നട്ടുച്ചയ്ക്കും കോടമഞ്ഞ്; കാടിനുള്ളിലൂടെ ആനവണ്ടിയിൽ ഗവിയിലേക്ക് പോകാം

gavi-travel
SHARE

യാത്ര പോകുന്നതിന്റെ തലേന്നു നല്ല മഴയായിരുന്നു. ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട ചുഴലിക്കാറ്റിന്റെ ബാക്കിയെന്നോണം കേരളത്തിൽ അങ്ങിങ്ങു പരക്കെ മഴ.. നനഞ്ഞുകുതിർന്ന് അതിരാവിലെ കെഎസ്ആർടിസി ടൂർ ബസിൽ കയറിപ്പറ്റി. മഴയാണെങ്കിലും യാത്ര ഗവിയിലേക്കായതിനാൽ കുളിര് അൽപ്പം കൂടും. കെഎസ്ആർടിസിയുടെ കൂത്താട്ടുകുളം ഡിപ്പോയാണ് ടൂർ സംഘടിപ്പിച്ചത്. മഴയും മണ്ണിടിച്ചലിനും ശേഷം ഗവിയിലേക്കുള്ള യാത്രാനിരോധനം എടുത്തുകളഞ്ഞിട്ട് ഒരു മാസം ആയതേയുള്ളൂ. 

gavi4

കെഎസ്ആർടിസിയുടെ ഗവി ട്രിപ്പിനും വൈകിയാണ് അനുമതി കിട്ടിയത്. ഒരു ദിവസം 3 ബസ്സുകൾക്കു മാത്രം. അതിരാവിലെ യാത്ര തുടങ്ങിയാൽ മാത്രമേ ഇരുട്ടുന്നതിനു മുൻപ് കാഴ്ചകൾ കണ്ടു കാടിറങ്ങാൻ കഴിയൂ. ഏഴുമണിയോടെ ഞങ്ങൾ പത്തനംതിട്ട സ്റ്റാൻഡിലെത്തി. അവിടെനിന്നു കെഎസ്ആർടിസിയുടെ സ്പെഷൽ സർവീസിൽ ഗവിയിലേക്ക്. ചെറിയ ബസുകൾ മാത്രമേ പോകൂ. 

വൺ വേ റൂട്ട്

സമുദ്രനിരപ്പിൽനിന്നു 3400 അടിയിലധികം ഉയരത്തിൽ സ്ഥിതി ചെയ്യുന്ന നിത്യഹരിത വനമേഖലയാണ് ഗവി. പെരിയാർ കടുവാ സങ്കേതത്തിന്റെയും റാന്നി ഫോറസ്റ്റ് ഡിവിഷന്റെയും ഭാഗം.വനം വകുപ്പിന്റെ അനുമതിയില്ലാതെ ഇവിടെ പ്രവേശിക്കാനാകില്ല. നിയന്ത്രിതമായി 30 വാഹനങ്ങളേ ഒരു ദിവസം കടത്തിവിടുകയുള്ളൂ.

gavi1

വൺ വേ റൂട്ടാണ്. പത്തനംതിട്ട ഫോറസ്റ്റ് ചെക്പോസ്റ്റ് വഴി പ്രവേശിച്ചാൽ വണ്ടിപ്പെരിയാർ വഴി തിരിച്ചിറങ്ങാം. ഏകദേശം 109 കിലോമീറ്ററിലധികം ദൂരം കാട്ടിനുള്ളിലൂടെ പോകാമെന്നതാണ് ഈ യാത്രയുടെ ഏറ്റവും മികച്ച അനുഭവം. ഒരുപക്ഷേ, ഇത്രയും വൈവിധ്യമായ ജൈവസമ്പത്തിലൂടെയുള്ള യാത്ര അധികമെവിടെയും ഉണ്ടാകില്ല.  

കാടിനുള്ളിലെ പവർ സ്റ്റേഷൻ

ശബരിഗിരി ജലവൈദ്യുത  പദ്ധതിയിലെ അഞ്ചോളം അണക്കെട്ടുകളും പവർസ്റ്റേഷനുമാണ് ഗവിയിലുള്ളത്. ചെക്‌പോസ്റ്റ് കടന്ന് ആദ്യമെത്തുന്നത് മൂഴിയാർ അണക്കെട്ടിൽ. കക്കി അണക്കെട്ടിൽനിന്നു പെൻസ്റ്റോക്ക് പൈപ്പുവഴിയാണ് മൂഴിയാറിൽ വെള്ളമെത്തിക്കുന്നത്. മൂഴിയാർ ഡാമിലൂടെ കക്കിയിലേക്ക്. പമ്പാ നദിയുടെ കൈവഴിയായ കക്കി നദിയിലാണ് കക്കി അണക്കെട്ട്. 

നട്ടുച്ചയ്ക്കും കോടമഞ്ഞ്

മുന്നോട്ടുള്ള വഴി കാണാൻ വയ്യാത്തവിധം പൊതിഞ്ഞുനിന്ന കോടമഞ്ഞിനെ വകഞ്ഞുമാറ്റി ആനവണ്ടി കക്കി തടാകക്കരയിലെത്തി. മനോഹരമായ ജലാശയം. ഉച്ചയായെങ്കിലും വെയിൽ വീഴുന്നതേയുള്ളൂ. തടാകക്കരയിലെത്തിയപ്പോൾ  വഴി നിറയെ ആനപ്പിണ്ടം. ‘ഇപ്പൊരുത്തൻ ഇതുവഴി പോയിട്ടുണ്ട്. ദേ... ചെടിയൊക്കെ ഞെരിച്ചിരിക്കുന്നത് കണ്ടോ?’  ഡ്രൈവർ ചേട്ടൻ പറഞ്ഞു. പത്തനംതിട്ട–ഗവി–വണ്ടിപ്പെരിയാർ റൂട്ട് ബസിലെ സ്ഥിരം സാരഥിയാണ് അഭിലാഷ്. അതിരാവിലെയുള്ള ട്രിപ്പിൽ ആനയും കാട്ടുപോത്തുമൊക്കെ പുള്ളീടെ പരിചയക്കാരാണ്. എന്തായാലും ഗവി എത്തുന്നതിനുമുൻപു ഞങ്ങൾക്കും കിട്ടി ആനക്കൂട്ടത്തിന്റെ ദർശനം. കുട്ടിയാന ഉൾപ്പെടെ ഒൻപതോളം ആനകൾ ഈറ്റ തിന്നുന്ന തിരക്കിലായിരുന്നു. യാത്രയ്ക്കിടെ ഉയരമുള്ള മരങ്ങളിൽ കരിങ്കുരങ്ങ് കൂട്ടങ്ങളും കാണാം.

gavi2

കക്കിഡാം

വൃഷ്ടി പ്രദേശത്തുനിന്നുള്ള ജലം മാത്രമല്ല അണക്കെട്ടിലുള്ളത്. പമ്പാ അണക്കെട്ടിൽനിന്നു ഭൂമിക്കടിയിലൂടെയുള്ള തുരങ്കംവഴിയും വെള്ളം കക്കി താടാകത്തിലെത്തിക്കുന്നു. 3.21 കിമീ നീളമുണ്ട് ഈ തുരങ്കത്തിന്. 1966 ൽ ഡാം നിർമാണം പൂർത്തിയാക്കി. നിർമാണ സാമഗ്രികൾ സൂക്ഷിക്കാൻ നിർമിച്ച വെയർ ഹൗസാണ് പ്രേംനസീർ പടത്തിലെ ‘പൊന്നാപുരം കോട്ട’ ആയത്. കക്കി അണക്കെട്ടിന് സമുദ്രനിരപ്പിൽനിന്നു 981 മീറ്റർ ഉയരമുണ്ട്. പോകുന്ന വഴിയിൽ പവർ സ്റ്റേഷൻ കാണാം. പക്ഷേ, പ്രവേശനമില്ല. വനംവകുപ്പും വൈദ്യുതി വകുപ്പുമാണ് ഗവിയുടെ മേൽനോട്ടക്കാർ.

കാട്ടിനുള്ളിലെ സുന്ദരൻ പാത

അണക്കെട്ടിനു മുകളിലൂടെ കാട്ടിലേക്ക്.. വളവും തിരിവും മാത്രമുള്ള വനവീഥികൾ... കഷ്ടിച്ച് ഒരു ബസ് മാത്രമേ കടന്നു പോകാൻ പറ്റൂ. നിലം കാണാത്ത കാട്ടിലൂടെ ടാറിട്ടു മിനുക്കിയ സുന്ദരൻ പാത. ഇടതൂർന്ന വനമായതിനാൽ മൃഗങ്ങളെ കാണാൻ എപ്പോഴും പറ്റണമെന്നില്ല. നിർദിഷ്ട സ്ഥലങ്ങളിൽമാത്രമേ ബസ് നിർത്തൂ. കാട്ടിനുള്ളിൽ മൃഗങ്ങളെ കാണാൻ നിർത്തുമെങ്കിലും ഇറങ്ങാൻ പാടില്ല. മഴക്കാടുകളിൽ കാണുന്ന ഒരുവിധംഎല്ലാ വന്യജീവികളും സസ്യജാലങ്ങളും ഇവിടെയുണ്ട്. ഇവിടെയൊരു കുന്നിൽനിന്നു നോക്കിയാൽ ശബരിമല കാണാം. മകരജ്യോതി തെളിയുന്ന പൊന്നമ്പലമേടും ഈ കാട്ടിനുള്ളിലെ ഒരു കുന്നാണ്. 

gavi3

കക്കിയിൽനിന്ന് ആനത്തോട് ഡാമിലെത്തി. കക്കിഡാമിലെ ഷട്ടർ ഉള്ള ഭാഗമാണിത്. ‘ഓർഡിനറി’ സിനിമയിലെ അവസാന ഭാഗം ചിത്രീകരിച്ചത് ഇവിടെയാണ്. അവിടെനിന്നു കൊച്ചുപമ്പയിൽ എത്തി വനംവകുപ്പ് ഒരുക്കിയ ഉച്ചഭക്ഷണവും കഴിച്ച് ബോട്ടിങ്ങും ആസ്വദിച്ചു ഗവിയിലേക്ക്. കൊച്ച് ആർച്ച് ഡാം ആണ് ഗവിയിൽ. അവിടെനിന്നു വണ്ടിപ്പെരിയാർ വഴി പരുന്തുംപാറയ്ക്കു പോകാനിരുന്നതെങ്കിലും മഴയും മഞ്ഞും തടസ്സമായതിനാൽ അത് ഉപേക്ഷിക്കേണ്ടിവന്നു. വണ്ടിപ്പെരിയാറിൽ‍നിന്നു കുട്ടിക്കാനം, മുണ്ടക്കയം, പാല വഴി കൂത്താട്ടുകുളത്തേക്ക്.

ഗവിയാത്രയുടെ പ്രത്യേകത

നിബിഡവനത്തിലൂടെ യാത്ര ചെയ്യാൻ സാധാരണ അനുമതി കിട്ടില്ല. കുറഞ്ഞ തുകയിൽ വനയാത്രയാണ് ഗവി യാത്രയുടെ ആകർഷണവും. അതും ബജറ്റ് തുകയിലുള്ള. സ്വന്തം വാഹനത്തിൽ സഞ്ചരിക്കണമെങ്കിൽ പ്രത്യേക അനുമതി നേടണം. ഫീസും നൽകണം. പൊതുവേ ജലവൈദ്യുത പദ്ധതി

gavi

യിൽ ഉൾപ്പെട്ട പ്രദേശങ്ങളിൽ അനുമതി കൂടാതെ പ്രവേശിക്കാനാകില്ല. ഗവിയിലൂടെ കെഎസ്ആർടിസി അല്ലാതെ മറ്റൊരു ബസും സർവീസ് നടത്തുന്നില്ല. ജീപ് സഫാരി ഉണ്ട്. കൂത്താട്ടുകുളം ഡിപ്പോ കോഓർഡിനേറ്റർ പ്രശാന്ത് വേലിക്കകം, ഡ്രൈവർ സുജിത്ത്, പത്തനംതിട്ട ഡിപ്പോ കോഓർഡിനേറ്റർ സന്തോഷ് എന്നിവരാണ് കെഎസ്ആർടിസിയുടെ പ്രതിനിധികളായി കൂടെയുണ്ടായിരുന്നത്. എല്ലാ കെഎസ്ആർടിസി ട്രിപ്പിലും ഡ്രൈവർ ഉൾപ്പെടെ രണ്ടുപേർ മാർഗനിർദേശങ്ങൾ നൽകാനും മറ്റുമായി ബസിലുണ്ടാകും. ഓരോ ജില്ലയിലെയും തിരഞ്ഞെടുത്ത ഡിപ്പോകൾവഴിയാണ് യാത്രകൾ സംഘടിപ്പിക്കുന്നത്.  

കനത്ത മഴക്കാലം ഒഴിച്ചുള്ള സമയങ്ങളിൽ ഗവിയിലേക്കു പോകാം. മഴക്കാലത്തു മണ്ണിടിച്ചിൽ കൂടുതലായതിനാൽ പ്രവേശനം നിയന്ത്രിക്കാറുണ്ട്. വേനലിൽ പച്ചപ്പു കുറവായിരിക്കും. കെഎസ്ആർടിസി ബജറ്റ് ടൂറിസം ബുക്കിങ് നമ്പർ കൂത്താട്ടുകുളം - 94472 23212,പത്തനംതിട്ട   - 97443 48037. വെബ്സൈറ്റ്  www.keralartc.com

English Summary: Ksrtc Tourist Trip To Gavi

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ജയിലിൽ കിടന്നപ്പോൾ പൊട്ടിക്കരഞ്ഞു. പിന്നീടു സംഭവിച്ചത്

MORE VIDEOS