ADVERTISEMENT

“കൊല്ലത്ത് തീവണ്ടി ആപ്പീസിലമ്പതു 

കൊല്ലത്തിനപ്പുറം അച്ഛന്റെ കൈവിരല്‍ 

തുമ്പത്തുതൂങ്ങി നടക്കവേ പാളങ്ങള്‍ 

തുല്ല്യാന്തരങ്ങളാം രേഖകളായ് നീണ്ടു 

പോകുന്നത് കണ്ടു ഭൂമിതന്‍ അറ്റത്ത് 

പോകും വഴിയിതെന്നെത്രേ നിനച്ചു ഞാന്‍..”

 

തിങ്ങിയാര്‍ക്കുന്ന മനുഷ്യര്‍ക്കിടയില്‍ എറണാകുളം നോര്‍ത്ത് റെയില്‍വേ സ്റ്റേഷന്റെ ഒന്നാം പ്ലാറ്റ്ഫോമില്‍ എവിടയോ സ്ഥാപിച്ചിരിക്കുന്ന ഇരുമ്പു കസേരയില്‍ ചടഞ്ഞിരുന്ന് ഗാര്‍സിയാ മാര്‍ക്വേസിന്റെ ഉറങ്ങുന്ന സുന്ദരിയും വിമാനവും എന്ന കഥയുടെ ആദ്യവരികള്‍ വായിക്കുമ്പോഴാണ് ശ്രീ ഓ എന്‍ വിയുടെ കവിത തൊട്ടടുത്ത ആരുടെയോ മൊബൈലില്‍ നിന്നും ഉയര്‍ന്നത്. ഏതോ കായിക മത്സരത്തിനെന്നോണം ഒരേ യൂണീഫോം ധരിച്ച ആരോഗ്യവതികളായ കുറെ ചെറുപ്പക്കാരികളുടെ സംഘത്തിലെ ഒരുവള്‍ തന്റെ മൊബൈല്‍ പരിശോധിക്കുമ്പോള്‍  ആകസ്മികമായി അവരുടെ യാത്രയ്ക്ക് ഒട്ടും യോജിക്കാതെ ഇടയില്‍പ്പെട്ട ആ കവിതയെ വലതു ചൂണ്ടു വിരല്‍കൊണ്ട് തൂത്തെറിയുമ്പോള്‍ മാര്‍ക്വേസില്‍ നിന്നും മോചിതനായി ഞാന്‍ സഹയാത്രികനെ നോക്കി. താനെടുത്ത പോര്‍ട്രെയിറ്റുകളില്‍ ഒരു സുന്ദരിയുടെ ഭാവഭേതങ്ങളുടെ സുന്ദര നിമിഷങ്ങളെ തന്റെ ഇന്‍സ്റ്റഗ്രാം പേജില്‍ നിക്ഷേപിക്കുന്ന തിരക്കിലായിരുന്നു യൂണിവേഴ്സിറ്റി കോളജിലെ സിനിമാ അധ്യാപകനായ നോബിള്‍ പീറ്റര്‍ എന്ന സഹയാത്രികന്‍ നന്‍പന്‍. 

madura-travel

 

 

 

madurai-travel-1

 

ഞങ്ങള്‍ക്ക് പോകേണ്ടിയിരുന്ന 16343 നമ്പര്‍ അമൃത എക്സ്പ്രസ്സ് പ്ലാറ്റ്ഫോമിനെ കുലുക്കി ഇരമ്പിയെത്തുമ്പോള്‍ ചെറുപ്പക്കാരികളുടെ സംഘം മറ്റെവിടേയ്ക്കോ മാര്‍ച്ച് ചെയ്തിരുന്നു. ഭാണ്ഡങ്ങള്‍ വീണ്ടും ചുമലിലേറ്റി ഞങ്ങള്‍ ഇരിപ്പിടങ്ങള്‍ അന്വേഷിച്ച് ട്രെയിനിനുള്ളിലേക്ക്  കയറി. ഓരോ റെയില്‍വേ സ്റ്റേഷനുകളും ഓരോ ലക്ഷ്യസ്ഥാനങ്ങളാണ്, ഇറങ്ങേണ്ടവര്‍ക്ക് ഇറങ്ങാം, കയറേണ്ടവര്‍ക്ക് കയറാം, അങ്ങനെ അല്ലാതെയുമിരിക്കാം. മേല്‍ക്കൂരയെ സ്പര്‍ശികുന്ന ഇരുപത്തി മൂന്നാം നമ്പര്‍ സീറ്റും ജാലകത്തിനരുകിലെ പത്തൊന്‍പതാം നമ്പര്‍ സീറ്റുമായിരുന്നു ഞങ്ങള്‍ മൂന്ന് ആഴ്ചകള്‍ക്ക് മുന്‍പ് ബുക്ക് ചെയ്തിരുന്നത്, ഞങ്ങള്‍ ചെല്ലുമ്പോഴും ആ സീറ്റുകള്‍ അവിടെയുണ്ടായിരുന്നു, ഇറങ്ങുമ്പോഴും അങ്ങനെ തന്നെ കാണും, എന്നാല്‍ ഇന്ന് ഞങ്ങള്‍ ചെല്ലുമ്പോള്‍ ആ സീറ്റുകള്‍ക്ക് മറ്റ് രണ്ടവകാശികള്‍ ഉണ്ടായിരുന്നു. 

 

 

മധ്യവയസ്സിന്റെ ആരംഭത്തിലെത്തിയ ഒരു മനുഷ്യനും അയാളുടെ ഭാര്യയും, ചുമല്‍ ഭാണ്ഡം കംപാര്‍ട്ട്മെന്റിന്റെ ശോഷിച്ച ഇടനാഴിയില്‍ ഇറക്കിവച്ച് ആരാണ് യഥാര്‍ത്ഥ അവകാശികളെന്ന തര്‍ക്കത്തിലേക്ക് കടക്കുമ്പോള്‍ ദീര്‍ഘദൂര യാത്രയില്‍ വമിക്കുന്ന മനുഷ്യഗന്ധം അവിടെമാകെ തിങ്ങിനിറഞ്ഞു ഞങ്ങള്‍ക്ക് ശ്വാസം മുട്ടി. അതിനാല്‍ തന്നെ ടിക്കറ്റ് എക്സാമിനര്‍ കടന്നുവരാനെടുത്ത സമയം ഞങ്ങള്‍ക്കസഹ്യമായിരുന്നു. റെയില്‍വേ സമയം കണക്കുകൂട്ടിയതില്‍ ദമ്പതികള്‍ക്കുണ്ടായ പിശകാണ് തലേന്ന് നടത്തേണ്ട യാത്ര അവര്‍ ഇന്നേ ദിവസമാക്കിയത്, ഒരിക്കലുമില്ലാത്ത വിധം ഇന്നേ ദിവസം ഞങ്ങളുടെ സമയകാല കണക്കുകൂട്ടലുകള്‍ ശരിയായിരിക്കുന്നു. ടിക്കറ്റ് എക്സാമിനാര്‍ ആ ദമ്പതികളോട് കരുണ കാണിച്ചോയെന്നു ഞങ്ങള്‍ അന്വേഷിച്ചില്ല, പകരം കമ്പിളിയും വിരിപ്പും അന്വേഷിച്ചു അവ കണ്ടെത്തുകയും ചെയ്തു. അതിജീവനത്തിന്റെ ഒരു മണിക്കൂറും കടന്നിരിക്കുന്നു. ഇനിയാത്രയാണ്, ഒന്നും അവകാശപ്പെടാനില്ലാത്ത അസ്വാഭാവികമായൊരു യാത്ര. ഇടം കൈയ്യില്‍ തെരുപ്പിടിച്ചിരുന്ന മാര്‍ക്വേസിന്റെ പുസ്തകത്തിന്റെ പേര് ഞാന്‍ വായിച്ചു, ‘അപരിചിത തീര്‍ഥാടകര്‍’, ചൂളം വിളിച്ച് എറണാകുളം മധുരൈ അമൃത എക്സ്പ്രസ്സ് നോര്‍ത്ത് സ്റ്റേഷനില്‍ നിന്നും അതിന്റെ സ്വാഭാവിക യാത്ര ആരംഭിച്ചു. തണുത്തു കിടന്നിരുന്ന വായുവിന്റെ ശീതളിമ ആസ്വദിച്ചുകൊണ്ട് തീര്‍ത്തും അപരിചിതരായ യാത്രികര്‍ക്കൊപ്പം ഇരുന്നിരുന്ന  ഞങ്ങള്‍ ഇപ്പോള്‍ യാത്രികരല്ല, തീര്‍ഥാടകരാണ്, രണ്ട് അപരിചിത തീര്‍ഥാടകര്‍. 

 

 ദീര്‍ഘയാത്രയ്ക്കൊടുവില്‍ ഉരുക്ക് പാളങ്ങള്‍ക്ക് മുകളില്‍ ട്രെയിന്‍ വിശ്രമമെടുക്കുമ്പോള്‍ പ്രഭാത കിരണങ്ങള്‍ക്ക് ചൂടേറിത്തുടങ്ങിയിരുന്നു, ആ പൊള്ളുന്ന ചൂടില്‍ ഇന്നലവരെ പറഞ്ഞുകേട്ടിരുന്ന ക്ഷേത്ര നഗരിയിലേക്ക് ഞങ്ങള്‍ കാലുകുത്തി. മധുരെയെന്ന മഹാ നഗരം അതിന്റെ പതിവ് തിരക്കുകളില്‍ പൂണ്ട് ഞങ്ങള്‍ക്ക് മുന്നില്‍ നിവര്‍ന്നു കിടന്നു. അതിന്റെ ചതുര ഇടനാഴികളിലൂടെ മനുഷ്യര്‍ക്കും പശുക്കള്‍ക്കും ഇരമ്പിയാര്‍ക്കുന്ന വാഹനങ്ങള്‍ക്കും ഇടയിലൂടെ ഒരു വാസയിടം തപ്പി ഭാണ്ഡങ്ങളുമായി ഞങ്ങള്‍ മുന്നോട്ട് നടന്നു. നെയ് മണം പൊഴിക്കുന്ന ദോശയും കൊഴുത്ത ചായയും ഇതിനിടയില്‍ തരപ്പെട്ടു, വീണ്ടും മുന്നോട്ട് നടക്കാന്‍ അത് ധാരാളമായിരുന്നു. 

 

ശീതീകരിച്ച ഒരു മുറി ഞങ്ങള്‍ തിരഞ്ഞെടുക്കുമ്പോള്‍ നിങ്ങളുടെ തമിഴ് സിലോണ്‍ തമിഴാണ് എന്ന് ആ ഹോട്ടല്‍ ജീവനക്കാരന്‍ അയ്യാസാമി കളിപറഞ്ഞു. ഒരു മണിക്കൂര്‍ മാത്രമാണ് ഞങ്ങള്‍ വിശ്രമത്തിനായി ചിലവഴിച്ചത്, കാരണം ഞങ്ങളുടെ ലക്ഷ്യസ്ഥാനം ഒരു തെരുവിനുമപ്പുറം തലയുയര്‍ത്തി നില്‍പ്പുണ്ടായിരുന്നു. സുവര്‍ണ്ണ മകുടങ്ങള്‍ തലയിലേറ്റി മനോഹരിയായ മധുര മീനാക്ഷി ക്ഷേത്രം മോഹിപ്പിക്കുന്ന ഒരു കണ്ണേറുദൂരത്തില്‍ പ്രൌഡിയോടെ ഉയര്‍ന്നു നില്‍ക്കുന്നു, ഇത് എല്ലാ മനുഷ്യരുടെയും ലക്ഷ്യസ്ഥാനമാണ്.  കൃത്യം ഒരു മണിക്കൂറിന് ശേഷം ഞങ്ങള്‍ തയ്യാറായി, പക്ഷേ അപ്പോഴാണ് അയ്യാസാമി പറഞ്ഞത് ഇനി ദര്‍ശനം വൈകി നാലുമണിമുതലാണ് തുടങ്ങുകയുള്ളൂ എന്ന്, നാലാവാന്‍ ഇനി രണ്ടു മണിക്കൂര്‍ കൂടിയുണ്ട്, തെരുവില്‍ നിന്നും രണ്ടു കിലോമീറ്റര്‍ അപ്പുറമായി തിരുമലൈ നായ്ക്കര്‍ കൊട്ടാരമുണ്ട്, എങ്കില്‍ അവിടെനിന്നും തുടങ്ങാമെന്ന് ഞങ്ങള്‍ തീരുമാനിച്ചു. കത്തിയാളുന്ന വെയിലില്‍ മധുരാ നഗരത്തിന്റെ തിരക്കാസ്വദിച്ച് ഒരു ഓട്ടോറിക്ഷയില്‍ കൊട്ടാരം ലക്ഷ്യമാക്കി ഞങ്ങള്‍ യാത്രതുടങ്ങി.  

 

 

കേവലം രണ്ടു മണിക്കൂര്‍ ചിലവഴിക്കാന്‍ എത്തിയ ഞങ്ങളെ നായ്ക്കര്‍ മഹലിന്റെ കനത്ത തൂണുകള്‍ ആ ദിവസം മുഴുവന്‍ ബന്ധനത്തിലാക്കി. 1636 ല്‍ ഈ കൊട്ടാരം നിര്‍മ്മിച്ച തിരുമലൈ നായക് മഹാരാജാവ് ആസനസ്ഥനായിരുന്ന കനക സിംഹാസനം മുന്നിലെ ചേംബറില്‍ മനോഹരമായി അലങ്കരിച്ച് നിറുത്തിയിരിക്കുന്നു,  മോഹഭാരത്താല്‍ വീര്‍പ്പുമുട്ടി കിടന്നിരുന്ന ആ സുവര്‍ണ്ണ നിര്‍മ്മിതിയില്‍ ഞാന്‍ നോക്കി നില്‍ക്കുമ്പോള്‍ തന്റെ അടുത്ത ഫോട്ടോ ഷൂട്ടിനായി കൊട്ടാരത്തിന്റെ നീളന്‍ തൂണുകളില്‍ അദൃശ്യമായ ചില അടയാളങ്ങള്‍ രേഖപ്പെടുത്തുകയായിരുന്നു നോബിള്‍. രാത്രിയോടെ കത്തിക്കയറിയ വിശപ്പിന്റെ നാളങ്ങള്‍ക്കാണ് നായ്ക്കര്‍ മഹലിലെ തൂണുകളില്‍ നിന്നും ഞങ്ങളെ വേര്‍പെടുത്താനായത്, മധുരാപുരിയിലെ തിരക്കുകളിലൂടെ തിരികെ മുറിയിലേക്ക്. യാത്രാക്ഷീണത്താല്‍ ഞങ്ങളുടെ കണ്ണുകള്‍ അടഞ്ഞുപോകുന്നുണ്ടായിരുന്നു എങ്കിലും മധുരയ്ക്ക് ഉറക്കമില്ലായിരുന്നു, അതിനാലാണല്ലോ ഈ നഗരത്തെ തൂങ്കാ നഗരം എന്നു വിളിക്കുന്നത്.  

 

തൂങ്കാ നഗരത്തിലെ ആദ്യദിനത്തിലെ സുഖകരമായ ഉറക്കത്തിന് ശേഷം പ്രതീക്ഷയുടെ രണ്ടാം ദിനം പിറന്നു.  സൂര്യനുദിക്കും മുമ്പേ കുളിച്ചു ശുദ്ധിവരുത്തി തേച്ചുമിനുക്കിയ വെള്ളമുണ്ടും കൂര്‍ത്തയും ധരിച്ച് ഞങ്ങള്‍ ഇറങ്ങി.  ‘വാങ്കമ്മാ വാങ്കെ’ എന്ന് സ്വാഗതമരുളുന്ന തമിഴ് പെണ്‍കൊടിയുടെ   കടയില്‍ നിന്നും ചൂട് ലെമണ്‍ ടീയും മോന്തി തമിഴ് അമ്മമാരുടെ കസ്റ്റഡിയില്‍ മൊബൈലും ചെരുപ്പും സറണ്ടര്‍ ചെയ്ത് ഒരു വര്‍ഷമായി മനസ്സില്‍ കാത്തു സൂക്ഷിച്ച ആഗ്രഹത്തിന്റെ പൂര്‍ത്തീകരണത്തിലേക്ക് ഞങ്ങള്‍ ചുവടുവച്ചു. കാവല്‍ തുറൈ അധികാരികളുടെ ദേഹപരിശോധനയും പൂര്‍ത്തിയാക്കി മധുര മീനാക്ഷി ക്ഷേത്രത്തിന്റെ കിഴക്കേ ഗോപുരനടയുടെ വിശാല വാതായനത്തിലേക്ക് ഞങ്ങള്‍ കടന്നു. പന്ത്രണ്ടാം നൂറ്റാണ്ടില്‍ ഇരുപത്തിരണ്ടു വര്‍ഷക്കാലത്തെ മനുഷ്യധ്വാനം 153 അടി ഉയരത്തില്‍ ആയിരത്തി പതിനൊന്നു വിഗ്രഹങ്ങളെയും അഥവാ ആയിരത്തി പതിനൊന്നു കഥാ സന്ദര്‍ഭങ്ങളും പേറി നില്‍ക്കുന്ന കിഴക്കേ ഗോപുരനടയിലെ ശുദ്ധമായ പച്ചമഞ്ഞളിന്റെ ഗന്ധം ഞങ്ങളെ മത്തുപിടിപ്പിച്ചു. ഇതാണ് ക്ഷേത്രത്തിന്റെ ഏറ്റവും പഴക്കമുള്ള ഗോപുരം, മാരവര്‍മ്മന്‍ സുന്ദരപാണ്ഡ്യന്റെ കാലത്ത് 1216 ല്‍ പണിയാരംഭിച്ച് ജാതവര്‍മന്‍ സുന്ദരപാണ്ഡ്യന്റെ കാലത്ത് 1268 ല്‍ പൂര്‍ത്തിയാക്കിയതാണ് ഈ ഗോപുരം. നടയുടെ ഉള്ളില്‍ വലതു ഭാഗത്തെ കല്‍ തൂണുകളില്‍ സ്വാഗതം അരുളാനായി യാഗന രൂപിണിയും ശ്യാമളയും മഹേശ്വരിയും മനോഹരിയും ജീവന്‍ തുടിച്ച് നിന്നിരുന്നു, ഇടതുഭാഗത്ത് ഗോമാരിയും രൌത്രിയും വൈഷ്ണവിയും മഹാലക്ഷ്മിയും തേജസ്സോടെ നിലകൊണ്ടു, ഞാന്‍ അത്ഭുതപരതന്ത്രനായി ഈ കല്‍രൂപങ്ങള്‍ നോക്കി ഒരുവേള നിന്നുപോയി, അതുമനസ്സിലാക്കി നോബിള്‍ എന്നോടു പറഞ്ഞു, 

 

‘കാഴ്ചകളുടെ ഉത്സവമാണ് മധുര മീനാക്ഷി ക്ഷേത്രം, നമ്മള്‍ തുടങ്ങിയിട്ടല്ലേ ഒള്ളൂ നന്‍പാ’ കിഴക്കേ നടയില്‍ നിന്നും ക്ഷേത്രത്തിലേക്ക് രണ്ടു വാതിലുകളുണ്ട്, ഞങ്ങള്‍ നില്‍ക്കുന്ന പ്രധാന ഗേറ്റ് നേരെ സുന്ദരേശ്വര പ്രതിഷ്ഠാ കോവിലിലേക്ക്, പ്രധാന ഗേറ്റിനോട് ചേര്‍ന്നുള്ള ചെറുവാതില്‍ നേരെ അമ്മന്‍ കോവിലിലേക്ക് അഥവാ അരുള്‍മിഗു മീനാക്ഷി സുന്ദരേശ്വരര്‍ കോവിലിലേക്കും.  പരാശക്തി ശ്രീ പാര്‍വ്വതി മീനാക്ഷിക്കാണ് ഇവിടെ പ്രാധാന്യം എങ്കിലും തന്‍പതി ഭഗവാന്‍ സുന്ദരേശ്വരനെ കണ്ടതിന് ശേഷം മീനാക്ഷിയെ കാണാമെന്ന് ഞങ്ങള്‍ തീരുമാനിച്ചു, മൂവായിരം കൊല്ലം മുന്‍പ് മധുരാപുരി കടമ്പുമരം തിങ്ങി നിറഞ്ഞ കൊടും കാടായിരുന്നു, കടമ്പു മരത്തിന്റെ അടിയില്‍ നിന്നും ഒരു ശിവലിംഗം ഉയര്‍ന്നു വന്നു, ഇതിലെ കടന്നുപോയ ഒരു വ്യാപാരി ഈ ശിവലിംഗം കാണുകയും ഇക്കാര്യം അന്നത്തെ രാജാവായിരുന്ന കുലശേഖര പാണ്ഡ്യനോട് പറയുകയും രാജാവ് അവിടെ ക്ഷേത്രം പണിയാന്‍ കല്‍പ്പനയിടുകയും ചെയ്തു. 

 

 

ഐതിഹ്യം വിവരിച്ചുകൊണ്ട് നോബിള്‍ നീളമേറിയ ഇടനാഴിയിലൂടെ സുന്ദരരേശ്വര കോവിലിലേക്ക് നടന്നു. ഇടനാഴിക്ക് അവസാനം മറ്റൊരു ഗോപുരമുണ്ട് അതിന്റെ വലതുവശത്ത് കൊത്തി വച്ചിരിക്കുന്ന തീര്‍ത്തൂം ചെറിയൊരു നാരീരൂപവും ഇടത്തായുള്ള എലിയുടെ രൂപവും എന്റെ കണ്ണിലുടക്കി, ഗോപുരവും കടന്ന് ഞങ്ങള്‍ ചെന്നു നിന്നത് കമ്പത്തടി മണ്ഡപത്തിന്റെ മുന്നിലാണ്, ഒറ്റ നോട്ടത്തില്‍ വൈദ്യുതാഘാതമേറ്റവനെപ്പോലെ ഞാന്‍ ആ മണ്ഡപ മുന്നില്‍ നിന്നു, ഇതുവരെ ഞാന്‍ കണ്ടതില്‍ വച്ച് ഏറ്റവും അത്ഭുതകരമായ കാഴ്ചയിതാ മുന്നില്‍, ഉറപ്പാണ് ഇതുവരെ ഇങ്ങനെയൊരു കാഴ്ച ഉണ്ടായിട്ടില്ല, എന്റെ കണ്ണുകള്‍ എന്നെ പറ്റിക്കുന്നതായി എനിക്കു തോന്നി, കാഴ്ചമങ്ങി നിശ്ചലാവസ്ഥയിലായ എന്നെ തിരക്കിട്ട് കടന്നുപോയൊരു രാജസ്ഥാനി സംഘം ഉണര്‍ത്തി, ഞാന്‍ ഇപ്പൊഴും കമ്പത്തടി മണ്ഡപത്തിന്റെ മുന്നിലാണ്, നോബിള്‍ എങ്ങോ മറഞ്ഞിരിക്കുന്നു. പതിയെ എന്റെ കണ്ണുകള്‍ക്ക് കാഴ്ച തിരികെ ലഭിച്ചു. ഘനമേറിയ കല്ലുകള്‍ക്കൊണ്ട് നിര്‍മ്മിച്ച അത്ഭുത സൃഷ്ടിയാണ് കമ്പത്തടി മണ്ഡപം, ഇരുവശങ്ങളിമായി എട്ട് കല്‍തൂണുകള്‍, ഓരോ തൂണിലും ഗംഭീരമായ കൊത്തുപണികള്‍, ഇടത്തെ തൂണുകളില്‍ ആദ്യത്തെ തൂണില്‍ കല്യാണ സുന്ദരേശ്വരര്‍ പ്രതിമ കൊത്തിയിരിക്കുന്നു, മീനാക്ഷി കല്ല്യാണ വിഗ്രഹമാണിത്. വിഷ്ണുവും ശിവനും മീനാക്ഷിയും മനുഷ്യരൂപം പൂണ്ട് നമ്മളെ നോക്കുന്നു. ഈ രൂപത്തിന് മുന്നില്‍ കല്ല്യാണക്കുറി വച്ച് ഭക്തര്‍ തിരുമണം നടക്കാനായി പൂജ ചെയ്യും. 

 

 

 

 

ആ തൂണിന്റെ ഇടതുഭാഗത്ത് തിരുപ്പുറ സംഹാരര്‍ പ്രതിമ, രണ്ടാം തൂണില്‍ ശ്രീ കാലസംഹാരര്‍, അതിനടിയില്‍ മാര്‍ക്കണ്ഡേയന്‍ പ്രതിമ, മൂന്നാം തൂണില്‍ നടരാജനാണ് ഉള്ളത്, നാലാം തൂണില്‍ ശ്രീ ചന്ദ്രശേഖര വിഗ്രഹം, നാലാം തൂണിന്റെ മുന്‍വശം ശിവനും പാര്‍വ്വതിയും വൃഷഭ വാഹനത്തില്‍ ഭക്തര്‍ക്ക് ദര്‍ശനം കൊടുത്തിരിക്കുന്നത് ചിത്രീകരിച്ചിരിക്കുന്നു. വലത്തെ തൂണുകളില്‍ അര്‍ദ്ധനാരീശ്വരന്‍, ശങ്കരനാരായണന്‍, ജലന്ദര്‍  മൂര്‍ത്തി, ഗജരത്വ മൂര്‍ത്തി, ഗണപതി, മുരുകന്‍, കാലഭൈരവന്‍, ശ്രീ പിച്ചാണ്ഡവര്‍ എന്നിവരെയും കൊത്തിയിരിക്കുന്നു. ശിവനുമായി ബന്ധപ്പെട്ട എല്ലാ അവതാരങ്ങളേയും അതിന്റെ പൂര്‍ണ്ണതയില്‍ ഈ മണ്ഡപത്തില്‍ കാണാം,  മണ്ഡപത്തിന്റെ വലതുഭാഗം പിന്നിലെ തൂണുകളില്‍ രൌദ്ര ഭാവം പൂണ്ട അഗ്നി വീരഭദ്രരേയും, അഘോര വീരഭദ്രരേയും പ്രതിഷ്ടിച്ചിരിക്കുന്നു. ഇടതുഭാഗം പിന്നിലെ തൂണില്‍ ഭദ്രകാളിയുടെ ഭീകര രൂപവും സ്ഥാപിച്ചിരിക്കുന്നു. കമ്പത്തടി മണ്ഡപത്തിന് മുന്നില്‍ ഭക്തര്‍ കിടന്നു നമസ്കരിക്കും, കിടന്നില്ലെങ്കിലും ഞാനും മനസ്സാല്‍ ആ വിസ്മയ വാസ്തുവിദ്യയെ നമിച്ചു, മണ്ഡപത്തിന് വലം വച്ച് അപ്പോഴേക്കും നോബിള്‍ അരികിലെത്തി വീരഭദ്രര്‍ക്ക് നെയ് വിളക്ക് സമര്‍പ്പിക്കുന്നയിടത്തേക്ക് എന്നെ കൂട്ടിക്കൊണ്ടുപോയി, രണ്ടു നെയ് വിളക്കുകള്‍  വീരഭദ്രര്‍ക്ക് ഞങ്ങള്‍ സമര്‍പ്പിച്ചു. പിന്നീട് ഞങ്ങള്‍ കമ്പത്തടി മണ്ഡപത്തിന്റെ പിന്‍ഭാഗത്തേക്ക് ചെന്നു, മണ്ഡപത്തിന്റെ ഉള്ളില്‍ ഇരുപതു കിലോ സ്വര്‍ണത്തില്‍ അറുപതടി ഉയരത്തില്‍ കൊടിമരം തിളങ്ങി നിന്നിരുന്നു. കൊടിമരത്തിന് ശേഷമാണ് ലോകത്തിലെ അത്ഭുത സൃഷ്ടികളിലൊന്ന് പ്രതിഷ്ഠിച്ചിരിക്കുന്നത്,അതാണ് ഒറ്റക്കല്ലില്‍ തീര്‍ത്ത നന്ദി മണ്ഡപം. നാലുതൂണ്‍ മണ്ഡപവും അതിനുള്ളില്‍ അലസമായി ശയിക്കുന്ന ശ്രീനന്ദിയും ഒറ്റക്കല്ലിലാണ് കൊത്തിയെടുത്തിരിക്കുന്നതെന്ന് നോബിള്‍ എന്നോടു പറയുമ്പോള്‍ അവന്‍ നുണപറയുകയാണ് എന്ന് ഞാന്‍ കരുതി, അല്ലെങ്കില്‍ എങ്ങനെയാണ് കരിങ്കല്ലില്‍ ഇത് സാധ്യമാവുക, മകുടത്തോട് കൂടിയ ഒരു മേല്‍ക്കൂര കൊത്തിയെടുക്കുക. 

 

 

 

 

പിന്നെ അതിനു കീഴെ തുല്യ അളവുകളിലും ചിത്രപ്പണിയിലും നാലു തൂണുകള്‍ കൊത്തിയെടുക്കുക, തൂണുകള്‍ക്കും മേല്‍ക്കൂരയ്ക്കും ഇടയിലെ കല്ല് ഒരു പശുവായി പരിണമിപ്പിക്കുക ശേഷം അതിനു കിടക്കാനായി ഒരു പീഠം മെനയുക, പീഠത്തില്‍ തൂണുകള്‍ അവസാനികുക, തീര്‍ത്തൂം സങ്കീര്‍ണമായ ഒരരികുപോലും അടര്‍ന്ന് പോകാതെ അതില്‍ അസംഖ്യം കൊത്തുപണികള്‍ തീര്‍ക്കുക, ഇവയെല്ലാം മുറിച്ചുമാറ്റാത്ത, കൂട്ടിയോജിപ്പിക്കലുകള്‍ ഒന്നും നടത്താത്ത ഒറ്റക്കല്ലില്‍ ആണെന്ന് കൂടി ഓര്‍ക്കണം, അറിയില്ല ഇതെങ്ങനെയാണ് മനുഷ്യസാധ്യമായതെന്ന്. നന്ദി മണ്ഡപത്തിലെ ഓരോ പാറ്റേണുകളും നമ്മളെ വിസ്മയിപ്പിക്കും. ഒരു കരിങ്കല്ലിന് ഇത്രമേല്‍ മനോഹരമാവാമെന്ന്  ആരാണ് നമ്മെ കാണിച്ചു തന്നത് ദൈവമോ, അതോ മനുഷ്യനോ.? ആരാണ് ആര്‍ട്ടിസ്റ്റ്, ഇനിയും പിറക്കുമോ ആ മഹാ ശില്‍പ്പി, ശ്രീനന്ദിയുടെ മുന്നില്‍ ഒരു നെയ് വിളക്ക് സമര്‍പ്പിച്ച് ഞങ്ങള്‍ നിലത്തു മുട്ടുകുത്തി ആ മനോഹര നിര്‍മിതിയെ തൊഴുതു.  വലതു ഭാഗത്ത് മഞ്ഞള്‍ നിറഞ്ഞ നിശബ്ദമായ ധ്യാന മണ്ഡപം. മണ്ഡപത്തിന് വടക്ക് ദിശയില്‍ നവഗ്രഹങ്ങളും പിന്‍ ഭിത്തിയില്‍ മുരുകന്റെ ആറുപടൈ വിഗ്രഹങ്ങളും പ്രതിഷ്ഠിച്ചിരിക്കുന്നു. ഇടത്തേക്കും വലത്തേക്കും വിശാലമായ ഇടനാഴി നീണ്ടുകിടക്കുന്നു, ഈ ഇടനാഴിയില്‍ മേല്‍ക്കൂരയെ താങ്ങിനിറുത്തുന്ന അസംഖ്യം ഭീമാകാരന്‍ കല്‍തൂണുകള്‍, ഓരോ തൂണുകളിലും ഗംഭീരന്‍ കൊത്തുപണികള്‍, ഇവയ്ക്കിടയിലൂടെ ഒഴുകുന്ന ഭക്തര്‍ക്കൂട്ടം. ഭക്തര്‍ക്കിടയില്‍ ഒരാള്‍ എല്ലാ കല്‍തൂണുകളിലും തൊട്ട് നമസ്കരിക്കുന്നു. 

 

 

 

 

മണ്ഡപത്തിന്റെ വടക്ക് ഭാഗത്ത് തൂണുകള്‍ക്കിടയില്‍ നിലത്തു സ്ഥാപിച്ചിരിക്കുന്ന ഒരു സ്വര്‍ണ്ണ തളികകാണാം, സവിശേഷമായി നിലത്തു സ്ഥാപിക്കപ്പെട്ട അതില്‍ കയറി നിന്നു പടിഞ്ഞാറു ഭാഗത്തേക്ക് നോക്കിയാല്‍ സുന്ദരേശ്വര കോവിലിന് മുകളിലെ സ്വര്‍ണഗോപുരം കാണാം അതാണ് ഇന്ദ്രവിമാനം. കിഴക്ക് നടയ്ക്കും കമ്പത്തടി മണ്ഡപത്തിനും നേരെയാണ് സുന്ദരേശ്വരര്‍ വിഗ്രഹം സ്ഥിതിചെയ്യുന്നത്. സുന്ദരേശ്വര കോവിലിനെ നോക്കിക്കൊണ്ട് കിടക്കുന്ന നന്ദിയുടെ മുന്നില്‍ മറ്റൊരു ഗോപുര കവാടമാണ്, കവാടത്തിന് ഇരുവശത്തും പന്ത്രണ്ടടി ഉയരത്തില്‍ ഒറ്റക്കല്ലില്‍ തീര്‍ത്ത രണ്ടു ദ്വാരപാലകരുടെ ശില്‍പ്പം പ്രൌഡിയോടെ നില്‍ക്കുന്നു. 1645 ല്‍ നിര്‍മ്മിച്ചതാണിവ, ദ്വാരപാലകരുടെ മുന്നിലെ ഇടത്തെ തൂണില്‍ സദാശിവ രൂപം കൊത്തിയിരിക്കുന്നു, അതിനു പിറകില്‍ പഞ്ചഭൂതങ്ങള്‍. വലത്തെ തൂണില്‍ ഗായത്രി ദേവിയുടെ അഞ്ചുതലയുള്ള പാര്‍വ്വതി അവതാര വിഗ്രഹം കൊത്തിയിരിക്കുന്നു.  കമ്പത്തടി മണ്ഡപം സ്ഥിതിചെയ്യുന്ന ചേംബറില്‍ നിന്നും ഞങ്ങള്‍ സുന്ദരേശ്വരര്‍ കോവില്‍ സ്ഥിതിചെയ്യുന്ന ചേംബറിലേക്ക് കടന്നു. 

 

 

 

 സുന്ദരേശ്വരര്‍ ശ്രീകോവില്‍ ഉയര്‍ന്നാണ് സ്ഥിതിചെയ്യുന്നത്, ശ്രീകോവിലിനെ നമസ്കരിച്ച് ഗോപുര നടയുടെ ഇരുവശവും ഋഷികള്‍ നില്‍ക്കുന്നു. ഭക്തരെ നിയന്ത്രിക്കാന്‍ ഉരുക്കിച്ചേര്‍ത്ത ഇരുമ്പു കമ്പികളുടെ നീണ്ടനിര അപലക്ഷണം പോലെ ഇരുഭാഗത്തും വളഞ്ഞു പുളഞ്ഞുകിടക്കുന്നു. അതിനിടയിലൂടെ വളഞ്ഞു പുളഞ്ഞു ഞങ്ങളും ശ്രീകോവിലിലേക്ക് നടന്നു. ശ്രീകോവിലിന്റെ പുറം ഭിത്തിയില്‍ കാണുന്ന മീനാക്ഷി കല്ല്യാണ  കൊത്തുപണികള്‍ ആസ്വദിച്ചുകൊണ്ട് ഞങ്ങള്‍ ശ്രീകോവിലിലേക്ക് പ്രവേശിച്ചു. കോവിലില്‍ ആദ്യം ആറുകാല്‍ പീഠമാണ്, പരിപാവനമായൊരിടത്തെ എങ്ങനെയാണ് ഏറ്റവും മനോഹരമായി വിഭാവനം ചെയ്യുക എന്ന് മനുഷ്യ പൂര്‍വ്വികര്‍ക്ക് നന്നായറിയാമെന്ന് ശ്രീകോവിലിന്റെ ഉള്‍വശത്തേക്ക് കടന്നപ്പോള്‍ നോബിള്‍ എന്നോട് അടക്കം പറഞ്ഞു, അത് ശരിയായിരുന്നു താനും, ചെറുകല്‍തൂണുകളും തൂക്കുവിളക്കുകളും വിശിഷ്ടമായൊരിടത്തേക്ക് എന്നവിധം നമ്മളെ ആനയിക്കുന്നു, തിങ്ങിയാര്‍ത്ത ഭക്തജനത്തിന് പെട്ടന്നുണ്ടായ നിശബ്ദത, എത്തിനോക്കുന്ന ആണ്‍ പെണ്‍ തലകള്‍, ഉയരുന്ന മണി നാദം, വിളക്കെണ്ണ കരിയുന്ന അഭൌമ സുഗന്ധം, ശരിക്കും വിശിഷ്ടമായൊരിടം തന്നെ. ശ്രീകോവില്‍ എത്തും മുന്‍പ് വലത്തായി വെള്ളയമ്പല നടരാജ കോവിലും വിഗ്രഹവും കാണാം, ശിവന്‍ വലതുകാലുയര്‍ത്തി നടനമാടുന്ന അപൂര്‍വ്വമായ നടരാജ വിഗ്രഹമാണ് വെള്ളയമ്പല നടയിലെ പ്രതിഷ്ഠ. അതും കടന്നു മുന്നോട്ട് നടക്കുമ്പോള്‍ മുന്നില്‍ സുന്ദരേശ്വരര്‍ ശ്രീകോവില്‍, അതിനുള്ളില്‍ സ്വയംഭൂവായ ശിവപ്രതിഷ്ഠ പിന്നിലെ നക്ഷത്രവിളക്കിന്റെ ഇരുപത്തേഴു നാളങ്ങളുടെ പ്രഭയില്‍ തിളങ്ങിനില്‍ക്കുന്നു.

 

 

 

 ഈ നക്ഷത്രവിളക്ക് അണയാറില്ലത്രേ, അല്ലെങ്കില്‍ തന്നെ ദര്‍ശനപുണ്യത്തിനായി ഒഴുകിയെത്തുന്ന ഭക്തര്‍ക്ക് മുന്നില്‍ എങ്ങനെയാണ് അവയ്ക്ക് അണയാനാവുക, അവ കാലങ്ങളായി ഭഗവാന് വേണ്ടി സ്വയം എരിഞ്ഞു നിന്നു, സത്ത്വ ഗുണവും തമോഗുണവും രജോഗുണവും നിറഞ്ഞ ഭഗവാന്റെ പരമാധികാരത്തിന്റെ ആയുധമായ തൃശൂലം പഴുത്ത നാരങ്ങകളെ തുളച്ച് ഉയര്‍ന്നു നിന്നിരുന്നു. ത്രിമൂര്‍ത്തികളില്‍പ്പെട്ട  ദൈവമായ ശിവ ഭഗവാന്‍  കുടികൊള്ളുന്ന സുന്ദരേശ്വര ശ്രീകോവിലിന് മുന്നില്‍ നില്‍ക്കുമ്പോള്‍ ശൈവ സംബ്രദായ പാരംമ്പര്യം പ്രകാരം പ്രപഞ്ച സ്രഷ്ടാവും പരിപാലകനും ശ്രീപരമേശ്വരന്‍ തന്നെയെന്ന് നമുക്ക് തോന്നിപ്പോകും, അവിശ്വാസിയെയും വിശ്വാസിയാക്കുന്ന മാന്ത്രികത. സംഹാരവും നീ, ലയനവും നീ, സര്‍വ്വസ്വവും നീ. കല്‍വിളക്കുകളുടെ സുവര്‍ണ്ണ പ്രഭയില്‍ ഭഗവാനെയും വന്ദിച്ച് പ്രാര്‍ഥനാ മന്ത്രങ്ങളുരുവിട്ട് ഭക്തര്‍ക്ക് പ്രസാദം നല്‍കുന്ന  പൂജാരിയില്‍ നിന്നും നെറ്റിയില്‍ കുങ്കുമപ്രസാദവും സ്വീകരിച്ച് പുറത്തേക്ക്. നെറ്റിയിലെ കുങ്കുമത്തിന്റെ സുഗന്ധം ഞങ്ങളുടെ നാസികയില്‍ സുഖകരമായൊരു അനുഭൂതിയായി ഇടയ്ക്കിടെ ഉയര്‍ന്നു, ഇപ്പോള്‍ ഞങ്ങള്‍ ശുദ്ധരായിരിക്കുന്നു. ഈ ശുദ്ധിയില്‍ ഇനി ശിവകോവിലിനെ വലം വയ്ക്കണം.

 

 

പന്ത്രണ്ടാം നൂറ്റാണ്ടിലാണ് ശിവകോവില്‍ പണിതത്, കോവിലിന് പുറം ചുമരില്‍ കോവിലിനെ സംരക്ഷിക്കാനെന്നവണ്ണം  ഒറ്റക്കല്ലില്‍ തീര്‍ത്ത എട്ട് ഗജവീരരുടെ ഭീമാകാരന്‍ പ്രതിമകള്‍ കാണാം, അതിനാല്‍ തന്നെ കോവില്‍ അഷ്ടഗജ മണ്ഡപമെന്നും വിളിക്കപ്പെടുന്നു. കോവിലിന് തെക്ക് ശിവഗുരു ദക്ഷിണാമൂര്‍ത്തിയുടെ പൂര്‍ണകായ വിഗ്രഹം കാണാം. ദൈവങ്ങളുടെ ഗുരുവിനെ ആദ്യമായി ഞാന്‍ കാണുകയായിരുന്നു അപ്പോള്‍. വടക്ക് ചങ്ക് ചക്രം കൈയ്യിലേന്തിയ വിഷ്ണു ദുര്‍ഗയായ ദുര്‍ഗാ ദേവി വിഗ്രഹം കാണാം.  കോവിലിന് ഏറ്റവും പിറകില്‍ ശിവന്‍ ലിംഗത്തില്‍ തന്റെ സ്വരൂപം കാണിക്കുന്ന  ശ്രീ ലിംഗോത്ഭവര്‍ പ്രതിമ കാണാം. കോവിലിന് ചുറ്റും മറ്റൊരു ചേംബറാണ്, നടുക്കാണ് കോവില്‍. ചേംബറിലൂടെ ഞങ്ങള്‍ നടന്നു തുടങ്ങി, ശിവഭക്തരായ അറുപത്തി മൂന്നു നായനാര്‍മാരുടെ വിഗ്രഹം ഇടതുഭാഗത്ത്  പ്രതിഷ്ഠിച്ചിരിക്കുന്നു.  തീര്‍ത്തൂം ചെറുതെങ്കിലും സവിശേഷമായൊരു നിര്‍മ്മിതിതന്നെയാണവ. അതിനുമപ്പുറം വിദ്യാദേവി  സരസ്വതി വിഗ്രഹം, അതും കടന്നാല്‍ സപ്ത മാതാ എന്നുവിക്കപ്പെടുന്ന ഏഴ് അമ്മമാര്‍, മഹേശ്വരി, ഗൌമാരി, വൈഷ്ണവി, വരാഹണി, ഇന്ദ്രാണി, ശാമുണ്ടേശ്വരി എന്നിവരാണ് ആ അമ്മമാര്‍,  വലത്തെ ഇടനാഴിയില്‍ ശിവ അവതാരമായ സിദ്ധര്‍ വിഗ്രഹം ചെറുമണ്ഡപത്തില്‍ സ്ഥാപിച്ചിരിക്കുന്നു.

 

 

 അതിനു ശേഷം സവിശേഷമായൊരു ഉണക്കമരം സംരക്ഷിച്ചിരിക്കുന്നു, കൌതുകത്തോടെ അതിനടുത്തേക്ക് ഞങ്ങള്‍ നടന്നടുത്തു, ടെമ്പിള്‍ ട്രീ എന്ന എഴുത്തും Mitragyna  Parvifolia എന്ന അതിന്റെ ശാസ്ത്രനാമവും അരികിലെ ബോര്‍ഡില്‍ എഴുതി പ്രദര്‍ശിപ്പിച്ചിട്ടുണ്ടായിരുന്നു. എണ്ണൂറു വര്‍ഷം പഴക്കമുള്ള കടമ്പു മരത്തിന്റെ ശേഷിപ്പായിരുന്നു അത്, അതിന്റെ അടിയിലെ വെള്ളിയുടെ ചുറ്റില്‍ ക്ഷേത്രകഥ പറയുന്ന വിഗ്രഹങ്ങള്‍ കൊത്തിയിരിക്കുന്നു. മരച്ചുവട്ടില്‍ നിന്നും നോബിള്‍ എന്നെ മറ്റൊരു ചെറു കോവിലിലേക്ക് കൂട്ടിക്കൊണ്ടുപോയി, ശിവ കോവിലിന് വലതുഭാഗം ചേര്‍ന്നാണ് അത് ഉണ്ടായിരുന്നത്, ഉള്ളിലെ വിഗ്രഹത്തെ തൊഴുതതിനു ശേഷം   നോബിള്‍ കൈകള്‍ തുടയ്ക്കുന്നു, ഒരിടത്തും കണ്ടിട്ടില്ലാത്ത ഒരാചാരം, ഞാന്‍ കൌതുകത്തോടെ കാര്യമന്വേഷിച്ചു.

 

 

 

‘ശിവന്റെ കണക്കുപ്പിള്ളയായ ശണ്ഡീകേശ്വരനാണത്, ഈ വിഗ്രഹം തൊഴുതാല്‍ നമ്മള്‍ കൈകള്‍ തുടച്ചിട്ടു വേണം പോകാന്‍ കാരണം നമ്മള്‍ ക്ഷേത്രത്തില്‍ നിന്നും ഒന്നും കൊണ്ടുപോകുന്നില്ലായെന്ന് കണക്കുപ്പിളയ്ക്ക് ഉറപ്പുകൊടുക്കുന്നതാണത്.’ ശണ്ഡീകേശ്വരനു മുന്നില്‍ നിലത്തു സ്ഥാപിച്ച സ്വര്‍ണപീഠത്തില്‍ കയറിനിന്ന് ശിവപ്രതിഷ്ഠയുടെ മുകളിലെ ഇന്ദ്രവിമാനത്തിന്റെ മകുടം നോക്കിക്കൊണ്ട് നോബിള്‍ പറഞ്ഞു. ഞങ്ങള്‍ക്കിനി ഇവിടെനിന്നും ഒന്നും എടുക്കാനില്ല, ഞങ്ങള്‍ എപ്പോഴേ ഇവിടെ  അലിഞ്ഞു കഴിഞ്ഞിരിക്കുന്നു, ഞാനും  കണക്കുപ്പിള്ളയെ തൊഴുത് കൈകള്‍ തുടച്ചു. ഇടവഴിയില്‍ ഇനി ഇടത്ത്  അക്ഷരലിംഗങ്ങളുടെ സമുച്ചയമാണ്. ക്ഷേത്രത്തില്‍ ആകെ 108 ശിവലിംഗങ്ങളാണുള്ളത്, അതില്‍ 51 എണ്ണം സുമാര്‍ നാലടി ഉയരത്തില്‍ മറ്റൊരു ചേംബറില്‍ സ്ഥാപിച്ചിരിക്കുന്നു, ഇവയെ അക്ഷരലിംഗങ്ങള്‍ എന്നാണ് വിളിക്കപ്പെടുന്നത്. അതില്‍ വലത്തെയറ്റത്തായി  ചെറിയൊരു ലിംഗം കാണാം, അത് മരതകക്കല്ലിനാല്‍ നിര്‍മിച്ചതാണ്, അതിനാല്‍ തന്നെ അത് മരതകലിംഗമെന്ന് അറിയപ്പെടുന്നു.  നിഗൂഢവ്യന്യാസത്തില്‍ നിശബ്ദമായി തപസ്സ് തുടരുന്ന അക്ഷരലിംഗങ്ങളെ കടന്ന്   ഞങ്ങള്‍ മുന്നോട്ട് നടന്നു. കോവില്‍ ചുമരില്‍ മൂന്നു സ്തനങ്ങളോട് കൂടിയ മീനാക്ഷി പ്രതിമ ആദ്യമായി ഞങ്ങള്‍ കണ്ടു. അക്ഷരലിംഗങ്ങള്‍ക്കപ്പുറം യാഗശാലയാണ്, അതിനുമപ്പുറം മഹാലക്ഷ്മിയെ പ്രതിഷ്ഠിച്ചിരിക്കുന്നു. 

 

 

 

അതിനുശേഷമാണ് രത്തന സഭ. അവിടംകൊണ്ട് ഇടത്തെ ചുമര്‍ അവസാനിക്കുന്നു, ശേഷം കോവിലിനെ അഭിമുഖീകരിച്ച് ശിവ മകന്‍ കാലഭൈരവനെ കാണാം, കാലഭൈരവന് മുന്നിലെ കടമ്പു മരത്തിന്റെ മാതൃകയില്‍ മഞ്ഞള്‍ വിതറിക്കിടന്നിരുന്നു. അതിനടുത്ത് സൂര്യചന്ദ്ര വിഗ്രഹങ്ങള്‍. ഞങ്ങള്‍ ശ്രീകോവില്‍ ചേംബര്‍ വലം വച്ച് കഴിഞ്ഞിരിക്കുന്നു. അവിടെ നിന്നും ഞങ്ങള്‍ ശ്രീകോവിലിന് പുറത്തെ വിശാല കോറിഡോറിലേക്ക് കടന്നു, ഇവിടമാണ് ലോകത്തെ ഏറ്റവും വലിയ ക്ഷേത്ര ഇടനാഴി. ആ ഇടനാഴിയിലെ ഭീമാകാരന്‍ കല്‍തൂണുകള്‍ക്കിടയിലൂടെയുള്ള നടത്തമെന്നത് ഒരു മനുഷ്യായുസില്‍ ഒരിക്കലെങ്കിലും നടക്കേണ്ടതാണ്, ഞാന്‍ നടന്നിട്ടുള്ള വഴികളില്‍ ഏറ്റവും സുന്ദരമായ ഇടം. നമുക്കഭിമാനത്തോടെ പറയാം ലോകത്തെ ഏറ്റവും മികച്ച കലാകാരന്മാര്‍ ജീവിച്ചിരുന്നയിടമാണ് ഇവിടമെന്ന്. തൂണുകളിലെ കൊത്തു പണികളില്‍ മാംഗോ ഡിസൈനും, ചെയിന്‍ മോഡലും പുരാണ കഥാപാത്രങ്ങളും കാണാമെങ്കിലും നമ്മെ നോക്കി വായപിളര്‍ക്കുന്ന ഒരു ഭീകര സ്വത്വം അത്ഭുതപ്പെടുത്തും, ചില തൂണുകളില്‍ സിംഹത്തലയും, ചിലതില്‍ മനുഷ്യതലയും ചിലതില്‍ വ്യാളിമുഖവും ഗജമുഖവും കാണാം, ഉടല്‍ കുതിരയുടെയും വ്യാളിയുടെയും, ഞാനതില്‍ നോക്കി നില്‍ക്കുമ്പോള്‍ നോബിള്‍ അതാരാണ് എന്നു വിവരിച്ചു.  

 

 

 ‘ആനയുടെയും കുതിരയുടെയും ശക്തിയും സിംഹത്തിന്റെ ക്രൂരതയും മുയലിന്റെ ജാഗ്രതയും കടുവയുടെ ചലനവും ഒരു മൃഗത്തില്‍ സന്നിവേശിപ്പിച്ച മിത്തിക്കല്‍ രൂപമായ യാലികളാണിവ. മനുഷ്യനെ പ്രകൃതി ശക്തികളില്‍ നിന്നും സംരക്ഷിക്കുന്ന ദൌത്യമാണിതിന്. യാലികളെ തൂണുകളില്‍ നിര്‍മ്മിച്ചാല്‍ തൂണുകളുടെ ശക്തി കൂടി മേല്‍ക്കൂരയുടെ ഭാരം പൂര്‍ണ്ണമായും തൂണുകളിലേക്കെത്തും.’

 ശരിയാണ് ഭീമാകാരന്‍ യാലികള്‍ ക്ഷേത്രത്തിന്റെ മേല്‍ക്കൂരയെ പൂര്‍ണമായും താങ്ങിനിറുത്തിയിരിക്കുന്നു. യാലിയകളെക്കുറിച്ച് പറഞ്ഞു തന്നെങ്കിലും പുറം ചുമരിലെ കല്ലുകളുടെ മാന്ത്രിക വ്യന്യാസത്തിലൂടെ കടന്നുവരുന്ന സൂര്യപ്രകാശത്തില്‍ മനോഹരമായ ഈ രാജകീയ കോറിഡോറിലൂടെ ഒരു സുന്ദരിയെ ആടയാഭരണങ്ങള്‍ അണിയിച്ച് നടത്തി അവളുടെയും ഈ തൂണുകളുടെയും മനോഹാരിത ക്യാമറയിലാക്കാന്‍ കഴിയാത്തത്തിലുള്ള വിഷമം നോബിളിന്റെ മുഖത്ത് പ്രകടമായിരുന്നു, ആഗ്രഹങ്ങളെ ഇടനാഴിയില്‍ ഉപേക്ഷിച്ച് കോറിഡോറിന് പിറകിലുള്ള കല്ല്യാണ മണ്ഡപത്തിലേക്ക് ഞങ്ങള്‍ പ്രവേശിച്ചു. ആ തണുത്തുറഞ്ഞ മണ്ഡപത്തെ സുമംഗലികളായവര്‍ തന്‍ പതിയുമായി വലം വയ്ക്കുന്നുണ്ടായിരുന്നു. ചിലരാവട്ടെ മംഗല്ല്യ ഭാഗ്യത്തിനായി നിശബ്ദ ധ്യാനത്തിലും, അവരുടെ പ്രാര്‍ഥനകളെ തടസ്സപ്പെടുത്താതെ ഞങ്ങള്‍ തെക്കേ നടയിലേക്ക് തുറക്കുന്ന കോറിഡോറിലെത്തി, അതിനിടത്താണ് പൊന്‍ താമരക്കുളം. അല്‍പ്പനേരം അവിടെ ചിലവഴിക്കാന്‍ നോബിള്‍ തീരുമാനിച്ചു. കുളത്തിന് നടുക്കായുള്ള ഊഞ്ഞാല്‍ മണ്ഡപത്തില്‍ നിന്ന് ഞങ്ങള്‍ കുളത്തിനെ നോക്കി കണ്ടു. കുളത്തിലെ 225 കിലോ തൂക്കമുള്ള 3 കിലോ സ്വര്‍ണത്തില്‍ പൊതിഞ്ഞ സ്വര്‍ണ താമര സൂര്യപ്രകാശത്തില്‍ വിളങ്ങി നിന്നിരുന്നു. അതുവരെ വാചാലനായിരുന്ന നോബിള്‍ പെട്ടന്നു നിശബ്ദനായി, ഒപ്പമുണ്ടാവേണ്ടിയിരുന്ന ആരെയോ തീര്‍ച്ചയായും അവന്‍ ഓര്‍ക്കുകയാണ് എന്ന് എനിക്കു മനസ്സിലായി.

 

 

 താമരക്കുളത്തിലെ വാട്ടര്‍ ഫൌണ്ടനില്‍ നിന്നുള്ള ജലകണികകള്‍ നോബിളിന്റെ മുഖത്ത് സ്പര്‍ശിച്ചു കടന്നു പൊയ്ക്കൊണ്ടിരുന്നു. ഓര്‍മ്മകളുടെ സാമ്രാജ്യത്തിലേക്ക് അവനെ വിട്ട് ഞാന്‍ ഊഞ്ഞാല്‍ മണ്ഡപത്തെ നോക്കി കണ്ടു,1563 ഇല്‍ ചെട്ടിയപ്പ നായ്ക്കറുടെ കാലത്താണ് ഊഞ്ഞാല്‍ മണ്ഡപം പണിതത്. മണ്ഡപത്തിന്റെ മേല്‍ക്കൂരയില്‍ മീനാക്ഷി കല്ല്യാണത്തിന്റെ ചിത്രം പച്ചിലക്കൂട്ടുകള്‍കൊണ്ട് വരച്ചിട്ടിരിക്കുന്നു, 1689 നും 1705 നും ഇടയില്‍ മംഗമ്മാള്‍ രാഞ്ജിയുടെ കാലത്താണ് ഈ ചിത്രം വരയ്ക്കപ്പെട്ടത്. ചിത്രത്തിനായി ഉണ്ടാക്കിയ ഛായം ഇനി പുനര്‍നിര്‍മിക്കുക അസാധ്യമാണ് കാരണം അതിനുപയോഗിച്ച ചെടികളില്‍ പലതും വംശനാശം സംഭവിച്ച് ഭൂമുഖത്ത് നിന്നും അപ്രത്യക്ഷമായിരിക്കുന്നു. തെക്കേ നടയില്‍ നിന്നും കടന്നു വരുന്ന കോറിഡോറിന്റെ ഈ ഭാഗം അറിയപ്പെടുന്നത് പഞ്ച പാണ്ഡവര്‍ മണ്ഡപമെന്നാണ്. കിളിക്കൂട്ട് മണ്ഡപമെന്ന പേരുമിതിനുണ്ട്. ഈ മണ്ഡപത്തിന്റെ മേല്‍ക്കൂരയില്‍ 16 ഗണപതി അവതാരങ്ങളും 16 സുബ്രമണ്യന്‍ അവതാരങ്ങളും വരച്ചിട്ടിരിക്കുന്നു. മണ്ഡപത്തിന്റെ ഇരുവശത്തെ തൂണുകളില്‍ പഞ്ച പാണ്ഡവരുടെ വിഗ്രഹങ്ങള്‍ കൊത്തിയിരിക്കുന്നു. വലത്ത് ആദ്യം യുധിഷ്ഠിരന്‍, ഇടത്ത് അര്‍ജ്ജുനന്‍, പിന്നീട് ഭീമന്‍, നകുലന്‍, സഹദേവന്‍ എന്നിവരും തേജസ്സോടെ നില്‍ക്കുന്നു. ഭീമന് പിറകില്‍ പ്രതിഞ്ജാ പീഠം. ഭീമന് ശേഷം വേടന്റെ വിഗ്രഹം അതിന്റെ പൂര്‍ണ്ണതയില്‍ നില്‍ക്കുന്നു. വേടന് പിറകിലെ ഭീമാകാരന്‍ ഒറ്റക്കല്ലില്‍ ഒരു സ്ത്രീ പച്ച ചന്ദനം അരയ്ക്കുണ്ടായിരുന്നു.

 

 

അവര്‍ നീട്ടിയ നറുമണം പരത്തുന്നന്ന ചന്ദനവും നെറ്റിയില്‍ ചാര്‍ത്തി ഞാന്‍ തിരികെ വന്നു നോബിളിനെ ഉണര്‍ത്തി, ഓര്‍മ്മകളെ പൊന്‍താമരക്കുളത്തില്‍ നിക്ഷേപിച്ച്  നോബിളും നെറ്റിയില്‍ ചന്ദനം ചാര്‍ത്തി ഇടത്തായി കാണുന്ന അമ്മന്‍  കോവിലിലേക്ക് തുറക്കുന്ന വാതിലിന് മുന്നില്‍ നിന്നു. മീനാക്ഷി കോവില്‍ അഷ്ടശക്തി മണ്ഡപമെന്നാണ് അറിയപ്പെടുന്നത്,  ദര്‍ശനത്തിനായി തിങ്ങിയാര്‍ക്കുന്ന ഭക്തരെ നോക്കിക്കൊണ്ട് നോബിള്‍ എന്നോട് മീനാക്ഷിയുടെ ഐതിഹ്യം വിവരിച്ചു.

 

 

 

 ‘1623 നും 1655 നും ഇടയിലാണ് ഈ ക്ഷേത്രം നിര്‍മ്മിച്ചത്, മധുരാ നഗരത്തെ ഏറ്റവും കൂടുതല്‍ കാലം ഭരിച്ച പാണ്ഡ്യ രാജാക്കന്മാരില്‍ രണ്ടാം പാണ്ഡ്യരാജാവായ മാളവ്യധ്വജനും ഭാര്യ കാഞ്ചനമാലയ്ക്കും പുത്രകാമേഷ്ടിയാഗത്തിന്റെ ഫലമായി ഒരു പുത്രി ജനിക്കുകയും അവളെ രാജാവു തടാതകി എന്നു വിളിക്കുകയും ചെയ്തു. അവളുടെ നിറം പച്ചയായിരുന്നതിനാല്‍ അവളെ പച്ചൈ ദേവി എന്നും വിളിച്ചിരുന്നു, എന്നാല്‍ അവള്‍ക്ക് മൂന്നു സ്തനങ്ങള്‍ ഉണ്ടായിരുന്നതിനാല്‍ രാജാവു ദുഖിതനായി, അപ്പോള്‍ തടാതകി അവളുടെ ഭാവി വരനെ ദര്‍ശിക്കുന്ന നിമിഷം അവളുടെ മൂന്നാമത്തെ സ്തനം അപ്രത്യക്ഷമാവും എന്ന് അശരീരിയുണ്ടായി. സന്തോഷവാനായ മാളവ്യധ്വജന്‍ അവള്‍ക്ക് 64 ശാസ്ത്രങ്ങളിലും പാണ്ഡിത്യം നല്കി, രാജാവിന്റെ മരണശേഷം മീനാക്ഷി മധുരയുടെ റാണിയായി. രാജാവിന്റെ വേഷത്തില്‍ ഭഗവാന്‍ ശിവന്‍ ഋഷഭ വാഹനത്തില്‍ സുന്ദരനായി മധുരയിലെത്തി, കൊട്ടാരത്തില്‍ നിന്നും പുറത്തുവന്ന മീനാക്ഷി ഭഗവാനെ കണ്ടമാത്രയില്‍ അവളുടെ മൂന്നാമത്തെ സ്തനം അപ്രത്യക്ഷമായി, ഭഗവാന്‍ ശിവന്‍ അവളുടെ ഭാവി വരനായിരുന്നു. അങ്ങനെ ശിവന്റെയും മീനാക്ഷിയുടെയും കല്ല്യാണം ചിത്രമാസം പൌര്‍ണമിയില്‍ നടത്തപ്പെട്ടു, ഭൂമി കണ്ട ഏറ്റവും വലിയ ഉത്സവമായിരുന്നു അവരുടെ കല്ല്യാണം, മീനാക്ഷിയുടെ സഹോദരന്‍ ഭഗവാന്‍ വിഷ്ണു ബ്രഹ്മപൂജാരിയായി വന്നു യാഗം നടത്തി, ലക്ഷ്മി ഐശ്വര്യം കൊടുത്തു, സരസ്വതി ഞ്ജാനശക്തി കൊടുത്തു, പാര്‍വ്വതി ഇച്ഛാശക്തി കൊടുത്തു, ഇതു മൂന്നും നിറഞ്ഞതാണ് മീനാക്ഷി അമ്മ.’

 

 

 കോവിലിന് മുന്നില്‍ തലയെടുപ്പോടെ നില്‍ക്കുന്ന ക്ഷേത്ര സംരക്ഷകര്‍ ദ്വാരപാലക വിഗ്രഹവും കടന്ന് കോവിലിനുള്ളിലേക്ക് ഞങ്ങള്‍ കടന്നു. വലതു മേല്‍ക്കൂരയില്‍ തൂങ്ങിയാടുന്ന മണിയില്‍ കൈകള്‍ സ്പര്‍ശിച്ച് മുന്നിലേക്ക് നോക്കിയപ്പോള്‍  നീണ്ട കാലത്തെ കാത്തിരിപ്പിനൊടുവിലിതാ  പരാശക്തി മീനാക്ഷിയുടെ തിരുസ്വരൂപം മുന്നില്‍, പച്ചക്കല്ലുകൊണ്ട് അഞ്ചരയടി ഉയരത്തില്‍ മനോഹരമായി കൊത്തിയെടുത്ത മീനാക്ഷി വിഗ്രഹത്തില്‍ പച്ചനിറത്തിലുള്ള സാരി മനോഹരമായി തന്നെ ചുറ്റിയിരിക്കുന്നു. വലതു കയ്യില്‍ സ്വര്‍ണ്ണ തത്ത, തലയില്‍ സ്വര്‍ണ്ണ കിരീടം, മന്ത്രോച്ചാരണത്തിന് ഒപ്പം ഉയരുന്ന വിളക്കെണ്ണയുടേയും കുങ്കുമത്തിന്റെയും  അഭൌമ സുഗന്ധം, ജന്‍മ്മ സാഫല്ല്യം, ഞങ്ങള്‍ കൈകള്‍ കൂപ്പി ആ സ്വരൂപത്തെ തൊഴുതു. മീനിന്റെ കണ്ണുള്ളവള്‍ എന്നാണ് മീനാക്ഷി എന്ന പേരിന്റെ അര്‍ത്ഥം, മീന്‍ എന്നാല്‍ മത്സ്യം, അക്ഷി എന്നാല്‍ കണ്ണ്, ഇത് രണ്ടും ചേര്‍ന്നാല്‍ മീനാക്ഷി, ത്രി എന്നാല്‍ മൂന്ന്, ലോചനം എന്നാല്‍ കണ്ണ്, ഇത് രണ്ടും ചേര്‍ന്നാല്‍ ത്രിലോചനന്‍ എന്നായി, ത്രിലോചനന്‍ എന്നാല്‍ മൂന്നുകണ്ണുള്ളവന്‍ എന്നര്‍ത്ഥം, മൂന്നുകണ്ണുള്ളവന്‍ ശിവന്‍, മത്സ്യത്തിന്റെ കണ്ണുള്ളവള്‍ക്ക് തന്‍ പതി മൂന്ന് കണ്ണുള്ള ഭഗവാന്‍ ശിവന്‍. തന്റെ മീന്‍ കണ്ണുകള്‍ക്കൊണ്ട് മീനാക്ഷി ഞങ്ങളെ അനുഗ്രഹിച്ചിരിക്കുന്നു. പ്രസാദമായി ലഭിച്ച കുങ്കുമം ഒരു കടലാസ്സില്‍ പൊതിഞ്ഞെടുത്ത് പോക്കറ്റില്‍ സൂക്ഷിച്ചു, നടയുടെ വലതുഭാഗത്ത് വെള്ളികൊണ്ടു പൊതിഞ്ഞ പള്ളിയറ കാണാം. അതിനുമുന്നിലൂടെ ഞങ്ങള്‍ പുറത്തേക്ക് നടന്നു, നടന്നെത്തുന്നത് മുക്കുരുണി വിനായഗര്‍ നടയിലാണ്, നായ്ക്കര്‍ രാജാവു 1645 ല്‍ തിരുമലൈ നായ്ക്കര്‍ കൊട്ടാരമുണ്ടാക്കാന്‍ വേണ്ടി മണ്ണ് നീക്കം ചെയ്തപ്പോള്‍ മണ്ണില്‍ നിന്നും ലഭിച്ചതാണ് ഈ ഗണപതി വിഗ്രഹമെന്നാണ് ഐതിഹ്യം, ഏഴടി ഉയരമുള്ള വിനായഗറേയും തൊഴുത് ക്ഷേത്ര കോറിഡോറിലൂടെ പുറത്തേക്ക് ഞങ്ങള്‍ നടന്നു. ക്ഷേത്രത്തിന് പുറത്ത് മറ്റൊരാത്ഭുതം ഞങ്ങളെ കാത്തിരുന്നിരുന്നു. 

 

 

 ക്ഷേത്രത്തിന് പുറത്ത് വടക്ക് ഗോപുരത്തിന്റെ അരികിലായി വളര്‍ന്ന് നില്‍ക്കുന്ന അരസമരത്തിന്റെ തണലില്‍ ഞങ്ങള്‍ നിന്നു. അരസമരത്തിനോടൊപ്പം വേപ്പും വില്‍പ മരവും നിന്നിരുന്നു, തറയില്‍ രാഹു ഹേതു ഭഗവാനെ പ്രതിഷ്ഠിച്ചിരിക്കുന്നു, അതില്‍ ഭക്തര്‍ അര്‍പ്പിച്ച പൂക്കള്‍ ആപ്പോഴും വാടാതെ കിടന്നിരുന്നു. പതിനാറാം നൂറ്റാണ്ടില്‍ എട്ടു കൊല്ലം പണിയെടുത്താണ് 152 അടി ഉയരമുള്ള വടക്കേ ഗോപുരം പൂര്‍ത്തീകരിച്ചത്, 404 വിഗ്രഹങ്ങള്‍ ഗോപുരത്തില്‍ പ്രതിഷ്ഠിച്ചിരിക്കുന്നു. ക്ഷേത്രത്തിന്റെ ചുറ്റുമതിലില്‍ വില്‍വാ കായകള്‍ വിളഞ്ഞു കിടക്കുന്നതു ചൂണ്ടി കാണിച്ചുകൊണ്ട് നോബിള്‍ വടക്ക് നടയുടെ വലത്തേക്ക് നടന്നു. നടയുടെ വലതു വശം ആദ്യം തിരുവള്ളുവര്‍ മണ്ഡപമാണ്, നേരെ മുന്നിലായി കല്ല്യാണ മണ്ഡപം സ്ഥിതിചെയ്യുന്നു. ചൈത്ര മാസത്തില്‍ പഞ്ചലോഹ വിഗ്രഹം ഇവിടെയെത്തിച്ച് പൂജകള്‍ നടത്തും. കല്ല്യാണ മണ്ഡപവും കടന്നു മുന്നോട്ട് പോകുമ്പോള്‍ വലത്തായി നിരവധി ക്ഷേത്ര നിര്‍മ്മിതികള്‍ ഇപ്പോഴത്തെ ഓഫീസുകളായി പരിണമിച്ചിരിക്കുന്നത് കാണാം, പടിഞ്ഞാറേ നടയുടെ അരികിലായി കടമ്പ മരം വളര്‍ന്ന് നില്‍ക്കുന്നത് നോബിള്‍ കാണിച്ചു തന്നു. കടമ്പ മരവും പിന്നിട്ട് പടിഞ്ഞാറേ നടയുടെ മുന്നില്‍ ഞങ്ങളെത്തി. 

 1124 വിഗ്രഹങ്ങളെയും പേറി 154 അടി ഉയരത്തില്‍ പടിഞ്ഞാറേ ഗോപുരം ഞങ്ങള്‍ക്ക് മുന്നില്‍ തലയുയര്‍ത്തി നില്‍ക്കുന്നു, പതിമൂന്നാം നൂറ്റാണ്ടില്‍ നീണ്ട മുപ്പത്തി രണ്ടു വര്‍ഷം പണിയെടുത്താണ് ഇത് നിര്‍മ്മിച്ചത്. അതും കഴിഞ്ഞു മുന്നോട്ട് നടക്കുമ്പോള്‍ വലത്ത് ഗോശാലകള്‍ കാണാം, നൂറ്റാണ്ടുകളായി പശുക്കളെ പരിപാലിക്കുന്നയിടം, അതിനുള്ളില്‍ കയറി അലസമായി കിടക്കുന്ന ഗോക്കളെ ഞങ്ങള്‍ നോക്കി നിന്നു. ശിവന്റെ വാഹനമായ വൃഷഭമാണ് നന്ദി, പശുപതി എന്നൊരു നാമവും ശിവനുണ്ട്, പശു എന്നാല്‍ മൃഗം, എല്ലാ മൃഗങ്ങളുടെയും പാലകന്‍ എന്നാണ് അതിനര്‍ത്ഥം. 

 

 

ഗോക്കളെയും വിട്ട്  വീണ്ടും നടത്തം തുടര്‍ന്നു. ക്ഷേത്രത്തിലെ ഏറ്റവും ഖ്യാതിനേടിയ തെക്കേ ഗോപുരമാണ് ഇനി മുന്നിലുള്ളത്. 1511 വിഗ്രഹങ്ങളുമായി 160 അടി ഉയരത്തില്‍ ഈ ഗോപുരമിങ്ങനെ ഉയര്‍ന്നു നില്‍ക്കാന്‍  പതിനാറാം നൂറ്റാണ്ടില്‍ മുപ്പത്തിയഞ്ചു വര്‍ഷത്തെ മനുഷ്യാധ്വാനം വേണ്ടിവന്നു. ഈ ഗോപുരമാണ് ഏറ്റവും ഉയരമുള്ള ഗോപുരം.  ക്ഷേത്രത്തിന് പുറത്ത് നാലു പ്രധാന ഗോപുരങ്ങളും അകത്ത് കോവിലുകളുടെ പ്രവേശന കവാടങ്ങളായ ചെറിയ എട്ടു ഗോപുരങ്ങളും ചേര്‍ന്ന് പന്ത്രണ്ടു ഗോപുരങ്ങള്‍ ഈ മഹാ നിര്‍മ്മിതിക്കുണ്ട്, അതില്‍ രണ്ടെണ്ണം സ്വര്‍ണ്ണ ഗോപുരങ്ങളാണ്, പൊന്‍താമര കുളത്തില്‍ നിന്നു നോക്കിയാല്‍ ഇവയെല്ലാം തന്നെ കാണാവുന്നതാണ്. ഓരോ ഗോപുരങ്ങളുടെയും നിലകളുടെ എണ്ണമനുസരിച്ചാണ് ഗോപുരമുകളിലെ മകുടങ്ങളുടെ എണ്ണം ക്രമീകരിച്ചിരിക്കുന്നത് എന്നു നോബിള്‍ പറഞ്ഞുതന്നത് ഓരോ ഗോപുരങ്ങളുടെയും നിലകളെ എണ്ണിയെടുക്കാന്‍ സഹായകമായി, ഓരോ ഗോപുരത്തിനും ഭീമാകാരന്‍ വാതിലുകള്‍ ഉണ്ടായിരുന്നു എന്നോര്‍മ്മിപ്പിക്കാന്‍ വാതിലുകളുടെ മുകള്‍ ഭാഗം കടത്താന്‍ വിധം ഗോപുരത്തിന്റെ മേല്‍ക്കൂരയില്‍ പാറ തുരന്നെടുത്തിട്ടുള്ളത് ഞങ്ങള്‍ കണ്ടുപിടിച്ചു. ഗോപുരത്തിന്റെ നടുവിലെ അറയില്‍ പാറാവ് നിന്നിരുന്ന കാവല്‍ ഭടന്‍ ഇപ്പോള്‍ പുറത്ത് യന്ത്രത്തോക്കേന്തിയാണ് നില്‍പ്പ്. അവരുടെ പരിശോധനകള്‍ക്ക് ശേഷം ഭക്തര്‍ ഓരോ ഗോപുരത്തിലൂടെയും ക്ഷേത്രത്തിലേക്ക് ഒഴുകുന്നുണ്ടായിരുന്നു. 

 

 

മഹാഭാരത കഥാ സന്ദര്‍ഭങ്ങളടക്കം അനവധി ഐതിഹ്യങ്ങളാണ് മണ്ണും ചുണ്ണാമ്പും കടുക്കായും കരിമ്പിന്‍ നീരുമുപയോഗിച്ച് നിര്‍മ്മിച്ച ചെറുതും വലുതുമായ മുപ്പത്തി മൂവായിരത്തോളം  വിഗ്രഹങ്ങളായി ഗോപുരത്തില്‍ നമ്മെ വിസ്മയിപ്പിക്കുന്നത്, പന്ത്രണ്ടാം നൂറ്റാണ്ടില്‍ കുലശേഖര പാണ്ഡ്യനില്‍ ആരംഭിച്ച് പതിനെട്ടാം നൂറ്റാണ്ടില്‍ നായ്ക്കര്‍ മഹാരാജാവിനാല്‍ പൂര്‍ത്തീകരിക്കപ്പെട്ടതാണ് പതിനഞ്ച് ഏക്കറില്‍ പടര്‍ന്ന് കിടക്കുന്ന ഈ മഹാ ക്ഷേത്രസമുച്ചയം. ചുറ്റുമതിലിനോട് ചേര്‍ത്തു സ്ഥാപിച്ചിരിക്കുന്ന നീളന്‍ വേലികള്‍ക്കുള്ളില്‍ ഭക്തരുടെ നീണ്ട നിര കണ്ടുകൊണ്ട് ഞങ്ങള്‍ കിഴക്കേ നടയിലേക്ക് നടക്കുമ്പോള്‍ വലത്തായി അടഞ്ഞു കിടക്കുന്ന ആനപ്പന്തി നോബിള്‍ കാണിച്ചു തന്നു, അകത്ത് ക്ഷേത്രം ആന പാര്‍വ്വതി അതിന്റെ നീരാട്ടിലായിരുന്നിരിക്കണം. കിഴക്ക് നടയുടെ വലത്തായാണ് ദ്രവീഡിയന്‍ വാസ്തുവിദ്യയുടെ മാഹാത്ഭുതം സ്ഥിതിചെയ്യുന്നത്, അതിന്റെ പേരാണ് ആയിരം കാല്‍ മണ്ഡപം. 

 

 

 

ആയിരം കാല്‍ മണ്ഡപത്തിലേക്ക് കിഴക്കേ നടയില്‍ നിന്നും നടക്കുമ്പോള്‍ ആദ്യം മുന്നില്‍ പതിനാറുകാല്‍ മണ്ഡപമാണ്, യാലി വിഗ്രഹങ്ങള്‍ എഴുന്നു നില്‍ക്കുന്ന പതിനാറു കല്‍തൂണുകളാല്‍ നിര്‍മ്മിതമായ ആ മനോഹര നിര്‍മ്മിതിയുടെ തറയില്‍ വിശ്രമത്തിലാണ് ഭക്തരില്‍ ചിലര്‍. 1569 ല്‍ അരിയനാഥ മുതലിയാരാണ്  ആയിരം കാല്‍ മണ്ഡപവും പതിനാറുകാല്‍ മണ്ഡപവും പണികഴിപ്പിച്ചത്, ഒരുപക്ഷേ അയാളായിരിക്കാം ക്ഷേത്രം ഭരിച്ച അറുപത്തി നാല് ഭരണാധികാരികളില്‍ ഏറ്റവും മികച്ച കലാകാരന്‍, കാരണം ഒരു മികച്ച കലാകാരനായ ഭരണാധികാരിക്ക് മാത്രമേ ഇത്രയും മഹത്തരമായ ഒരു നിര്‍മ്മിതിയെ ഉള്‍ണ്ണുകൊണ്ടു കാണാന്‍ കഴിയൂ. പതിനാറു കാല്‍ മണ്ഡപവും കടന്ന് ഞങ്ങള്‍ ആയിരം കാല്‍ മണ്ഡപത്തിന്റെ കവാടത്തിനരുകിലെത്തി. ഇനി കാല്‍ വയ്ക്കുന്നത് മറ്റൊരു ലോകത്തേക്കാണ്, പ്രഞ്ജയുള്ള മനുഷ്യനെ വെറും കരിങ്കല്ലുകള്‍ തന്റെ രൂപ പരിണാമങ്ങള്‍ കൊണ്ട് വിഭ്രാന്തിയിലെത്തിക്കുന്ന  നിഗൂഢ ലോകത്തേക്ക്. അവിടേക്ക് പ്രവേശിച്ചാല്‍ നാം ഈ ലോകത്ത് ഇപ്പോള്‍ പിറവിയെടുത്ത ഒരു ശിശു മാത്രമാണെന്ന് മനസ്സിലാവും, കാണുന്ന  കാഴ്ചകള്‍ എല്ലാം സത്യമല്ല, എന്നാല്‍ മിഥ്യയുമല്ല പക്ഷേ ഒന്നുമാത്രം തെളിവോടെ മനസ്സിലാവും മനുഷ്യന്റെ ഇച്ഛാശക്തി ഈ കല്ലുകളെക്കാള്‍ കടുപ്പമേറിയതാണ് എന്ന്. ഒരേ നിരയിലുള്ള കല്‍ത്തൂണുകളാണ് മണ്ഡപത്തിലെ ആദ്യകാഴ്ച, നാലു ദിശകളിലേക്ക് നോക്കിയാലും അതുതന്നെ, നിരതെറ്റിയതോ അളവ് തെറ്റിയതോ ആയ ഒരു തൂണുപോലും കാണാന്‍ കഴിയില്ല.  നാലു വശങ്ങളിലേക്കും വരച്ചിട്ടിരിക്കുന്ന കല്‍ത്തൂണുകളുടെ നേര്‍ രേഖ പുറം ചുമരിന്റെ  ഇരുട്ടില്‍ ലയിച്ചു ചേരുന്നു. അത്തരം തൊള്ളായിരത്തി എണ്‍പത്തി അഞ്ചു കല്‍ത്തൂണുകളുടെ സമുച്ചയമാണ് ഈ മണ്ഡപം.  ഒറ്റ നോട്ടത്തില്‍ തന്നെ ഞങ്ങളുടെ വാ മൂടപ്പെട്ടു, ഈ മഹനീയ നിശബ്ദതയില്‍ വാക്കുകള്‍ക്ക് സ്ഥാനമില്ല, കാഴ്ചയാണ് പ്രധാനം. ഉള്‍ക്കണ്ണ് തുറന്നിരിക്കുന്നു, ശരീരത്തിലെ ഉഷ്ണം  കല്‍ത്തൂണുകളിലെ ഈര്‍പ്പം വലിച്ചെടുക്കുന്നു, അടുത്തു നില്‍ക്കുന്നവന്റെ ഹൃദയമിടിപ്പുപോലും ഇപ്പോള്‍ കേള്‍ക്കാം. മൂന്നു ചേംബറുകളിലായാണ് തൂണുകള്‍ മേല്‍ക്കൂരയെ താങ്ങി നിറുത്തിയിരിക്കുന്നത്. മ്യൂസിയമായി പരിണമിച്ചിരിക്കുന്ന രണ്ടാം ചേംബറിലേക്ക് ഞങ്ങള്‍ കടന്നു, ചില്ലു കൂടുകളില്‍ പുരാതന ലോഹ പ്രതിമകള്‍ സൂക്ഷിച്ചിരിക്കുന്നു. നടരാജര്‍, ശ്രീ കലിംഗ നര്‍ത്തന കൃഷ്ണന്‍, ശ്രീ ചന്ദ്രശേഖര്‍, ശ്രീദേവി, ശ്രീപെരുമാള്‍.

 

 

 ശ്രീഭൂദേവി, ശ്രീ സോമസ്കന്ദര്‍ അമ്മന്‍, പാവൈ വിളക്ക്, അരുള്‍ മിഗു അഷ്ടഭുജ ഭൈരവര്‍, ശ്രീവല്ലി തുടങ്ങിയവരുടെ ലോഹ പ്രതിമകളും വെള്ളാരം കല്ലില്‍ നിര്‍മ്മിച്ച ഗണപതിയും, ആനക്കൊമ്പുകൊണ്ടുള്ള തേരും, മീനാക്ഷി ക്ഷേത്രത്തിന്റെ പൂര്‍ണ്ണകായ മാതൃകയും, പതിനഞ്ചാം നൂറ്റാണ്ടില്‍ വരയ്ക്കപ്പെട്ട ചിത്രങ്ങളും ചിട്ടയോടെ അടുക്കി വച്ചിരിക്കുന്നു. ഒന്നും രണ്ടും ചേംബറുകളിലെ തൂണുകളില്‍ ചിത്രപ്പണികള്‍ മാത്രയുമേയുള്ളൂ, ഏറ്റവും നടുവിലുള്ളതും മൂന്നാമത്തേതുമായ ചേംബറിലേക്ക് ഞങ്ങളെത്തി, ഇത് മണ്ഡപത്തിന്റെ മുന്‍ ഭാഗത്ത് നിന്നും കടന്നുവരുന്ന നാടുവാതിലിന് അഭിമുഖമായുള്ള പ്രധാന ഇടനാഴിയാണ്. മുന്‍വാതിലില്‍ നിന്നും കടന്നു വരുമ്പോള്‍ മണ്ഡപത്തിന്റെ വലത് മൂലയിലെ വലിയൊരു ശിലാ തൂണിലെ ചെറു കാലുകളില്‍ ചെവി ചേര്‍ത്തുവയ്ക്കാന്‍ നോബിള്‍ എന്നോട് ആവശ്യപ്പെട്ടു, ഞാന്‍ അപ്രകാരം ചെയ്തു, അവനാ കാലുകളില്‍ വിരല്‍ കൊണ്ടാടിച്ചു, സപ്തസ്വരങ്ങളില്‍ ആദ്യത്തേത് എന്റെ കാതുകളില്‍ മുഴങ്ങി, ഏഴു കാലുകള്‍, ഏഴു സ്വരങ്ങള്‍. ഉള്ളൂ പൊള്ളയാകാത്ത ഒരു കല്ലില്‍ നിന്നും എങ്ങനെയാണ് സ്വരം ഉതിരുക, തൂണിന്റെ മറ്റ് ശിലാ ഭാഗങ്ങളില്‍ നിന്നൊന്നും തന്നെ യാതൊരു ശബ്ദവും ഉയരുന്നില്ല, പ്രധാന ഭാഗത്ത് നിന്നും തുരന്നു മാറ്റി നിറുത്തിയിരിക്കുന്ന ചെറുകാലുകളില്‍  നിന്നു മാത്രമേ ആ സ്വരങ്ങള്‍ കേള്‍ക്കുന്നുള്ളൂ, അപ്പോഴവ പൊള്ളയാണ്, മുറിച്ച് മാറ്റാതെ, കൂട്ടിച്ചേര്‍ക്കാതെ എങ്ങനെ ഒരു കല്ലിനെ കുഴലാക്കി മാറ്റും.  വിസ്മയഭരിതനായി ഞാന്‍ നോബിളിനെ നോക്കി. സ്വപ്ത സ്വരങ്ങള്‍ പുറപ്പെടുവിക്കുന്ന തൂണുകള്‍ക്ക് പിന്നിലായുള്ള എട്ട് തൂണുകളില്‍ എട്ട് മഹാ ശില്‍പ്പങ്ങള്‍ കൊത്തിവച്ചിരിക്കുന്നു. മീനാക്ഷി ക്ഷേത്രത്തിലെ ശില്‍പ്പകലകളില്‍ അതി സൂഷ്മമായും പൂര്‍ണ്ണതയോടെയും നിര്‍മ്മിച്ച വിഗ്രഹങ്ങള്‍ ഇതാണ് എന്ന് എനിക്കു തോന്നി.

 

 

 

 വലതുവശം  തൂണില്‍ ആദ്യം വിദ്യാ ഭഗവതി സരസ്വതിയാണ് നില്‍ക്കുന്നത്. ഒരു കൈയ്യില്‍ വേദങ്ങളും  മറ്റ് രണ്ടു കൈകളില്‍ വീണയും കാണാം. ഞാന്‍ വീണയുടെ കുടത്തില്‍ ചെവി ചേര്‍ത്തു, നോബിള്‍ തന്ത്രികളില്‍ വിരലോടിച്ചു, കാതുകളെ കുളിര്‍പ്പിക്കുന്ന വീണാ നാദം അകലങ്ങളില്‍ നിന്നെന്നപോലെ ചെവികളില്‍ മുഴങ്ങുന്നു. അതിന്റെ തന്ത്രികള്‍ ജീവനില്ലാത്ത കല്ലില്‍ കൊത്തിയെടുത്തതാണ് എന്ന് തിരിച്ചറിയുമ്പോഴാണ് അതിന്റെ ദൈവീക ഭാവം നമുക്കനുഭവപ്പെടുകയുള്ളൂ. ഏറെ നേരം ആ മാന്ത്രിക നാദം ഞങ്ങള്‍ അനുഭവിച്ചു. ശേഷം രണ്ടാമത്തെ വിഷ്ണു ശില്‍പ്പത്തിലേക്ക് നടന്നു, ഭീകര ആകാരത്തില്‍ ഭഗവാന്‍ വിഷ്ണു നമ്മേ നോക്കുകയാണ്, ആ ശില്‍പ്പത്തിനോട് ചേര്‍ന്ന് നിന്ന് മുഖത്തേക്ക് നോക്കി അധികനേരം നില്ക്കാന്‍ നമുക്കാവില്ല, ഒരു ഭയം നമ്മെ കീഴ്പ്പെടുത്തിക്കളയും. മൂന്നാമത്തെ വിഗ്രഹം പെരുമാളിന്റെതാണ്, നാലാമത്തേത് ദ്വാരപാലകനും. ഇടതു ഭാഗം തൂണുകളില്‍ ആദ്യം ദ്വാരപാലകന്‍, പിന്നീട് ഗണപതി, പരശുരാമന്റെ  പരശുവേറ്റ് മുറിഞ്ഞ കൊമ്പുമായി വലിയ ആകാരത്തില്‍ ശിവപുത്രന്‍ തൂണില്‍ നില്‍ക്കുന്നു. നാലാമത്തെ തൂണില്‍ ഭഗവാന്‍ ശിവന്‍ തന്നെയാണ് തേജസ്സോടെ നില്‍ക്കുന്നത്, ശിവന്റെ കൈയ്യില്‍ ചെവി ചേര്‍ത്ത് കഴുത്തില്‍ തൂങ്ങുന്ന വാസുകിയുടെ കീഴെ  ഉയര്‍ത്തിപ്പിടിച്ചിരിക്കുന്ന കമ്പില്‍ കൈതട്ടിയാല്‍ ഇമ്പമുള്ള ഒരീണം നമുക്ക് കേള്‍ക്കാം. 

 

 

 

ഈ തൂണുകളും കടന്നു മുന്നോട്ട് പോകുമ്പോള്‍ ഇരു വശങ്ങളിലുമായി യാലി വിഗ്രഹങ്ങള്‍ പേറുന്ന ഒന്‍പത് തൂണുകളാണ് ഉള്ളത് അതിലെ ആദ്യത്തെ ഒന്നും രണ്ടും തൂണുകളില്‍ മനീഷിയും വേടനും രതിയും കാര്‍ത്തികേയനും നില്‍ക്കുന്നു. മൂന്നു അവിടെ നിന്നും ഞങ്ങള്‍ രണ്ടാം നിരപ്പിലേക്ക് കയറി ശിവ, ഭീമ, മുരുക പ്രതിമകളാണ് അവിടെ കാണുന്നത്, ശിവ പ്രതിമയിലെ കൈയ്യില്‍ ചെവി ചേര്‍ത്ത് ഇടം കൈയ്യില്‍ പിടിച്ചിരിക്കുന്ന ഡമരുവില്‍  കൈകള്‍ കൊണ്ടടിച്ചാല്‍ പിറവിയുടെ നാദം കാതുകളില്‍ പതിയ്ക്കും, കണ്ണുകളടച്ച് ശ്രവിച്ചാല്‍ ഓം എന്ന സൃഷ്ടിയുടെ ശബ്ദമാണിതെന്ന് വ്യക്തമാവും. ഈ വിഗ്രഹങ്ങള്‍ക്ക് ശേഷമുള്ള ഉയര്‍ന്ന ചേംബറിലാണ് ആയിരം കാല്‍ മണ്ഡപത്തിന്റെ അവസാന കാഴ്ച, അവിടെയാണ് നടരാജ വിഗ്രഹം പ്രതിഷ്ഠിച്ചിരിക്കുന്നത്. തൊള്ളായിരത്തി എണ്‍പത്തി അഞ്ചു കല്‍തൂണുകള്‍ക്ക് നടുവിലിതാ ഭഗവാന്‍ ശിവന്‍ താണ്ഡവമാടി നില്ക്കുന്നു. സൃഷ്ടി സംഹാരങ്ങളുടെ അഗ്നി ഇടം കൈയ്യിലും, വലം കൈയ്യില്‍ ഡമരുവും, രണ്ടാമത്തെ വലതുകൈയ്യായ അഭയഹസ്തവും മായയില്‍ നിന്ന് സംരക്ഷിക്കുന്ന രണ്ടാം ഇടം കൈയ്യും പറക്കുന്ന മുടിച്ചുരുളുകളും വലതു കാലിനാല്‍ അസുര ഭൂതം അപസ്മരയെ ചവിട്ടിമെതിച്ച് ഭഗവാന്‍ ശിവന്‍ നടനമാടി നില്‍ക്കുന്ന വലിയ നടരാജ വിഗ്രഹം അതിന്റെ പൂര്‍ണ്ണതയില്‍ ചേല പുതച്ച് നില്‍ക്കുന്നു. എല്ലാ അത്ഭുതങ്ങളും സന്നിവേശിക്കുന്നയിടം. 

 

 

ആ വിശ്വരൂപത്തിന് മുന്നില്‍ ഞങ്ങള്‍ മുട്ടുകുത്തി കണ്ണുകള്‍ അടച്ചു, ഇപ്പോള്‍ ഓരോ കല്‍തൂണുകളും ഞങ്ങളോടു കഥകള്‍ പറയുകയാണ്, ഇപ്പോള്‍ വേടന്റെ കൈയ്യിലെ അമ്പിന്റെ ശീല്‍ക്കാരം കേള്‍ക്കാം, മനീഷിയുടെ പിറുപിറുക്കല്‍ കേള്‍ക്കാം, ദിവ്യ ഡമരുവില്‍ നിന്ന് ഓംകാര നാദം ഉയരുന്നത് കേള്‍ക്കാം, സരസ്വതിയുടെ കൈയ്യിലെ വീണയില്‍ നിന്നും ശ്രുതിയുയരുന്നത് കേള്‍ക്കാം, നായ്ക്കരുടെ നര്‍ത്തകികളുടെ പാദ പതനം കേള്‍ക്കാം, ഈ ശില്‍പ്പങ്ങള്‍ കൊത്തിയ മഹാ ശില്‍പ്പികളുടെ നിശ്വാസങ്ങള്‍ കേള്‍ക്കാം, എല്ലാം ഊര്‍ജ്ജമാണ്, ഊര്‍ജ്ജത്തിന്റെ പ്രാപഞ്ചിക നൃത്തം, ഊര്‍ജ്ജത്തിന്റെ കോസ്മിക് നൃത്തം, ഞങ്ങള്‍ അതിന്റെ താളം അനുഭവിച്ചു, ആയിരംകാല്‍ മണ്ഡപത്തിലെ ഓരോ പരമാണുവും ആനന്ദ നൃത്തമാടുകയാണ്, എല്ലാ ചലനങ്ങളുടേയും നിയന്ത്രിതന്‍ ഇതാ ചാക്രിക സമയത്തിന്റെ അഗ്നിവൃത്തത്തില്‍  ആനന്ദ താണ്ഡവമാടി നില്ക്കുന്നു. 

 ശരിയായി വ്യന്യസിച്ചാല്‍ എന്തിനും ഈ ലോകത്ത് സൌന്ദര്യമുണ്ട് എന്ന് മണ്ഡപത്തില്‍ നിന്നും പുറത്തേക്ക് നടക്കുമ്പോള്‍ എനിക്കു മനസ്സിലായി, ശരിയായി വ്യന്യസിക്കപ്പെട്ട നിര്‍മ്മിതിക്കുള്ള ആദരം പോലെ അരിയനാഥ മുതലിയാരുടെ പ്രതിമയില്‍ ഭക്തര്‍ മാലകള്‍ ചാര്‍ത്തിയിരിക്കുന്നു. ശരിയാണ് അയാള്‍ ആദരം അര്‍ഹിക്കുന്നു. സമയം അതിക്രമിച്ചിരിക്കുന്നു, മധുരയുടെ പകലിന് മേലെ ഇരവിന്റെ കറുപ്പ് പടര്‍ന്നിരിക്കുന്നു. ഇനിയാണ് സുന്ദരേശ്വരനോടൊപ്പമുള്ള ക്ഷേത്ര പ്രദിക്ഷിണം. ഊട്ടുപുരയോട് ചേര്‍ന്നുള്ള മണ്ഡപത്തില്‍ നിന്ന് ഞങ്ങളും സുന്ദരേശ്വരനെ വഹിക്കുന്ന തേരില്‍ പിടിച്ച് പ്രദിക്ഷിണത്തില്‍ പങ്കാളികളായി, ഈ സമയം വരെ ഞങ്ങള്‍ രണ്ടു മനുഷ്യര്‍ മാത്രമായിരുന്നുവെങ്കില്‍ ഇപ്പോള്‍ ഞങ്ങള്‍ മനുഷ്യക്കൂട്ടമായിമാറിയിരിക്കുന്നു. ഞങ്ങളെ നയിക്കുന്നത് ക്ഷേത്രം ആന പാര്‍വ്വതിയാണ്, തന്റെ നീരാട്ടിന് ശേഷം ആ പെണ്‍ ഗജം സര്‍വ്വാഭരണവിഭൂഷകയായി മുന്നില്‍ നടക്കുന്നതു തന്നെ എത്ര നയനമനോഹരമാണ്, ഓരോ നടയുടെ മുന്നിലും എത്തി അവള്‍ സുന്ദരേശ്വരന്റെ എഴുന്നള്ളിപ്പ് തന്റെ  സവിശേഷ ആംഗ്യപ്രക്ഷേപണങ്ങളിലൂടെ  അറിയിക്കുന്നത് കണ്ട് നോബിളിന്റെ മുഖത്ത് മന്ദഹാസം വിടര്‍ന്നു. സവിശേഷമായ ഇത്തരം ആചാരങ്ങളെ അതിന്റെ പൂര്‍ണ്ണതയില്‍ തന്റെ ക്യാമറയില്‍ പകര്‍ത്താന്‍ കഴിയാത്തത്തിലുള്ള വിഷമം ആ മന്ദഹാസത്തിനിടയിലും  അവന്റെ മുഖത്ത് പ്രതിഫലിക്കുന്നത് ഞാന്‍ വീണ്ടും കാണുന്നു, ഒരു കലാകാരനെ ഒരിയ്ക്കലും ഇവിടെ കൊണ്ടുവരരുത്, അവന്‍ ഇവിടുത്തെ വശ്യതകളില്‍ വീണുപോകും, അവന്റെ മുഖത്തെ നിരാശ കാലങ്ങളോളം നിലനില്‍ക്കും, പക്ഷേ ഒരു കലാകാരനോടൊപ്പമല്ലാതെ എങ്ങനെയാണ് ഇത്രയും ദിവസം യാത്ര ചെയ്യുന്നത്, എങ്ങനെയാണ് കലാകാരനായ ശിവ ഭഗവാനെ ദര്‍ശിക്കുന്നത്.

  ‘നന്‍പന്‍ എന്നും നന്‍പന്‍ ഡാ.’ 

 

  മന്ത്രോച്ചാരണങ്ങളും ശിവസ്തുതികളും ആസ്വദിച്ച്  സുന്ദരേശ്വരനെ അനുഗമിക്കുമ്പോള്‍ ഞാന്‍ ഒരുവേള ശിരസ്സ് ഉയര്‍ത്തി മേലെ മാനത്തേക്ക് നോക്കി, മധുരാപുരിയുടെ ആകാശം കാര്‍മേഘങ്ങള്‍ ഒഴിഞ്ഞ് തിളങ്ങുന്ന നക്ഷത്രക്കൂട്ടങ്ങളാല്‍  നിറഞ്ഞ് പ്രശോഭിച്ചിരിക്കുന്നു, അത് നിഗൂഢമായൊരു സന്ദേശമാണ്, പരിപാവനമായ ഒരു യാത്ര അതിന്റെ പൂര്‍ണ്ണതയില്‍ എത്തിയിരിക്കുന്നു എന്നുള്ള സന്ദേശം, അരുള്‍മിഗു മീനാക്ഷി അമ്മന്‍ ഞങ്ങളെ അനുഗ്രഹിച്ചിരിക്കുന്നു. ഇനി ശേഷിക്കുന്നത് മീനാക്ഷിയുടെ സഹോദരന്‍ ഭഗവാന്‍ വിഷ്ണുവിന്റെ ക്ഷേത്രവും മുക്കുരുണി അപ്പനെ കിട്ടിയ മാരിയമ്മന്‍ തെപ്പക്കുളവുമാണ്, അവിടെക്കെത്താന്‍ ഇന്നത്തെ രാത്രിയുടെ ഒരു നിദ്രാദൈര്‍ഖ്യം മാത്രം. 

 പ്രദിക്ഷണം പൂര്‍ത്തിയാക്കി ഞങ്ങള്‍ തെക്കേ നട വഴി ക്ഷേത്ര സമുച്ചയത്തിന് പുറത്തിറങ്ങി, പുറത്തെ പാത കല്ല് പാകി മനോഹരമാക്കിയിരിക്കുന്നു, ഭക്തരില്‍ ചിലര്‍ അവിടെ നിന്നു ഫോട്ടോ പകര്‍ത്തുന്ന തിരക്കിലാണ്, കരകൌശല വസ്തുക്കളുടെ വില്‍പ്പനയും തകൃതിയായി നടക്കുന്നു, ആ തിരക്കുകള്‍ക്കിടയിലൂടെ ഞങ്ങള്‍ റായ ഗോപുരം ലക്ഷ്യമാക്കി നടന്നു, കിഴക്കേ നടയ്ക്ക് മുന്നില്‍ റോഡിന് ശേഷമായാണ് റായ ഗോപുരം സ്ഥിതിചെയ്യുന്നത്. മിനുക്കുപണികള്‍ നടത്താത്ത ആ മണ്ഡപം ബഹളങ്ങളില്‍ നിന്നൊഴിവായി ഇരുട്ടുമൂടി നിന്നു, ഈ മണ്ഡപത്തിന്റെ നിര്‍മ്മാണ വേളയില്‍ ഇതിനായി ഉപയോഗിച്ച കല്ലുകള്‍ മോശമാണ് എന്ന് കണ്ടെത്തിയതിനാല്‍ പാതി വഴിയില്‍ ഉപേക്ഷിച്ചതാണ് ആ ആ മണ്ഡപം, പിന്നീട് ബ്രിട്ടീഷ് അധിനിവേശമുണ്ടായി, അതോടുകൂടി പണി പൂര്‍ണ്ണമായും അവസാനിച്ചു. ഇനി ശേഷിക്കുന്നത് സ്നാനവും ഭക്ഷണവും ഉറക്കവുമാണ്, നാളെ ഒരുപാട് യാത്രയുണ്ട്. സ്നാനത്തിന് ശേഷം ഉറങ്ങുന്നതിന് മുന്‍പ് ഞങ്ങള്‍ കണ്ട നിര്‍മ്മിതിയെ ഒന്നു വിലയിരുത്തി. ആയിരക്കണക്കിന് വര്‍ഷം ഈടൂനില്‍ക്കുമെന്ന നിര്‍മ്മാതാവിന്റെ നിര്‍മ്മാണ വാറന്‍റിയുള്ള മീനാക്ഷി ക്ഷേത്രത്തില്‍ ഇത് പണിത ശില്‍പ്പികളുടെ ടെക്നോളജി എന്തൊക്കെ ആവാമെന്ന് അന്ന് ഞങ്ങള്‍ ചര്‍ച്ച ചെയ്തു, അതില്‍ നിന്നും ഞങ്ങള്‍ കണ്ടെത്തിയ കാര്യങ്ങളാണ് ഇനി,  കല്ലിനെ ഉരുക്കി കുഴമ്പാക്കി വാദ്യോപകരണം അല്ലെങ്കില്‍ ശബ്ദവീജികള്‍ പുറപ്പെടുവിക്കുന്ന ഒന്നാകി മാറ്റുന്ന റോക്ക് മെല്‍റ്റിങ്ങ് ടെക്നോളജി നമ്മുടെ പൂര്‍വ്വികര്‍ക്ക് അറിയാമായിരുന്നിരിക്കണം. അങ്ങനെയാവാം ശിവ ഡമരുവും സപ്തസ്വര സ്തൂപവും, സരസ്വതി വീണയും നിര്‍മ്മിച്ചത്, എന്തായാലും റോട്ടേറ്റിംഗ് മെക്കനിസം അവര്‍ക്കുണ്ടായിരുന്നു എന്നുവേണം അനുമാനിക്കാന്‍ അല്ലെങ്കില്‍ ശ്രീനന്ദി വിഗ്രഹത്തെ ഇത്രയും തെളിമയോടെ മിനുക്കിയെടുക്കാന്‍ ആവില്ല, കരുത്തുറ്റ മരങ്ങളും മണ്‍ കൂനകളും ഉപയോഗിച്ച് അവര്‍ ലിഫ്റ്റ് ടെക്നോളജി വികസിപ്പിച്ചിട്ടുണ്ടാവണം അങ്ങനെയാവാം ഭീമാകാരന്‍ തൂണുകള്‍ ഉയര്‍ത്തി നിര്‍ത്തിയത്. ഊഞ്ഞാല്‍ മണ്ഡപത്തിലെ ഛായക്കൂട്ടുകള്‍ നിര്‍മ്മിച്ചപ്പോലെ കല്ലുകളെ മുറിച്ചുമാറ്റാന്‍ പച്ചില മരുന്നുകള്‍ അവര്‍ ഉപയോഗിച്ചിരുന്നിരിക്കണം,  പ്രധാന വിഗ്രഹങ്ങള്‍ എല്ലാം കൊത്തിയിരിക്കുന്ന കല്ലുകള്‍ എല്ലാം തന്നെ വെളുപ്പ് കലര്‍ന്ന ഒരേതരം കല്ലുകളാണ് എന്നു കാണാം. 

 

 

ഇത് മനുഷ്യ നിര്‍മ്മിതിയല്ല എന്ന് തെളിയിക്കുന്ന ഏലിയന്‍ ഗേറ്റ് വേകളൊന്നും ഞങ്ങള്‍ക്ക് അവിടെ കാണാനായിട്ടില്ല. ഈ കാഴ്ചകള്‍ക്കിടയില്‍ സങ്കടകരമായ കുറച്ചു കാഴ്ചകളും ഉണ്ടെന്ന് പറയാതെ വയ്യ, അതിലൊന്നാണ് ആനപ്പന്തിയുടെ അരികില്‍ കൂട്ടിയിട്ടിരിക്കുന്ന പഴയ കരിങ്കല്‍ തൂണുകള്‍, ഇത് പൊന്‍ താമരക്കുളത്തിന്റെ തെക്ക് ഭാഗത്ത് നിന്നും നീക്കം ചെയ്തവയാണ്, എന്നിട്ട് ഈ തൂണുകള്‍ക്ക് പകരം ഇതേ ഡിസൈനില്‍ ആധുനിക മെഷീനുകള്‍ ചെയ്തെടുത്ത തൂണുകള്‍ അവിടെ പ്രതിഷ്ഠിച്ചു, ഈ മഹാ നിര്‍മ്മിതിക്ക് യാതൊരു വിധത്തിലും ചേരാത്ത വിധം ആ ആധുനിക തൂണുകള്‍ നമ്മളെ നോക്കി പല്ലിളിക്കുന്നത് കാണാം.  ആയിരം കാല്‍ മണ്ഡപത്തിന്റെ തകര്‍ന്ന മുന്‍ഭാഗം ആരുടേയും ഹൃദയം തകര്‍ക്കുന്നതാണ്, കുറച്ചു വര്‍ഷങ്ങള്‍ക്ക് മുന്‍പ് ക്ഷേത്രത്തിലുണ്ടായ വെള്ളപ്പൊക്കം ഇത്തരം തകര്‍ക്കലുകളും ആധുനിക കൂട്ടിച്ചേര്‍ക്കലുകളും മൂലം ക്ഷേത്രത്തിന്റെ പുരാതന ഡ്രെയിനേജ് സംവിധാനത്തിലുണ്ടായ തകരാറ് മൂലമാണ് എന്നാണ് കണ്ടെത്തിയത്. കൃത്യമായ പഠനങ്ങളില്ലാതെ ക്ഷേത്രത്തില്‍ നടത്തുന്ന കൂട്ടിച്ചേര്‍ക്കലുകളും വെട്ടിക്കുറയ്ക്കലുകളും ക്ഷേത്രസമുച്ചയത്തിന്റെ നിലനില്‍പ്പിനെ തന്നെ ബാധിക്കുന്നതാണ് എന്ന് ഇപ്പോഴത്തെ മനുഷ്യ സമൂഹം ഓര്‍ക്കുന്നത് നല്ലതാണ്, കാരണം നമുക്ക് ശേഷവും മനുഷ്യര്‍ ഇവിടെ അധിവസിക്കും, അവര്‍ക്ക് നാല്‍കാനായി നാം ഇതിനെ സംരക്ഷിക്കേണ്ടതുണ്ട്. നാളെയാണ് ഭഗവാൻ വിഷ്ണുവിന് സമർപ്പിക്കപ്പെട്ട 108 ദിവ്യ ദേശങ്ങളിൽ ഒന്നിലേക്ക് പോകേണ്ടത്, വിഷ്ണു ഭഗവാൻ മീനാക്ഷിയുടെ സഹോദരൻ ആണല്ലോ, തീർച്ചയായും ഞങ്ങൾക്ക് അവിടേക്ക് പോയേ പറ്റൂ.

English Summary: madurai travel experiences

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com