ADVERTISEMENT

ഒരു മറവത്തൂർ കനവ് സിനിമയിലെ ഗ്രാമത്തിലേക്കു പോയാലോ?  മലകയറി, മലയിറങ്ങി,കാട്ടിൽ താമസിച്ചു വേണം ആ ഗ്രാമത്തിലെത്താൻ.  ഡ്രൈവിങ് ഇഷ്ടപ്പെടുന്നവർക്ക് രണ്ടുദിവസം കൊണ്ടു ചുറ്റിവരവുന്ന റൂട്ട്. മൂന്നാറിലേക്കുള്ള വഴിയും വഴിയിലെ കാഴ്ചകളും പറയേണ്ടതില്ലല്ലോ... മൂന്നാറിൽ നല്ല 

കാലാവസ്ഥയാണിപ്പോൾ. സഞ്ചാരികൾക്കായി ചൊക്രമുടിയിലേക്കു നടന്നുകയറാനുള്ള സംവിധാനം വനംവകുപ്പ് ഒരുക്കിയിട്ടുണ്ട്. അവിസ്മരണീയമായ ട്രെക്കിങ് അനുഭവമായിരിക്കുമെന്നതു തീർച്ച. മൂന്നാറിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടികളിലൊന്നിലേക്ക് നാലുമണിക്കൂർ നടത്തം. ഇടയ്ക്കു മഞ്ഞുനിങ്ങളെ മായ്ക്കും. പക്ഷേ, വെയിലിനു ദാക്ഷിണ്യമൊന്നുമുണ്ടാകില്ല. 

Bhramaram-Locations

തൊപ്പിയെടുക്കുന്നതു നന്ന്.  നടന്നുകയറുമ്പോൾ തിരികെ നോക്കുക. പാറവെട്ടിയുണ്ടാക്കിയ ഗ്യാപ് റോഡ് അകലെ കാണാം. ആനയിറങ്കൽ ഡാമിലേക്ക് ആ വഴി പോകാം. മൂന്നാറിലെ മൂന്നാമത്തെ ഉയരം കൂടിയ കൊടുമുടിയാണു ചൊക്രമുടി. അതിന്റെ തുമ്പത്തു കയറി മഞ്ഞുകൊണ്ടിറങ്ങിവരുക– പതിവു മൂന്നാറിന്റെ അനുഭവമല്ലിത്. ഈയടുത്തു തുടങ്ങിയ  യാത്രയ്ക്ക് സഞ്ചാരികൾ ഏറെ എത്തുന്നുണ്ട്. മീശപ്പുലിമലയിലേക്കൊന്നും പോകേണ്ട ചൊക്രമുടി കണ്ടാൽപ്പിന്നെ... 

മറയൂരിലെ   ചന്ദനക്കാടുകൾക്കടുത്തുള്ള വനംവകുപ്പിന്റെ ഓഫിസിൽനിന്നു വലത്തോട്ടു തിരിഞ്ഞ് ഞങ്ങൾ സുഹൃത്തിനെ പിക്ക് ചെയ്യാൻ പോയി. 

സ്വാഭാവിക ചന്ദനക്കാടുകൾക്കിടയിലൂടെ മറയൂരിന്റെ ഗ്രാമങ്ങളിലേക്ക് കാറോടിക്കുക. മോഹൻലാലിന്റെ ഭ്രമരം സിനിമയിലെ ലൊക്കേഷനുകൾ കാണാം. കരിമ്പുപാടങ്ങളുംശർക്കരശാലകളും കണ്ടുനടന്നു തിരികെ വാഹനത്തിലേറാം. ചെറുചായക്കടകളിലെ രുചികൾ നുണയാൻ മറക്കരുത്.   

Maryur-2

മറയൂരിൽനിന്നു മഴനിഴൽകാട്ടിലേക്കുള്ള കാട്ടുവഴിയിലൂടെയാണ് ഇനി  യാത്ര. വി ആകൃതിയിലുള്ള ഒരു താഴ്‌വാരം. ഒരു മലമുകളിലൂടെയാണു ചെറിയ റോഡ്. കിഴക്കോട്ടൊഴുകുന്ന പാമ്പാർ നദി താഴെ. ശേഷം വീണ്ടും ഉയരുന്ന മലനിരകൾ. ഒരു കാട്ടുപോത്ത് നടന്നുപോയാൽപ്പോലും ദൂരെനിന്നു കാണാവുന്നതരത്തിൽ ചിതറിക്കിടക്കുന്ന മരങ്ങളുള്ളതാണു ചിന്നാർ കാട്. കൈപ്പത്തിവലുപ്പത്തിൽ കാണുന്ന  തൂവാനം വെള്ളച്ചാട്ടത്തിനടുത്ത് സഞ്ചാരികൾക്കായി ഒരു മരവീടുണ്ട്. അവിടെ താമസിക്കാം. ചിന്നാറിൽ ഏഴോളം മരവീടുകളുണ്ട്. അതിൽ ഏറ്റവും മനോഹരമായിട്ടുള്ള  പാമ്പാർ മരവീട്ടിലാണു നാം താമസിക്കുന്നത്.

പാമ്പാറിൽ താമസം

ചിന്നാർ വനംവകുപ്പിന്റെ ഓഫിസിനു മുന്നിൽ വാഹനം  പാർക്ക് ചെയ്തതും കുരങ്ങൻമാർക്ക് വിശാലമായ കളിസ്ഥലം കിട്ടിയതുപോലെ.ഗൈഡ് മണിയേട്ടനുമായി പാമ്പാറിലേക്കു നടന്നുതുടങ്ങി.  കൂട്ടാറും ചിന്നാറും ചേരുന്നിടത്താണു പാമ്പാർ മരവീട്. മൂന്നുപേർക്ക് സസുഖം താമസിക്കാം. ചിന്നാർ നദിയുടെ മനോഹാരിത കണ്ടു ട്രെക്കിങ്. 

Pambar-Stay-Chinnar

ഈ വഴിയിലെ രണ്ടാം നടത്തം

ഒന്നു മലമുകളിലേക്കാണെങ്കിൽ രണ്ടാമത് നദിയോരത്തേക്ക്. കൂട്ടാർ അമരാവതി ഡാമിലേക്കു ചേരുന്നു. മുതലകളുടെ സ്വാഭാവിക ആവാസവ്യവസ്ഥയാണ് ഈ നദി.  ഫോണിനു റേഞ്ച് ഇല്ല. ലൈറ്റ് തെളിയാൻ മാത്രം സോളർ സംവിധാനമുണ്ട്.പുഴയുടെ ഗാനം കേട്ട് രാവുറക്കം. സുഹൃത്തുക്കളുമായി കാടറിഞ്ഞു താമസിക്കാൻ ഏറ്റവും യോജിച്ച ഇടമാണിത്. അതിരാവിലെ തിരികെ നടന്നു. കാട്ടുപോത്ത് ഒരെണ്ണം അടുത്തുനിന്നു കുതിച്ചുപാഞ്ഞുപോയി. ചാമ്പൽ മലയണ്ണാൻ ശാപ്പാടിനുശേഷം വിശ്രമിക്കുന്നുണ്ട്. ടെലിലെൻസിനും അപ്പുറത്താണ് മൂപ്പരുടെ കിടപ്പ്.  ഈ നടത്തവും യാത്രയുടെ ആകർഷണമാണ്. 

ഇനി ആനമലയിലേക്ക് 

ചിന്നാറിലെ നടത്തം കഴിഞ്ഞ് തിരികെ  വനംവകുപ്പിന്റെ ഓഫിസിലെത്തുമ്പോൾ നല്ല പുട്ടും കടലക്കറിയുമുണ്ട് കന്റീനിൽ.തൊട്ടപ്പുറത്ത് തമിഴ്നാടിന്റെ ഫോറസ്റ്റ് ഓഫിസും ചെക്പോസ്റ്റും. ആനമല കടുവാസങ്കേതമാണിത്. അരമണിക്കൂർ ആ കാട്ടിലൂടെയാണു പോകേണ്ടത്. വഴി ചെറുതാണെങ്കിലും റബറൈസ്ഡ്.  മണ്ടപരന്ന മരങ്ങൾ നിറഞ്ഞ ഒരു ആഫ്രിക്കൻ കാടിന്റെ പടം പോലെയുണ്ട് ആനമല. ചെറുചുരങ്ങളിറങ്ങി നാം സമതലങ്ങളിലേക്ക്. ഇനിയാണു നമ്മുടെ ‘മറവത്തൂർ’ ഗ്രാമം. 

Anamalai

ഉഡുമലപേട്ട 

ഒരു മറവത്തൂർ കനവ് സിനിമ കണ്ടവരാരും ആ ഗ്രാമക്കാഴ്ചകൾ മറന്നിട്ടുണ്ടാകില്ല. മണ്ണുതേച്ച കുടിലുകളും വിശാലമായ പറമ്പുകളും അകലെ കാവൽനിൽക്കുന്ന നീലമലകളും ചേരുന്ന ഗ്രാമം. കൃഷികൊണ്ടു ജീവിതങ്ങൾ പുലരുന്ന നാട്... സിനിമയിൽ മാത്രമല്ല ജീവിതത്തിലും ഇങ്ങനെയാണ് തമിഴ്ഗ്രാമങ്ങൾ. മറവത്തൂർ കനവ് ഷൂട്ട് ചെയ്തത് ഉഡുമൽപേട്ടിലാണ്. ആദ്യത്തെ പടത്തിലേക്ക് ഒന്നുകൂടി നോക്കുക.

മതിലുകളില്ലാത്ത ഗ്രാമം. വിശാലമായ തെങ്ങിൻതോപ്പുകൾക്കപ്പുറം ഓടുമേഞ്ഞ വീടുകൾ. മരയഴിയിട്ട ചെറുഗേറ്റുകൾ തുറന്നാൽ മുറ്റംവരെ ആനയിച്ചുകൊണ്ടുപോകുന്ന വഴി. പച്ചപ്പാണെങ്ങും. ഉഡുമലപേട്ടയിലെ ഗ്രാമക്കാഴ്ചകൾ കേരളീയരെ ഏറെക്കാലം റിവേഴ്സ് ഗിയറിൽ കൊണ്ടുപോകും. അന്നേരം സ്ക്രീനിൽ കാണുന്ന കാഴ്ചകൾ ഇവയാണ്– റോഡിനിരുവശവും സമൃദ്ധിയായി നിൽക്കുന്ന തെങ്ങിൻതോപ്പുകൾ. അവയ്ക്കിടയിൽ തൊണ്ടു തല്ലാനിട്ടിരിക്കുന്ന ഗ്രാമീണർ. കാളവണ്ടിയിൽ ചരക്കുകളുമായി വരുന്നവർ. പോരാത്തതിനു തമിഴ് റോഡുകളുടെ സ്ഥിരം കാഴ്ചയായ പുളിമരത്തണലും. ഉഡുമൽപേട്ട കഴിഞ്ഞാൽ പിന്നെ വഴി വിശാലമാണ്. നിരപ്പുള്ളതും. 

marayoor-trip

കുറിച്ചിക്കോട്ട എന്ന ചെറിയ അങ്ങാടിയിൽ നിന്ന്  ഇടത്തോട്ടു പോയാൽ ആളിയാർ ഡാമിലെത്താം. അവിടെനിന്ന് വാൽപ്പാറ–അതിരപ്പിള്ളി–ചാലക്കുടി വഴി എറണാകുളത്തേക്ക് തിരികെ പോകാം.  നേരെ പോയാൽ പൊള്ളാച്ചി–പാലക്കാട്. രണ്ടു വഴികളും ഡ്രൈവ് ചെയ്യാൻഅതിമനോഹരമാണ്. വാൽപ്പാറയിലൂടെയാണെങ്കിൽ കാടിന്റെ സൗന്ദര്യമുണ്ട്. പക്ഷേ, ഉച്ചകഴിഞ്ഞോ, സന്ധ്യയാകാനാകുമ്പോഴോ ആ റൂട്ട് അത്ര നല്ലതല്ല. 

എറണാകുളം–മൂന്നാർ–125 കിലോമീറ്റര്‍

മൂന്നാർ – മറയൂർ –40 കിലോമീറ്റർ

Chokramudi

മറയൂർ–ചിന്നാർ – 9 കിലോമീറ്റർ

ചിന്നാർ – ഉഡുമലപേട്ട–38

ഉഡുമലപേട്ട– വാൽപാറ–ചാലക്കുടി–എറണാകുളം–235 കിലോമീറ്റര്‍

ഉഡുമലപേട്ട–പൊള്ളാച്ചി–ആലത്തൂര്‍–എറണാകുളം–192 കിലോമീറ്റര്‍

രണ്ടുദിവസം വേണം യാത്രയ്ക്ക്. 

താമസം- ചിന്നാറിലെ മരവീടുകൾ ഓൺലൈൻ വഴി ബുക്ക് ചെയ്യാ-(https://chinnar.org). അല്ലെങ്കിൽ മറയൂരിലെ സ്വകാര്യഹോട്ടലുകൾ. കുടുംബമൊത്താണെങ്കിൽ മറയൂരിൽ താമസിക്കുകയാണുചിതം. 

ചൊക്രമുടി ട്രെക്കിങ്ങിനു വിളിക്കാം- 9400600108

Chinnar Wildlife Sanctuary | Western Ghats, Munnar, Kerala, India 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com