ADVERTISEMENT

ചീവീടുകളില്ലാത്ത നിശബ്ദ താഴ്‌വരയായതുകൊണ്ടാണ് സൈലന്റ് വാലിയെന്ന പേരു ലഭിച്ചതെന്നു പറയുമെങ്കിലും അത്രമേല്‍ നിശബ്ദമൊന്നുമല്ല ഈ കാടും. 70 ലക്ഷം വര്‍ഷങ്ങളുടെ പഴക്കം കണക്കാക്കപ്പെടുന്ന ഈ വനമേഖല മനുഷ്യരെത്തും മുമ്പ് തന്നെ പ്രകൃതി ജൈവ സമ്പത്ത് നിറച്ച പ്രദേശമാണ്. ഇന്ത്യക്ക് വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളുള്ളതുപോലെ പാലക്കാട് ജില്ലയുടെ വടക്കു കിഴക്കേ അറ്റത്തുള്ള സൈലന്റ് വാലി ഇന്നും അധികം സഞ്ചാരികള്‍ എത്തുന്ന വിനോദ സഞ്ചാര കേന്ദ്രമല്ല. പ്രകൃതി സ്‌നേഹികളായ യാത്രികര്‍ക്ക് മനം കുളിര്‍പ്പിക്കുന്ന ഒരുപാട് കാഴ്ചകള്‍ പശ്ചിമഘട്ടത്തിലെ ഈ ദേശീയോദ്യാനം ഒരുക്കിവെച്ചിട്ടുണ്ട്. 

 

ജൈവ സമ്പന്നത

1585275628
RealityImages/shutterstock

 

മഹാഭാരതവും പാണ്ഡവരുമായി ബന്ധപ്പെട്ട നിരവധി പേരുകളും ഐതിഹ്യങ്ങളും സൈലന്റ് വാലിയുമായി ബന്ധപ്പെട്ടുണ്ട്. നാട്ടുകാര്‍ സൈരന്ധ്രി എന്നാണ് സൈലന്റ് വാലിയെ വിളിക്കുന്നത്. സൈരന്ധ്രിയെന്നത് പാഞ്ചാലിയുടെ പര്യായമാണ്. സൈലന്റ് വാലിയുടെ ജീവദായനിയായ കുന്തിപ്പുഴക്ക് പാണ്ഡവരുടെ മാതാവിന്റെ പേരാണ്. വടക്ക് നീലഗിരി പീഠഭൂമിയും തെക്ക് മണ്ണാര്‍ക്കാട് സമതലവുമാണുള്ളത്. 2012ല്‍ സൈലന്റ് വാലിയുടെ പ്രാധാന്യം മനസിലാക്കി യുനെസ്‌കോ ലോക പൈതൃക പട്ടികയില്‍ ഉള്‍പ്പെടുത്തിയിരുന്നു. 

 

1970കളില്‍ കുന്തിപ്പുഴയില്‍ പാത്രക്കടവ് ജലവൈദ്യുതി പദ്ധതിക്കെതിരായ സൈലന്റ് വാലി പ്രക്ഷോഭം സൈലന്റ് വാലിയുടെ പേര് അന്താരാഷ്ട്ര തലത്തിലേക്കെത്തിച്ചിരുന്നു. പുഷ്പിക്കുന്ന ആയിരത്തിലേറെ സസ്യ വിഭാഗങ്ങളും 110 വിഭാഗം ഓര്‍ക്കിഡുകളും 400ലേറെ വിഭാഗം നിശാശലഭങ്ങളും 200ലേറെ വിഭാഗം ചിത്രശലഭങ്ങളും ഇവിടെയുണ്ട്. കടുവ, കരടി, മ്ലാവ്, പുള്ളിമാന്‍, ആന, കാട്ടുപന്നി, പുള്ളിപ്പുലി, സിംഹവാലന്‍ കുരങ്ങ് എന്നിങ്ങനെ വിവിധ തരം ജീവികളാലും സമ്പന്നമാണ് ഈ സൈലന്റ് വാലി കാടുകള്‍. പ്രകൃതി സൗഹൃദമായ അന്തരീക്ഷത്തില്‍ ദിവസങ്ങള്‍ താമസിക്കാന്‍ അനുയോജ്യമായ പ്രദേശമാണിത്. 

 

എങ്ങനെയെത്താം?

 

സൈലന്റ് വാലി ദേശീയോദ്യാനത്തിന്റെ കിഴക്കന്‍ പ്രദേശവും പടിഞ്ഞാറന്‍ പ്രദേശവും കാലാവസ്ഥയില്‍ വലിയ മാറ്റമുള്ളവയാണ്. തമിഴ്‌നാടിനോട് ചേര്‍ന്നു കിടക്കുന്ന കിഴക്കന്‍ പ്രദേശങ്ങള്‍ ഉയര്‍ന്ന ചൂടും വരണ്ട കാലാവസ്ഥയുമുള്ളവയാണ്. എന്നാല്‍ മണ്ണാര്‍ക്കാടിനോട് ചേര്‍ന്നുള്ള പടിഞ്ഞാറന്‍ പ്രദേശങ്ങള്‍ മഴ നിഴല്‍ക്കാടുകളാണ്. 

 

കേരളത്തില്‍ നിന്ന് മണ്ണാര്‍ക്കാട് വഴിയും തമിഴ്‌നാട്ടില്‍ നിന്നും കൊയമ്പത്തൂര്‍ വഴിയും സൈലന്റ് വാലിയിലേക്കെത്താം. 69 കിലോമീറ്റര്‍ കിലോമീറ്റര്‍ അകലെയുള്ള പാലക്കാടാണ് അടുത്തുള്ള റെയില്‍വേ സ്റ്റേഷന്‍. വിമാനത്താവളം അടുത്തുള്ളത് 85 കിലോമീറ്റര്‍ ദൂരത്തുള്ള കോയമ്പത്തൂരാണ്. കോഴിക്കോട് വിമാനത്താവളത്തിലേക്ക് 110 കിലോമീറ്ററും കൊച്ചി നെടുമ്പാശേരി വിമാനത്താവളത്തിലേക്ക് 180 കിലോമീറ്റര്‍ ദൂരവും സൈലന്റ് വാലിയില്‍ നിന്നുണ്ട്. 

 

ട്രെക്കിങും ക്യാംപിങും

 

ട്രെക്കിങിനും ക്യാംപിങിനുമുള്ള സൗകര്യങ്ങള്‍ കേരള വനം വകുപ്പ് സഞ്ചാരികള്‍ക്കായി ഇവിടെ ചെയ്തിട്ടുണ്ട്. കേരള ടൂറിസം വെബ് സൈറ്റില്‍ ഇത് സംബന്ധിച്ച വിവരങ്ങള്‍ വിശദമായി നല്‍കിയിട്ടുണ്ട്. സൈരന്ധ്രി ട്രിപ്പ്, ബൊമ്മിയാംപാടി സ്റ്റേ ഓവര്‍ എന്നിവയാണ് പ്രധാന ട്രെക്കിങുകള്‍. കീരിപ്പാറ ക്യാംപിങ്, വാക്ക് വിത്ത് ദ മാസ്റ്റര്‍ എന്നിവയാണ് ക്യാംപിങ് സൗകര്യങ്ങള്‍. 

 

സൈരന്ധ്രി ട്രിപ്പ്: അഞ്ച് മണിക്കൂര്‍ വനത്തിലൂടെ യാത്ര ചെയ്യാനുള്ള അവസരമാണിത്. യാത്രക്കിടെ പുഴയിലിറങ്ങാനോ കുളിക്കാനോ അനുമതിയുണ്ടാവില്ല. സൈലന്റ് വാലി ഫോറസ്റ്റ് ഡെവലപ്‌മെന്റ് ഏജന്‍സിയുടെ ജീപ്പിലോ ബസിലോ നിശ്ചിത നിരക്ക് നല്‍കികൊണ്ട് യാത്രികര്‍ക്ക് കാടുകാണാന്‍ പോകാനാകും. 

 

ബൊമ്മിയാംപാഡി സ്റ്റേ ഓവര്‍ - സൈലന്റ് വാലിയുടെ ബേസ് ക്യാംപായ മുക്കാലിയില്‍ നിന്നും 13 കിലോമീറ്റര്‍ ദൂരത്തുള്ള സ്ഥലം. അട്ടപ്പാടിയെ അറിഞ്ഞുകൊണ്ട് കോട്ടേജുകളില്‍ ഒരു ദിവസം താമസിക്കാന്‍ അവസരമുണ്ടാവും. പിറ്റേ ദിവസം സൈരന്ധ്രി പാക്കേജും ആസ്വദിക്കാനാവും. രണ്ട് പേര്‍ക്ക് താമസിക്കാവുന്ന വസുന്ധര കോട്ടേജ് 6,000 രൂപയാണ് ഈടാക്കുന്നത്. 5 പേര്‍ക്ക് താമസിക്കാവുന്ന ധാത്രിയില്‍ 14,000 രൂപയാണ് നിരക്ക്. 

 

വാക്ക് വിത്ത് ദ മാസ്റ്റര്‍: അനുഭവ സമ്പന്നരായ ഗൈഡുമാര്‍ക്കൊപ്പം രണ്ടോ മൂന്നോ ദിവസത്തെ വനയാത്രയാണിത്. 15-20 പേരുടെ സംഘത്തിന് അനുയോജ്യം. രണ്ട് ദിവസത്തെ പാക്കേജിന് ഒരാള്‍ക്ക് രണ്ടായിരം രൂപയും മൂന്നു ദിവസത്തെ പാക്കേജിന് ഒരാള്‍ക്ക് 2,500 രൂപയുമാണ് നിരക്ക്. 

 

കീരിപ്പാറ ക്യാംപിങ്: രണ്ട് ദിവസത്തെ പാക്കേജാണിത്. അഞ്ചു പേരുടെ സംഘത്തിന് ഒരു ഗൈഡ് വീതമുണ്ടാവും. നാല് മണിക്കൂര്‍ നീളുന്ന ട്രക്കിങ് ഇതിന്റെ ഭാഗമാണ്. ഒരാള്‍ക്ക് രണ്ടായിരം രൂപയും അഞ്ചു പേര്‍ക്കാണെങ്കില്‍ 8500 രൂപയുമാണ് ടിക്കറ്റ് നിരക്ക്. 

 

കൂടുതല്‍ വിശദാംശങ്ങള്‍ക്ക് സൈലന്റ് വാലി ഡിവിഷന്‍ വൈല്‍ഡ്‌ലൈഫ് വാര്‍ഡനെ ബന്ധപ്പെടാം. ഫോണ്‍- 08589895652, 09645586629, 

English Summary: Silent Valley National Park in Palakkad

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com