ADVERTISEMENT

" ജാതസ്യ ഹി ധ്രുവോ മൃത്യുർ ദ്രുവം ജന്മ മൃതസ്യ ചഃ

  തസ്മാദപരിഹാര്യേർത്ഥേ നാ ത്വം ശോചിതുമർഹസി " - ഭഗവദ്ഗീത

" യാവദ്ബദ്ധോ മരുദ് ദേഹേ യാവച്ഛിത്തം നിരാകുലം യാവദ്ദൃഷ്ടിഭ്രുവോർമ്മധ്യേ തവത്കാലഭയം കുത്: -

ശ്വാസം ശരീരത്തിൽ നിയന്ത്രിതമായിരിക്കുന്നിടത്തോളം, മനസ്സ് അസ്വസ്ഥമായിരിക്കുന്നിടത്തോളം, പുരികങ്ങൾക്കിടയിൽ നോട്ടം ഉറപ്പിച്ചിരിക്കുന്നിടത്തോളം, മരണത്തെ ഭയക്കേണ്ടതില്ല "

varanasi2

" നഗരം സത്യത്തെ പ്രകാശിപ്പിക്കുകയും യാഥാർത്ഥ്യത്തെ വെളിപ്പെടുത്തുകയും ചെയ്യുന്നു. ഇത് കാഴ്ചയുടെ പരിധിയിലേക്ക് പുതിയ അദ്ഭുതങ്ങൾ കൊണ്ടുവരുന്നില്ല, എന്നാൽ ഇതിനകം ഉള്ളത് കാണാൻ ഒരാളെ പ്രാപ്തനാക്കുന്നു. ഈ ശാശ്വതമായ പ്രകാശം ഭൂമിയെ ഛേദിക്കുന്നിടത്ത് അത് കാശി എന്നറിയപ്പെടുന്നു " - Diana L. Eck

വാരാണസി - മരണം എന്നത് വെറും മിഥ്യയായ സത്യം എന്ന് മനസ്സിലാക്കാൻ പ്രാപ്തമാക്കുന്ന ഇടം. ഭഗവദ്ഗീതയിൽ പറഞ്ഞ മുകളിലെ വാക്യം അതിനെ ഒന്നുകൂടെ അടിവരയിടുന്നു “ജനിച്ചവന് മരണം നിശ്ചയം, മരിച്ചവർക്ക് പുനർജന്മം നിശ്ചയം; അതിനാൽ അനിവാര്യമായ കാര്യങ്ങളിൽ നിങ്ങൾ ദുഃഖിക്കേണ്ടതില്ല "

varanasi4

ഹരിശ്ചന്ദ്ര ഘാട്ടിലെ പകുതി കത്തിയെരിഞ്ഞ ചിതക്ക് അരികെ നടക്കുമ്പോൾ മരണം എത്ര അസങ്കീര്‍ണ്ണമായ ഒന്നാണെന്നു വൃഥാ ഓർത്തുപോയി. കത്തിയെരിയുന്ന കനലുകൾ അടങ്ങുമ്പോഴേക്കും ഊഴം കാത്ത് കഴിയുന്ന അനവധിയായ ശരീരങ്ങൾ. ചേതനയറ്റ ശരീരങ്ങളെ ചിതയിലേക്ക് വക്കുന്നവരുടെ മുഖഭാവം അലസമാണ്. വിറകിൻ കഷ്ണങ്ങൾ ഒന്നിനു മുകളിൽ ഒന്നായി വച്ച് അടുത്ത ശരീരത്തിനെ അവർ അഗ്നിക്ക് വിട്ട് കൊടുക്കുന്നു. പകയടങ്ങാത്ത എന്തോ ഒന്നിനെ പോലെ പതിയെ അഗ്നി അതിനെ തനിലേക്ക് ആവാഹിച്ചു കൊണ്ട് പോകുന്നു. ഹരിശ്ചന്ദ്ര ഘാട്ടിലെ സാധാരണമായ "കാഴ്ച” മാത്രമാണിത്. മരണം എന്നത് എത്ര കേവലമായ ഒന്നാണെന്ന് അതിലൂടെ മനസ്സിലാകും. മറ്റൊന്നിനെ കുറിച്ചും ആകുലതകൾ ആർക്കുമില്ല. ഞാൻ എന്ന ഭാവം അനിഷേധ്യമായ ഒന്നാണെന്ന് നമ്മളെ പഠിപ്പിക്കുന്നു.

വാരാണസിയിലെ കാഴ്ച

വാരാണസിയിലേക്കുള്ള യാത്ര ആകസ്മികമായ ഒന്നായിരുന്നില്ല. ജീവിതത്തിൽ ഒരിക്കൽ എങ്കിലും കാണണ്ടേ, കണ്ടിരിക്കേണ്ട സ്ഥലമാണ് എന്ന് പല കാരണങ്ങൾ കൊണ്ട് തോന്നിയ ഒരിടമാണ്. ആധ്യാത്മികമായും ആത്മീയമായും പ്രസിദ്ധമായ സ്ഥലമാണ് വാരാണസി. പുണ്യ പുരാതനമായ ഗംഗയും അതിന്‍റെ ആത്മീയ ഭാവവും ഒരു ഭാഗത്തുള്ളപ്പോൾ മറുഭാഗത്ത് സാധാരണ ജീവിതവും സന്യാസ ജീവിതവും അതിന്‍റെ ഒളിമങ്ങാത്ത കാഴ്ചകളും. ബാല്യം മുതൽ നിരാലംബരായ വൃദ്ധന്മാർ വരെ ഘാട്ടുകളിൽ എങ്ങും കാണാം. യൗവനം പിന്നിട്ടവർ തങ്ങളുടെ സുഖ-സൗഖ്യങ്ങൾ വെടിഞ്ഞ് കാഷായ വസ്ത്രത്തിൽ വിദൂരതയെ പുൽകിയിരിപ്പുണ്ട്. ജീവിതമാകുന്ന യാത്രയിൽ ഈ പുണ്യ ഭൂമിയിൽ മരണത്തിന്‍റെ ഭാഗധേയം അക്ഷമനായി കാത്തിരിക്കുന്നവരും ധാരാളം.  ഈ ജന സഹസ്രങ്ങൾക്കിടയിൽ ഒന്നിനെ കുറിച്ചും ചിന്തിക്കാതെ, ഒന്നിനെയും ഓർത്ത് ബോധവാൻ ആകാതെ, ജീവിതം എന്നത് എത്ര നിഷ്‌കപടമായ, അകൃത്രിമമായ, അനപഗ്രഥനീയമായ, നാട്ട്യങ്ങൾ ഒന്നുമില്ലാത്ത തീർത്തും സരളമായ ഒന്നാണെന്നു തോന്നി പോകും.

ഉത്തർപ്രദേശിലെ അതി പുരാനഗരമാണ് വാരാണസി. ബി. സി പതിനൊന്നാം നൂറ്റാണ്ടിൽ തന്നെ രൂപം കൊണ്ട നഗരം ഇന്ത്യയുടെ ആത്‌മീയ തലസ്ഥാനം എന്ന പേരിലും അറിയ പെടുന്നു. കാശി വിശ്വനാഥ ക്ഷേത്രം ഉൾപ്പെടെ ദ്വിസഹസ്രത്തിൽ പരം ക്ഷേത്രങ്ങൾ വരാണസിയിൽ ഉണ്ട്. മെക്കയും, ജെറുസലേമും, ഗ്രീസിലെ ഏഥൻസും, ഇറ്റലിയിലെ റോമും പോലെത്തന്നെയാണ് ഇന്ത്യക്ക് കാശി. പുണ്യ പുരാതനമായ ഗംഗയും, ഗംഗാ സ്നാനവും അവിടെ നടക്കുന്ന ശവസംസ്കാര ചടങ്ങുകളും മോക്ഷത്തിലേക്ക് ഉള്ള പാതയാണെന്നു വിശ്വാസം കാരണം ഇന്ത്യയുടെ പ്രമുഖ തീർത്ഥാടന കേന്ദ്രമായി വാരാണസി കാലങ്ങളായി നിലകൊള്ളുന്നു. കാലഘട്ടങ്ങൾ മാറി മറയുമ്പോൾ പുണ്യമായ ഗംഗയുടെ സ്ഥിതിയും മാറി വരുന്നുണ്ട്. മലിനമായ ഗംഗയാണ് ഇപ്പോൾ നമുക്ക് മുന്നിൽ ഉള്ളത്. 

varanasi5

ഒരു പക്ഷെ അതൊന്നും ഇവിടെ വരുന്ന തീർത്ഥാടകർ കാര്യമാക്കുന്നില്ല എന്നതാണ് നഗ്നമായ സത്യം…! ബനാറസ് പട്ടുകൾ പ്രസിദ്ധമാണ്. ലലാപുര പോലെ ഉള്ള ചെറു ഗ്രാമങ്ങളിൽ നെയ്ത് എടുക്കുന്ന പട്ട് ഉത്പന്നങ്ങൾ ലോക വിപണയിൽ ലഭ്യമാണ്. നെയ്ത്തും ആത്‌മീയതും വരണാസിയിൽ എത്തിച്ചേരുന്ന ഒരാളെ മറ്റൊരു ലോകത്തേക്ക് എത്തിക്കുന്നു. ഉദയ സൂര്യന്‍റെ കിരണങ്ങൾ ഘട്ടുകൾക്ക് അഭിമുഖമായി വരുന്നതിനാൽ “സിറ്റി ഓഫ് ലൈറ്റ്” എന്ന അപരനാമത്തിലും വാരാണസി അറിയപ്പെടുന്നു. പ്രസിദ്ധമായ ഹിന്ദു ബനാറസ് യൂണിവേഴ്സസിറ്റി വാരാണസിയുടെ പ്രതാപം ഉയർത്തുന്നു.

യാത്ര ഇങ്ങനെ

varanasi6

ന്യൂ ഡൽഹി സ്റ്റേഷനിലെ പന്ത്രണ്ടാം നമ്പർ പ്ലാറ്റഫോമിൽ നിന്നും ബനാറസിലേക്ക് (വാരാണസി) യാത്ര തുടങ്ങുന്നത്. രാത്രിയുടെ ആലസ്യതിയിൽ നിന്ന് ഉണർന്നപ്പോൾ തീവണ്ടീ ഇഴഞ്ഞു നീങ്ങുകയാണ്. ഇരു പുറവും പച്ച വിരിച്ച പടങ്ങൾ കാണാം. മൂടൽ മഞ്ഞ് കൊണ്ട് ആവരണം തീർത്ത പാടങ്ങളിൽ അങ്ങിങ് ചെറിയ കുടിലുകൾ തലപൊക്കി നിൽപ്പുണ്ട്. സഹയാത്രികർ എല്ലാം വരാണസിലയിലെ സ്ഥിരവാസികൾ ആണ്. യാത്രികൻ ആണെന് പറഞ്ഞപ്പോൾ കൂട്ടത്തിൽ അല്പം പ്രായമായ ഒരാൾ നല്ല ഭക്ഷ്ണം ലഭിക്കുന്ന ഇടങ്ങളെ കുറിച്ച് വിവരിച്ചു തന്നു. കച്ചോരിയും സബ്ജിയും ലഭിക്കുന്ന ഏറ്റവും നല്ല ഇടത്തെ കുറിച്ചാണ് അയാൾ വിവർണിതനാകുന്നത്. മീർ ഘാട്ടിനു സമീപത്തുള്ള റാം ഭണ്ഡാർ വാരാണസിയിലെ പ്രമുഖമായ കച്ചോരി ലഭിക്കുന്ന ഭോജനാശാലയാണ്. 

യാത്ര മധ്യേ ഏതേലും ദിവസം അവിടെ നിന്നും രുചിച്ചു നോക്കാം എന്ന മറുപടിയിൽ ആ വൃദ്ധൻ തൃപ്തനായിരുന്നു. പ്രയാഗരാജ് വഴിയാണ് ട്രെയിൻ വാരാണസി പോകുന്നത്. കുംഭമേളക്ക് പ്രസിദ്ധിയാർജിച്ച സ്ഥലമാണ് പ്രയാഗരാജ്. കൂടാതെ ഗംഗ ത്രിവേണി സംഗമം പ്രയാഗ്‌രാജിലാണ്. അവിടം കൂടി സന്ദർശിക്കാം എന്ന് ആദ്യം കരുതിയെങ്കിലും ഇപ്പോൾ കാര്യമായി കാഴ്ചകൾ ഒന്നും ഉണ്ടാകില്ല എന്നതുകൊണ്ട് വാരാണസി തന്നെ ലക്ഷ്യമാക്കി. നോക്കെത്താ ദൂരം സമചതുരാകൃതിയിൽ നീണ്ടു കിടക്കുന്ന പാടങ്ങൾ മനോഹരമായ കാഴ്ച തന്നെയാണ്. 

varanasi7

കൃഷി തന്നെയാണ് ഇവരുടെ പ്രധാന വരുമാനമാർഗം. തീവണ്ടി ജാലകത്തിലൂടെ നോക്കുമ്പോൾ അതി രാവിലെ സൈക്കിളിൽ പാൽപാത്രം വച്ച് പോകുന്ന ഗ്രാമീണരെ കാണാം. തല വരെ മൂടിപുതച്ചാണ് എല്ലാരും നടപ്പ്. തണുപ്പിന്‍റെ കാഠിന്യം അതിലൂടെ വ്യകതമാണ്. തീവണ്ടിയുടെ സ്റ്റേഷൻ അടുക്കാറായതിന്

റെ സൂചന എന്നോണം യാത്രക്കാർ എല്ലാം ഇരിപ്പിടത്തിൽ നിന്നും വാതിൽ ലക്ഷ്യമാക്കി നടന്നു നീങ്ങുന്നുണ്ട്. അതികം ഭാരമില്ലാത്ത ഭാണ്ഡവും ചുമന്ന് ഞാനും വാതിലിനു സമീപത്തേക്ക് എത്തി ചേർന്നു. എട്ടാം നമ്പർ പ്ലാറ്റഫോമിൽ ആയിരുന്നു വണ്ടി ചെന്ന് ചേർന്നത്.

varanasi3

റെയിൽവേ സ്റ്റേഷന് പുറത്ത് നിന്നും റിക്ഷയിൽ റൂം എടുത്ത സ്ഥലത്തേക്ക് പോകാൻ തീരുമാനിച്ചു. പുലർകാലത്തിന്‍റെ ആലസ്യമൊന്നും നഗരവാസികൾക്കില്ല. വന്നു ചേരുന്ന യാത്രക്കാരെ റിക്ഷക്കാർ തങ്ങളുടെ വരുതിയിൽ വരുത്താൻ നോക്കുന്നുണ്ട്. സഞ്ചാരികൾ എന്ന് മനസ്സിലായാൽ ഏതൊരു ഉത്തരേന്ത്യൻ പട്ടണത്തിലെ പോലെ ഇവിടെയും റിക്ഷക്കാർ തങ്ങൾക്ക് തോന്നും വിധം വാടക പറയുന്നുണ്ട്. മീർ ഘട്ടിനു ചേർന്ന ഹോട്ടലിൽ ആയിരുന്നു റൂം ബുക്ക് ചെയ്തത്. ഗോഡൗലിയ പട്ടണം വരെ റിക്ഷയിൽ പോയി അവിടെ നിന്നും നടന്ന് പോകണം. ഗോഡൗലിയിലെ വഴിത്താരകൾ ജന നിബിഢമാണ്. അതിരാവിലെ തന്നെ ഘട്ടുകൾ ലക്ഷ്യമാക്കി ജനപ്രളയം ഒഴുകി കൊണ്ടിരിക്കുന്നു. നന്ദിയുടെ വലിയ പ്രതിമ നഗരത്തിന്‍റെ മുഖമുദ്രയായി നിലകൊള്ളുന്നു.

നന്ദി സർക്കിൾ എന്നാണ് അവിടം അറിയപ്പെടുന്നത് തന്നെ. ഒഴുകിയകലുന്ന ജനസഞ്ചയത്തിനു ഒപ്പം കാഴ്ചകളും കണ്ടു നടന്നു നീങ്ങി. കടകൾ എല്ലാം തുറന്നിരിക്കുന്നു. റോഡിൽ വാഹനങ്ങളുടെ തിരക്കാണ്. നിർത്താതെ മുഴങ്ങുന്ന ഹോൺ നഗരത്തിനു പശ്ചാത്തല സംഗീതം ഒരുക്കുന്നു, തീർത്തും വിരസമായ പശ്ചാത്തല ഗാനം...! കാവി വസ്‌ത്രധാരികളായ കുറെ ആളുകളെ കാണാം. അവർക്കൊപ്പം മറ്റു വിശ്വാസികളും കാശി വിശ്വനാഥ ക്ഷേത്രം ലക്ഷ്യം വച്ച് നടന്നകലുന്നു. 

varanasi1

മിഴിവേകുന്ന കാഴ്ചകൾ

കൽവിരിച്ച ഇടുങ്ങിയ ഗള്ളികളിലുടെ മുന്നോട്ടു പോകും തോറും കാഴ്ചകൾ അത്ര മിഴിവുറ്റതലതായി മാറുന്നു. അതി പുരാതനമായ കെട്ടിടങ്ങൾ, അവയിലെല്ലാം പലതരം ഉത്പന്നങ്ങൾ വിൽക്കാൻ വച്ചിരിക്കുന്നു. മധുര പലഹാരങ്ങളും പൂജ ദ്രവ്യങ്ങളും കൽനിർമ്മിതമായ ഉത്പന്നങ്ങൾ വിൽക്കുന്ന ഇടങ്ങളും അങ്ങനെ നീണ്ടു പോകുന്നു ആ നിര. ഇടയിൽ മാലിന്യങ്ങൾ കൂമ്പാരം പോലെ കിടപ്പുണ്ട്. അതിന് അടുത്ത് തന്നെ ഭക്ഷണം കഴിക്കാൻ ഇരിപിടിങ്ങളും കാണാം. തൊട്ടപ്പുറത്ത് മലമൂത്ര വിസർജനം നടത്താൻ ഇടം കെട്ടി വച്ചിരിക്കുന്നു. ഇതൊന്നും തെല്ലും പ്രശ്നമാകാതെ തൊട്ടപ്പുറത്ത് ഇരുന്നു ആസ്വദിച്ച് ഭക്ഷ്ണം കഴിക്കുന്ന ജനങ്ങളും. പരസ്പര വൈരുധ്യം തോന്നിയേക്കാം. ഇത് തന്നെയാണ് ഇന്നത്തെ വാരാണസിയിൽ കാണുന്ന ഏറിയ കാഴ്‌ചയും. അലഞ്ഞു തിരിഞ്ഞു നടക്കുന്ന പശുക്കളേ കുറിച്ച് പ്രത്യേകം പറയാൻ നിൽക്കുന്നില്ല. അതും ഇതിന്‍റെ ഭാഗപത്രം തന്നെയാണ്, അവിഭാജ്യ ഘടകം. കെട്ടിടങ്ങൾ എല്ലാം ജരാനര ബാധിച്ചവയാണ്. അവ ഝടിതിയില്‍ കാലയവനികക്ക് പിന്നിൽ മറയാൻ തയ്യാറായി നിൽക്കുന്നപോലെ തോന്നിയേക്കാം. ഏറിയതും ഗൃഹങ്ങൾ തന്നെ. അവ ഓരോന്നിനും മുന്നിലായി ചെറിയ തിണ്ണകൾ പോലെ കെട്ടി വച്ചിട്ടുണ്ട്. ജടകയറിയ മുടിയുമായുള്ള വൃദ്ധ സന്യാസിമാർ അവിടെ ശരണം പ്രാപിച്ചിരിക്കുന്നു. കൂടെ വിഴുപ്പുഭാണ്ഡവും. 

തണുപ്പിനെ വകവെക്കാതെ കാഷായ വേഷദാരികളായ അവർ ആകുലതകളിലാതെ അലസമായി കിടക്കുന്നു. അത്തരത്തിൽ രണ്ടോ മൂന്നോ തിണ്ണകൾ ഇരു വശങ്ങളിലുമായി കാണാം. എല്ലാ തിണ്ണകളിലും ഓരോരുത്തർ സ്ഥാനം പിടിച്ചിട്ടുണ്ട്. മധുര പലഹാരങ്ങൾ നിരത്തിവച്ചിരിക്കുന്ന കടകൾ മറ്റൊരു കാഴ്ച. പലതരം മധുരങ്ങൾ നിരത്തി വച്ചിരിക്കുന്നു. ഒരു ഭാഗത്ത് ജിലേബിയും പേടകളും അടുക്കിവച്ചിരിക്കുന്നു.  അതിന് സമീപത്തായി വലിയ ഇരുമ്പ് ചട്ടിയിൽ തിളക്കുന്ന എണ്ണയിലേക്ക് ജിലേബി തയ്യറാക്കി ഒരാൾ ഇരിക്കുന്നു. വായിൽ പാൻമസാല ചവച്ച്, തടിച്ച ഒരാൾ തന്‍റെ ജോലിക്കാർക്ക് എന്തെല്ലാമോ നിർദേശങ്ങൾ നൽകുന്നുണ്ട്. ആ കാഴ്ചകളെയെല്ലാം പിന്നിലാക്കി റൂമിനു മുന്നിൽ എത്തിച്ചേർന്നു. പൊടി പിടിച്ച പകുതി പൊട്ടിയ ഫലകത്തിൽ ഹോട്ടലിന്‍റെ പേരെഴുതി വച്ചിരിക്കുന്നു. മീർഘട്ടിലേക്കുള്ള നടവഴിക്ക് അഭിമുഖമായാണ് ഹോട്ടൽ.

varanasi12

ഉദയസൂര്യന്‍റെ ചുവന്ന പ്രഭയിൽ

ഉദയസൂര്യന്‍റെ ചുവന്ന പ്രഭയിൽ എതിരെയുള്ള ആ പുരാതന നിർമ്മിതികളെല്ലാം മനോഹരമായ കാഴ്ച ആകുന്നു. നോക്കാത്ത ദൂരം ഗംഗാ നദി പരന്നു കിടക്കുന്നു. ഓളപ്പരപ്പിൽ ആടിയുലഞ്ഞ് ബന്ധനസ്ഥനായികിടക്കുന്ന ചെറുതും വലുതമായ അസംഖ്യമായ നൗകകൾ. ഗംഗാ നദിയിൽ സ്നാനം ചെയ്യുന്നവർ. ഇറക്കി നിർമിച്ച വൃത്താകൃതിയിലുള്ള കൽനിർമ്മിതികളിൽ ദർപ്പണ്ണം ചെയ്യുന്ന ആളുകൾ. അനന്തമായി വിരിച്ച കൽപടവുകളിലൂടെ വൃഥാ നടക്കുന്നവർ. ഘട്ടുകളിൽ തിരക്ക് പതിയെ കൂടിവരുന്നത് കാണാം.

ദൂര കാഴ്ചകൾ എല്ലാം മൂടൽ മഞ്ഞിനാൽ തെളിമ തോന്നുന്നില്ല. പുരാതനങ്ങളായ ഘട്ടുകൾ, അവയിൽ നിന്നും ഗംഗയിലേക്ക് ഇറക്കി വിരിച്ച കൽപടവുകൾ, ഓരോ ഘട്ടിന്‍റെയും ഓരങ്ങളിൽ അമ്പലങ്ങളും അനവധി മന്ദിരങ്ങളും. ചെറുതും വലുതുമായ ശിവലിംഗങ്ങൾ ധാരാളമായി പല ഘട്ടുകളിലും കാണാം. മറ്റൊരു പ്രതീതിയാണ് ഇവിടെ നിൽകുമ്പോൾ. ഇവയുടെ കാലപഴക്കം തന്നെയാണ് പ്രധാന ഹൃദൃത.

 ഗംഗാ നദിയിലൂടെ

varanasi10

യാത്രികരെയും കൊണ്ട് ബോട്ടുകൾ ഗംഗാ നദിയിലൂടെ യാത്ര ആരംഭിച്ചിരിക്കുന്നു. ഹോട്ടൽ പടവുകൾ ഇറങ്ങി ചെല്ലുമ്പോൾ ഒരാൾ അടുത്തേക്ക് വന്നു. ബോട്ടിൽ ഗംഗയിലൂടെ കൊണ്ട് പോകാം എന്നായിരുന്നു അയാളുടെ വാഗ്‌ദാനം. ധാരാളം ആളുകളുടെ ജീവിതോപാധിയാണിത്. മൂന്നുറുരൂപയാണ് അയാൾ പറയുന്നത്. അയാളോടൊപ്പം കൽവിരിച്ച ആ വഴിയിലൂടെ ബോട്ട് ലക്ഷ്യമാക്കി നടന്നു. അങ്ങിങ്ങായി നിരവധി ബോട്ടുകൾ കാണാം. പലതും യന്ത്രവൽകൃതമായവയാണ്. അൽപം പ്രായമായ ഒരാൾ ആയിരുന്നു തുഴച്ചിൽകാരൻ. കാലങ്ങളായി അയാൾ ഈ ജോലിയിൽ വ്യാപൃതനായിട്ട്. ഓരോ ഘട്ടിന്‍റെയും വിവരങ്ങൾ അയാൾ പറഞ്ഞു തരുന്നുണ്ട്. മണികർണ്ണികാ ഘട്ട് എത്തിയപ്പോൾ അയാൾ ബോട്ട് ഘട്ടിനോട് സമാന്തരമായി നിർത്തി. വാരണാസിയിൽ ശവസംസ്കാരം നടക്കുന്ന രണ്ടു ഘട്ടുകളിൽ ഒന്നാണ് മണികർണ്ണികാ ഘട്ട്. മറ്റൊന്ന് ഹരിശചന്ദ്ര ഘട്ട്. 

കത്തിയമരുന്ന ശരീരം

മരണത്തെ ഭയത്തോടെ മാത്രമേ കാണാൻ സാധിക്കു, ഈ കാഴ്ച അതിനെ എത്രയോ നിസ്സാരവത്കരിക്കുന്നു. ഡോമുകൾ എന്നാണ് ഇവിടെ ശവസംസ്‌കാരം നടത്തുന്നവരെ വിളിക്കുന്നത്. കത്തിയമരുന്ന ശരീരത്തിൽ നിന്നും ഉയരുന്ന പുക, അടുക്കിവച്ച വിറകിൻ കഷ്ണങ്ങൾ, മൃത ശരീരത്തിനോടൊപ്പം ഉണ്ടായിരുന്ന പൂമാലകളും, പഴന്തുണികളും ഓരത്തായി കൂട്ടി വച്ചിരിക്കുന്നു. തയാറാക്കി വച്ച ചിതയിലേക്ക് രണ്ടുപേർ ചേർന്ന് മൃതശരീരം എടുത്തു കൊണ്ടുവരുന്നു. ചിലർ ബോട്ടിൽ കൊണ്ടുവന്ന വിറകിന് കഷ്ണങ്ങൾ എടുത്തു വക്കുന്ന തിരക്കിലാണ്. മാലിന്യങ്ങൾക്കിടയിൽ അസ്ഥികൾ തേടി ശുനകന്മാർ അലയുന്നുണ്ട്. ക്യാമറയുടെ കണ്ണുകളിലൂടെ ഇതെല്ലാം പകർത്തിയപ്പോൾ അസനിഗ്ദ്ധമായ എന്തോ ചിന്ത മനസ്സിലേക്ക് ചേക്കേറി. 

രാവും പകലുമില്ലാതെ എത്രയോ ശരീരങ്ങൾ അഗ്നിയേറ്റുവാങ്ങുന്നുണ്ട് ഇവിടെ. വൃത്തിയെന്നത് തികച്ചും സാങ്കല്പികം മാത്രമാണിവിടം. ആ കാഴ്ചയിൽ നിന്നും പിൻവാങ്ങി. ഓളപ്പരപ്പിലൂടെ വേറെയും ബോട്ടുകൾ യാത്രികരെയും വഹിച്ചു കൊണ്ട് കടന്നുപോകുന്നുണ്ട്. കൽ നിർമ്മിതങ്ങളായ പുരാ നിർമ്മിതകൾ കാഴ്ച തന്നെയാണ്. എൺപതോളം ഘട്ടുകളിലായി എണ്ണിയാലൊടുങ്ങാത്ത നിർമ്മിതികൾ തലയെടുപ്പോടെ നിലകൊള്ളുന്നു. കാഴ്ചന്ത്യം തിരിച്ച് വീണ്ടും മീർ ഘട്ടിലേക്ക് എത്തി ചേർന്നു. ആ മധ്യവയസ്കനായ തുഴച്ചിൽക്കാരനോട് യാത്ര പറഞ്ഞ് മുന്നോട്ട് നടന്നകന്നു.

varanasi11

കാറ്റിനെ കൂട്ടുപിടിച്ച് പട്ടം പറത്തി കളിക്കുന്ന ബാല്യങ്ങൾ. മുഷിഞ്ഞ് കീറിയ വസ്ത്രങ്ങൾ അവരുടെ ദൈന്യതയെ വിളിച്ചോതുന്നു. വിദ്യാഭ്യാസം എന്നത് ഇവർക്ക് തീണ്ടാപ്പടകലെ ആണെന്നു തോന്നിപ്പോകുന്നു. ചുറ്റുപാടും ഉള്ള മാലിന്യങ്ങൾ ഇവരെ ഒട്ടും അലോസര പെടുത്തുന്നില്ല. അവർ പരസ്‌പര സ്പർദ്ധയോടെ കളിച്ച് തിമിർക്കുകയാണ്. ബാല്യകാലത്തെ ഇതേ സ്മരണകൾ തന്നെ ആകും യൗവനവും ഇവർക്കായി കാത്തിരിക്കുന്നത്. ഇതേ ജീവിത സാഹചര്യങ്ങൾ മാറ്റമില്ലാതെ ഇവരെ പിന്തുടർന്നേക്കാം. മറ്റൊരു കാഴ്ച അതിലും സാഹസമായി തോന്നി. എരിഞ്ഞടങ്ങുന്ന ചിതയും, ഊഴം കാത്തിരിക്കുന്ന മൃതശരീരവും ഒരു ഭാഗത്ത്, അതിന് ദൂരെയല്ലാതെ ക്രിക്കറ്റ് കളിക്കുന്ന യുവാക്കൾ. സന്ധ്യ മയങ്ങുമ്പോൾ ഇവരെല്ലാം എങ്ങോ പോയി മറയുന്നു.

ഗംഗാ ആരതി

ഇനിയുള്ള കാഴ്ച ഗംഗാ ആരതിയാണ്. പുലർകാലത്തും സന്ധ്യ വന്ദന സമയത്തും ഗംഗാ ആരതി നടക്കുന്നു. ദശാശ്വമേത് ഘട്ടിൽ സന്ധ്യാ സമയം ആറരയോടെയാണ് ആരതി തുടങ്ങുന്നത്. ദീപാലംകൃതമായ ഗംഗയാണ് കാഴ്ച. ചെറു വള്ളങ്ങളിലും ബോട്ടുകളിലും ആളുകൾ ഗംഗാ ആരതി കാണാൻ ഗംഗയിലെ ഓളപ്പരപ്പിൽ തിങ്ങി നിറയുന്നു. ഘട്ടിലെ കൽപ്പടവുകൾ ജനസമൃദ്ധമാണ്. പുഷ്‌പമുഖരിതമായ ചെറു ചിരാതുകൾ ഗംഗയിൽ ഒഴുകി നടക്കുന്നു. നൗകകൾ കേറിയറിങ്ങി ചിലർ ചിരാതുകളുടെ വിൽപ്പന നടത്തുന്നുണ്ട്.

varanasi9

ഭക്തി മുഖരിതമായ അന്തരീക്ഷം. ഉച്ചഭാഷിണിയിലൂടെ മന്ത്രോച്ചാരങ്ങൾ മുഴങ്ങുന്നുണ്ട്. ഉയർന്നു കേൾക്കുന്ന ശംഖ് നാദം, ചുറ്റും ധൂപകൊണ്ട് വലയം സൃഷ്ടിച്ചിരിക്കുന്നു. ഇതെല്ലാം അവിടെ നിൽക്കുന്നവരെ മറ്റൊരു ലോകത്തേക്ക് എത്തിക്കുന്നു. മന്ത്രോച്ചാരണങ്ങൾ പതിയെ നിലയ്ക്കുമ്പോൾ എല്ലാവരും ഗംഗാ മാതാവിനെ ശിരസ്സാ നമിക്കുന്നു. മോക്ഷ പ്രാപ്തിയുടെ മറ്റൊരു മുഖമായി ഇതിനെ അവർ കാണുന്നു. ആർത്തിരമ്പുന്ന ജനസഹസ്രം പിൻ വാങ്ങി പോകുന്നു, നിശ്ചലമായ ഗംഗാ തീരം ഇനി മറ്റൊരു പ്രഭാതത്തിനായി കാത്തിരിക്കുന്നു...!

varanasi8

വാരാണസിയിലെ ഘട്ടുകളിലൂടെ   

ലക്ഷ്യ ബോധമില്ലാതെ വാരണാസിയിലെ ഘട്ടുകളിലൂടെ നടന്നാൽ ജീവിതമാകുന്ന ഈ യാത്രയുടെ വിഭിന്നങ്ങളായ കാഴ്ചകളും അനുഭവങ്ങളും നമ്മെ തേടിയെത്തും. ഒരു പക്ഷെ ഈ കാഴ്ചകൾ ഇവിടെ അല്ലാതെ വേറെ എവിടെയും കാണാൻ ഇടവരില്ലാ. അനുദിനം മലിനമായിക്കൊണ്ടിരിക്കുന്ന ഗംഗയുടെ മടിത്തട്ടിൽ മോക്ഷ മുക്തിക്ക് വേണ്ടി സ്നാനം ചെയ്യുന്ന അനേകംപേർ. കത്തി എരിഞ്ഞു തീർന്ന ശരീരമാകുന്ന ആ സങ്കല്പത്തിന്‍റെ അവസാനമാകുന്ന ഒരുപിടി ചാരം, ആ ചാരം ഉടലാകെ അണിഞ്ഞ് രുദ്രാക്ഷവും കാഷായവും ജടപിടിച്ച കോതിയൊതുക്കാത്ത മുടിയും, തോളിൽ വിഴുപ്പ്  ഭാണ്ഡവും ചുമന്ന് മോക്ഷം തേടി നടക്കുന്ന അനേകങ്ങൾ - അഘോരികളും സന്യാസികളും. ജീവിതത്തിലെ സുഖ സൗകര്യങ്ങൾ വെടിഞ്ഞ് കാശിയുടെ കൽവിരിച്ച ഘട്ടുകളിൽ തണുപ്പിനെ നിസ്സാരമാക്കി നിസ്വാർത്ഥരായ കിടക്കുന്നവർ. രാവേറെ മയങ്ങിയ ആ നേരത്ത് ഏകാന്തയനായി അതിലൂടെ നടക്കുമ്പോൾ ഇങ്ങനെയും ഉള്ള ജീവിതങ്ങൾ കാണാം.

ഇനി ഒരിക്കൽ കൂടി ഇവിടെ വരണം. അന്ന് ജട പിടിച്ച മുടിയും താടിയും കഴുത്തിൽ അസംഖ്യം രുദ്രാക്ഷ മാലകളും അതിനെല്ലാം മേമ്പൊടിയായി കാഷായ വേഷവും ചുറ്റി അലസമായി ഘട്ടുകള്ളിലൂടെ നടന്നകന്നു പോകണം, സുഖങ്ങളും സൗകര്യങ്ങളും നിഷിദ്ധമായ ജീവിതത്തിലേക്ക്. ഓർമകൾ മാത്രം ഭാണ്ഡത്തിലാക്കി ഒന്നും മോഹിക്കാതെ വിദൂരതയിലേക്ക് ദൃഷ്ടികൾ പതിച്ച് അങ്ങനെ ഇരിക്കണം.

ചിത്രങ്ങൾ: ധനേഷ് രാജ്

English Summary: Places to visit in Varanasi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com