കാടിന്റെ കുളിരിൽ അച്ചൻകോവിൽ വിളിച്ചപ്പോൾ
Mail This Article
കാടിന്റെ കുളിരിൽ അച്ചൻകോവിൽ ക്ഷേത്രവും അവിടേക്കു വനപാതയിലൂടെയുള്ള സഞ്ചാരവും ഒരു അനുഭൂതി എന്നതിലുപരി ഒരു സ്വയം കണ്ടെത്തൽ കൂടിയാണ്. കാട് സർവചരാചരങ്ങളുടെയും ഉൽപതിയുടെ മൂലസ്ഥാനം ആണെന്ന പൊരുൾസത്യം തിരിച്ചറിയാൻ ഇത്തരം യാത്രകൾ സഹായിക്കും. ഇതു മനസ്സിലാകുന്നവർ ഭാഗ്യവാന്മാർ.
ധർമശാസ്താവിന്റെ ജീവിത ദശകളുമായി അഭേദ്യ ബന്ധം കാത്തു സൂക്ഷിക്കുന്ന വിശിഷ്ട ക്ഷേത്രങ്ങളിൽ ഒന്നാണ് അച്ചൻകോവിൽ. ഇവിടുത്തെ അയ്യപ്പപ്രതിഷ്ഠയുടെ ഇരുവശങ്ങളിലും പത്നിമാരായ പൂർണയും പുഷ്കലയും നിൽക്കുന്നു എന്നതാണ് ഒരു സവിശേഷത. ആര്യങ്കാവിൽ അയ്യനായും കുളത്തൂപ്പുഴയിൽ ബാലകനായും ഭക്തർക്ക് ആത്മനിർവൃതിയേകുന്ന അയ്യപ്പസ്വാമി ഇവിടെ ഗൃഹസ്ഥനായി കുടികൊള്ളുമ്പോൾ ഒരു പുരുഷായുസ്സിന്റെ പൂർണത ഈ ക്ഷേത്രങ്ങൾ സന്ദർശിക്കുന്ന ഒരു ഭക്തന് ബോധ്യമാകും.
ഓരോ വ്യക്തിക്കും അനിർവചനീയമായ അനുഭൂതിയായി മാറുന്നു ഇവിടേക്കുള്ള യാത്ര. ഒരു കാര്യം കൂടി സൂചിപ്പിക്കാതെ വയ്യ. സുരിമുത്തു അയ്യനാർ ക്ഷേത്രവും ഈ വിശിഷ്ട ക്ഷേത്ര പട്ടികയിൽ പെടും. തിരുനെൽവേലി ജില്ലയിൽ പാപനാശത്തിനു സമീപം സ്ഥിതി ചെയ്യുന്നു ഈ അയ്യപ്പ ക്ഷേത്രം. പറഞ്ഞു വരുന്നത് തമിഴകവും അയ്യപ്പനും തമ്മിലുള്ള ആത്മബന്ധത്തെ കുറിച്ചാണ്. ആര്യങ്കാവിലും അച്ചൻകോവിലിലും തമിഴ് സംസ്കാരത്തിന്റ വേരുകൾ ആഴത്തിൽ ഓടിയിരിക്കുന്നു എന്നത് നമുക്ക് അവിടെ എത്തുമ്പോൾ മനസ്സിലാവും. കാട്, മലയാളനാട്, തമിഴകം, തത്വമസിയെന്ന സത്യം ഇതെല്ലാം കൂടി ചേർന്നുള്ള, സ്വത്വം തേടിയുള്ള ഒരു യാത്രയല്ലേ ഇത് എന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. ഈ വഴികളിൽ ഏകാഗ്രതയോടെ എല്ലാം മറന്നു യാത്ര ചെയ്യുന്ന പഥികനു മാത്രമേ ഇതു മനസ്സിലാകൂ. യഥാർഥത്തിൽ നമ്മളെല്ലാം ഏകാന്തത പഥികരല്ലേ. വന്നതും ഒറ്റയ്ക്ക് പോകുന്നതും ഒറ്റയ്ക്ക്.
രണ്ടു ദിശകളിൽനിന്ന് ഇവിടെ എത്താം
രണ്ടു ദിശകളിൽനിന്ന് അച്ചൻകോവിൽ ശാസ്താ ക്ഷേത്രത്തിൽ എത്താം. ഒന്ന് പുനലൂരിൽനിന്ന് ആലിമുക്ക് വഴിയും മറ്റൊന്ന് തമിഴ്നാട്ടിൽനിന്നു ചെങ്കോട്ട വഴിയും. രണ്ടായാലും കാട്ടിലൂടെ മാത്രമേ ഇവിടെ എത്താൻ കഴിയൂ. ഈയിടെ ആലിമുക്കിൽനിന്ന് അച്ചൻകോവിലിലേക്കുള്ള റോഡ് പുനർനിർമിച്ചത് അനുഗ്രഹമായി. അങ്ങിനെ തിരുവനന്തപുരത്തുനിന്നു പുറപ്പെട്ട ഞങ്ങൾ ആയൂരിൽനിന്നു പുനലൂർ വഴി ആലിമുക്കിൽ എത്തി. പിന്നെയങ്ങോട്ട് കാനന പാത തുടങ്ങുകയായി. മനസ്സിനും ശരീരത്തിനും കുളിരും സമാധാനവും ഏകുന്ന യാത്ര. പക്ഷികളുടെ കളകൂജനവും കാടിന്റെ ശീതളച്ഛായയും ഡ്രൈവിങ് അനായാസവും രസകരവുമാക്കി. കാടിനെ വകഞ്ഞു റോഡ് അങ്ങനെ വളഞ്ഞുപുളഞ്ഞു മുന്നിൽ ഒരു സർപ്പം പോലെ. ഇടയ്ക്ക് കാടിന്റെ നിബിഡതയെ തുരങ്കം വച്ച് അവിടിവിടെ കുറച്ചു വീടുകളും.
ജനവാസം നന്നേ കുറവുള്ള സ്ഥലങ്ങൾ പിന്നിട്ട് കാർ മുന്നോട്ടു കുതിച്ചു. അയ്യപ്പന്മാർ കാൽനടയായി എതിരെ നടന്നു വരുന്നു. ഒറ്റയ്ക്ക് നടക്കുന്നവരും ഉണ്ട്. മിക്കവാറും അൻപതു പിന്നിട്ടവർ. ചിലരുടെ മുഖത്തു നിസ്സംഗത. മറ്റു ചിലരാകട്ടെ യാത്രയിൽ മുഴുകി കാടിനെ ആസ്വദിച്ചു ചിരിയുടെ അകമ്പടിയോടെ നടന്നകലുന്നു. ആലിമുക്കിൽനിന്ന് ഏകദേശം 38 കി.മി. ഉണ്ട് അച്ചൻകോവിലിലേക്ക്. പകുതി ദൂരം കഴിഞ്ഞപ്പോൾ ഒരു കവലയിൽ എത്തി. കുളിച്ചു വൃത്തിയായി വസ്ത്രം ധരിച്ച ഒരു മധ്യവയസ്കനോടു വഴി ചോദിച്ചു. അയാളും ആ വഴിക്കാണ്, കൂടെ കയറട്ടേ എന്നു ചോദിച്ചപ്പോൾ കയറാൻ പറഞ്ഞു.
വഴിയോരത്ത് ഒരു അമ്പലവും അതിന്റെ പുറകിലായി ചെറു പുഴയും. വണ്ടി നിർത്തി ഇറങ്ങി. ഈ സ്ഥലത്തിന്റെ പേര് കോട്ടക്കയം ആണെന്ന് മനസ്സിലായത് കോട്ടക്കയം ദേവി ക്ഷേത്രം എന്ന ബോർഡ് കണ്ടപ്പോഴാണ്. ഇതിന്റെ പിന്നിലൂടെ ചെറുവെള്ളച്ചാട്ടങ്ങളും പാറകളും താണ്ടി ഒഴുക്കുന്ന ഒരു ചെറിയ പുഴ. നദി എന്ന് വിളിക്കാൻ തക്ക വലുപ്പമില്ലാത്ത ആ കാട്ടരുവിയിൽ ഇറങ്ങി കാലും കയ്യും മുഖവും കഴുകി അമ്പലത്തിൽ കയറി തൊഴുതു. നിറഞ്ഞ ചിരിയോടെ ഞങ്ങളുടെ കൂടെ നേരത്തേ കാറിൽ കയറിയ ആ ചേട്ടൻ, ഇവിടം കഴിഞ്ഞ മഴയിൽ മുങ്ങിയ കഥ പറഞ്ഞു. ഒരു കാടിന്റെ മധ്യത്തിൽ ഈ ചെറു ക്ഷേത്രത്തിനു മുന്നിൽ നിൽക്കവേ, എന്തിന് കോടികൾ മുടക്കി വൻ നിർമിതികൾ ക്ഷേത്രങ്ങൾക്കും പള്ളികൾക്കുമായി നമ്മൾ പണിതുയർത്തുന്നു എന്നൊന്നാലോചിച്ചു പോയി. ഇവിടെ വെറുതേ ഒന്നിരുന്നാൽ മതി, ഒരുപാട് സമാധാനവും സന്തോഷവും കിട്ടും, ഉറപ്പ്. ഇതല്ലേ നമ്മൾ തേടുന്നത് എന്നും ഓർത്തുപോയി.
മുള്ളുമല ഫോറസ്റ്റ് ഓഫിസും പിന്നിട്ട യാത്ര
അച്ചൻകോവിൽ ക്ഷേത്രം ഉച്ചയ്ക്ക് 12 ന് അടയ്ക്കും എന്നതിനാൽ വേഗം വണ്ടിയിൽ കയറി യാത്ര തുടർന്നു. വഴിയിൽ പിന്നെയും കാൽനടയായി നീങ്ങുന്ന അയ്യപ്പന്മാർ. മിക്കവരും തമിഴ്നാട്ടുകാർ തന്നെ. വൃക്ഷങ്ങൾ തിങ്ങിനിറഞ്ഞ ഇടതൂർന്ന കാടിന്റെ പടർപ്പിലൂടെ സൂര്യപ്രകാശം മുന്നിലെ റോഡിൽ ദൃശ്യ വിസ്മയം തീർക്കവേ ഒഴിഞ്ഞ ആ കാനന പാതയിലൂടെ ഉള്ള ഡ്രൈവിങ് ഞാൻ ശരിക്കും ആസ്വദിക്കുകയായിരുന്നു. കേരളത്തിൽ കാടുകളിലെ റോഡുകൾ പോലും വാഹനങ്ങളാൽ വീർപ്പുമുട്ടുന്ന ഈ സമയത്ത് ഇത് ശരിക്കും അയ്യപ്പ സ്വാമിയുടെ അനുഗ്രഹം കൊണ്ട് വീണു കിട്ടിയ ഒരു അസുലഭ അവസരം പോലെ എനിക്ക് തോന്നി.
മുള്ളുമല ഫോറസ്റ്റ് ഓഫിസും പിന്നിട്ട് പിന്നെയും മുന്നോട്ട്. അധികം വൈകാതെ ഞങ്ങൾ അച്ചൻകോവിലിൽ എത്തി. ക്ഷേത്രത്തിലേക്ക് ഇനി കുറച്ചു ദൂരം കൂടിയേ ഉള്ളൂ. ക്ഷേത്രത്തിന്റെ മുന്നിലുള്ള പാർക്കിങ് സ്ഥലത്ത് വണ്ടി നിർത്തി പുറത്തിറങ്ങുമ്പോൾ നല്ല വെയിൽ. പക്ഷേ അവിടെ വീശിയടിക്കുന്ന കാറ്റിന് കുളിർമ. അദ്ഭുതം തോന്നി. ക്ഷീണം ലവലേശം ഇല്ല. പശ്ചിമഘട്ട മലനിരകൾ ഒരു വശത്ത്. പച്ച പുതച്ച വനം മറുവശത്തും. മനോഹരമായ ഭൂപ്രകൃതിക്ക് മറ്റു കൂട്ടുന്ന കാലാവസ്ഥ.
18 പടവുകയറി ക്ഷേത്രത്തിലേക്ക്
പരശുരാമൻ നിർമിച്ചതായി വിശ്വസിക്കുന്ന ഈ ക്ഷേത്രത്തിലേക്ക് കയറണമെങ്കിൽ 18 പടികൾ ചവിട്ടണം, ആര്യങ്കാവിലെപ്പോലെ. വിട്ടു പോരാൻ തോന്നാത്ത വിധം ഒരു കാന്തിക ശക്തി ഇവിടെ ഉള്ളതു പോലെ അനുഭവപ്പെട്ടു. ഒരുപക്ഷേ ഇവിടെ വരാൻ ഒരുപാട് ആഗ്രഹിച്ചതു കൊണ്ടാകാം. ഓരോ മനുഷ്യനും അനുഭവം വ്യത്യസ്തമാകാം, അവരവരുടെ മാനസികാവസ്ഥ അനുസരിച്ച്. എല്ലാം അവനവനിൽത്തന്നെ, അത് കണ്ടെത്തുകയേ വേണ്ടു എന്ന മഹാസത്യം തിരിച്ചറിയുന്ന നിമിഷങ്ങൾ തികച്ചും ഒരു സ്വകാര്യാനുഭവം തന്നെ. ഇത് അത്തരമൊരു നിയോഗം എന്നല്ലാതെ എന്താ പറയുക. നട അടയ്ക്കും മുൻപേ അമ്പലത്തിൽ നിന്നിറങ്ങി; നിറഞ്ഞ മനസ്സുമായി.
മറക്കാനാവില്ല കാനനയാത്ര
അച്ചൻകോവിലെന്ന ചെറുഗ്രാമത്തിനോട് യാത്ര പറഞ്ഞു പ്രയാണം തുടർന്നു. കാർ അഞ്ചു മിനിറ്റ് ഓടിയതേയുള്ളൂ, കാട് വീണ്ടും ഞങ്ങളെ പുണർന്നു. ഇവിടെ കാട് അതിന്റെ സർവ ഗാംഭീര്യത്തോടെയും വരവേറ്റു, അളവറ്റ സ്നേഹത്തോടെ. കൂടുതൽ നിബിഢവും മനോഹരവുമായി തോന്നി പിന്നെയങ്ങോട്ടുള്ള കാട്. ആനയുടെ വിളിയാട്ടം കൂടുതൽ ഉള്ള സ്ഥലമാണെങ്കിലും ഒരു പ്രശ്നവും ഇല്ലാതെ യാത്ര തുടർന്നു. വീണ്ടും കുറേ അയ്യപ്പന്മാർ കാൽനടയായി കടന്നു പോയി. വളവു തിരിഞ്ഞതും ഒരു മനുഷ്യൻ നടന്നു വരുന്നു. ഒരയ്യപ്പൻ തന്നെ. അറുപതിനൊടടുത്തു പ്രായം. നരച്ച താടി, ഒത്ത ഉയരവും തടിയും. അദ്ദേഹം നടക്കുന്നത് അനായാസമാണ്. നടന്നു കടന്നു പോകുമ്പോൾ ഞങ്ങളുടെ കണ്ണുകൾ പരസ്പരം മുട്ടി.
സ്നിഗ്ധമായി പുഞ്ചിരിച്ചു കൊണ്ട് ശാന്തതയുടെ ആൾരൂപമായി ആ കണ്ണുകൾ എന്റെ ഉള്ളിലെവിടെയോ പതിഞ്ഞു, എന്നെന്നേക്കുമായി. ഇതുവരെ ഇത്ര മനോഹരമായി കണ്ണുകൾ കൊണ്ട് സംസാരിച്ച ഒരാളെ ഞാൻ കണ്ടിട്ടില്ലായിരുന്നു. ഒരു ദിവ്യപ്രഭ ആ മുഖത്ത് അലയടിച്ചിരുന്നതായി എനിക്കു തോന്നി.
അടുത്തതായി കുംഭയുരുട്ടി വെള്ളച്ചാട്ടമാണ്. റോഡിൽനിന്ന് അല്പം മാറി സ്ഥിതി ചെയ്യുന്ന ഈ വെള്ളച്ചാട്ടത്തിനരികിലേക്കു സന്ദർശകർക്ക് ഇപ്പോൾ പ്രവേശനം ഇല്ല. കോവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായിട്ടാണ് ഈ വിലക്ക്. കാലം കഴിഞ്ഞാൽ ഇതിന്റെ മനോഹാരിത പതിന്മടങ്ങ് വർധിക്കും. ഇവിടെ കുളിക്കാനും മറ്റും സൗകര്യം വനം വകുപ്പ് ഒരുക്കിയിട്ടുണ്ട്.
കുംഭയുരുട്ടിയോടു വിടചൊല്ലി യാത്ര തുടർന്നു. ഹെയർപിൻ വളവിലൂടെ മലയിറങ്ങി ചെല്ലവേ ഒരു വ്യൂ പോയിന്റിൽ നിർത്തി. താഴെ സമതലങ്ങളിൽ പച്ച വിരിച്ച പാടങ്ങൾ. അങ്ങകലെ തെങ്കാശിയിൽ മെക്കാരെ അണക്കെട്ടും അതു തീർത്ത തടാകവും നീല ശോഭയിൽ വിളങ്ങി നിൽക്കെ തമിഴ്നാട്ടിലേക്കുള്ള ചെക്ക്പോസ്റ്റ് കുറച്ചു നേരത്തേക്ക് യാത്രയ്ക്കു തടയിട്ടു. കോവിഡ് വാക്‌സിനേഷന്റെ സർട്ടിഫിക്കറ്റ് കാട്ടി പ്രവേശനാനുമതി നേടി തെങ്കാശി ലക്ഷ്യമാക്കി കാർ മുന്നോട്ടു നീങ്ങി. ഇറങ്ങി വന്ന മലനിരകൾ നോക്കവേ ഒരു ചിന്ത മിന്നൽപിണർ പോലെ മനസ്സിലൂടെ പാഞ്ഞു. നേരത്തേ കാട്ടുപാതയിൽ കണ്ട ഏകാന്ത പഥികൻ. മനോഹരമായി ചിരിച്ചു കൊണ്ട് നീങ്ങിയ ആ മനുഷ്യൻ. ഉള്ളിൽ നിറഞ്ഞ സന്തോഷം കണ്ണുകളിലൂടെ ഞങ്ങളിലേക്ക് പകർന്ന ആ അയ്യപ്പൻ, അത് ഞാൻ തന്നെയല്ലേ.
English Summary: Achankovil Sri Dharmasastha Temple travel experience