ADVERTISEMENT

നേപ്പാളി പുതുവർഷ രാത്രിയിൽ കാഠ്മണ്ഡുവിലെ ഥമേലിൽ ന്യൂ ഓർലീൻസ് കഫെയിൽ രൂപേഷ് ഖനാലുമായി സംസാരിച്ചിരുന്നപ്പോഴാണ് ട്രെക്കിങ്ങിന് പോകാനുള്ള തീരുമാനമെടുത്തത്. വിദേശികളുടെ പ്രിയ വിഹാര കേന്ദ്രമാണ് ഥമേൽ. ട്രാവൽ ഏജൻസികളും, ട്രെക്കിങ്ങ്, പർവതാരോഹണം തുടങ്ങി സാഹസികയാത്രകൾക്കു വേണ്ട സാമഗ്രികൾ വിൽക്കുന്ന കടകൾ കൊണ്ടും സമ്പന്നമായ ഇടമാണ് ഥമേൽ.   

നേപ്പാളികൾ ഏത് ആഘോഷങ്ങളിലും പിശുക്ക് കാണിക്കാത്തവരാണ്.  വിവാഹ ആഘോഷ യാത്രകളിൽ  ആണും, പെണ്ണും പ്രായഭേദമന്യേ നൃത്തം ചവിട്ടി പോകുന്ന കാഴ്ച ഖുർസനിറ്റാറിലെ എന്റെ വീടിന്റെ ജനാലയിലൂടെ പല തവണ ഞാൻ ഉത്സാഹത്തോടെ നോക്കി നിന്നിട്ടുണ്ട്. എന്റെ വീട്ടുടമയുടെ വിവാഹാഘോഷത്തിൽ പങ്കെടുത്തപ്പോൾ നൃത്തം ചവിട്ടാൻ ഞാനും ചേർന്നു. ആരും മാറി നിൽക്കുന്നില്ല, മദ്യവും, മാംസവും, നൃത്തവും ഒത്തുചേരുന്ന മനോഹരമായ ഒരു കോക്ടെയിൽ!! 

nepal-tripwith-Rupesh

ഒരു പഴയ തറവാടിന്റെ മാതൃകയിലുള്ള ഈ ഭക്ഷണശാലയുടെ പല മുറികളിലായി വിദേശികളും, നേപ്പാളി കുടുംബങ്ങളും ഉച്ചത്തിൽ സംസാരിച്ച് ഭക്ഷണം കഴിക്കുന്നു. നാളെയാണ് ഏപ്രിൽ 14. നമ്മുടെ വിഷു. ഞൊടിയിടയിൽ കാർൾസ്ബർഗിന്റെ ലഹരി ദൂരങ്ങളുടെ പരിഭവങ്ങളെ നിശബ്ദമാക്കി. വീട്ടിൽ ഞങ്ങൾ കുട്ടികൾ പടക്കം പൊട്ടിക്കാൻ തയാറാകുന്നു. അകത്ത് ഉണ്ണിയപ്പത്തിന്റെ സുഗന്ധം. പൂജാ മുറിയിൽ അമ്മ വരച്ച കോലത്തിനടുത്ത് പ്രകൃതിയുടെ പാരിതോഷികങ്ങൾ നാളത്തെ കണിയായി ഒരുക്കുന്ന അച്ഛൻ. കണികാണാൻ കണ്ണുപൊത്തി വന്നിരുന്ന കുട്ടിക്കാലം.  കൺപോളകളിൽ നാണയത്തിന്റെ ശീതള സ്പർശം. 'കണി കണിയോ' എന്ന് വിളിച്ച് വീടുകൾ തോറും വന്നിരുന്ന കുട്ടികൾ. അവർ തന്നെയല്ലേ ഏറ്റവും നല്ല കണി! നിഷ്കളങ്കതയുടെ ആ കാലങ്ങൾ ഇന്ന് നഷ്ടപ്പെട്ട കണിപോലെ മനസ്സിലെവിടെയോ ബാക്കിയാവുന്നു.

"നാളെ നേരത്തേ എഴുന്നേറ്റ് തയാറാകണം, ഞാൻ വരാം" എന്ന് രൂപേഷ് പറഞ്ഞപ്പോഴാണ് ന്യൂ ഓർലീൻസ്-ന്റെ ദീപവർണങ്ങളിലേക്ക് തിരിച്ചു വന്നത്."നമ്മൾ നാളെ ഒരു യാത്ര പോകുന്നു, നമ്മൾ രണ്ടുപേർ മാത്രം. ഗ്രാമങ്ങളിലൂടെ അലക്ഷ്യമായി ഒരു യാത്ര".

പിറ്റേന്ന് രാവിലെ ഏഴുമണിയോടെ രൂപേഷ് എന്റെ വീട്ടിലെത്തി. ആവശ്യമുള്ള സാധനങ്ങൾ ഒരു ബാഗിലാക്കി ഞങ്ങൾ രത്‌നാ പാർക്കിലേക്ക് പുറപ്പെട്ടു. കാഠ്മണ്ഡു നഗര മധ്യത്തിലുള്ള മൈതാനത്തിന് എതിർവശത്തുള്ള ബസ് സ്റ്റാൻഡാണ് രത്‌നാ പാർക്ക്. അത്യാവശ്യത്തിന് പഴങ്ങളും മറ്റും വാങ്ങി ഞങ്ങൾ ഭക്തപ്പൂരേക്കുള്ള ബസ് കയറി. നഗരത്തിൽ നിന്നും എട്ടു കിലോമീറ്റർ കിഴക്കാണ്‌ രാജഭരണ കാലത്തെ നഗരത്രയങ്ങളിൽ ഒന്നായ ഭക്തപൂർ. അൻപത്തിയഞ്ച് ജനാലകളുള്ള രാജകൊട്ടാരമാണ് ഇവിടുത്തെ പ്രധാനാകർഷണം. ഇഷ്ടിക പാകിയ വീഥികളും, പുരാതന കെട്ടിടങ്ങളും, മ്യൂസിയവും ചേർന്ന ഈ നഗരം ഒരിക്കൽ നേപ്പാളിന്റെ തലസ്ഥാനമായിരുന്നു. നമ്മുടെ 'യോദ്ധാ' സിനിമയിലെ കുറേ ഭാഗങ്ങൾ ചിത്രീകരിച്ചിരിക്കുന്നതിവിടെയാണ്. കൈത്തറി വസ്‌ത്രങ്ങൾക്കും , കരകൗശല വസ്തുക്കൾക്കും പ്രസിദ്ധമാണിവിടം. കൊട്ടാരത്തിന്റെ തെക്കുഭാഗത്തുള്ള 'പോട്ടേഴ്സ് സ്‌ക്വയർ' (Potters’ Square) കളിമണ്ണ് കൊണ്ട് മൺപാത്രങ്ങളും, ശില്പങ്ങളും ഉണ്ടാക്കുന്നവരുടെ സങ്കേതമാണ്. ഭക്തപൂർ സന്ദർശിക്കുന്നവർ ഇവിടുത്തെ ദഹി (തൈര്) കഴിക്കാതെ പോകാറില്ല.

nepal-trip3

നേപ്പാളികളുടെ ഭക്ഷണ ശീലമെന്നാൽ രാവിലെ പത്തിനും പതിനൊന്നിനുമിടയിൽ ചോറും, പരിപ്പും, ഒരു സബ്ജിയും ചേർത്ത് വയറ് നിറച്ചൊരു ഊണ്. ഉച്ചയ്ക്കും, വൈകുന്നേരവും ലഘു ഭക്ഷണം. രാത്രി എട്ടുമണിയോടടുത്ത് അത്താഴം. നേരത്തേ ഉറങ്ങുകയും, അതിരാവിലെ എഴുന്നേൽക്കുകയും ചെയ്യുന്ന രീതി കാർഷിക പാരമ്പര്യത്തിന്റെ ബാക്കിയായ ചില ശീലങ്ങളായിരിക്കാം. "പുലർന്നാലും പുലരാത്ത കണ്ണുകൾ" എന്നാണ് നേപ്പാളികളുടെ കണ്ണുകളെപ്പറ്റി വർണിക്കാൻ തോന്നിയിട്ടുള്ളത്. പക്ഷേ, എല്ലാവരുടെയും കാര്യത്തിൽ അത് ബാധകമല്ല. ഗോത്രങ്ങൾക്കനുസരിച്ച് മുഖരൂപവും, ആകാരവുമൊക്കെ വ്യത്യസ്തമാണ്. അതുകൊണ്ടു തന്നെ, നേപ്പാളികളെക്കുറിച്ച് പ്രചാരത്തിലുള്ള  സ്ഥിരസങ്കല്പങ്ങൾ പലതും തെറ്റാണ്‌.

nepal-trip2

ബസ് സ്റ്റാൻഡിൽ നിന്ന് അല്പം ദൂരെ ഒരു ഭക്ഷണ ശാലയിൽ ചെന്ന് വയറ് നിറയെ ഊണ് കഴിച്ചപ്പോൾ ഒന്ന് മയങ്ങിയാൽക്കൊള്ളാം എന്ന്  തമാശയോടെ രൂപേഷിനോട് ചോദിച്ചു. "യാത്രയുടെ തുടക്കം പോലുമായില്ല" എന്ന് ശകാരിച്ച് എന്നെ നഗർകോട്ടിലേക്കുള്ള തിരക്കേറിയ ഒരു ബസിൽ തള്ളിക്കയറ്റിക്കൊണ്ടാണ് രൂപേഷ് ആ മറുപടി പൂർത്തിയാക്കിയത്. ബസിന്റെ മുകളിൽ ധാരാളം യാത്രക്കാർ ഇരിക്കുന്നു. നല്ല ചൂടും, പൊടിയുമുള്ളതുകൊണ്ട് ആ പദ്ധതി ഉപേക്ഷിച്ചു. ഈ ബസ് പോയാൽ പിന്നെ അടുത്തത് അര മണിക്കൂറെങ്കിലും കഴിയും. ബസിൽ നാടൻ എണ്ണയുടെയും, മണ്ണിന്റെയും ഗന്ധമുള്ള സ്ത്രീകളും, കുട്ടികളും തിങ്ങി നിന്നു.

ഉച്ചത്തിൽ മുഴങ്ങിയ ഹിന്ദി പാട്ടുകൾ യാത്രയുടെ ദൂരവും, ക്ഷീണവും അനുഭവപ്പെടാതെ സഹായിച്ചു. ചില പാട്ടുകൾക്കൊത്ത് ചുണ്ടനക്കുന്ന സ്ത്രീകളെയും കണ്ടു.

എത്ര തവണ പോയാലും മതി വരാത്ത അതിമനോഹരമായ കുന്നിൻ പ്രദേശമാണ് നഗർകോട്ട്. ഭക്തപൂരിൽ നിന്നും ഇരുപത്തഞ്ച് കിലോമീറ്ററോളം വരും. ഹിമാലയ സാനുക്കളുടെ വശ്യമായ ദൃശ്യ വിരുന്നൊരുക്കി യാത്രികരെ കാത്തിരിക്കുന്ന ഇവിടെ മിക്കവാറും എല്ലാ റിസോർട്ടുകളിലും വൈകുന്നേരം നാടൻ പാട്ടുകൾ ഉണ്ടാകും. ദേവ് ആനന്ദിന്റെ 'ഹരേ രാമ ഹരേ കൃഷ്ണാ' എന്ന സിനിമയിലെ "കാൻചി രെ കാൻചി രെ" എന്ന പാട്ട് ഒരു ചെറിയ ഉദാഹരണം മാത്രം. എനിക്കേറ്റവും ഇഷ്ടപ്പെട്ട നേപ്പാളി ഫോക്ക് ഗാനങ്ങളിൽ ഒന്ന് "രേസം ഫിരീരീ രേസം ഫിരീരി" എന്ന പാട്ടാണ്. കുന്നുകളിൽ വസിക്കുന്ന മനുഷ്യ ജീവിതത്തിന്റെ സകല സൗന്ദര്യവും, നിഷ്കളങ്കതയും ആവാഹിച്ച ഗാനം. ഭക്തപൂരിൽ നിന്ന് നഗർകോട്ടേക്കുള്ള ചുരം പ്രകൃതി ഭംഗിയുടെ അനിർവചനീയമായ അനുഭവമാണ്. ഉദയാസ്തമനങ്ങളുടെ സൗന്ദര്യം  ക്യാമറയിലും, മനസ്സിലും മത്സരിച്ചൊപ്പിയെടുക്കാൻ ധാരാളം വിനോദസഞ്ചാരകരും, പ്രകൃതിസ്നേഹികളും, നഗരത്തിന്റെ തിരക്കിൽ നിന്ന് താത്കാലിക ആശ്വാസത്തിന്റെ വിശ്രമവേളകൾക്കായും ഇവിടെയെത്തുന്നു. തട്ടുകളായി കൃഷി ചെയ്യുന്ന ഗോതമ്പും, നെല്ലും, ചോളവുമൊക്കെ പ്രകൃതിയുടെ പുസ്തകത്തിലെ മാറുന്ന ഋതുക്കളുടെ താളുകളാണ്. കൊയ്ത്ത് കഴിഞ്ഞാൽ നെല്ല് നിറച്ചുവെക്കുന്ന വൈക്കോൽപ്പുരകൾ 'ടഹാര' എന്ന പേരിൽ അറിയപ്പെടുന്നു. വിളഞ്ഞു നിൽക്കുന്ന ഗോതമ്പുമണികളുടെ സ്വർണവർണ ഭംഗി കൊയ്ത്തിന് തൊട്ടുമുമ്പുള്ളതാണ്. കുന്നുകളിൽ മഞ്ഞും, മണ്ണും, മഴയും മനസ്സിന് എന്തെന്നില്ലാത്ത ഉന്മേഷവും ആഹ്ളാദവും പകരും. നനഞ്ഞ പല്ലുകളുടെ രോമാഞ്ചമറിയുമ്പോൾ മനസ്സ് സർഗാത്മകമാകും.

nepal-trip5

ബസിറങ്ങിയപ്പോൾ ഉച്ചയ്ക്ക് പന്ത്രണ്ടര മണി. പത്ത് കിലോമീറ്ററോളം നടന്ന് അല്പം വിശ്രമിക്കാൻ, പാത വിട്ട് ഒരു കാട്ടിലേക്ക് ഞങ്ങൾ കയറി. തൊട്ടടുത്തായി കാബേജ് കൃഷി ചെയ്യുന്ന ഒരു കുടുംബത്തെ കണ്ടു. അല്പനേരത്തിനു ശേഷം കുന്നുകളിറങ്ങി അടുത്ത ഒരു ഗ്രാമത്തിലേക്ക്. വഴിയിൽ ആലിംഗന ബദ്ധരായ കമിതാക്കൾ. പക്ഷേ, ആരും അവരെ ശ്രദ്ധിക്കുന്നില്ല. അത് കാഠ്മണ്ഡുവിലും, നേപ്പാളിൽ പൊതുവെ അങ്ങിനെയാണ്. ഇവിടുത്തെപോലെ സദാചാര ഗുണ്ടകളൊന്നുമില്ലാത്ത സമൂഹമാണ് നേപാളികളുടേത്. ഗ്രാമത്തിലെ കുട്ടികൾ ഒഴിഞ്ഞ ബിയർ ബോട്ടിലുകൾ ശേഖരിക്കുന്നു. നേപ്പാളിൽ മദ്യം ഒരു വിധം എല്ലാ കടകളിലും കിട്ടും. അതുകൊണ്ട് തന്നെ ബിവറേജസ് ക്യൂ ഒന്നുമവിടെയില്ല. 

nepal-trip4

നടന്നു നടന്ന് ഞങ്ങളെത്തിയത് കാർത്തികെ എന്ന ഗ്രാമത്തിൽ. ഒരു ചെറു ക്ലബ്ബിന്റെ മുന്നിൽ കുറച്ച് ചെറുപ്പക്കാർ റോഡരുകിൽ കാരംസ് കളിക്കുന്നു. പൊതുവെ, സമാധാനപ്രിയരാണ് നേപ്പാളികൾ. നഗരത്തിലെ റോഡുകളിൽ വാഹനങ്ങൾ പരസ്പരം ഉരസിയാലോ,വഴിപോക്കർ വണ്ടിക്കുമുന്നിൽ അറിയാതെ ചാടിയാലോ ആരും കയർത്ത് സംസാരിക്കില്ല. ഗ്രാമത്തിലൂടെ അല്പം മുന്നോട്ട് പോയപ്പോൾ കാട്ടിൽ നിന്നും ഇലകൾ കൊട്ടകളിലായി ശേഖരിച്ച് വരുന്ന സ്ത്രീകളെ കണ്ടു. കന്നുകാലികൾക്കുള്ള തീറ്റയാണ്, രൂപേഷ് പറഞ്ഞു. ഈ കൊട്ടകളെ നേപ്പാളിൽ 'ഡോക്കോ' എന്നാണ് വിളിക്കുന്നത്. പാതയുടെ ഇരുവശത്തും കുന്നുകളും, താഴ്വരകളും. ചിലയിടങ്ങളിൽ ആടുകൾ, തൊഴുത്ത്, ഒറ്റപ്പെട്ട വീടുകൾ ഒക്കെ ഉണ്ടെങ്കിലും ഒരു വിജനത! നേപ്പാളി തൊപ്പി ധരിച്ച ഒരു കർഷകൻ അൽപനേരം കൂടെക്കൂടി.

നേപ്പാളികളുടെ ദേശീയ, സാംസ്കാരിക ചിഹ്നമാണ് ഡാക്കാ ടോപ്പി. ബംഗ്ളാദേശിലെ ധാക്കയിൽ നിന്ന് വന്നതിനാലാണത്രെ ഈ പേര്. എനിക്ക് നേപ്പാളി പാട്ടുകളോടുള്ള ഇഷ്ടം രൂപേഷ് അദ്ദേഹത്തെ അറിയിച്ചപ്പോൾ അദ്ദേഹം പ്രശസ്തമായ ആ നേപ്പാളി ഫോക്ക് ഗാനം ആലപിച്ചു, "ആഹാ കലിലോ രാമാലൈ, സോദ് രാമാലൈ...", എന്നെപ്പോലെ ശുദ്ധഹൃദയനായ മറ്റൊരാളെ നിനക്ക് കാണാൻ കഴിയില്ല എന്നർത്ഥം വരുന്ന  ഈ പാട്ടറിയാത്തതും, പാടാത്തതുമായ നേപ്പാളി ഉണ്ടാകില്ല. അദ്ദേഹത്തിന്റെ കൂടെ ഒരു ഫോട്ടോ എടുത്തു. നേപ്പാളി ഗ്രാമീണരുടെ ഫോട്ടോ എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളുണ്ട്. ഒന്ന്, അനുമതി ചോദിക്കണം. സ്ത്രീകളാണെങ്കിൽ പ്രത്യേകിച്ചും. ചിലപ്പോൾ ചിലർ ഫോട്ടോയെടുത്തു കഴിഞ്ഞാൽ പൈസ ചോദിക്കാനും സാധ്യതയുണ്ട്. അല്പം ദൂരെ നടന്നപ്പോൾ ട്യൂഷന് പോകുന്ന ഒരു കുട്ടിപ്പട്ടാളം അടുത്തേക്ക് വന്നു. 

കയ്യിൽ പുസ്തകങ്ങളൊന്നുമില്ല, വടിയും മറ്റുമായി ഒരു സാഹസിക യാത്രയ്‌ക്കെന്നപോലെയാണ് മട്ടും, ഭാവവും!! പരസ്പരം കുസൃതി കാണിച്ചു വന്ന അവരോട് കുശലം പറഞ്ഞ് കൂടെ ചേരാൻ ശ്രമിച്ച എന്റെ നേരെ ഒരു കുസൃതിക്കുടുക്ക കരാട്ടേ അടവുകൾ കാണിച്ചടുത്തു. ഞാൻ ഭവ്യതയോടെ കീഴടങ്ങി. യോദ്ധായിലെ ജഗതിയുടെ ഡയലോഗ് ഓർമ വന്നു, "നേപ്പാളിയാണെങ്കിലും എരപ്പാളി തന്നെ". അടുത്തുള്ള ഒരു ചായക്കടയിൽ കയറി ഞങ്ങളോടൊപ്പം കട്ടൻ ചായയും, മാൽ പുവയും (മൈദ കൊണ്ടുണ്ടാക്കുന്ന പലഹാരം) കഴിച്ച് ആ കർഷകൻ മറ്റൊരു വഴിക്ക് പിരിഞ്ഞു. അദ്ദേഹവുമായി സംസാരിച്ചപ്പോഴാണ് ആ ഗ്രാമത്തിൽ ഏക്കറു കണക്കിന് സ്ഥലങ്ങൾ ബുദ്ധിസ്റ്റ് മൊണാസ്റ്ററികൾക്കായി വാങ്ങിയിട്ടിരിക്കുന്നതാണെന്നറിഞ്ഞു. ജാതി, ഗോത്ര വൈവിധ്യമായിരിക്കാം നേപ്പാളിൽ ബുദ്ധിസം വളരാൻ കാരണമായത്. നേപ്പാളിനെ കുറിച്ചുള്ള പൊതുധാരണ അതൊരു പൂർണ ബുദ്ധിസ്റ്റ് രാജ്യമെന്നാണ്, അല്ല. നേപ്പാൾ ജനസംഖ്യയുടെ ഒമ്പതോ പത്തോ ശതമാനം മാത്രമേ ബുദ്ധമതക്കാരുള്ളൂ, അതിൽ പലരും ടിബറ്റിൽ നിന്ന് പലായനം ചെയ്തവരാണ്. 2006-ഓടു കൂടി ഒരു മതേതര രാഷ്ട്രമായ നേപ്പാളിൽ ഇന്ന് വിവിധ മതക്കാരും, ആചാരങ്ങളും സാധാരണമാണ്.

nepal-trip

കാഠ്മണ്ഡുവിൽ നിന്ന് നാല്പതിലധികം കിലോ മീറ്റർ ദൂരെ തെക്കു കിഴക്കായി കാവരെ ജില്ലയിൽ ബുദ്ധമത വിശ്വാസികളുടെ പ്രിയപ്പെട്ട ത്യാഗഭൂമി, നാമോബുദ്ധയിൽ, ഞാനൊരിക്കൽ പോയി താമസിച്ചിട്ടുണ്ട്. പെൺ കടുവയ്ക്ക് ഭക്ഷണമായി സ്വയം സമർപ്പിച്ച ഒരു രാജകുമാരന്റെ പുരാണ കഥ ആ സ്ഥലത്തിന് പ്രാധാന്യം നൽകുന്നു. അവിടുന്ന് തിരിച്ചു വന്ന ടാക്സിയിൽ കൂടെ ഉണ്ടായിരുന്ന രണ്ട് ബുദ്ധ സന്യാസിമാർ വിലകൂടിയ ടാബ്‌ലെറ്റ്, മൊബൈൽ തുടങ്ങിയവ ഉപയോഗിക്കുന്നതും, സൗത്ത് ഇന്ത്യൻ സിനിമകളെക്കുറിച്ച് ആവേശത്തോടെ സംസാരിച്ചതും എന്നെ അത്ഭുതപ്പെടുത്തിയിട്ടുണ്ട്.

ബോജനി, ദുക്സാൻ, ചൗകി ബാൻജ്യങ് തുടങ്ങിയ ചെറുതും വലുതുമായ കുറെ ഗ്രാമങ്ങൾ താണ്ടിയാണ് രൂപേഷും, ഞാനും  ലാപ്‌സിഫെടി എന്ന സ്ഥലത്തെത്തിയത്.  സമയം വൈകീട്ട് ആറു മണി. ആ കുന്നിൻ മുകളിൽ വീടിനോട് ചേർന്നൊരു ചായക്കട ഉണ്ട്. പുറത്തു വെച്ച ബെഞ്ചിലിരുന്ന് ചായ കുടിച്ചുകൊണ്ട് ഞങ്ങൾ തുടർയാത്രയുടെ സാധ്യതകളെപ്പറ്റി അന്വേഷിച്ചു. കഷ്ടമെന്നു പറയട്ടെ, അനുകൂലമായ മറുപടിയല്ല കിട്ടിയത്. ഇനിയങ്ങോട്ട് കൊടും കാടാണ്, രാത്രിയാത്രയാണെങ്കിൽ തീരെ സുരക്ഷിതവുമല്ല. വന്യമൃഗങ്ങളുടേയും, കാട്ടുകള്ളന്മാരുടെയും ഭീഷണിയുണ്ട്. 

കുന്നുകളും, ആകാശവും ഇഴചേരുന്ന അസുലഭമായ സാന്ധ്യ ദൃശ്യങ്ങളിൽ നിന്നും പിന്മാറാൻ മനസ്സ് തയാറായില്ല. ഇന്ന് രാത്രി ഈ വീട്ടിൽ തങ്ങി പുലർച്ച പുറപ്പെട്ടാൽ മതിയെന്ന് രൂപേഷ് ഉപദേശിച്ചു. എന്തുകൊണ്ടാണെന്നറിയില്ല, പെട്ടെന്ന് എന്റെ മനസ്സ് പറഞ്ഞു, "നമ്മൾ ഇപ്പോൾ തന്നെ പുറപ്പെടുന്നു, കാട്ടിലൂടെ". അറിയിച്ചപ്പോൾ ആകെ അമ്പരന്ന് രൂപേഷ് എന്നെ നോക്കി. അത്യാവശ്യം ബിസ്കറ്റും, വെള്ളവുമൊക്കെ വാങ്ങി ഞങ്ങൾ യാത്ര തുടർന്നു. കാട് തുടങ്ങുന്നിടത്ത് ഫോറസ്ററ് ഡിപ്പാർട്മെന്റിന്റെ അനുമതി വാങ്ങാൻ രൂപേഷ് സെക്യൂരിറ്റി ഓഫീസിൽ പോയി പേരും, മറ്റു വിവരങ്ങളും നൽകി വന്നു. സ്വന്തം ഉത്തരവാദിത്തത്തിൽ മാത്രമേ അനുമതി നൽകാറുള്ളൂ എന്ന നിബന്ധന അംഗീകരിച്ച് ഞങ്ങൾ കാട്ടിലേക്ക് പ്രവേശിച്ചു.

കാട്ടിലൂടെയുള്ള യാത്ര ജീവിതത്തിലെ ഏറ്റവും ഭയാനകമായ  അനുഭവമായി. എങ്ങോട്ടാണ് പോകുന്നതെന്നോ, എപ്പോൾ എവിടെ എത്തുമെന്നോ ഒരു നിശ്ചയവുമില്ല. ഞങ്ങൾ ഈ യാത്രയ്ക്ക് ഒരു തയ്യാറെടുപ്പുമില്ലാതെയാണ് പുറപ്പെട്ടതെന്ന്  അധികം വൈകാതെ തന്നെ മനസിലായപ്പോൾ പരസ്പരം പുച്ഛത്തോടെ നോക്കി നിന്നു. കയ്യിൽ ഒരു ടോർച്ച് പോലുമില്ല. ഘോരവനത്തിന്റെ ഇരുട്ടും, പടരുന്ന രാത്രിയുടെ ഇരുട്ടും കൂടിയപ്പോൾ ഭീതി ഉള്ളിൽ കാട്ടുതീപോലെ പടർന്നു. ഒരു നിമിഷം 'ഇത് വേണമായിരുന്നോ?' എന്ന ചോദ്യം ഞങ്ങൾ പങ്കുവെച്ചു. വഴിയിൽ ഒരിടത്ത് എന്തോ കിടക്കുന്നത് കണ്ട ഞങ്ങൾ മുന്നോട്ട് പോകാൻ മടിച്ചു നിന്നു. 

മെല്ലെ മൊബൈലിന്റെ വെളിച്ചത്തിൽ ഞങ്ങൾ അതിനടുത്തേക്ക് നടന്നു. ഹൃദയമിടിപ്പ് കൂടിവന്നു. രൂപേഷ് എന്റെ കൈ മുറുകെ പിടിച്ചു. അടുത്തെത്തി നോക്കിയപ്പോഴല്ലേ കാര്യം മനസ്സിലായത്. വെള്ളം കെട്ടിനിൽക്കുന്നതാണ്!! പരസ്പരം നോക്കി ഞങ്ങൾ ചിരിച്ചെങ്കിലും അല്പം ഒരാശ്വാസമുണ്ട്. പക്ഷെ, ഭയം പൂർണമായും വെടിയാനാകില്ല. കാട്ടിലൂടെ ഇനിയും ഏറെ സഞ്ചരിക്കാനുണ്ട്. "എന്റെ ജീവിതത്തിൽ ആദ്യമായിട്ടാണ് ഇങ്ങനെ ഒരു യാത്രയ്ക്ക് ഞാൻ ഗൈഡായി പോകുന്നത്. ഇതിലിപ്പോ ആരാണ് ഗൈഡ് എന്ന് തന്നെ മനസിലാവാത്ത അവസ്ഥ", രൂപേഷ് ദയനീയതയോടെ എന്നെ നോക്കി പറഞ്ഞപ്പോൾ എനിക്ക് ചിരി അടക്കാനായില്ല.

കാതു തുരക്കുന്ന ചീവീടുകളുടെ ശബ്ദം ഇരുട്ടിന്റെ ആഴവും, മനസ്സിന്റെ അരക്ഷിതാവസ്ഥയും കൂട്ടി. അല്പദൂരം പിന്നിട്ടപ്പോൾ വഴികൾ രണ്ടായി പിരിയുന്ന ഒരിടത്ത് ഞങ്ങൾ ശങ്കിച്ച് നിന്നു. വരുന്നിടത്ത് വച്ച് കാണാം എന്ന് തീരുമാനിച്ച് താ‌‌‌ഴ്‌‌‌വരയിലേക്ക് ഇറങ്ങിപ്പോകുന്ന വഴി തെരെഞ്ഞെടുത്തു. റോബർട്ട് ഫ്രോസ്റ്റിന്റെയൊക്കെ കവിത ഇപ്പോഴാണ് ശരിക്കും അനുഭവിച്ചത്!! പിന്നീടങ്ങോട്ട് തേടിയത് വെളിച്ചം മാത്രം, വെളിച്ചമെന്നാൽ ആളുകൾ, വീടുകൾ അങ്ങിനെ അങ്ങിനെ...കുറച്ച് ദൂരം താണ്ടിയപ്പോൾ ഒരു വീട്ടിലെ വെളിച്ചം കണ്ടു. ഹോ, സമാധാനമായി. ഞങ്ങൾ ഉടനെ ആ ദിശയിലേക്ക് നടന്നു നീങ്ങി. പക്ഷേ, ആ വീട് ഏറെ ദൂരെ ഒരു കുന്നിൻ മുകളിലാണെന്നും ഞങ്ങൾ താഴ്‌‌‌വരയുടെ താഴെ ഒരിടത്താണെന്നും മനസ്സിലായപ്പോൾ ആ തീരുമാനം ഉപേക്ഷിച്ചു. രാത്രിയുടെ ഓരോ കുസൃതികൾ. തിരിച്ചു പോകുന്നതിനേക്കാൾ നല്ലത് മുന്നോട്ട് നടന്ന് മറ്റൊരു വീട് കണ്ടെത്തുന്നതാണെന്ന് മനസ്സിലാക്കി ഏറെ നേരം വീണ്ടും നടന്നു. അല്പസമയം കഴിഞ്ഞപ്പോൾ ഒരു വെളിച്ചം കണ്ടു. 

ആ വീടിന്റെ ഉമ്മറത്ത് ചെന്നു നിന്ന് വിളിച്ചു ചോദിച്ചു. അകത്ത് വെളിച്ചമുണ്ട്, ആരും കതക് തുറക്കുന്നില്ല, പുറത്തേക്ക് വരുന്നുമില്ല. "കതക് തുറക്കില്ല, വേറെയിടം നോക്കൂ", അകത്തു നിന്നൊരു സ്ത്രീ നേപ്പാളിയിൽ സ്നേഹത്തോടെയും, ഭയത്തോടെയും തിരസ്കരിച്ചു. അങ്ങിനെ പ്രതീക്ഷയുടെ ആ വെളിച്ചവും അകന്നുപോയി. ആ സ്ത്രീ കുറച്ചു ദൂരത്തായി ഗ്രാമ പഞ്ചായത്ത് സചിവിന്റെ വീടന്വേഷിക്കാൻ പറഞ്ഞതു പ്രകാരം ഞങ്ങൾ ഇരുട്ടിനെ ഭേദിച്ചൊടുവിൽ ആ വീട് കണ്ടെത്തി. ഇഷ്ടികകൾ കൊണ്ടുണ്ടാക്കിയ ആ വീടിന്റെ ഉമ്മറത്ത് ഒരു വൃദ്ധൻ ഇരിക്കുന്നു, കയ്യിൽ നീണ്ടൊരു വടിയുണ്ട്, പ്രായമേറെയുണ്ടെങ്കിലും നല്ല ആരോഗ്യവാനാണ്. ചാടിയെഴുന്നേറ്റ് വടിയുയർത്തി ഞങ്ങളെ ചോദ്യം ചെയ്തു. അകത്ത് വെളിച്ചമുണ്ട്, ആരൊക്കെയോ സംസാരിക്കുന്നു. രൂപേഷ് ആ വൃദ്ധനോട് ഒരു രാത്രി തങ്ങാനുള്ള അനുമതി അപേക്ഷിക്കുന്നത് കേട്ട് അകത്തുനിന്നൊരാൾ ഉമ്മറത്തേക്ക് വന്ന് ഞങ്ങളെ സ്നേഹത്തോടെ ക്ഷണിച്ചു. എന്നിട്ടും മുത്തച്ഛന് കലിപ്പ് തീർന്നതായി തോന്നിയില്ല. എന്തോ പിറുപിറുത്തുകൊണ്ട് അദ്ദേഹം ഞങ്ങളെ സൂക്ഷിച്ചു നോക്കി. ഗ്യാൻ ഗുരുംഗ്‌ എന്ന ആ യുവാവിന്റെ മുത്തച്ഛനാണ്‌ നൂറ്റിനാല് വയസ്സ് പ്രായമുള്ള ആ വൃദ്ധൻ എന്നറിഞ്ഞപ്പോൾ അദ്ദേഹത്തെ ബഹുമാനത്തോടെ ഒന്നുകൂടി തൊഴുത് ഞങ്ങൾ അകത്തേക്ക് കയറി. മുത്തച്ഛനെ പറഞ്ഞു മനസ്സിലാക്കാൻ ഗ്യാൻ പാടുപെടുന്നത് ഞങ്ങൾ വീണ്ടും കേട്ടു.

ഗ്യാൻ ഗുരുംഗ്‌ കാഠ്മണ്ഡുവിൽ ട്രാവൽ ഏജൻസി നടത്തുന്നു. അദ്ദേഹത്തിന്റെ സുഹൃത്തുക്കൾ കൂടെ വന്നിട്ടുണ്ട്. എല്ലാവരും അത്താഴത്തിനിരുന്നു. ഗ്യാനിന്റെ സഹോദരി  ലക്ഷ്മി നമുക്കും അത്താഴം വിളമ്പി. ചോറും, പരിപ്പും, സബ്ജിയും. വിശപ്പ് കൊണ്ട് കണ്ണ് കാണാത്ത അവസ്ഥയിലായിരുന്നു ഞങ്ങൾ രണ്ടു പേരും. മേലാസകലം വേദനയും. ആർത്തിയോടെ, പരിസരം മറന്ന് കഴിക്കുന്ന എന്റെ മുഖത്തേക്ക് അത്ഭുതത്തോടെ  നോക്കിയിരുന്ന അവർക്ക് യാത്രയുടെ ദൂരവും, ക്ലേശവും, ക്ഷീണവുമൊക്കെ വായിച്ചെടുക്കാൻ വിഷമമുണ്ടായില്ല. ബഹാദൂർ ഗുരുംഗെന്ന ആ മുത്തച്ഛൻ ഇടയ്ക്കിടെ അകത്തു വന്ന് ഞങ്ങളെ നോക്കി. ഞങ്ങൾ ഭക്ഷണം കഴിച്ചുകൊണ്ടിരുന്ന മുറിയുടെ ഒരു ഭാഗം തൊഴുത്താണ്. നാലോ അഞ്ചോ ആടുകൾ അവരുടെ അത്താഴം കഴിക്കുന്നു. ഈ വീട്ടിൽ മുമ്പൊരിക്കൽ ഒരു സന്ന്യാസി രാത്രി താങ്ങാൻ അനുവാദം ചോദിച്ചു വന്നിരുന്നത്രെ.

ആളുടെ കയ്യിലിരിപ്പ് ഉടൻ പിടികിട്ടിയപ്പോൾ മുത്തച്ഛൻ അയാളെ അടിച്ചോടിക്കുകയാണുണ്ടായതത്രെ. അതാണ്, ഞങ്ങളെയും സംശയത്തോടെ തടഞ്ഞു നിർത്തിയത്. നേപ്പാളിൽ ഹോം സ്റ്റേ അഥവാ 'ബാസ് ബസ്‌നി' വിനോദ സഞ്ചാരികൾക്കിടയിൽ പ്രസിദ്ധമാണ്. പക്ഷെ, ഇങ്ങനെയുള്ള ചില മോശം അനുഭവങ്ങൾ മതി ആതിഥ്യമര്യാദയുടെ നിഷ്കളങ്കതയെ നശിപ്പിക്കാൻ. അത്താഴം കഴിഞ്ഞപ്പോൾ ഒന്ന് കിടന്നാൽ മതിയെന്നായി. രൂപേഷിനും, എനിക്കും മുകളിലെ മുറിയിൽ ഉറങ്ങാൻ സൗകര്യം ഒരുക്കിയിരുന്നു. പുതച്ചുറങ്ങാൻ കട്ടിയുള്ള കമ്പിളിപുതപ്പുകളും. ഏപ്രിൽ മാസമാണെങ്കിലും ചൂട് തുടങ്ങിയിട്ടില്ല. കാടിന്റെ മധ്യത്തിലായതിനാലാകണം തണുപ്പുണ്ട്. 'കുതിര വിറ്റുറങ്ങി' എന്ന ഹിന്ദിയിലെ ചൊല്ലുപോലെ ഉറക്കത്തിന്റെ ആരോഹണാവരോഹണങ്ങളിൽ ഒരു അപ്പൂപ്പൻ താടിപോലെ, നിദ്രയുടെ കുന്നുകളും, താഴ്‍‍വരകളും അനായാസമായി താണ്ടി പറന്നു നടന്നു.

സൂര്യോദയത്തിന്റെ രമണീയമായ സൗന്ദര്യത്തിലേക്കാണ് കണ്ണ് തുറന്നത്. കുന്നുകളുടെ നേരെ നോക്കിയപ്പോൾ ഞങ്ങൾ താണ്ടി വന്ന വഴി ഓർത്ത് പേടിച്ചു പോയി, സാഹസികമായ എന്തോ ഒന്ന് ചെയ്തുവെന്ന അഭിമാനവും തോന്നി. രാത്രി ഗ്രാമീണർ പോലും ആ വഴി വരാറില്ലത്രേ. "ഇത് വെറും വട്ട് കേസാണെന്ന്" ഗ്യാനും, സുഹൃത്തുക്കളും എന്നെ നോക്കി രൂപേഷിനോട് പറയുന്നത് അവരുടെ ചിരിയിലൂടെ മനസ്സിലാക്കി. അല്പം അഭിമാനത്തോടെ മസിലു പിടിക്കാൻ ശ്രമിച്ചതൊക്കെ വെറുതെയായി!! ഗ്യാനും, സുഹൃത്തുക്കളും ഈ സ്ഥലത്ത് പച്ചക്കറി കൃഷി തുടങ്ങാനുള്ള പദ്ധതിയുടെ പ്രാരംഭ ചർച്ചകളിലാണ്. ലക്ഷ്മി ഗുരുംഗ്‌ നന്നായി ഇഞ്ചി ചേർത്തുണ്ടാക്കിയ ചായയോടൊപ്പം ബിസ്കറ്റും കഴിച്ച് ഞങ്ങൾ തിരിച്ച് പുറപ്പെടാൻ തയ്യാറായി. ഇനി കാഠ്മണ്ഡുവിലേക്ക് പോകുന്നതാണ് നല്ലത്. ചീസോപാനിയിലേക്ക് ഇനിയും നാല് മണിക്കൂറെങ്കിലും വേണം. എനിക്കാണെങ്കിൽ വൈകുന്നേരത്തോടെ കാഠ്മണ്ഡുവിൽ തിരിച്ചെത്തേണ്ടതുമുണ്ട്. 

ഹിമാലയ പർവത നിരകളുടെ മനോഹാരിത അടുത്ത് നിന്ന് കാണാനുള്ള മുഖ്യമായ ഒരു വിനോദസഞ്ചാര കേന്ദ്രമാണ് ചീസോപാനി. ട്രെക്കിങ്ങിന് ധാരാളം ആളുകളെത്തുന്ന സ്ഥലം. ഗ്യാൻ കാഠ്മണ്ഡുവിലേക്ക് പോകുന്നു, സുഹൃത്തുക്കൾ ഒന്നോ രണ്ടോ ദിവസം ഇവിടെത്തന്നെ കാണും. ലക്ഷ്മി മുറ്റമടിക്കാനും, ആടുകൾക്ക് തീറ്റ കൊടുക്കാനും തുടങ്ങിയപ്പോൾ ഞങ്ങൾ പുറപ്പെട്ടു. വീടിനും, പരിസരത്തിനും ആകെ ഒരു 'ഭരതൻ ടച്ച്'. ഹോട്ടലിൽ താമസിച്ചല്ല ഒരു സ്ഥലത്തെയും, സംസ്കാരത്തെയും അറിയേണ്ടത്. ഗുരുംഗിന്റെ വീട് ഒരു സാംസ്കാരിക താവളമാണ്. എ കൾച്ചറൽ അബോഡ് (a cultural abode). ഇവിടെ കുറച്ചു നാൾ കൂടി തങ്ങാൻ കഴിഞ്ഞിരുന്നെകിൽ ആശിച്ചുപോയി.  വെറുതെയല്ല മുത്തച്ഛൻ സെഞ്ച്വറി അടിച്ചത് ! അല്പം ശുദ്ധവായു ഒരു ബാഗിൽ നിറച്ച് കാഠ്മണ്ഡുവിലേക്ക് കൊണ്ടുപോകാൻ കഴിഞ്ഞിരുന്നെങ്കിൽ!

ഞങ്ങളുടെ യാത്ര ഇനി കാടുകളുടെ വേറൊരു ഭാഗത്തുകൂടി കുന്നിറങ്ങി കാഠ്മണ്ഡുവിലേക്കാണ്. ഗ്യാൻ കൂടെയുള്ളത് കൊണ്ടും, പകലായതുകൊണ്ടും പുതിയ മണ്ടത്തരങ്ങൾക്കുള്ള സാധ്യത കുറഞ്ഞു. വഴിയിലെ ഒരരുവിയിൽ നിന്നും ബോട്ടിലിൽ വെള്ളം നിറച്ചു, അല്പം കുടിച്ചപ്പോൾ വയറു നിറച്ച് പ്രാതൽ കഴിച്ച സുഖം. ഗ്രാമത്തെപ്പറ്റിയും, വഴിയിലെ കാഴ്ചകളെപ്പറ്റിയും ഗ്യാൻ പറഞ്ഞു തന്നു. പാതയിൽ പലയിടത്തുമായി പൂത്തു നിൽക്കുന്ന കാട്ടുപൂവരശ് (Rhododendron) നേപ്പാളിന്റെ ദേശീയ പുഷ്പമാണ്. നേപ്പാളിയിൽ ഇതിനെ 'ലാലി ഗുറാസ്' എന്ന് വിളിക്കുന്നു. ഏറെ ഔഷധഗുണങ്ങളുള്ള ഈ ചുവന്ന പുഷ്പത്തിന്റെ ഇതളുകൾ വിഴുങ്ങുന്നത് തൊണ്ടയിൽ മീൻ മുള്ളോ മറ്റോ കുടുങ്ങിയാൽ ഏറെ ഫലം ചെയ്യുമത്രേ. രോഗികളെ സന്ദർശിക്കുന്നവർ പൊതുവെ ലാലീഗുറാസ് കൂടെ കൊണ്ടുപോകുമത്രേ. ഓരോ നേപ്പാളിയുടെ വീട്ടിലും ഒരു കാട്ടുപൂവരശ് ഉണ്ടാകണമെന്നാണ്  പ്രമാണം.

സുന്ദരിജൽ വഴി കാഠ്മണ്ഡുവിലേക്കാണ് ഞങ്ങളുടെ യാത്ര. സുന്ദരിജലിലേക്ക് ഇനിയും ദൂരമുണ്ട്. വഴിയിൽ സല്ല മരങ്ങളുടെ ഇലകളുടെ നൈർമല്യം തൊട്ടറിഞ്ഞു. തീപ്പെട്ടികൊള്ളിയുണ്ടാക്കാനും ചില ഫർണീച്ചറുകളുണ്ടാക്കാനുമായി ഈ മരം ഉപയോഗിക്കുന്നു.

ഒമ്പത് മണിയോടടുത്ത് ഞങ്ങൾ മുൽക്കർക്ക എന്ന ഗ്രാമത്തിലെത്തി ഒരു ചായക്കടയിൽ കയറി ഓംലെറ്റ്, കടലപ്പുഴുക്ക്, പിന്നെ ഡുൻഡ്രോ (കുഴല് എന്നൊക്കെ നമ്മൾ വിളിക്കുന്ന ആ മഞ്ഞ പലഹാരം) എന്നിവ കഴിച്ചു. പുട്ടും കടലയോ, പൊറോട്ടയോ ഒന്നും ഇവിടെ കിട്ടില്ല. കുട്ടിക്കാലത്ത് ഓരോ വിരലിലും വാദ്യക്കാരെപ്പോലെ 'ഡുൻഡ്രോ' ധരിച്ച് കഴിച്ചിരുന്ന നിഷ്കളങ്കതയുടെ ഉപ്പുരസം അറിഞ്ഞു. കടയിൽ ക്യാമറ ബാറ്ററിക്ക് ഊർജം പകരാൻ വെച്ചു. ആ മുറ്റത്ത് ആട്, കോഴി, പട്ടികൾ തുടങ്ങി ഗ്രാമീണ ജീവിതത്തിന്റെ എല്ലാ സാന്നിധ്യങ്ങളുമുണ്ട്. ഈ ഗ്രാമത്തിൽ കൂടുതലും നേവാർ, തമാംഗ് തുടങ്ങിയ ഗോത്രത്തിൽ പെട്ടവരാണ്.

അല്പദൂരം നടന്നപ്പോൾ തമാംഗ് സ്ത്രീകൾ മക്കായി (ചോളം) കൃഷി ചെയ്യാൻ വടി കൊണ്ട് മണ്ണിൽ കിളയ്ക്കുന്നത് കണ്ടു. ചില വീടുകൾ ചാരായം വാറ്റ് കേന്ദ്രങ്ങളാണ്. മദ്യമില്ലാതെ എന്ത് നേപ്പാൾ? "സൂര്യാസ്‌ത്‌, നേപ്പാൾ മസ്ത്ത്" എന്നൊരു ചൊല്ലുണ്ട്. 'രക്‌സി' എന്ന മദ്യം നേവാരികളുടെ ഇടയിൽ പ്രസിദ്ധമാണ്. കാഠ്മണ്ഡുവിലെ ഒരു ഭക്ഷണശാലയിൽ ചെറു മൺപാത്രത്തിൽ കുടിച്ച രക്‌സി ഇറങ്ങിപ്പോയ വഴികൾ ഒരു അനാട്ടമി ക്ലാസിനും പറഞ്ഞു തരാൻ കഴിയാത്തതാണ്!! ചോളത്തിൽ നിന്നാണ് രക്‌സി ഉണ്ടാക്കുന്നത്. തമാംഗുകളുടെ ഇടയിൽ പ്രസിദ്ധമായ മദ്യം 'തുംഗ്ബ'യാണ്. ശിശിരകാലത്തെ മദ്യമാണ് തുംഗ്ബ. സ്ട്രോ ഉപയോഗിച്ച് ഒരു വലിയ പാത്രത്തിൽ നിന്ന് വലിച്ചു കുടിക്കുന്നതാണ് അതിന്റെ രീതി. രക്‌സിയുടെ തീഷ്ണതയില്ലെങ്കിലും തുംഗ്ബ ഒരു വ്യത്യസ്താനുഭവം തന്നെയാണ്.

സുന്ദരി ജലിലേക്കുള്ള യാത്ര കുത്തനെയാണ്. പടവുകൾ ഉണ്ടെങ്കിലും കാൽ വേദനിക്കുന്നു. ശരീരത്തിന്റെ ഭാരം മുഴുവനും കാൽ മുട്ടിലേക്ക് ഒതുങ്ങുന്നതുകൊണ്ടു തന്നെ ഇറക്കമാണ് കയറ്റത്തേക്കാൾ ബുദ്ധിമുട്ട്. സുന്ദരിജൽ പേരുപോലെ തടാകവും, ഡാമും, പ്രകൃതിയുടെ പ്രസന്നമായ പച്ചപ്പും ഒത്തു ചേരുന്ന സൗന്ദര്യ സമൃദ്ധമായ പറുദീസയാണ്. കാഠ്മണ്ഡുവിൽ നിന്ന് ധാരാളം സന്ദർശകരും, സാഹസിക യാത്രക്കാരുമൊക്കെ നേപ്പാളിന്റെ മുഖ്യ ജലവൈദ്യുത പദ്ധതികളിലൊന്നായ ഇവിടെ നിരന്തരം എത്തിച്ചേരുന്നു. ഉത്തര-പശ്ചിമ കാഠ്മണ്ഡുവിന്റെയും, ശിവപുരി നാഷണൽ പാർക്കിന്റെയും മധ്യത്തിലാണിത് സ്ഥിതിചെയ്യുന്നത്. സുന്ദരി മായിയുടെ (ദേവി) ക്ഷേത്രം ഉള്ളതുകൊണ്ടാണ് ഈ പേര് വന്നത്. പശുപതിനാഥ് ക്ഷേത്രത്തിനോട് ചേർന്ന് കാഠ്മണ്ഡുവിലൂടെ ഒഴുകുന്ന ബാഗ്മതി എന്ന നദിയുടെ ഉറവിടമാണിത്. പക്ഷെ, ഈ ജല സംഭരണി സന്ദർശകരുടെ അശ്രദ്ധകൊണ്ട് മലിനമാക്കപ്പെടുന്നു. കാഠ്മണ്ഡുവിലേക്ക് കുടിവെള്ളം എത്തിക്കുന്ന ഈ സംഭരണിയുടെ മാലിന്യം ഉണ്ടാക്കുന്ന  ആരോഗ്യപ്രശ്നങ്ങൾ എടുത്തു പറയേണ്ടതില്ലല്ലോ. ബാഗ്മതി പോലെ ബിഷ്ണുമതി, മനോഹര, രുദ്രമതി, മഹാദേവ്കൊലാ, ഹനുമന്ത കോലാ തുടങ്ങി ഏഴോ എട്ടോ നദികൾ നേപ്പാളിന്റെ പല ഭാഗത്തു നിന്നും കീർത്തിപൂരിലെ "ചോബാർ" എന്ന സ്ഥലത്ത് ഒത്തു ചേർന്ന് ഒറ്റ നദിയായി ഇന്ത്യയിലേക്കൊഴുകുന്നു.

സുന്ദരിജലിന്റെ വടക്ക് നിന്നാണ് ശിവപുരി നാഗാർജുൻ നാഷണൽ പാർക്ക് തുടങ്ങുന്നത്. വർഷങ്ങൾക്കുമുമ്പ് നാഷണൽ വൈൽഡ് റിസേർവ് ആയിരുന്ന ഇവിടം ഇപ്പോൾ നാഷണൽ പാർക്ക് മാത്രം. കാട്ടിലൂടെ ഞങ്ങൾ യാത്ര തുടർന്നു. വഴിയിൽ ട്രെക്കിങ്ങിനായി ചീസോപാനിയിലേക്ക് കൂട്ടമായി പോകുന്ന വിദേശികളെ കണ്ടു. കുന്നിറങ്ങി ഞങ്ങൾ റോഡിലെത്തി. കാഠ്മണ്ഡുവിലേക്കുള്ള ബസിൽ കയറി ഇരുന്നപ്പോൾ കാലുകൾക്ക് വല്ലാത്തൊരു മരവിപ്പ്.

 ഇപ്പോഴാണ് കാലുകളെപ്പറ്റി ചിന്തിച്ചത്. തിരക്കും ശബ്ദവുമുണ്ടെങ്കിലും ബസിലിരുന്നല്പം മയങ്ങി. മഹാരാജ്‌ഗംജ് വഴി ലാസിംപാത്തിലെത്തി. ലാസിംപാത്ത് ഇന്ത്യൻ എംബസ്സി സ്ഥിതിചെയ്യുന്ന സ്ഥലമാണ്. ദേഹം മുഴുവൻ വേദനയുള്ളതുകൊണ്ട് ഉടൻ തന്നെ നല്ലൊരു മസാജ് പാർലറിൽ കയറി. രണ്ടു മണിക്കൂർ നീണ്ട ആ തടവലിൽ ഞാൻ വീണ്ടും ഉന്മേഷവാനായി. അടുത്ത യാത്രയ്ക്കിതാ ഞാൻ റെഡി. പക്ഷെ, അപ്പോൾ മനസ്സിൽ മുഴങ്ങി കേട്ടത് പിരിയുമ്പോൾ കെട്ടിപിടിച്ച് രൂപേഷ് പറഞ്ഞ ഡയലോഗ് ആണ്, "മേലാൽ ഈ പണിക്ക് ഞാനില്ല. ജീവൻ തിരിച്ചുകിട്ടിയത് തന്നെ ഭാഗ്യം.".

സീഡ് ബുക്സ് പ്രസിദ്ധീകരിച്ച സന്തോഷ് കാനായുടെ 'കാഠ്മണ്ഡു' എന്ന പുസ്തകത്തിൽ നിന്ന്) പുസ്തകം കേരളബൂക്സ്റ്റോർ എന്ന വെബ്സൈറ്റ് വഴി വാങ്ങാം) 

English Summary: Nepal Travel Experience

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com