ADVERTISEMENT

ഇരുപതുവർഷം മുമ്പുള്ള വെറുമൊരു പത്രവാർത്തയുടെയും ദൃശ്യങ്ങളുടെയും ഓർമകളുടെ മാത്രം പിൻബലത്തിൽ, വിനോദയാത്രക്കിടയിലെ മറ്റേതൊരു കൗതുകക്കാഴ്ചയിലേക്കുമെന്നപോലുള്ളൊരു നടന്നുകയറ്റമായിരുന്നു അത്. മുൻവശത്ത് സമചതുരത്തിൽ കെട്ടിയിട്ട ഒരേപോലുള്ള രണ്ടു ജലാശയങ്ങൾ, ചതുരത്തിനുള്ളിലേക്ക് ഒരേ വേഗത്തിൽ ചുവരോടുചേർന്നൊഴുകുന്ന വെള്ളം. എത്ര നേരം വേണമെങ്കിലും അതങ്ങനെ കണ്ടുനിൽക്കാം. നോക്കിനിൽക്കെ ആ ചുവരിൽ വിരലോടിച്ചപ്പോഴാണ് അവിടെ കൊത്തിവെച്ചിരിക്കുന്ന പേരുകൾ കണ്ണിൽപെട്ടത്. അതേ ഇതവരുടേതാണ്! ഹൃദയം അറിയാതെ പിടച്ചുപോയി.

ഒരുപോലെ തലയുയർത്തി നിന്ന രണ്ടു കെട്ടിടങ്ങളിലേക്ക് ഇരച്ചുകയറിയ വിമാനം. ഞൊടിയിടകൊണ്ട് പുകഞ്ഞെരിഞ്ഞു തകർന്നു നിലം പതിക്കുന്ന കെട്ടിടങ്ങളുടെ ചിത്രങ്ങൾ മനസിലേക്ക് ഓടിവന്നപ്പോൾ നിലയ്ക്കാത്ത നിലവിളികൾ കാതിൽ മുഴങ്ങി. അത് അവരുടെ പേരുകളാണ്. ആ അക്ഷരങ്ങളിലൂടെ ഒരിക്കൽക്കൂടി വിരലോടിച്ചപ്പോൾ എനിക്ക് പൊള്ളി.

പൊരിവെയിലത്ത് പ്രവേശനകവാടത്തിലെ നീണ്ട വരിയിൽ നിൽക്കുമ്പോൾ പണ്ടത്തെ വാർത്താശകലങ്ങൾ ഓർത്തെടുക്കാൻ ശ്രമിക്കുകയായിരുന്നു. അമേരിക്കയിലെ വേൾഡ് ട്രേഡ് സെന്ററിലേക്ക് ഭീകരരുടെ ആക്രമണം. മരണപ്പെട്ടവരും ഒരടയാളവും ബാക്കിവെക്കാതെ അപ്രത്യക്ഷമായവരുമായി മൂവായിരത്തിലധികം മനുഷ്യർ. ലോകത്തെത്തന്നെ ഞെട്ടിച്ച ആ ദാരുണസംഭവത്തിന്റെ സ്മാരകമാണ് മുന്നിലെന്ന ചിന്ത എന്നെ നിശ്ശബ്ദയാക്കി.

അകത്തേക്ക് കയറുമ്പോൾ അതുവരെ ഉറക്കെ സംസാരിച്ചിരുന്നവർ പോലും നിശബ്ദത പാലിച്ചു. ഓരോ ചുവട് മുന്നോട്ട് വയ്ക്കുമ്പോഴും കാലുകളിൽ മരണത്തിന്റെ തണുപ്പനുഭവപ്പെട്ടു. ഏതൊരു ദിവസത്തെയും പോലെ രാവിലെ ജോലിക്കോ മറ്റെന്തെങ്കിലും ആവശ്യത്തിനോ വേണ്ടി കടന്നുവന്ന് സ്വയമറിയാതെ മരണത്തിലേക്ക് അമർന്നുപോയവരുടെ ഇടമെന്ന് ഓരോ കാഴ്ചയും ഓർമിപ്പിച്ചുകൊണ്ടിരുന്നു.

ശക്തമായ പ്രഹരത്തിലും തകരാതെ പിടിച്ചുനിന്ന വൻ ചുവരാണ് മുന്നിൽ. അടുത്തുള്ള പുഴയിൽ വെള്ളപ്പൊക്കമുണ്ടായാൽ കെട്ടിടത്തിന്റെ രക്ഷിക്കാനായി ബലത്തിൽ ഉയർത്തിക്കെട്ടിയതായിരുന്നത്രെ ആ ചുവർ. ചുറ്റുമുള്ളതെല്ലാം നശിച്ചിട്ടും എല്ലാത്തിനും മൂകസാക്ഷിയായി അവശേഷിക്കുന്നത് ആ ചുവർ മാത്രമാണ്. ഓരോ മുക്കും മൂലയും സെപ്റ്റംബർ പതിനൊന്നെന്ന ആ കറുത്തദിവസത്തിന്റെ ഓരോ നിമിഷങ്ങളുടെയും ഓർമപ്പെടുത്തലായി നിലകൊള്ളുന്നു. ഇടിച്ചുവീണ വിമാനത്തിന്റെ അവശിഷ്ടങ്ങളായ ലോഹച്ചീളുകൾ, അന്നവിടെ എത്തിയ ആംബുലൻസിന്റെ അവശേഷിപ്പുകൾ, ശുശ്രൂഷയിൽ ധരിച്ചിരുന്ന കയ്യുറകൾ, യൂണിഫോമുകൾ, ആരുടെയോ വസ്ത്രശകലങ്ങൾ, ഉപയോഗിച്ചിരുന്ന വസ്തുക്കൾ അങ്ങനെയങ്ങനെ ഓരോന്നും പൊടിയും ചാരവുമണിഞ്ഞ് അതേപടി അവിടെ പ്രദർശിപ്പിച്ചിരിക്കുന്നു.

മറ്റൊരിടത്ത് ഒരു വസ്ത്രക്കട അതേപടി പൊടിപിടിച്ചിരിക്കുന്നുണ്ട് കണ്ണാടിക്കൂട്ടിൽ. അത് ആ കെട്ടിടത്തിനകത്തുണ്ടായിരുന്ന ഒരു സ്ഥാപനമായിരുന്നത്രെ. ഈ സംഭവത്തിനുശേഷം അതിന്റെ ഉടമക്ക് തുടരാൻ തോന്നിയില്ല. അത്രയും വസ്ത്രങ്ങളും അവിടെ ഉപേക്ഷിച്ച് അയാൾ പോയി. ഇനിയുമുണ്ട് പെരുവിരൽ മുതൽ നെറുക വരെ വിറയൽ വരുന്ന ശബ്ദശകലങ്ങൾ. അങ്ങിങ്ങായി ഫോൺ ഘടിപ്പിച്ചിട്ടുണ്ട്. അതെടുത്ത് ചെവിയിൽ വെച്ചാൽ കേൾക്കാം വല്ലാതെ ഭയന്ന് സംസാരിക്കുന്ന വിമാനത്തിലെ ജീവനക്കാരുടെ ശബ്ദങ്ങൾ. ഹൈജാക്ക് ചെയ്യപ്പെട്ടുവെന്നും എവിടേക്കെന്നറിയാതെ പൊയ്ക്കൊണ്ടിരിക്കുന്നുവെന്നും ഭയപ്പാടോടെ വിളിച്ചുപറയുന്നുണ്ട് അവർ.

ഇനിയുമുണ്ട് കാഴ്ചകൾ. ഭീകരതക്ക് ആഹ്വനം ചെയ്യുന്ന ഒസാമ ബിൻ ലാദന്റേയും അധികൃതരുടെ കണ്ണുവെട്ടിച്ച് വിമാനത്തിൽ കടന്നുകൂടിയ ഭീകരരുടെ ചെക്കിൻ സമയത്തെ സിസി‌ടിവി ദൃശ്യങ്ങളും ഭീകരരുടെ വിവരങ്ങളുമെല്ലാം ഉണ്ട്. ഒപ്പം ലോകരാജ്യങ്ങളുടെ പ്രതികരണവും വാർത്തകളും വരെ അവിടുത്തെ ചുവരിൽ പതിക്കപ്പെട്ടിട്ടുണ്ട്. ഇതെല്ലാം കടന്നുവരുമ്പോൾ ഒരു ചുവർ നിറയെ നഷ്ടപ്പെട്ടുപോയവരുടെ ഉറ്റവരുടെ ചിത്രങ്ങളാണ്. കാണാതായവരെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിച്ചാൽ അറിയിക്കണമെന്ന് അഭ്യർത്ഥിക്കുന്ന ദൈന്യതയും നിസ്സഹായതയും നിഴലിക്കുന്ന കണ്ണുകൾ നോക്കിനിൽക്കെ അതിലൊരാളെയെങ്കിലും അവർ കണ്ടെത്തിയിട്ടുണ്ടാവുമെന്ന് വെറുതെ ആശിച്ചു. പ്രാർത്ഥിച്ചു.

ഇത് ഒരുക്കിയവർക്കറിയാം ഏതൊരാളുടെയും മനമുരുക്കുന്നതാണ് ഇവിടുത്തെ ദൃശ്യങ്ങളെന്ന്‌! തികച്ചും അപരിചിതരായവർക്കുവേണ്ടിയും നമ്മുടെ കണ്ണുനീർ ഗ്രന്ധികൾക്ക് പ്രവർത്തിക്കാനാവും എന്ന് തിരിച്ചറിഞ്ഞ നിമിഷങ്ങളായിരുന്നു അവ. കാഴ്ചകൾ അവസാനിച്ചെങ്കിലും ചിന്തകൾ മനസിനെ കലുഷിതമാക്കിക്കൊണ്ടിരുന്നു. മരണപ്പെട്ടവരും കാണാതായവരും രക്ഷപെട്ടിട്ടും ഇന്നും ആരോഗ്യപ്രശ്നങ്ങൾ അനുഭവിക്കുന്നവരുമായ മനുഷ്യരിൽ ഒരാളെ പോലും ഞാനറിയില്ല. എങ്കിലും അവിടുത്തെ നീലച്ചുവരിൽ എഴുതിവച്ചതുതന്നെയാണ് പറയാനുണ്ടായിരുന്നത്,

"കാലത്തിന്റെ ഓർമയിൽ നിന്നും ഒരു ദിവസം പോലും നിങ്ങൾ മായ്ക്കപ്പെടില്ല"

2001 സെപ്തംബർ പതിനൊന്നിന് ഭീകരാക്രമണത്തിൽ തകർന്നുപോയ വേൾഡ് ട്രേഡ് സെന്ററിന്റെ ഇരട്ട കെട്ടിടസമുച്ചയത്തിന്റെ സ്മാരകമായ 9/ 11 ട്രിബ്യുട്ട് മ്യൂസിയം കോവിഡാനന്തരമുണ്ടായ സാമ്പത്തികനഷ്ടത്തെ തുടർന്ന് അടച്ചുപൂട്ടാൻ പോകുന്നു എന്ന വാർത്ത കണ്ടപ്പോഴാണ് ഇതെഴുതണം എന്ന ചിന്തയുണ്ടായത്. അത് എല്ലാവരും കണ്ടിരിക്കണം എന്ന് തോന്നിയ മ്യൂസിയം ആയിരുന്നു. അതൊരു ഓർമപ്പെടുത്തലാണ്. വിഭാഗീയതയുടെ പേരിൽ മനുഷ്യജീവനുകൾക്ക് വില കൽപ്പിക്കാതെ പരസ്പരം നശിപ്പിക്കാൻ വെമ്പുന്നവർക്ക് ഒരിക്കലെങ്കിലും ഹൃദയത്തിനുള്ളിൽ ഒരു നനവുണ്ടാക്കാൻ ഈ കാഴ്ചകൾ സഹായിക്കും. ഏതു നിമിഷവും പൊലിഞ്ഞുപോയേക്കാവുന്ന ജീവിതത്തിന്റെ വ്യർത്ഥതയെ ഓർമ്മിപ്പിക്കും. മുന്നിൽ കാണുന്നയാളെ സഹാനുഭൂതിയോടെ നോക്കാൻ പഠിപ്പിക്കും. എല്ലാത്തിനുമുപരി, കടന്നുപോയതോ വരാനിരിക്കുന്നതോ നമുക്കുള്ളതല്ലെന്നും, ഇന്ന് ഈ നിമിഷം മാത്രമേ നമുക്കായിട്ടുള്ളൂ എന്നും പറഞ്ഞുതരും.

English Summary: New York City's 9/11 Tribute Museum closes its doors for good, citing financial losses during the pandemic

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com