ADVERTISEMENT

മനുഷ്യൻ ഉൾപ്പടെയുള്ള ജീവികളെ മനസ്സിലാക്കാൻ ക്യാമറയെ ഒരു മാധ്യമമാക്കുകയാണ് പി. മധുസൂദനൻ എന്ന റിട്ടയേഡ് എൻജിനീയർ. ജീവന്റെ വൈവിധ്യവും ജീവികൾ തമ്മിലുള്ള ബന്ധവും ജീവികൾക്കും പ്രകൃതിക്കും ഇടയിലുള്ള താളവും തേടുകയാണ് തന്റെ ചിത്രങ്ങളിലൂടെ. പരിസ്ഥിതിയും ജീവജാലവും തമ്മിലുള്ള ബന്ധം കൂടുതൽ പഠിക്കുന്നതിനിടെയാണ് പാമ്പുകൾക്ക് ഓരോ ആവാസവ്യവസ്ഥയിലും വിശേഷമായ സ്ഥാനമുണ്ടെന്നു കണ്ടെത്തിയത്.

രാജവെമ്പാല മുതൽ നാഗത്താൻ പാമ്പുവരെ

സൗന്ദര്യം തുളുമ്പുന്ന അപകടങ്ങളാണ് പാമ്പുകൾ. തനിക്ക് ആപത്തുണ്ടാകുമെന്ന് ആശങ്ക ഉണ്ടായാൽ അവ അപകടകാരികളാകും, മധുസൂദനൻ ഓർമിപ്പിക്കുന്നു. വൈൽഡ് ലൈഫ് ഫൊട്ടോഗ്രഫിയിൽ പൊതുവേ ‘മോഡലുകളെ’ ഭയപ്പെടുത്താതിരിക്കുക, നമ്മുടെ സാന്നിധ്യം അവ അറിയാതിരിക്കുക എന്നത് പ്രധാനമാണ്. രാജവെമ്പാല മുതൽ അപൂർവമായ നാഗത്താൻ പാമ്പിനെ വരെ പകർത്തിയിട്ടുണ്ട്, എന്നാൽ ഇതുവരെ അപകടകരം എന്നു പറയാവുന്ന ‘എൻകൗണ്ടറുകളൊന്നം’ ഇവർക്കിടയിൽ ഉണ്ടായിട്ടില്ല.

Wild-Life-Photography2

ലോകത്തിലെ തന്നെ നീളമേറിയ പാമ്പുകളിലൊന്നായ രാജവെമ്പാലയ്ക്ക് 300 അടി അകലെയുള്ള അനക്കംപോലും കാണാനും മനുഷ്യശബ്ദത്തിനു തുല്യമായ ആവൃത്തിയിൽ മുരളാനും 420 മില്ലി വിഷം വരെ ഒറ്റകടിയിൽ പുറത്തേക്കു വമിപ്പിക്കാനും ശേഷിയുണ്ട്. ഇത്രയൊക്കെ സവിശേഷതയുള്ള ഒരു സഹജീവിയെ കാണാനും തിരിച്ചറിയാനും സാധിക്കുന്നില്ലെങ്കിൽ ഈ പ്രകൃതിയെ നാം അറിയുന്നു എന്നു പറയുന്നതിന് എന്താണ് അർഥം?

Wild-Life-Photography

നെല്ലിയാമ്പതി കുന്നുകളിൽവച്ചാണ് നാഗത്താൻ പാമ്പിനെ ആദ്യം കണ്ടത്. ഒരു പുൽച്ചാടിക്കുനേരെ കരുതലോടെ ഇഴഞ്ഞുനീങ്ങുകയായിരുന്നു അത്. എന്നാൽ പുൽച്ചാടിയുടെ ജാഗ്രത അതിന്റെ ജീവൻ രക്ഷപെടുത്തി. മരംകയറുകയും അതിവേഗത്തിൽ സഞ്ചരിക്കുകയും ചെയ്യുന്ന ഇവ പറക്കും അണ്ണാനെപ്പോലെ മരക്കൊമ്പുകളിൽനിന്നു താഴേക്ക് വായുവിലൂടെ തെന്നി ഇറങ്ങുന്നു. അതുകൊണ്ട് ഈ പാമ്പിന്റെ ഇംഗ്ലിഷ് പേര് ഓർണേറ്റ് ഗ്ലൈഡിങ് സ്നേക്ക് എന്നാണ്.

പെരുമ്പാമ്പിന്റെ ആദ്യശ്വാസം

ഒരു മനുഷ്യക്കുഞ്ഞിന്റെ പിറവി അടയാളപ്പെടുത്തുന്ന കരച്ചിൽപോലെയാണ് മുട്ടവിരിഞ്ഞിറങ്ങുന്ന പെരുമ്പാമ്പിന്റെ ആദ്യശ്വസനം. വളരെ യാദൃച്ഛികമായിട്ടാണ് ഗൂഡ്രിക്കൽ റേഞ്ചിന്റെ ഭാഗമായ വനത്തിൽ പാമ്പിന്റെ മുട്ടകൾ കണ്ടെത്തിയെന്ന് അറിഞ്ഞ് ചെല്ലുന്നത്. വിദഗ്ധസഹായത്തോടെ അത് പെരുമ്പാമ്പിന്റെ മുട്ടകളാണെന്ന് ഉറപ്പാക്കി, വനംവകുപ്പിന്റെ അനുമതി മേടിച്ച് നിരീക്ഷണം തുടങ്ങി.

Wild-Life-Photography1

പാമ്പുകൾ മൂക്കിലൂടെയല്ല ശ്വാസം എടുക്കുന്നത്, വായിലേക്കു തുറക്കുന്ന ഗ്ലോട്ടിസ് എന്നു വിളിക്കുന്ന സുഷിരത്തിലൂടെയാണ്. അതുകൊണ്ടുതന്നെ മുട്ടപൊട്ടി പുറത്തുവരുന്ന പെരുമ്പാമ്പിൻ കുഞ്ഞ് ആദ്യ ശ്വാസത്തിനായി വായ തുറക്കുമെന്ന ധാരണ ഉണ്ടായിരുന്നു. അങ്ങനെയാണ് ആ ചിത്രം മനസ്സിൽ രൂപപ്പെട്ടത്.

സാധാരണ 60 ദിവസം മുതൽ 90 ദിവസം വരെയാണ് പെരുമ്പാമ്പിന്റെ ഇൻകുബേഷൻ കാലം. അവിടെ ചെല്ലും, പരിസരത്ത് കുറച്ചുമാറി നിന്ന് നിരീക്ഷിക്കുകയും ലെൻസ് സൂം ചെയ്ത് മുട്ടകളുടെ മാറ്റം ശ്രദ്ധിച്ചു ആദ്യമൊക്കെ. പിന്നീട് സുരക്ഷിതമായ അകലത്തിൽ നിരീക്ഷണം തുടർന്നു. രണ്ടുമാസം കഴിഞ്ഞപ്പോൾ മുട്ട വിരിയാൻ തുടങ്ങുന്നതിന്റെ അടയാളങ്ങൾ കണ്ടു. അതോടെ നിരീക്ഷണ സമയം കൂട്ടി. ഒടുവിൽ 73–ാം ദിവസമാണ് ആ അസുലഭചിത്രം പകർത്താൻ സാധിച്ചത്.

നീർപാമ്പുകളുടെ നൃത്തം

കുറച്ചു വർഷങ്ങൾക്കുമുൻപ് സുഹൃത്തും ന്യൂസ് ഫൊട്ടോഗ്രാഫറുമായ ശിവജിക്കൊപ്പം തമിഴ്നാട്ടിലെ പുളിമാങ്കുളം എന്ന ഗ്രാമത്തിൽ തീയാട്ട് ഉത്സവം ചിത്രീകരിക്കാൻ പോയ അവസരം.

പൂർണരൂപം വായിക്കാം

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com