വന്യമൃഗങ്ങളെ കണ്ട് കാടിനുള്ളിൽ താമസിക്കണോ? ഗവിയിലേക്ക് യാത്ര തിരിക്കാം
Mail This Article
ഓർഡിനറി എന്ന സിനിമ വഴി സഞ്ചാര പ്രണയികളായവരുടെ മനസ്സിൽ സ്ഥാനം പിടിച്ച ഡെസ്റ്റിനേഷനാണ് ഗവി. എന്നാൽ എല്ലാവർക്കും എപ്പോഴും ഇവിടേയ്ക്ക് പ്രവേശമില്ല. അത്രയധികമൊന്നും യാത്രികരെ ഗവിയ്ക്ക് പലപ്പോഴും താങ്ങുന്നതിനും ബുദ്ധിമുട്ടുണ്ട്. ഈയടുത്ത കാലത്ത് അവിടേക്കുള്ള യാത്രയ്ക്ക് നിരോധനം ഏർപ്പെടുത്തിയിരുന്നു. ശക്തമായ മഴ മൂലമുണ്ടായ മണ്ണിടിച്ചിലായിരുന്നു കാരണം. സഞ്ചാരികൾക്കുള്ള ഏറ്റവും പുതിയ വാർത്ത ഗവിയിലേക്കുള്ള യാത്രാവഴികൾ തുറന്നു എന്നതാണ്.
കൗതുകപ്പെടുത്തുന്ന സ്ഥലം
ഗവി, പേര് കൊണ്ട് തന്നെ കൗതുകപ്പെടുത്തുന്ന സ്ഥലം. അവിടേക്കുള്ള യാത്ര തന്നെ ഒന്നൊന്നര അനുഭവമാണ്. കാടിന്റെ നടുവിലൂടെ പച്ചപ്പിന്റെ മണവും ആസ്വദിച്ച് ഇടയ്ക്ക് ചില വന്യമൃഗങ്ങളെയും കണ്ടു യാത്ര ചെയ്യാം. മനോഹരമായ ഒരു ഗ്രാമ പ്രദേശമാണ് ഗവി. ഒരുപാടൊന്നും ഡെസ്റ്റിനേഷനുകളില്ലെങ്കിലും ഉള്ളത് അതിഗംഭീരം തന്നെയാണ്. പുറത്തു നിന്ന് വരുന്നവർക്ക് താമസിക്കാനുള്ള സൗകര്യങ്ങളും ഇവിടെ ലഭ്യമാണ്. സമുദ്രനിരപ്പിൽനിന്ന് ഏകദേശം 3,400 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഗവിയിൽ എത്ര ചൂട് കാലത്തും രാത്രിയിൽ സുഖകരമായ തണുത്ത കാലാവസ്ഥയാണ്.
അപൂർവമായ മരങ്ങളും ചെടികളുമുള്ള ഇവിടെ നിന്ന് നോക്കിയാൽ ശബരിമലയുടെ വിദൂര ദൃശ്യവും കാണാനാകും. ശ്രീലങ്കൻ വംശജരായ തമിഴരാണ് ഇവിടുത്തെ പ്രധാന തനത് ഗ്രാമീണർ, ഇവരുടെ സംരക്ഷണം കൂടി കണക്കിലെടുത്ത് ഇവിടയേക്കുള്ള യാത്രയ്ക്ക് നിയന്ത്രണങ്ങൾ സർക്കാർ ഏർപ്പെടുത്തിയിട്ടുണ്ട്. ബോട്ടിങ്, ജംഗിൾ സഫാരി എന്നിവ ഇവിടുത്തെ പ്രധാ ആകർഷണമാണ്. നിലവിൽ സന്ദർശന അനുമതി നിശ്ചിത എണ്ണം വിനോദ സഞ്ചാരികൾക്ക് മാത്രമായി നിയന്ത്രിച്ചിരിക്കുകയാണിവിടെ.
യാത്ര ഓഫ്‌റോഡാണ്
മണ്ണിടിച്ചിൽ മൂലം തകർന്നു പോയ വഴികൾ തുറക്കുകയും താൽക്കാലിക വേലികൾ നിർമിച്ചുമാണ് നിലവിൽ യാത്രികർക്കായി വഴികൾ തുറന്നു കൊടുത്തിരിക്കുന്നത്. ഫോർ വീൽ ഡ്രൈവ് ആണ് ഗവിയിലേക്കുള്ള വഴിയിൽ യാത്രികർ അധികവും തിരഞ്ഞെടുക്കുക പതിവ്, കാരണം ഇവിടേക്കുള്ള യാത്ര ഓഫ്‌റോഡാണ്. ഒരു ദിവസം അറുപതോളം വാഹനങ്ങളാണ് ഇപ്പോൾ ഗവിയിലേക്ക് കടത്തി വിടുന്നത്. അതുകൊണ്ട് മുൻകൂട്ടി അനുമതി ആവശ്യമാണ്.
ഗവിയിലേക്ക് കെ എസ് ആർടിസി ബസ് സർവീസുമുണ്ട്.ഓർഡിനറി സിനിമയിൽ കണ്ടത് പോലെ ബസിലുള്ള യാത്ര നവ്യാനുഭവം തന്നെയായിരിക്കും എന്നതിൽ സംശയമില്ല. യാത്രയിൽ പ്രത്യേകം ശ്രദ്ധിക്കേണ്ടത് മനോഹരമായ കാടിനെ സംരക്ഷിക്കേണ്ട ഉത്തരവാദിത്തം ഗ്രാമീണരെപ്പോലെ സഞ്ചാരികൾക്കും ഉണ്ടെന്നുള്ളത് തന്നെയാണ്.
താമസിക്കാൻ ഹോംസ്റ്റേ
ഗവിയിൽ എത്തുന്ന സഞ്ചാരികൾക്ക് കുടുംബസമേതം താമസിക്കാൻ ഗവി പച്ചക്കാനത്ത് ഹോം സ്റ്റേ. സംസ്ഥാന ടൂറിസം വകുപ്പിന്റെ ഡയമണ്ട് കാറ്റഗറി വിഭാഗത്തിലുള്ള എല്ലാ സൗകര്യങ്ങളുമുള്ള ഹോം സ്റ്റേയാണ് ഒരുക്കിയിരിക്കുന്നത്. സ്വകാര്യ എസ്റ്റേറ്റായ ഡൗൺ ടൗണിൽ ഇംഗ്ലീഷുകാരുടെ കാലത്ത് നിർമിച്ച ബംഗ്ലാവ് നവീകരിച്ചാണ് താമസ സൗകര്യം ഒരുക്കിയിട്ടുള്ളത്.
ഭക്ഷണം, വാഹന സൗകര്യം എന്നിവ ഉൾപ്പെടെയാണ് പാക്കേജ്. മൂന്ന് എക്സിക്യൂട്ടീവ് മുറികൾ ഉൾപ്പെടെ 20 പേർക്ക് താമസിക്കാൻ സാധിക്കും. സംസ്ഥാന സർക്കാരിന്റെ പുതിയ ടൂറിസം വികസന നയത്തിന്റെ ഭാഗമായാണ് ഗവിയിൽ ഇങ്ങനെയൊരു സംരംഭം എത്തുന്നത്. ഗവിയിൽ എത്തിയാൽ താമസിക്കാൻ നിലവിൽ സൗകര്യം കുറവായിരുന്നു. എപ്പോഴും മഞ്ഞ് മൂടിയ തണുത്ത കാലാവസ്ഥ, വനത്തിനുള്ളിൽ താമസിക്കുക, വന്യമൃഗങ്ങളെ നേരിൽ കാണാൻ കഴിയുക എന്നിവയിലൂടെ കൂടുതൽ ആഭ്യന്തര, വിദേശ സഞ്ചാരികളെ ഗവിയിലേക്ക് ആകർഷിക്കാനാകും.
English Summary: Gavi trip through forest: All you need to know