ADVERTISEMENT

കേരളത്തിലെ ആദ്യത്തെ വന്യജീവി സങ്കേതം, കേരളത്തിലെ ഏറ്റവും വലിയ വന്യജീവി സങ്കേതം, അങ്ങനെ നിരവധി വിശേഷണങ്ങള്‍ ചേരും പെരിയാര്‍ െൈടഗര്‍ റിസര്‍വിന്. കേരളത്തിലെ രണ്ടു കടുവ സംരക്ഷണ കേന്ദ്രങ്ങളിലൊന്നായ പെരിയാര്‍ ടൈഗര്‍ റിസര്‍വ് വന്യജീവി സമ്പത്തു കൊണ്ടും പ്രകൃതിയൊരുക്കുന്ന കാഴ്ചകളാലും സമ്പന്നമാണ്. സാഹസിക നടത്തം, ക്യാംപിങ്, മുളകൊണ്ടുള്ള ചങ്ങാടങ്ങളിലെ തുഴച്ചില്‍, രാത്രി സഫാരി, വാച്ച് ടവറിലെ താമസം, ബോട്ടിങ് എന്നിങ്ങനെ വൈവിധ്യമാര്‍ന്നതും ആഗോള നിലവാരത്തിലുള്ളതുമായ യാത്രാനുഭവം സമ്മാനിക്കാന്‍ പെരിയാര്‍ വന്യജീവി സങ്കേതത്തിനു സാധിക്കും. 

periyar-tiger-reserve3
Image Source: Periyar Tiger Reserve

കാടിനു നടുവിലാണ് ട്രെക്കിങ് എന്നതിനാല്‍ വന്യജീവികളെ അലോസരപ്പെടുത്താതിരിക്കാന്‍ ശ്രദ്ധിക്കണം. 12 വയസ്സില്‍ കൂടുതല്‍ പ്രായമുള്ളവര്‍ക്കേ ട്രെക്കിങ്ങുകള്‍ക്ക് അനുമതിയുള്ളൂ. മുൻപ് കാട്ടുകൊള്ളക്കാരായിരുന്നവരാണ് പിന്നീട് പെരിയാര്‍ കടുവാ സംരക്ഷണ കേന്ദ്രത്തിന്റെ സംരക്ഷകരായത്. കാടിനെ കൈവെള്ള പോലെ അറിയാവുന്ന ഇവരുടെയും വനം വകുപ്പ് ഉദ്യോഗസ്ഥരുടെയും നിര്‍ദേശങ്ങള്‍ പൂര്‍ണമായി പാലിക്കുന്നത് യാത്രകളെ സുരക്ഷിതമാക്കും. 

വിദേശികള്‍ അടക്കം ആയിരങ്ങളാണ് ദിനം പ്രതി പെരിയാര്‍ വന്യജീവി സങ്കേതം സന്ദര്‍ശിക്കാനെത്തുന്നത്. വന്യജീവി സമ്പത്തും പക്ഷികളും സസ്യജാലങ്ങളും ചിത്രശലഭങ്ങളുമെല്ലാം ചേര്‍ന്ന് മറക്കാനാവാത്ത കാഴ്ചകളാണ് ഓരോ സഞ്ചാരിക്കും സമ്മാനിക്കുക. പ്രദേശവാസികളെക്കൂടി ഉള്‍പ്പെടുത്തിയുള്ള കമ്യൂണിറ്റി ബേസ്ഡ് ഇക്കോ ടൂറിസം പ്രോഗ്രാമാണ് ഇവിടെ നടപ്പാക്കിയിട്ടുള്ളത്. ഓരോ സഞ്ചാരിയെയും ആകര്‍ഷിക്കുന്ന വ്യത്യസ്തമായ ടൂറിസം പ്രോഗ്രാമുകള്‍ പെരിയാര്‍ കടുവാ സങ്കേതത്തിലുണ്ട്. 

നേച്ചര്‍ വോക്ക്

പക്ഷികളെയും ശലഭങ്ങളെയും കണ്ടു കാടിനു നടുവിലൂടെയുള്ള നടത്തം ആരാണ് ആഗ്രഹിക്കാത്തത്. ഏതാണ്ട് രണ്ടര മണിക്കൂര്‍ സമയമെടുത്ത് അഞ്ച് കിലോമീറ്ററോളം കാട്ടിലൂടെയുള്ള നടത്തമാണ് നേച്ചര്‍ വോക്ക്. രാവിലെ ഏഴ് മുതല്‍ വൈകിട്ട് മൂന്നുവരെ വ്യത്യസ്ത നേച്ചര്‍ വോക്കുകള്‍ ലഭ്യമാണ്. പരമാവധി ആറുപേരെയാണ് ഒരേസമയം വാക്കിന് അനുവദിക്കുക. ഓരോ സംഘത്തിലും പരിശീലനം ലഭിച്ച പ്രദേശവാസിയായ ഗൈഡും ഉണ്ടാകും.

ബാംബൂ റാഫ്റ്റിങ് - ഒരു ദിവസം

മലകയറ്റവും മുളച്ചങ്ങാടത്തിലെ യാത്രയുമൊക്കയായി ഒരു ദിവസം മുഴുവന്‍ പെരിയാര്‍ ടൈഗര്‍ റിസര്‍വിന്റെ സൗന്ദര്യം ആസ്വദിക്കാന്‍ ലഭിക്കുന്ന അവസരമാണ് ബാംബൂ റാഫ്റ്റിങ്. മൂന്നു മണിക്കൂര്‍ നീളുന്ന ചങ്ങാട യാത്രയ്ക്കിടെ ആനക്കൂട്ടവും മാനുകളും കാട്ടുപോത്തുകളുമെല്ലാം വെള്ളം കുടിക്കാന്‍ വരുന്നതു സാധാരണ കാഴ്ചയാണ്. ബോട്ട് ലാന്‍ഡിങില്‍ നിന്ന് രാവിലെ എട്ടിന് ആരംഭിക്കുന്ന യാത്ര വൈകിട്ട് അഞ്ചിനാണ് അവസാനിക്കുക. പരമാവധി 15 പേര്‍ക്ക് പോകാവുന്ന ബാംബൂ റാഫ്റ്റിങ് സംഘത്തില്‍ ആയുധമേന്തിയ ഗാര്‍ഡിന് പുറമേ നാല് ഗൈഡുമാരും വഴികാട്ടികളായും വിവരങ്ങള്‍ പങ്കുവച്ചും കൂടെയുണ്ടാവും. 

periyar-tiger-reserve2
Image Source: Periyar Tiger Reserve

 

ബാംബൂ റാഫ്റ്റിങ് - പാതി ദിവസം

ട്രെക്കിങ്ങും മുളച്ചങ്ങാടത്തിലെ യാത്രയുമൊക്കെ പകുതി ദിവസം ആസ്വദിക്കാനുള്ള പാക്കേജും ലഭ്യമാണ്. രാവിലെ 7.30ന് പുറപ്പെടുന്ന ആദ്യ സംഘം ഉച്ചക്ക് 12.30ന് തിരിച്ചെത്തും രാവിലെ 9.30ന് പുറപ്പെടുന്ന രണ്ടാം സംഘം ഉച്ചക്ക് 2.30യോടെ തിരിച്ചെത്തും. 3-4 മണിക്കൂര്‍ ട്രെക്കിങ്ങും ഒരു മണിക്കൂര്‍ മുള ചങ്ങാടത്തിലെ യാത്രയുമാണ് ഈ പാക്കേജില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്.

പെരിയാര്‍ ടൈഗര്‍ ട്രയല്‍ - രണ്ട് രാത്രി

periyar-tiger-reserve1
Image Source: Periyar Tiger Reserve

അനുഭവസമ്പന്നരായ ഗൈഡുകളുടെ സഹായത്തില്‍ ഒരു രാത്രിയും രണ്ട് പകലും, രണ്ട് രാത്രിയും മൂന്നു പകലും എന്നിങ്ങനെ രണ്ടു പാക്കേജുകളിലായി പെരിയാര്‍ കടുവാ സങ്കേതത്തില്‍ കഴിയാനുള്ള സൗകര്യങ്ങളും യാത്രികര്‍ക്കായി ഒരുക്കിയിട്ടുണ്ട്. പരമാവധി ആറ് പേരായിരിക്കും ഒരു സംഘത്തിലുണ്ടാവുക. യാത്രികര്‍ക്ക് പുറമേ അഞ്ച് ഗൈഡുമാരും ഒരു വനം വകുപ്പ് ഉദ്യോഗസ്ഥനും സംഘത്തിലുണ്ടാവും.

ബോര്‍ഡര്‍ ഹൈക്കിങ് - തൊണ്ടിയാര്‍, ഭ്രാന്തിപാറ

പെരിയാര്‍ കടുവാ സങ്കേതത്തിന്റെ അതിര്‍ത്തി വരെ കണ്ടുവരുന്ന മലകയറ്റമാണിത്. രണ്ടു ഗ്രൂപ്പുകളിലായി പരമാവധി 12 പേരെയാണ് ഒരു ദിവസം കൊണ്ടുപോവുക. സഞ്ചാരികള്‍ക്കൊപ്പം രണ്ടു ഗൈഡുമാരും ഒരു ആയുധമേന്തിയ ഗാര്‍ഡും കൂട്ടുവരും. രാവിലെ എട്ടുമണിക്ക് ആരംഭിക്കുന്ന ബോര്‍ഡര്‍ ഹൈക്കിങ് വൈകുന്നേരത്തോടെയാണ് അവസാനിക്കുക. 

പഗ്മാര്‍ക്ക് ട്രയില്‍

പെരിയാര്‍ കടുവാ സംരക്ഷണ കേന്ദ്രത്തെ തൊട്ടറിഞ്ഞുകൊണ്ടുള്ള ചെറു ട്രെക്കിങാണിത്. പ്രവേശന കവാടത്തില്‍ നിന്നും ബോട്ട് ലാൻഡിങ് വരെ നീളുന്ന ഈ പാതയിലൂടെ കാഴ്ചകള്‍ കണ്ട് സ്വയം മനസിലാക്കി മുന്നോട്ടു നടക്കാം. 

മുളകൊണ്ടുള്ള കൂടാരം

ആധുനിക സൗകര്യങ്ങള്‍ കൂടി ഉള്‍ക്കൊള്ളിച്ചുകൊണ്ട് വനം വകുപ്പ് 15 മുളകൊണ്ടുള്ള കുടിലുകള്‍ ഇവിടെ പണിതിട്ടുണ്ട്. ഒരാള്‍ക്ക് 1800 രൂപയാണ് ടിക്കറ്റ് നിരക്ക്. 

വാച്ച് ടവര്‍ ക്യാംപിങ് ആന്‍ഡ് ട്രെക്കിങ്

രണ്ട് ദിവസം നീളുന്ന പ്രോഗ്രാമാണിത്. ആദ്യ ദിവസം ഉച്ചക്ക് 2.00 മണിയോടെ തേക്കടിയിലെ ട്രൈബല്‍ ഹെറിറ്റേജ് ഇഡിസി ഓഫിസില്‍ റിപ്പോര്‍ട്ടു ചെയ്യണം. ഇവിടെനിന്നു ബോട്ട് ലാന്‍ഡിങ്ങിലേക്ക് വാഹനത്തില്‍ കൊണ്ടുപോകും. ബോട്ടില്‍ കയറി എടപ്പാളയം ജെട്ടിയിലേക്ക് തിരിക്കും. അവിടെനിന്നു വാച്ച് ടവര്‍ വരെ ചെറിയ ട്രക്കിങ്. രണ്ടാം ദിവസം രാവിലെ നേരത്തേ ട്രെക്കിങിന് കൊണ്ടുപോകും. ശേഷം പ്രഭാത ഭക്ഷണം. ഉച്ചക്കുള്ള ഭക്ഷണവും കൂടി കഴിയുന്നതോടെ ബോട്ട് ലാന്‍ഡിങിലേക്ക് തിരിച്ചെത്തിക്കും. അവിടെനിന്നു ബസില്‍ തിരികെ പോകാം.

ബോട്ടിങ്

തേക്കടിയിലെത്തിയിട്ട് പെരിയാര്‍ തടാകത്തില്‍ ബോട്ടു സവാരി നടത്താതെ എങ്ങനെ യാത്ര പൂര്‍ണമാവും. ഒന്നര മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ബോട്ടു യാത്രയാണ് പെരിയാര്‍ കടുവാ സംരക്ഷണ കേന്ദ്രത്തിലേക്കുള്ള യാത്രയുടെ ഹൃദയം. രാവിലെ 07.30, 09.30, 11.15 ഉച്ചക്കുശേഷം 01.45, 03.30 എന്നിങ്ങനെയാണ് തേക്കടി ബോട്ട് സര്‍വീസിന്റെ സമയം. ടിക്കറ്റ് മുതിര്‍ന്നവര്‍ 255, കുട്ടികള്‍ 85രൂപ. 

പെരിയാര്‍ ടൈഗര്‍ ട്രയില്‍ 

വനം വകുപ്പ് ഗൈഡുമാര്‍ക്കൊപ്പം രാത്രി പെരിയാര്‍ കടുവാ സങ്കേതത്തിലൂടെ സഞ്ചരിക്കാനുള്ള അവസരമാണിത്. ഒരു രാത്രി രണ്ട് പകല്‍, രണ്ട് രാത്രി മൂന്നു പകല്‍ എന്നിങ്ങനെ രണ്ട് ട്രെക്കിങ് പ്രോഗ്രാമുകള്‍ ഇതിലുണ്ട്. ഒരു സംഘത്തില്‍ പരമാവധി ആറുപേര്‍ക്കാണ് അവസരം. അഞ്ച് ഗൈഡുമാരും ഒരു ആയുധമേന്തിയ വനംവകുപ്പ് ജീവനക്കാരനും കൂട്ടുവരും. 

ജംഗിള്‍ ക്യാംപ്

പെറ്റ്‌സ് ഇഡിസിയുടെ കീഴിലുള്ള വള്ളക്കടവിലെ 15 ടെന്റുകളില്‍ സഞ്ചാരികള്‍ക്ക് താമസിക്കാം. ഒരു ടെന്റില്‍ രണ്ട് മുതിര്‍ന്നവര്‍ക്കാണ് താമസിക്കാന്‍ അവസരമുണ്ടാവുക. ഈ പാക്കേജ് തിരഞ്ഞെടുക്കുന്നവര്‍ക്ക് സഫാരി, ട്രക്കിങ്, പെരിയാറിലെ ബോട്ടിങ് എന്നിവയും ഉള്‍പ്പെടുത്താനാവും.

English Summary: Periyar Tiger Reserve Ecoturism Programmes

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com