമാകുന്നില്ല. കാലാവസ്ഥകൊണ്ടും കാഴ്ച കൊണ്ടും വല്ലാത്തൊരു അനുഭൂതിയാണിവിടെ.

മുറ്റത്തെ പുൽത്തകിടിയോട് ചേർന്നുള്ള വെള്ള നിറത്തിലുള്ള ബെഞ്ച് എനിക്കിപ്പോൾ അവ്യക്തമായിക്കാണാം. 

wayanad-travel4
Image from After The Rains Official Site

"അതേ... ഞാനും വരുന്നു..."

നഗ്നപാദനായി മുറ്റത്തേക്കിറങ്ങുമ്പോൾ സിനിയും എന്റെ കൂടെ കൂടി.

"മോൻ എവിടെ...?"

"അവൻ ഉറങ്ങി...യാത്രാക്ഷീണം കാണും!"

മോൻ ഉണ്ടായ ശേഷം ഞങ്ങൾ ഒരുമിച്ചുള്ള ആദ്യത്തെ യാത്രയാണിത്. യാത്ര ഞങ്ങളെക്കാൾ ആസ്വദിച്ചത് അവനാണെന്നു തോന്നുന്നു. വീട്ടിൽനിന്ന് ഇറങ്ങിയതിൽ പിന്നെ, വഴിയിലെ കാഴ്ചകളെല്ലാം കണ്ട് ഇവിടെ എത്തിയ ശേഷമാണ് ഉറക്കത്തിലേക്ക് വീഴുന്നത്.

wayanad-travel

കൊറോണ ലോകത്തിനു നൽകിയ നഷ്ടങ്ങളേക്കാൾ, എന്റെ ജീവിതത്തിലുണ്ടായ ലാഭങ്ങളുടെ കണക്കെടുക്കാനാണ് ഞാനിപ്പോൾ ശ്രമിക്കുന്നത്. ഓഫിസിലെ നാലുചുവരുകൾക്കുള്ളിൽനിന്നു വീടിന്റെ വിശാലതയിലേക്ക് ജോലി മാറിയപ്പോൾ, അത് പ്രിയപ്പെട്ടവരിലേക്കുള്ള ഒത്തുചേരൽ കൂടിയായിരുന്നു. 

വയനാടിന്റെ കാഴ്ചയിലേക്ക്

wayanad-travel5

സഞ്ചാരികള്‍ക്ക് എന്നും പുതുമ നിറഞ്ഞ കാഴ്ചകള്‍ സമ്മാനിക്കുന്ന സുന്ദരയിടമാണ് വയനാട്. താമരശ്ശരി ചുരം കയറുന്നതുമുതൽ വയനാടിന്റെ ദൃശ്യചാരുതയ്ക്ക് തുടക്കമാകും. ചെറുതും വലുതുമായ നൂല്‍മഴയും കോടമഞ്ഞും പെയ്തിറങ്ങുന്ന ഈ ഹരിതഭൂവില്‍ എവിടേയ്ക്ക് കണ്ണുപായിച്ചാലും കാഴ്ചകളിലേക്കുള്ള കയറ്റിറക്കങ്ങളാണ്. 

wayanad-travel1

വയനാടിന്റ ഹരിതഭംഗി വർണനയിൽ ഒതുക്കാനാവില്ല. ടൂറിസത്തിന്റ പുതിയ കാലത്തിന്റ വാഗ്ദാനം കൂടിയാണ് വയനാട് എന്നുപറഞ്ഞാല്‍ അതിശയോക്തിയാകില്ല. ലക്ഷ്വറി റിസോര്‍ട്ടുകളും ആയുര്‍വേദ ചികിത്സയുടെ കേന്ദ്രങ്ങളും പ്രകൃതിജന്യ സുഗന്ധദ്രവ്യങ്ങളുമായാണ് വയനാട് രാജ്യാന്തര വിനോദസഞ്ചാര ഭൂപടത്തില്‍ ശ്രദ്ധ നേടുന്നത്. 

വയനാടൻ കാട്ടിലെ തണുത്ത കാറ്റേറ്റ് താമസിക്കുവാനായി ആഫ്റ്റർ ദ് റെയ്ൻസ് എന്ന റിസോർട്ടാണ് ഞങ്ങൾ തിരഞ്ഞെടുത്തത്. വയനാട് മേപ്പാടിയിൽനിന്നു മുന്നോട്ട് വന്ന് വലത്തേക്ക് തിരിഞ്ഞു കുറച്ചുകൂടി മുന്നോട്ട് വന്നാൽ റിസോർട്ടായി. റസ്റ്ററന്റിനോട് ചേർന്നുള്ള ബാൽക്കണിയിൽ നിന്നുകൊണ്ടു കിളികളുടെ സംഗീതത്തോടൊപ്പം കാടിന്റെ സൗന്ദര്യവും ആസ്വദിക്കാം.

wayanad-travel8

രാത്രിയിൽ കാപ്പിത്തോട്ടത്തിന് നടുവിൽ തീകാഞ്ഞു കൊണ്ടിരുന്ന ഞങ്ങളെ നോക്കി ആകാശത്തു നക്ഷത്രങ്ങൾ കണ്ണുചിമ്മിക്കൊണ്ടിരിക്കുന്നുണ്ടായിരുന്നു. തണുപ്പിനെ ശമിപ്പിക്കാൻ ഇത് മതിയാവില്ലെന്നു മനസ്സിലാക്കി ഞങ്ങൾ കമ്പളംമൂടിയിരുന്നു. കാടിന്റെ നിശബ്ദതയിൽ ക്യാംപ് ഫയറിന് ചുറ്റുമങ്ങനെ നിൽക്കുമ്പോൾ, ഈ ലോകം എന്നിലേക്ക് ചുരുങ്ങുന്നപോലെയാണെനിക്ക് തോന്നിയത്. 

ഒരു ദിവസത്തിലെ ഏറ്റവും മനോഹരമായ സമയം ഏതെന്നു ചോദിച്ചാൽ ഞാൻ പറയും നക്ഷത്രങ്ങൾ കഥകൾ പറയുന്ന രാത്രികളും സൂര്യകിരണങ്ങൾ പൊൻചുംബനം നൽകുന്ന പ്രഭാതങ്ങളുമാണെന്ന്. എന്നാൽ അതിനെല്ലാം അതിന്റെ പൂർണത വേണമെങ്കിൽ നമ്മുടെ പ്രിയപ്പെട്ടവർ കൂടെ വേണം.

wayanad-travel7

കിളികളുടെ പാട്ടുകേട്ടുകൊണ്ടാണ് ഞാൻ രാവിലെ ഉണർന്നത്. മങ്ങിയ വെളിച്ചത്തിൽ വെള്ളിമല, മുണ്ടക്കോയ് മലനിരകൾ അവ്യക്തമായി കാണാമെങ്കിലും താഴ്‍‍വാരത്തെ കാടുകൾക്കുള്ളിലൂടെ ചാലിയാർപുഴ കുതിച്ചൊഴുകുന്നതിന്റെ ശബ്ദം വ്യക്തമായിത്തന്നെ കേൾക്കാം. സൂര്യോദയം കാണാൻ, പാർക്കിങ് സ്ഥലവും കഴിഞ്ഞു മുന്നോട്ട് നടന്നാൽ പ്ലാന്റേഷന്റെ താഴെ‌‌ പ്രത്യേകം സ്ഥലമൊരുക്കിയിട്ടുണ്ട്. രാത്രിയിലെ മഞ്ഞുവീഴ്ചയും കോടമഞ്ഞും കാരണം സമയം ഏറെയായിട്ടും സൂര്യൻ ഞങ്ങൾക്ക് മുഖംകാണിക്കാതെ മറഞ്ഞുതന്നെനിന്നു. പ്രഭാതഭക്ഷണ ശേഷം ഞങ്ങൾ തോട്ടത്തിലൂടെ നടക്കാനിറങ്ങി. കാപ്പിയും കുരുമുളകും കൊക്കോയും തുടങ്ങി ഓറഞ്ചുവരെ ഇവിടെയുണ്ട്. 

മടക്കയാത്രയിലെ കാഴ്ച

മടക്കയാത്രയുടെ മടുപ്പ് മാറ്റുവാനായി, സമയം അനുവദിക്കുകയാണെങ്കിൽ ഏതെങ്കിലുമൊരു വിനോദസഞ്ചാര കേന്ദ്രം സന്ദർശിക്കുന്ന പതിവുണ്ടെനിക്ക്. ഇത്തവണ ഞങ്ങൾ പോയത് ബാണാസുര സാഗർ ഡാമിലേക്കാണ്. ടിക്കറ്റ് എടുത്ത് മുകളിലേക്ക് നടക്കുമ്പോൾ കാണുന്ന കാഴ്ചകളെല്ലാം പുതുമയുള്ളതായതിനാൽ ഞങ്ങളെല്ലാം ആവേശത്തിലായിരുന്നു.

കൽപറ്റയിൽ നിന്ന് 21 കിലോമീറ്റർ അകലെ പടിഞ്ഞാറത്തറ ഗ്രാമത്തിൽ കബിനി നദിയുടെ പോഷകനദിയായ കരമൻതോട് പുഴക്കു കുറുകെ സ്ഥിതി ചെയ്യുന്ന അണക്കെട്ടാണ് ബണാസുര സാഗർ ഡാം. ഇത് ഇന്ത്യയിലെ ഏറ്റവും വലിയ എർത്ത് ഡാമായും ഏഷ്യയിലെ രണ്ടാമത്തെ വലിയ ഡാമായും കണക്കാക്കപ്പെടുന്നു.  

ബാണാസുര കുന്നുകളുടെ സൗന്ദര്യവും ഡാമിലെ വെള്ളത്തിന്റെ ശാന്തതയും കണ്ട് അവിടെനിന്നുമിറങ്ങുമ്പോൾ നേരം ഇരുട്ടിയിരുന്നു. ഇനി മലപ്പുറത്തെ വീട്ടിലേക്ക്. കാഴ്ചകൾ കണ്ട് ചുരമിറങ്ങുമ്പോൾ ഇനിയും ഇങ്ങോട്ട് വരണമെന്ന് മാത്രമായിരുന്നു മനസ്സിൽ മന്ത്രിച്ചത്.

wayanad-travel12

English Summary: Wonderful journey to the Green Paradise of Wayanad

wayanad-travel10
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com