അതിരപ്പിള്ളിയും വാഴച്ചാലും കടന്ന് കാടുകയറി വാൽപാറയിലേക്ക്

valparai
SHARE

 പ്രകൃതിയുടെ സൗന്ദര്യം ആവോളം ആസ്വദിച്ചുകൊണ്ടുള്ള റോഡ് ട്രിപ്പ് കിടിലൻ അനുഭവമാണ്.  കാടിന്റെ തണുപ്പും കാഴ്ചകളുമൊക്കെയായി ആതിരപ്പിള്ളി വാൽപാറ യാത്ര. മഞ്ഞും തണുപ്പും ശരീരത്തെ കമ്പളം പുതപ്പിക്കുന്ന യാത്രയാണ്. തേയിലത്തോട്ടങ്ങളും തണുപ്പും മഞ്ഞുമൊക്കെയാണ് യാത്രകാരെ ആകർഷിക്കുന്നത്.  കാഴ്ചകളെക്കാൾ പ്രധാനം എന്നു കരുതുന്നവർക്ക് ഷോളയാർ കാട്ടിലൂടെയുള്ള യാത്രയും തേയിലത്തോട്ടങ്ങളിലെ സ്വകാര്യ റിസോർട്ടുകളിലെ താമസവും ഗംഭീര അനുഭവമാകും. തേയിലക്കാടുകളും കൃഷി പ്രദേശങ്ങളും ചെറു അരുവികളും ഡാം കാഴ്ചകളുമായി കുളിർമയുള്ള കാലാവസ്ഥയോടെ സഞ്ചാരികളെ ആകർഷിക്കുന്നു.

valpara-trip7

തമിഴ്നാട്ടിലെ കോയമ്പത്തൂർ ജില്ലയിലാണ് വാൽപ്പാറ.  അതിരപ്പിള്ളിയും വാഴച്ചാലും കണ്ട് കണ്ടങ്ങു കാടുകയറി വണ്ടിയോടിച്ചാൽ മലക്കപ്പാറ എന്ന അതിർത്തിതൊടാം. പിന്നെയെല്ലാം വാൽപ്പാറയുടെ പേരിലാണ് അറിയപ്പെടുന്നത്. യാത്രയിൽ ആദ്യം അതിരപ്പിള്ളിയുടെ സൗന്ദര്യമാണ് ആസ്വദിക്കുവാനുള്ളത്. അതിരപ്പിള്ളിയുടെ അതിമനോഹരമായ ദൂരക്കാഴ്ചയും ഉയരക്കാഴ്ചയും കിട്ടും. അതിരപ്പിള്ളി കണ്ട് അടുത്ത വെള്ളച്ചാട്ടമായ വാഴച്ചാലും കാണാം. ഒരു ടിക്കറ്റു മതി രണ്ടിനും. അതിരപ്പിള്ളിയിൽനിന്ന് ടിക്കറ്റ് എടുക്കാം. വാഴച്ചാലും കടന്ന് കാടിന്റഎ വന്യത ആസ്വദിച്ചുള്ളതാണ് അടുത്ത യാത്ര. 

valpara-trip

കാട്ടിലൂടെയുള്ള യാത്രയിൽ അമിതവേഗമരുത്. പ്രത്യേകിച്ച് വാൽപ്പാറയിൽ. വളവുകളിൽ ആനകളെ പ്രതീക്ഷിച്ചുവേണം വണ്ടിയോടിക്കാൻ. ഈറ്റകളാണു റോഡിന്റെ അതിർത്തി. അതുകൊണ്ടുതന്നെ കാഴ്ച വല്ലാതെ കുറയും ഉള്ളിലേക്ക്. മറ്റുള്ള സാധുമൃഗങ്ങൾ റോഡ് ക്രോസ് ചെയ്യുമ്പോൾ ഇടിച്ചിടാതിരിക്കാനും മിത വേഗം സഹായിക്കും.

valpara-trip8

വാഹനത്തിൽനിന്നിറങ്ങിനിന്നു കാഴ്ചകൾ ആസ്വദിക്കരുത്. ഒന്ന്, നിങ്ങൾക്കു പരിചയമില്ലാത്ത പ്രദേശം. രണ്ട്, വന്യമൃഗങ്ങൾ വരുത്തുന്ന അപായം. ഇവ രണ്ടും കണക്കിലെടുത്തുവേണം പുറത്തിറങ്ങാൻ. മലക്കപ്പാറയെത്തുന്നതിനുമുൻപ് സിംഹവാലൻ കുരങ്ങുകളെ കാണാൻ പറ്റുന്ന തരത്തിലുള്ള കാടുകളുണ്ട്. ശ്രദ്ധിച്ചുനോക്കി വണ്ടിയോടിച്ചാൽ ആ കാഴ്ചയും കിട്ടും. മലക്കപ്പാറയിലെത്തിയാൽ കേരള അതിർത്തിയിൽ വാഹനപരിശോധന കഴിയും. പിന്നെ തമിഴ്നാടിന്റെ വാഹനപരിശോധന. ചെറു ടൗണിൽ ആഹാരപാനീയാദികൾ കിട്ടും. വാൽപ്പാറയിൽ റിസോർട്ടുകളിൽ താമസിക്കാം. തണുപ്പാസ്വദിക്കാം. വാൽപ്പാറയിലെ തേയിലത്തോട്ടങ്ങളിലൂടെ അലസമായി വണ്ടിയോടിക്കാം. മലയാളികളായ നിരവധിയാളുകൾക്ക് ഇവിടെ കോട്ടേജുകളും തണുപ്പുക്കാല വസതികളും ഏക്കറുകളോളം വിന്യസിച്ചിരിക്കുന്ന തോട്ടങ്ങളുമൊക്കെയുണ്ട്. മൂന്നാർ പോലെ വൻതോതിൽ വാണിജ്യവൽക്കരിക്കപ്പെട്ടിട്ടില്ലെങ്കിലും സഞ്ചാരികളുടെ ഒഴുക്കു കുറയുന്നില്ല. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN TRAVEL IN WILD
SHOW MORE
FROM ONMANORAMA