ADVERTISEMENT

മൺസൂൺ അവധിയാഘോഷം ഇത്തവണ മഹാരാഷ്ട്ര ആക്കാമെന്ന് അജു പറഞ്ഞപ്പോഴും വൈകുന്നേരത്തെ നേത്രാവതിയിൽ ടിക്കറ്റെടുത്തിരുന്നപ്പോഴും മുംബൈയിലെ കല്യാൺ ജംഗ്ഷനിലൂടെ  ഇറങ്ങി നടക്കുമ്പോഴുമെല്ലാം മനസ് ഇടഞ്ഞു നിന്നതു തിരക്കു പിടിച്ച ഈ വലിയ നഗരത്തിൽ മഴയത്ത് എന്തു ചെയ്യാനാണെന്ന ഒറ്റ ചോദ്യത്തിലായിരുന്നു. പക്ഷേ, കലു അങ്ങനെ ഒന്നായിരുന്നില്ല. സർവ്വ പ്രതീക്ഷകളും തെറ്റിച്ചു കൊണ്ട് പ്രകൃതിയൊരുക്കിയ ഗംഭീര മൺസൂൺ വിരുന്നായിരുന്നു. നഗരങ്ങൾക്കൊക്കെ എത്രയോ അകലെ... നോക്കിയാലും നോക്കിയാലും തീരാത്തത്ര പരന്നു കിടക്കുന്ന പച്ചയണിഞ്ഞ സുന്ദരിക്കോത. മഹാരാഷ്ട്രയുടെ തനതായ സൗന്ദര്യം വിളിച്ചോതുന്ന പർവ്വത നിരകളെ പാലൊഴിപ്പിച്ചു നിർത്തുന്ന കലു വെള്ളച്ചാട്ടം കാണാൻ മൽജേഷ് ഘട്ട് വഴിയോ അല്ലെങ്കിൽ നേരെ ഉബ്ബി പേട്ട ഗ്രാമത്തിലിറങ്ങിയോ വേണം കടന്നു ചെല്ലാൻ.

രാവിലത്തെ സർക്കാർ വണ്ടിയിൽ കാലിച്ചായ പോലും കുടിക്കാതെ ഞങ്ങൾ കയറിയിരുന്നു. തൊണ്ണൂറ് കിലോമീറ്ററുകളോളം കുത്തനെയുള്ള ചുരവും കയറി ഇഴഞ്ഞും പുളഞ്ഞും നീങ്ങുന്ന ബസ്സിനെ മൂടൽമഞ്ഞു  വിഴുങ്ങിയത് കാണാനൊരു ചേലായിരുന്നു. ആ പരക്കം പാച്ചിലിൽ ബസ്സ്‌ ചെന്നു നിന്നതു ഷെയ്ഖവാടി ജംഗ്ഷനിലെ മറാത്തിക്കാരി ആലീസിന്റെ കട വാതിൽക്കലാണ്. കണ്ടാലൊരു അമ്പതിനടുത്തു  പ്രായം തോന്നിക്കും. ഈ പ്രായത്തിലും ഗ്രാമീണമായൊരു പകർപ്പോടെ  അവളിങ്ങനെ ചായയും ചിരിയും  വിറ്റു ജീവിക്കുന്നതിലൊരു വല്ലാത്ത അതിശയം. സ്കൂളിൽ പോകുന്ന കുട്ടികളും കമിതാക്കളായ രണ്ടു നായകളും മഴയത്ത് കേറി നിന്നതു കൊണ്ടു കട നിറയെ തിരക്കുള്ളതായി തോന്നി. ആവശ്യത്തിനു സമയമുള്ളതിനാൽ മഴയാസ്വാധകരോട് തെല്ലും പരിഭവമൊന്നുമില്ലാതെ അവിടുന്നു കിട്ടുന്ന സ്പെഷൽ വടാപാവും മധുരങ്ങളുമൊക്കെ കഴിച്ചു അത്യാവശ്യ സാധനങ്ങളും ടെന്റും കരുതി ഞങ്ങൾ കലു ലക്ഷ്യമാക്കി നടന്നു.

മുമ്പാരോ പോയതിന്റെ കഥകൾ വിശ്വസിച്ചു, വഴിയിൽ കണ്ടു മുട്ടുന്നവരുടെ ഉറപ്പില്ലാത്ത വഴിപറച്ചിലുകളിൽ നീങ്ങുമ്പോൾ മാറി മാറി ഇടയിൽ കയറി വരുന്ന കോടയും മഴയും കൂട്ടം തെറ്റിച്ചുവെങ്കിലും മടുപ്പില്ലാത്തൊരു ട്രെക്കിങ് അനുവദിച്ചു തന്നുവെന്നു വേണം പറയാൻ. അല്ലേലും കൊതിച്ചതെല്ലാം മുന്നിൽ നിവർന്നു കിടക്കുമ്പോൾ കാലുകളെല്ലാം കാല്പനിക സ്വപ്നങ്ങളിലെ സ്വർണരഥങ്ങളാവു മെന്നുറപ്പാണ്.

വിജനമായ മരുപ്പച്ചകളായിരുന്നു. അടുക്കുന്തോറും അകലുന്ന നിഗൂഢമായ ഒന്ന്. ഇടവകയിലെവിടെയെങ്കിലും കന്നുകാലി മേയ്ക്കുന്നവരെ കണ്ടാലായി. നോക്കെത്താ ദൂരെയുള്ള കുടിലുകളും ഇടയ്ക്കിടെ കാണുന്ന തടാകങ്ങളും. വഴി തെറ്റിയുന്നറപ്പിച്ചിട്ടും ഒരു പ്രതീക്ഷയിലങ്ങനെ നടന്നു. പത്തോളം കിലോമീറ്റർ നടന്നു കഴിഞ്ഞപ്പോഴാണ് മനുഷ്യരെ കണ്ടു തുടങ്ങിയത്. ഞണ്ടുകൾ പിടിച്ചും കാലി മേയ്ച്ചും ഗ്രാമങ്ങൾ വിട്ടു എവിടെയും പോയിട്ടില്ലെന്നുറപ്പുള്ള കുറച്ചു മനുഷ്യർ.

വൈദ്യുതിയും വിദ്യാഭ്യാസവും തുടങ്ങി നമുക്കൊഴിച്ചു കൂടാനാവാത്ത പലതുമന്യമായിരുന്നിട്ടു കൂടിയും പുൽകോട്ടിലുള്ള മനുഷ്യരടക്കം എല്ലാ ജീവികളുമവിടെ സ്വതന്ത്രരായിരുന്നു. മൂക്കിലും കഴുത്തിലും കയറിട്ടു മുറുക്കിയ നാട്ടിലെ മാടുകളും മൂത്തുമ്മ അനുവദിച്ചാൽ മാത്രം പുറത്തിറങ്ങാൻ പറ്റുന്ന കോഴികളുമൊക്കെ ഇതൊക്കെ കണ്ടാൽ കുടുംബസമേതം തന്നെ  ആത്മഹത്യ ചെയ്തേക്കുമെന്ന് തോന്നി.

ഞങ്ങൾ കലു ചോദിച്ചപ്പോൾ അവർ പരസ്പരം നാട്ടു ഭാഷയിലെന്തോ പതുക്കെ അടക്കം പറഞ്ഞു. മറാത്തി അറിയാത്ത ആറു മലയാളികൾ നട്ടം തിരിയുന്നത് കണ്ടാവണം  പുറത്തേങ്ങോ പോയി പഠിച്ച ഹിന്ദി അറിയാവുന്ന ഒരു പയ്യൻ ഇറങ്ങി വന്നിട്ടു നേരെ പിടിച്ചു നടന്നാൽ ഒരു മണിക്കൂർ കൊണ്ട് എത്താമെന്ന് പറഞ്ഞു.

നിന്നെ കാണാതെയൊരു തിരിച്ചു പോക്കില്ലെന്ന് ഭാവിച്ചു നടക്കവെ ദൂരെ  കാറ്റു കൊണ്ടു വരുന്ന വെള്ളത്തിന്റെ അലർച്ചകൾ കേട്ടു. എല്ലാ ഭാഗവും ഭൂമി ഇരട്ട പെറ്റതു പോലെ. വെളുത്ത പുകയുടെ പാരാവാരങ്ങൾക്കിടയിൽ ഞങ്ങൾ രണ്ടു ചേരിയായി തിരിഞ്ഞു. മലയിടുക്കുകളിൽ ഉറക്കനെ പേര് വിളിച്ചു കേൾക്കുന്ന എക്കോ മുഴക്കങ്ങളിൽ ശരി വച്ചു നടന്നപ്പോൾ അകലെ താഴ്ച്ചയുടെ ശക്തിയിൽ ഉയർന്നു പൊങ്ങുന്ന വെള്ളച്ചാട്ടങ്ങളുടെ തുകലുകൾ കണ്ടു തുടങ്ങി. പിന്നെ എന്താണ് സംഭവിച്ചതെന്ന് നിശ്ചയമില്ലായിരുന്നു..ഓടുകയായിരുന്നോ അതോ ചാടുകയായിരുന്നു..

അകലെയുള്ളതെല്ലാം ഓടിപ്പിടച്ചു പിന്നിലാക്കി കലുവിന്റെ മുന്നിൽ ആഹ്ലാദപൂർവ്വം കിതച്ചു നിൽക്കുമ്പോൾ ആരോ തോളിൽ തട്ടി പറയുന്നുണ്ടായിരുന്നു. ഇതാടോ.. ഞാൻ കിനാവിൽ വന്നിരിക്കാറുണ്ടെന്നു പറയുന്ന അതേ സ്വർഗകുന്നുകൾ. വെള്ളച്ചാട്ടത്തിന്റെ മുകളിൽ നമ്മൾ ആറു പേര് മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഞങ്ങൾക്ക് ക്ഷണനേരത്തേക്കു കടമായിക്കിട്ടുന്ന സൂര്യരശ്മികളിൽ  താഴെ നിന്നും നോക്കിപ്പോകുന്ന കുറച്ചു യാത്രികരെ കാണാം. ഞങ്ങൾ  അവിടെ ടെന്റടിച്ചു. അൽപം പഴങ്ങളും ബന്നും മാത്രമേ ബാക്കിയുണ്ടായുള്ളൂ.

പാട്ടുകളും കഥകളും കൂട്ടിയിളക്കി ഞങ്ങൾ രാവ് പൂക്കുന്നതു കാണാനിരുന്നു. പക്ഷേ, അതൊരു ചതി ആയിരുന്നു.. സ്വർഗക്കുന്നിൽ മൂടൽ മഞ്ഞു കൂട്ട്   വന്നപ്പോൾ  കാറ്റും മഴയും കൂടി വന്നു ഭൂവിന്റെ സ്നേഹപ്പൊതിച്ചിലിൽ  ടെന്റ് പൊട്ടി, ഉള്ളതെല്ലാം പൊറുക്കി ഞങ്ങൾ വഴി തെറ്റി നടന്നു എങ്ങോട്ട് പോകുമെന്നറിയാതെ, ഫോണിലെ മങ്ങിയ വെളിച്ചത്തിൽ വെള്ളം തേടാൻ പോകുമ്പോൾ അടയാളങ്ങളിട്ട പഴത്തോലുകളായിരുന്നു അഭയം.

പച്ച കെട്ടിയ വഴി നിറയെ കുഴിയുണ്ടാക്കി ഞണ്ടുകൾ വാ പൊളിച്ചിരിക്കുന്നുണ്ടായിരുന്നു. വലിഞ്ഞു കേറി വരുന്നവർക്ക്  പിന്നെങ്ങനെയാണ് ഞണ്ടുകൾ ആതിഥേയത്വം നൽകുന്നത്? നാട്ടിലെങ്ങും കാണാത്ത ഞണ്ടുകളെയും സജ്ജാദിന്റെ ഞണ്ടിറുക്കുന്ന കഥകളും കേട്ടു വേച്ചു വേച്ചു ഞങ്ങൾ മാടുകൾക്കു പാർക്കാനൊരുക്കുന്ന ചായ്‌പ്പിനുള്ളിൽ മഴക്കോട്ടു വിരിച്ചു കിടന്നു.

മൗനമായുറങ്ങുന്ന മല നിരകളിൽ ഒച്ചവെക്കാതെ ഞങ്ങളും കിടന്നപ്പോൾ തോരാത്ത മഴയിൽ വീണു കുതിർന്നു  ക്ഷീണിച്ച രാത്രി പെട്ടന്ന് മാഞ്ഞു. ഉറക്കച്ചവടോടെ സൂര്യനെണീറ്റിരുന്നു. അരുവികൾക്കോരത്തു കല്ലു വച്ചു കോട മൂടുന്ന പർവ്വത നിരകളെ നോക്കി പ്രാഥമിക കാര്യങ്ങളൊക്കെ ചെയ്തു. ഗ്രാമം ലക്ഷ്യമാക്കിയിറങ്ങി.

എവിടുന്നു വന്നുവെന്നറിയില്ല ഒരു നായ നമ്മളോടോപ്പം കൂടി. ഫൈറൂസ് അതിനെ ടോബിയെന്ന് വിളിച്ചു. വാലാട്ടിയും മണപ്പിച്ചും അവനുള്ളതുകൊണ്ട് തിരിച്ചിറങ്ങാൻ എളുപ്പമായിരുന്നു. തടാകത്തിലിറങ്ങി നന്നായി മുങ്ങിയും നീന്തിയും നീരാടിക്കുളിച്ചു ഞങ്ങൾ കടയെത്തുമ്പോൾ ആലീസ് ചൂട് ചായ പകർന്നു തന്നു. വീണ്ടും കാണാമെന്നു പറഞ്ഞിറങ്ങുമ്പോൾ മൂക്കുത്തി ഇപ്പോ താഴെ വീഴുമെന്ന് തോന്നിപ്പിച്ചു ചിരിച്ചോണ്ടവളെന്തൊക്കെയോ പറഞ്ഞു.

"അടുത്ത തവണ വരുമ്പോൾ മറാത്തി പഠിച്ചു വരണം ഞാൻ ഹിന്ദിയും പഠിച്ചുവയ്ക്കാം. എങ്കിൽ നമ്മുക്കിതിലേറെ കഥകൾ പങ്കുവെയ്ക്കാമെന്നായിരിക്കുമെന്ന് ഞാൻ വിശ്വസിക്കുന്നു."

Content Summary : Kalu, highest waterfall in malshej ghat travelogue.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com