ADVERTISEMENT

കുടുംബത്തോടൊത്തും സുഹൃത്തുക്കൾക്കൊപ്പവും യാത്ര ചെയ്യാൻ പറ്റിയ ഇടമുണ്ട്, അങ്ങ് തെന്മല ശെന്തുരുണി വന്യജീവി സങ്കേതത്തിൽ. ഒറ്റ നിബന്ധനയേ ഉള്ളൂ- ടൂറിനു പോകുന്ന ലാഘവത്തോടെ കാട്ടിലേക്കു പോകരുത്. കാടിനെ അടുത്തറിയാനും കാടിന്റെ വശ്യഭംഗി നുകരാനും പ്രകൃതിയെ സ്നേഹിക്കാനും മനസ്സുണ്ടാകണം. ശെന്തുരുണിയിലെ ടൂറിസം പ്രാധാന്യമുള്ള മീൻമുട്ടി ദ്വീപിന്റെ കഥകളുമായി മനോരമ വാർത്താവണ്ടി.

kollam-parappad-dam
പരപ്പാർ ഡാമിലെ വെള്ളം ധനുമാസക്കാറ്റിൽ തിരയടിക്കുന്നു.‌ ബാംബൂ ഹട്ടിൽ നിന്നുള്ള പുലർകാല കാഴ്ച...

ഉള്ളം കുളിർക്കുന്ന വൃശ്ചികക്കാറ്റ് പരപ്പാർ തടാകത്തെ കടലിനു തുല്യമാക്കി തീരം തേടുന്ന തിരകൾ... ദൂരെ മലനിരകളിൽ നിന്ന്, പശ്ചിമഘട്ട വനാന്തരങ്ങളിൽ നിന്ന് ഏതൊക്കെയോ സുഗന്ധവും പേറി വരുന്ന കാറ്റ്... കണ്ണടച്ച്, മുഖം ആകാശത്തേക്കുയർത്തി അൽപ നേരം നിന്നു നോക്കൂ.... സുഖദമായൊരു അനുഭൂതി ഉള്ളിൽ നിറയും. മീൻമുട്ടി ദ്വീപിലേക്കുള്ള യാത്രയാണ്. 172.403 ചതുരശ്ര കിലോമീറ്റർ വരുന്ന തെന്മല ശെന്തുരുണി വന്യജീവി സങ്കേതത്തിനുള്ളിൽ കഷ്ടിച്ച് അരയേക്കർ വരുന്ന ദ്വീപ്. വിശാലമായ പരപ്പാർ ഡാം തീർക്കുന്ന കൃത്രിമ തടാകത്തിനു നടുവിൽ ആളനക്കമില്ലാത്ത സുന്ദരഭൂമി. അവിടെ ഒരു രാത്രി കഴിഞ്ഞു നോക്കൂ... പ്രകൃതിയെ അടുത്തറിഞ്ഞ്, അതിന്റെ നിശബ്ദതയും മനോഹാരിതയും തൊട്ടറിയാം.

kollam-bamboohut
മീൻമുട്ടിയിലെ ബാംബൂ ഹട്ട്

ശെന്തുരുണി വന്യജീവി സങ്കേതത്തിന്റെ ആസ്ഥാനമായ തെന്മലയിലെ കളംകുന്നിൽ നിന്നു ബോട്ടിലാണു മീൻമുട്ടി ദ്വീപിലേക്കുള്ള യാത്ര. വൃശ്ചികക്കാറ്റ് വീശിയടിക്കുന്നതിനാൽ തടാകത്തിലാകെ തിരയാണ്. പരന്നുകിടക്കുന്ന പരപ്പാർ ഡാമിലൂടെ യാത്ര തുടങ്ങുമ്പോൾ ഈ തിരകളിൽപെട്ടു ബോട്ട് ഇളകിയാടും. മെല്ലെ മെല്ലെ മുന്നോട്ടുപോകുമ്പോൾ നമ്മുടെ കണ്ണുകൾ വിടരും- ദൂരെ പശ്ചിമഘട്ട മലനിരകൾ സൂര്യപ്രകാശത്തിൽ വെട്ടിത്തിളങ്ങുന്നു. വൈകിട്ട് 4 മണി പിന്നിടുമ്പോൾ അതു സ്വർണവർണമാകും. കൂറ്റൻ മലനിരകളും നിബിഡ വനങ്ങളും കൺകുളിർക്കെ കണ്ടുകണ്ടങ്ങു പോകാം.

kollam-meenmutty-view
മീൻമുട്ടിയിൽ നിന്നുള്ള കാഴ്ച. അകലെ കാണുന്നത് പരപ്പാർ അണക്കെട്ട്

തടാകത്തിലൂടെ ഏതാണ്ടു 2 കിലോമീറ്റർ യാത്ര ചെയ്യുമ്പോൾ ദൂരെ കാണാം, മീൻമുട്ടി ദ്വീപ്. അങ്ങനെയൊരു പേരുണ്ടെങ്കിലും അത് അധികമാർക്കുമറിയില്ലെന്നു സഹായിയായി ഒപ്പം വന്ന വനംവകുപ്പ് ജീവനക്കാരൻ ദുരൈ പറഞ്ഞു. ബോട്ട് ദ്വീപിലേക്കടുത്തു. നാലു ചുറ്റും തടാകത്താൽ ചുറ്റപ്പെട്ട കൊച്ചു ദ്വീപ്. ദ്വീപിനു ചുറ്റും സൗരോർജ വേലികൾ കെട്ടി സുരക്ഷിതമാക്കിയിരിക്കുന്നു. ഡാമിൽ വെള്ളം കുറയുമ്പോൾ ആന ഉൾപ്പെടെ നീന്തി വരുമത്രെ. എത്ര പെട്ടെന്നാണു കാട്ടിൽ സന്ധ്യ മയങ്ങി ഇരുട്ടാകുന്നത്. കണ്ടുകണ്ടിരിക്കെ, ദൂരെ മലനിരകൾ വിളക്കണച്ച പോലെ ഇരുളുന്നു. ഇവിടെ, ഈ കൊച്ചു ദ്വീപിൽ ഞങ്ങൾ മാത്രം. സൗരോർജത്തിൽ പ്രവർത്തിക്കുന്ന ബൾബുകളുടെ വെളിച്ചം മാത്രം. ഞങ്ങൾ അകത്തേക്കു കയറി. ബാംബൂ ഹട്ട് എന്ന കൊച്ചു പുരയിലേക്ക്.

ബാംബൂ ഹട്ട് എന്ന ഫോറസ്റ്റ് റിസോർട്ട്

ദ്വീപിൽ കല്ലുകെട്ടിയ അടിത്തറയ്ക്കു മേൽ മുളഷീറ്റുകൾ പാകിയ ഭിത്തിയോടു കൂടിയതാണു ബാംബൂ ഹട്ട്. വരാന്തയും ഒരു കിടപ്പുമുറിയും ശുചിമുറിയും. കട്ടിലിൽ 2 പേർക്കു കിടക്കാം. താഴെ ബെഡ് വിരിച്ചു ഒന്നോ രണ്ടോ പേർക്കു കഴിയാം. ചറ്റും തടാകമായതിനാൽ അവിടെ നിന്നുള്ള കുളിർമയുള്ള കാറ്റ് സദാ നമ്മെ തഴുകിക്കൊണ്ടിരിക്കും. വരാന്തയിൽ കസേരയിട്ടിരുന്നാൽ കാടിന്റെയും തടാകത്തിന്റെയും ഭംഗി മതിയാവോളം ആസ്വദിക്കാം.  ഉച്ച മുതൽ പിറ്റേന്ന് ഉച്ചവരെയാണ് ഒരു ദിവസത്തെ പാക്കേജ്.

kollam-parappardam-evening-view
പരപ്പാർ ഡാം പശ്ചാത്തലത്തിലെ അസ്തമയം. കാഴ്ച മീൻമുട്ടിയിൽ നിന്ന്.

വൈകിട്ടു ചായയും രാത്രി ഭക്ഷണവും പിറ്റേന്നു പ്രഭാതഭക്ഷണവും ഉച്ചഭക്ഷണവും തരും. കളംകുന്നിൽ നിന്നു അകമ്പടി വരുന്ന വനംവകുപ്പ് ജീവനക്കാർ ഭക്ഷണം പാകം ചെയ്യാനുള്ള സാമഗ്രികൾ കൂടെ കൊണ്ടുവരും. ബാംബൂ ഹട്ടിനു സമീപത്തായാണു അവർക്കുള്ള പുര. അവിടെ ഒന്നു രണ്ടു പേർക്കു കഴിയാം. അകത്ത് അടുക്കള. രുചികരമായ ഭക്ഷണം അവർ ഉണ്ടാക്കിത്തരും. പുലർച്ചെ തടാകക്കരയിലൂടെ ദ്വീപിലൊന്നു ചുറ്റി നടക്കണം. തടാകത്തിൽ തായ്ത്തടി പാതി മുങ്ങിയ മരങ്ങൾ അങ്ങിങ്ങു കാണാം. വേനൽക്കാലത്ത് ഈ പ്രദേശങ്ങൾ വെള്ളമിറങ്ങുമ്പോൾ നടന്നു കാണാം.

kollam-kalakundu-lake-benglaw
കളംകുണ്ട് ലേക് വ്യൂ ബംഗ്ലാവ്.

വസന്തത്തിൽ നിറയെ പൂക്കളും കായ്കളുമായി കാട്ടുപേരകൾ തലയുയർത്തും. ഈ മരങ്ങളാണു പക്ഷികളുടെ താവളം. ദേശാടനപക്ഷികളായ പുഴയാഴകളെ ഡിസംബർ മുതൽ േമയ് ഒടുവിൽ വരെ കാണാം. സ്മാൾപാർട്ടിൻകോൾ പക്ഷികളും ഇവയുടെ കൂട്ടത്തിലുണ്ടാകും. എങ്കിലും പുഴയാഴകളാണു ഭൂരിപക്ഷവും വരിക. ഇവരുടേത് ഹിമാലയത്തിൽ നിന്നുള്ള വരവാണ്.  ജലനിരപ്പിൽ നിന്നു സൂര്യൻ പശ്ചിമഘട്ട മലനിരകൾക്കു മുകളിലൂടെ ആകാശം കാണാൻ പോകുന്നതും തിരിച്ചു കൂടണയുന്നതുമാണ് ബാംബൂ ഹട്ടിലെ താമസക്കാർക്കുള്ള സവിശേഷ കാഴ്ച. 

തടാകക്കരയിലുണ്ട് ബംഗ്ലാവ്

തടാകത്തിനു നടുവിൽ ഒറ്റപ്പെട്ട ദ്വീപിൽ കഴിയാൻ താൽപര്യമില്ലെങ്കിൽ തടാകക്കരയിൽ മറ്റൊരു സുന്ദരൻ താവളമുണ്ട്- കളംകുന്ന് ലേക് വ്യൂ ബംഗ്ലാവ്. കാടിന്റെ വശ്യതയും പ്രകൃതിയുടെ അഭൗമ ഭംഗിയും ആസ്വദിച്ചു ഒന്നോ രണ്ടോ ദിവസം ഇവിടെ തങ്ങാം. തെന്മല ഡാം ജംക്ഷനു സമീപമുള്ള ഫോറസ്റ്റ് ഇൻഫർമേഷൻ സെന്ററിൽ നിന്നു രണ്ടര കിലോമീറ്റർ കാടിനുള്ളിലൂടെ സഞ്ചരിച്ചാൽ കളംകുന്നു ലേക് വ്യൂ ബംഗ്ലാവിലെത്താം.  2 നിലകളിലായി 5 മുറികളുണ്ട് ഇവിടെ.  ഋതുഭേദങ്ങളിൽ വ്യത്യസ്ത കാഴ്ചകളാണ് ഇവിടുത്തെ പ്രത്യേകത. ദേശാടനകാലത്ത് ചില മരങ്ങൾ നിറയെ പലയിനം പക്ഷികളെ കാണാം.

95ൽപ്പരം ഇനം തണ്ണീർപക്ഷികളെ തീരത്തുടനീളം സർവേയിൽ കണ്ടെത്തിയിട്ടുണ്ട്. ബംഗ്ലാവിന്റെ പിന്നാമ്പുറത്ത് കലമാനുകൾ വന്നുപോകും. ഇവിടെ നിന്നു ഒരു മണിക്കൂർ തടാകത്തിൽ ബോട്ടിങ്ങിനും സൗകര്യമുണ്ട്. ട്രക്കിങ്, ജംഗിൾ സഫാരി (ബസ്, ജീപ്പ് എന്നിവ ബുക്ക് ചെയ്യാം), കുട്ടവഞ്ചി സഫാരി എന്നിവയും തിരഞ്ഞെടുക്കാം. ലേക് വ്യൂ ബംഗ്ലാവിലെ പ്രധാന മുറികൾക്ക് 5000 രൂപയാണു ഒരു ദിവസത്തെ വാടക. 3500 രൂപയ്ക്കുള്ള മറ്റൊരു മുറിയും ലഭ്യമാണ്. ഉച്ച മുതൽ പിറ്റേന്നു ഉച്ചവരെയാണു പാക്കേജ്. ഭക്ഷണവും ട്രക്കിങും ഉൾപ്പെടെ 2 പേർക്ക് 7500 രൂപയാണു നിരക്ക്.

ഹണിമൂൺ സ്പെഷൽ, ഫാമിലി സ്പെഷൽ

കുറുന്തോട്ടി ക്യാംപ്

ഹണിമൂൺ കോട്ടേജ് എന്ന അർഥത്തിലാണു ബാംബു ഹട്ട് സ്ഥാപിച്ചിരിക്കുന്നത്. മധുവിധു ആഘോഷിക്കാൻ ഇവിടെ വന്നു താമസിക്കുന്നവർ ഏറെയാണ്. 2 കുട്ടികൾ അടങ്ങുന്ന കുടുംബത്തിനും സുഖമായി കഴിയാം. പരമാവധി മൂന്നോ നാലോ പേരെ അനുവദിക്കും. ഭക്ഷണം തയാറാക്കി തരാനും സുരക്ഷാ ജോലിക്കുമായി വനംവകുപ്പിലെ 2 ജീവനക്കാർ നമുക്ക് കൂട്ടിനു വരും. അവർക്കു താമസിക്കാൻ വേറൊരു പുരയുണ്ട്. താമസം, ഭക്ഷണം ഉൾപ്പെടെ 2 പേർക്ക് 7500 രൂപയാണു ബാംബൂ ഹട്ടിന്റെ വാടക. 7 വയസ്സുവരെയുള്ള കുട്ടികൾക്കു സൗജന്യം. 8 മുതൽ 12 വയസ്സുവരെയുള്ള 2 കുട്ടികൾക്ക് 1500 രൂപ.

താമസ സ്ഥലങ്ങൾ

ശെന്തുരുണി വന്യജീവി സങ്കേതത്തിനുള്ളിൽ വിവിധ താമസ കേന്ദ്രങ്ങളുണ്ട്.

∙ഇടിമുഴങ്ങാൻപാറ (പരമാവധി 8 പേർ)

∙ബാംബൂ ഹട്ട് (2 മുതിർന്നവർ, 2 കുട്ടികൾ)

∙കളംകുന്ന് ലേക് വ്യൂ ബംഗ്ലാവ് (പരമാവധി 12 പേർ)

∙സ്പാ എൻ പള്ളിവാസൽ (പരമാവധി 10 പേർ)

∙വുഡി റോക്ക് വുഡ് (പരമാവധി 6 പേർ)

∙കുറുന്തോട്ടി ടോപ് ഹട്ട് (പരമാവധി 6 പേർ)

 

നിരക്കുകൾ ഇങ്ങനെ:

∙ജംഗിൾ സ്റ്റേ (കാട്ടിനുള്ളിൽ താമസം. ഉച്ചയ്ക്കു ഒരു മണി മുതൽ പിറ്റേന്ന് ഒരു മണി വരെ)- 2 പേർക്ക് 7500 രൂപ, അധികം ഓരോരുത്തർക്കും 1500 രൂപ വീതം

∙കുട്ടവഞ്ചി - ഒരാൾക്ക് 100 രൂപ

∙ബോട്ടിങ് - 8 പേർക്ക് 2400 രൂപ, പരമാവധി 10 പേർക്ക്- 3000 രൂപ

∙ഒരു മണിക്കൂർ ട്രക്കിങ്ങിന്- 400 രൂപ (4 പേർക്ക്), അധികം ഓരോരുത്തർക്കും 100 രൂപ വീതം

 

∙3 മണിക്കൂർ ട്രക്കിങ്- 2 പേർക്ക് 1000 രൂപ (അധികം ഓരോരുത്തർക്കും 500 രൂപ വീതം),6 മണിക്കൂർ ട്രക്കിങ്- 2 പേർക്ക് 2500 രൂപ, അധികം ഓരോരുത്തർക്കും 500 വീതം)

∙ജീപ്പ് സഫാരി (3 മണിക്കൂർ കാട്ടിനുള്ളിൽ)-- 4 പേർക്ക് 3000 രൂപ. അധികം ഓരോരുത്തർക്കും 500 വീതം

∙ബസ് സഫാരി - 10 പേർക്ക് 4000 രൂപ. അധികം ഓരോരുത്തർക്കും 400 വീതം

∙രാത്രി സഫാരി- 3 മണിക്കൂറിന് 6 പേർക്ക് 6000 രൂപ.

∙ബന്ധപ്പെടേണ്ട നമ്പർ: 85476 02931 (സെക്‌ഷൻ ഫോറസ്റ്റ് ഓഫിസർ), 85475 67935 (ഇക്കോ ടൂറിസം പ്രോഗ്രാം ഓഫിസർ).

 

‘ഉത്തരവാദിത്ത ടൂറിസംവളരണം’: ബി.സജീവ്കുമാർ <i>(വൈൽഡ് ലൈഫ് വാർഡൻ, ശെന്തുരുണി വന്യജീവി സങ്കേതം)

ഉത്തരവാദിത്ത ടൂറിസം പ്രോത്സാഹിപ്പിക്കുകയാണു പ്രധാന ലക്ഷ്യം. പരിസ്ഥിതിയെ അറിയാനും സ്നേഹിക്കാനും താൽപര്യമുള്ളവർക്കു ഇങ്ങോട്ടേക്കു സ്വാഗതം. വെറും വിനോദസഞ്ചാരമെന്ന അർഥത്തിൽ കണ്ടു വരരുത്. പ്രകൃതിയുടെ സ്വാഭാവികത ആസ്വദിക്കാൻ താൽപര്യമുള്ളവർക്കു അതിശയിപ്പിക്കുന്ന കാഴ്ചകളുണ്ടിവിടെ. തെന്മല എർത്ത് ഡാമിനടുത്ത് അമിനിറ്റി സെന്റർ നിർമിക്കാനുള്ള പദ്ധതിയുണ്ട്. അടുത്ത ബജറ്റിൽ തുക വകയിരുത്തുമെന്നാണു പ്രതീക്ഷ. സഞ്ചാരികൾക്ക് അതു സഹായകവുമാകും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com