ADVERTISEMENT

നമ്മള്‍ കാണുന്ന ഓരോ കാഴ്ചകളിലും സുന്ദരമായ ചിത്രങ്ങള്‍ ഒളിഞ്ഞിരിപ്പുണ്ട്. സാധാരണ ആരും ശ്രദ്ധിക്കുക പോലും ചെയ്യാത്ത കാഴ്ചകളെ മിഴിവേറിയ പടങ്ങളാക്കി മാറ്റുന്നതിലാണ് ഫൊട്ടോഗ്രാഫറുടെ മിടുക്കിരിക്കുന്നത്. എല്ലാവരും എന്നും കാണുന്ന ഉറുമ്പും പ്രാണികളും അപൂര്‍വമായി കാണുന്ന പാമ്പും മിന്നാ മിനുങ്ങുമെല്ലാം ക്യാമറയുടെ കണ്ണില്‍ മനോഹര പടങ്ങളാണ്. പ്രകൃതിയില്‍ നിന്നുള്ള ഇത്തരത്തിലുള്ള നിരവധി ചിത്രങ്ങളെടുത്ത് ശ്രദ്ധേയനാവുകയാണ് ജ്യോതിഷ് എന്ന വയനാട്ടുകാരന്‍. തന്റെ ഫൊട്ടോഗ്രാഫി യാത്രയുടെ വിശേഷങ്ങള്‍ മനോരമ ഓണ്‍ലൈനുമായി പങ്കുവയ്ക്കുകയാണ് ജ്യോതിഷ്.

butterfly
Butterfly : Image Credit : Jyothish K Sanil

വയനാട് മാനന്തവാടി തോണിച്ചാല്‍ സ്വദേശിയാണ് ജ്യോതിഷ് കെ. സനില്‍. വീടിന് അടുത്തു തന്നെയുള്ള ദ്വാരകയിലായിരുന്നു സ്‌കൂള്‍, ഹയര്‍സെക്കന്‍ഡറി വിദ്യാഭ്യാസം. പുല്‍പ്പള്ളി പഴശ്ശിരാജ കോളജില്‍ ബിരുദവും കണ്ണൂര്‍ സര്‍വകലാശാല മാനന്തവാടി കാമ്പസില്‍ നിന്നും ബിരുദാനന്തര ബിരുദവും നേടി. റൂറല്‍ ആന്‍ഡ് ട്രൈബല്‍ സോഷ്യോളജിയില്‍ പി.ജി പഠനത്തിനിടെ 2018ല്‍ കാനഡയിലുള്ള അടുത്ത സുഹൃത്ത് ബിബിന്‍ ഒരു സ്മാര്‍ട്ട് ഫോണ്‍ സമ്മാനിച്ചു. സമ്മാനിച്ചത് സ്മാര്‍ട്ട്‌ഫോണാണെങ്കിലും ജ്യോതിഷ് കൂടുതല്‍ ഉപയോഗിച്ചത് ഫോണിലെ ക്യാമറയായിരുന്നു. അതിലൂടെ പ്രകൃതി ദൃശ്യങ്ങളും സുഹൃത്തുക്കളും ഉത്സവങ്ങളുമെല്ലാം ചിത്രങ്ങളായി.

Wings-of-cicada
Wings of cicada : Image Credit : Jyothish K Sanil

തുടക്കം തുമ്പി

ഇതിനിടെ ഒരു തുമ്പിയുടെ ചിത്രം അടുത്തു ചെന്ന് വളരെ വ്യക്തതയോടെ എടുക്കാനായി. ഈ ചിത്രത്തെ കുറിച്ച് പലരും നല്ല അഭിപ്രായങ്ങള്‍ പറഞ്ഞതോടെയാണ് ഫൊട്ടോഗ്രാഫി കൂടുതല്‍ ഗൗരവത്തോടെ എടുത്തു തുടങ്ങിയത്. മാക്രോ ഫൊട്ടോഗ്രഫിയിലേക്ക് അടുപ്പിച്ചത് ഈ ചിത്രമായിരുന്നു. ചിത്രങ്ങളെ പോലെ തന്നെ പ്രിയപ്പെട്ടതായിരുന്നു ഓരോ ചിത്രമെടുക്കുന്ന രീതികളും. തുമ്പിയോ പൂമ്പാറ്റയോ പാമ്പോ ചിലന്തിയോ പക്ഷികളോ എന്തുമാകട്ടെ മാക്രോ ചിത്രങ്ങളെടുക്കണമെങ്കില്‍ നല്ല ക്ഷമ ആവശ്യമാണ്. നമ്മുടെ മനസിലെ ചിത്രം ക്യാമറയ്ക്കു മുന്നില്‍ തെളിയുന്നതു വരെ കാത്തിരുന്ന ശേഷമാണ് ക്ലിക്കു ചെയ്യുക. അങ്ങനെ കഷ്ടപ്പെട്ട് എടുക്കുന്ന ചിത്രങ്ങള്‍ വലിയ തൃപ്തി തരുമെന്നാണ് ജ്യോതിഷിന്റെ അനുഭവം.

Rhacophorus-lateralis-amphibian
Rhacophorus lateralis amphibian. Image Credit : Jyothish K Sanil

ചെറുജീവികളുടെ ഏറ്റവും വ്യക്തമായ ചിത്രമെടുക്കുകയെന്നതായിരുന്നു ആദ്യ ഘട്ടത്തിലെ പ്രധാന ലക്ഷ്യം. അത് ഒരു ഘട്ടം കഴിഞ്ഞപ്പോള്‍ വിരസമായി തുടങ്ങി. പിന്നീടാണ് ജീവജാലങ്ങളേക്കാള്‍ വെളിച്ചത്തിനും ഫ്രെയിമിനുമെല്ലാം പ്രാധാന്യം കൊടുക്കുന്ന രീതിയെക്കുറിച്ച് മനസിലാക്കിയത്. വരുണ്‍ ആദിത്യ, സുഭാഷ് നായര്‍, സെബിന്‍സ്റ്റര്‍ എന്നിവരെ പോലുള്ള ഫൊട്ടോഗ്രാഫര്‍മാരുടെ ചിത്രങ്ങള്‍ കാണാനും അവരുടെ രീതികള്‍ മനസിലാക്കാനും ശ്രമിച്ചതോടെ ജ്യോതിഷിന്റെ ഫൊട്ടോഗ്രാഫിയിലെ അടുത്ത ഘട്ടം ആരംഭിക്കുകയായിരുന്നു.

ജ്യോതിഷ്
ജ്യോതിഷ്

ക്യാമറ കിട്ടി, ലെന്‍സ്...

വൈല്‍ഡ് എന്ന മാഗസിനില്‍ ജ്യോതിഷ് സ്മാര്‍ട്ട്‌ഫോണില്‍ എടുത്ത ചിത്രങ്ങള്‍ വച്ചുകൊണ്ട് ഒരു ലേഖനം പ്രസിദ്ധീകരിക്കുകയുണ്ടായി. ഇത് തുടക്കകാലത്ത് വലിയ പ്രചോദനമായി. ജ്യോതിഷിന്റെ ക്യാമറയോടും ചിത്രങ്ങളോടുമുള്ള ഇഷ്ടം തിരിച്ചറിഞ്ഞ് അമ്മയാണ് 2020ല്‍ ഒരു ക്യാമറ സമ്മാനിക്കുന്നത്. നിക്കോണിന്റെ ഡി 5600 എന്ന ക്യാമറയായിരുന്നു അത്. ക്യാമറ സ്വന്തമാക്കുകയെന്നതായിരുന്നു അന്നു വരെയുണ്ടായിരുന്ന വലിയ സ്വപ്‌നം. ഫൊട്ടോഗ്രാഫിയെക്കുറിച്ച് കൂടുതല്‍ അറിയാന്‍ ശ്രമിച്ചപ്പോഴാണ് ക്യാമറയുടെ ബോഡിയേക്കാള്‍ പ്രാധാന്യം ലെന്‍സിനുണ്ടെന്ന് തിരിച്ചറിഞ്ഞത്.

double-exposure-black-headed--ibis
Double exposure. Image Credit : Jyothish K Sanil

ജ്യോതിഷിന്റെ ചിത്രങ്ങള്‍ കണ്ടാണ് വിവേക് എന്ന ഫൊട്ടോഗ്രാഫര്‍ സോഷ്യല്‍മീഡിയയിലൂടെ പരിചയത്തിലാവുന്നത്. മാക്രോ ലെന്‍സ് പോലുമില്ലാതെയാണ് ജ്യോതിഷ് ഇത്രയും ഗംഭീര ചിത്രങ്ങളെടുക്കുന്നതെന്ന് അറിഞ്ഞ വിവേക് തന്റെ കയ്യിലുണ്ടായിരുന്ന ഒരു മാക്രോ ലെന്‍സ് ജ്യോതിഷിന് സമ്മാനിച്ചു. കോവിഡ് കാലത്ത് വിവേക് പാഴ്‌സലായി അയച്ചു കൊടുത്ത 60എംഎം മാക്രോ ലെന്‍സാണ് പിന്നീട് പല മനോഹര ചിത്രങ്ങളേയും ജ്യോതിഷിന്റെ കണ്‍മുന്നില്‍ തെളിയിച്ചത്. ഇന്നും ഇതേ മാക്രോ ലെന്‍സാണ് ജ്യോതിഷ് ഉപയോഗിക്കുന്നത്.

damselflies-laying-eggs
Damselflies laying eggs. Image Credit : Jyothish K Sanil

ക്യാമറ കിട്ടിയിട്ടും ഇഷ്ട ചിത്രങ്ങളെടുക്കാന്‍ സാധിക്കുന്നില്ലല്ലോ എന്ന വിഷമം മാക്രോലെന്‍സു കൂടി കിട്ടിയതോടെ മാറി. മാക്രോ ലെന്‍സ് ലഭിച്ചതിന് ശേഷമാണ് കൂടുതല്‍ ഗൗരവത്തോടെ ചിത്രങ്ങളെടുത്തു തുടങ്ങിയത്. അതുവരെ കാണുന്ന കാഴ്ചകള്‍ പരമാവധി വ്യക്തതയോടെ പകര്‍ത്താനാണ് ശ്രമിച്ചിരുന്നത്. പിന്നീട് ഓരോ ചിത്രങ്ങള്‍ക്കു പിന്നിലെ അനുഭവങ്ങളെ ചിത്രങ്ങളിലേക്കുകൂടി പകര്‍ത്താനുള്ള ശ്രമം തുടങ്ങി. വിലയേറിയ ഈ സമ്മാനം കൂടുതല്‍ നല്ല ചിത്രങ്ങളെടുക്കാന്‍ ഒരേസമയം പ്രചോദനവും ഉത്തരവാദിത്വവുമായി മാറുകയായിരുന്നെന്നും ജ്യോതിഷ് പറയുന്നു.

നല്ല ചിത്രം

എന്താണ് ഒരു നല്ല ചിത്രമെന്നതിനും ജ്യോതിഷിന്റെ പക്കല്‍ ഉത്തരമുണ്ട്. നമ്മളെല്ലാവരും തിരക്കുള്ളവരാണ്. സോഷ്യല്‍മീഡിയയിലൂടെ വെറുതേ സ്‌ക്രോള്‍ ചെയ്യുന്നതും പതിവാണ്. ഇതിനിടെ നിരവധി ചിത്രങ്ങള്‍ കാണാറുമുണ്ട്. കൂട്ടത്തില്‍ ഏതെങ്കിലും ഒരു ചിത്രം നിങ്ങളുടെ പത്തു നിമിഷമെങ്കിലും കവര്‍ന്നിട്ടുണ്ടെങ്കില്‍... അത് നല്ല ചിത്രമാണെന്നാണ് ജ്യോതിഷ് കരുതുന്നത്. അപരിചിതരുടെ പത്തു നിമിഷങ്ങളെങ്കിലും കവര്‍ന്നെടുക്കാന്‍ കഴിവുള്ള നിരവധി ചിത്രങ്ങള്‍ ജ്യോതിഷിന്റെ പക്കലുണ്ട്.

ഒരു മനോഹര ചിത്രം ഒളിച്ചിരിപ്പുണ്ടെന്നു തോന്നിയാല്‍ മുന്നില്‍ കാണുന്നതിനെ എന്തിനേയും ക്ലിക്കു ചെയ്യുന്നതാണ് ജ്യോതിഷിന്റെ രീതി. പ്രാണികളോ പാമ്പുകളോ പക്ഷികളോ ആനയോ എന്തുമാകട്ടെ നല്ല ഫ്രെയിമില്‍ കിട്ടുകയെന്നതാണ് പ്രധാനം. ഉള്‍ക്കാട്ടിലെ വന്യ മൃഗങ്ങളുടെ കാഴ്ചകള്‍ മാത്രമല്ല നമുക്കു ചുറ്റുമുള്ള പൂവും പുഴുവും പ്രാണികളും ഉറുമ്പും പാമ്പും തവളയും ചിലന്തിയുമെല്ലാം ഗംഭീര ചിത്രങ്ങളാകുമെന്ന് ജ്യോതിഷ് നമുക്ക് കാണിച്ചു തരുന്നു.

നാട്... വയനാട്

ക്രിയേറ്റീവ് നേച്ചർ ഫൊട്ടോഗ്രാഫറെന്ന നിലയില്‍ ലഭിച്ച ഏറ്റവും വലിയ അനുഗ്രഹം ഏതാണെന്നു ചോദിച്ചാല്‍ അത് വയനാട്ടുകാരനായി ജനിച്ചതാണെന്ന് ജ്യോതിഷ് പറയും. പലരും പ്രകൃതിയില്‍ നിന്നുള്ള നല്ല ചിത്രങ്ങള്‍ക്കായി ചുരം കയറുമ്പോള്‍ ജ്യോതിഷ് വീടിന് പുറത്തേക്കിറങ്ങുകയാണ് പതിവ്. ഒരുപാടു ചിത്രങ്ങള്‍ സ്വന്തം നാട്ടില്‍ നിന്നു തന്നെ ലഭിച്ചിട്ടുണ്ട്. ലോക്ഡൗണ്‍ സമയത്ത് മിന്നാ മിനുങ്ങുകളുടെ ചിത്രം ഇക്കൂട്ടത്തിലുള്ളതാണ്.

പ്രകൃതിയിലെ ചില വിസ്മയ കാഴ്ച്ചകളെങ്കിലും അതേ സൗന്ദര്യത്തില്‍ ക്യാമറയില്‍ പകര്‍ത്തുക എളുപ്പമല്ല. അക്കൂട്ടത്തില്‍ പെടുന്ന ഒന്നാണ് മിന്നാ മിനുങ്ങുകള്‍. രാത്രികാലങ്ങളില്‍ മിന്നാ മിനുങ്ങുകള്‍ കൂട്ടത്തോടെയെത്തുന്നത് അത്ഭുത കാഴ്ചയാണ്. എന്നാല്‍ കണ്‍ മുന്നിലെ സുന്ദര ദൃശ്യം ക്യാമറയിലാക്കുമ്പോള്‍ അത്ര തൃപ്തി ലഭിക്കാറുമില്ല. ദിവസങ്ങളോളം രാത്രികളില്‍ മണിക്കൂറുകള്‍ ചിലവിട്ടാണ് ജ്യോതിഷ് മിന്നാമിനുങ്ങുകളുടെ സുന്ദരമായ ചിത്രങ്ങളെടുത്തത്. ബള്‍ബ് മോഡില്‍ പകര്‍ത്തിയ ആ ചിത്രങ്ങള്‍ക്ക് പെയിന്റിംങിനോടാണ് കൂടുതല്‍ സാമ്യത.

മിന്നാമിനുങ്ങുകൾ
മിന്നാമിനുങ്ങുകൾ. Image Credit : Jyothish K Sanil

വീടിന്റെ പരിസരം തന്നെയാണ് ജ്യോതിഷിന്റെ പ്രധാന ഫോട്ടോ എടുപ്പു കേന്ദ്രം. താന്‍ എടുത്തിട്ടുള്ള പടങ്ങളില്‍ 80 ശതമാനത്തോളം വീടിന് അടുത്തു നിന്നാണെന്നും ജ്യോതിഷ് പറയുന്നു. ഒരുപാട് യാത്രകളും ഉള്‍കാട്ടിലൂടെയുള്ള സഫാരികളും നടത്തിയാലേ നേച്ചർ ഫൊട്ടോഗ്രാഫി ചെയ്യാനാവൂ എന്നു കരുതുന്നതേ തെറ്റാണ്. നമ്മുടെ തൊട്ടടുത്തു തന്നെ മനോഹരമായ ഫ്രെയിമുകളും നല്ല ചിത്രങ്ങളുമൊക്കെ ഒളിഞ്ഞിരിപ്പുണ്ട്. അതു കണ്ടെത്തുക മാത്രമേ ചെയ്യേണ്ടൂ. വിലപിടിച്ച ഉപകരണങ്ങളേക്കാള്‍ ചിലവാക്കുന്ന സമയവും കഷ്ടപ്പാടുമാണ് നല്ല ചിത്രങ്ങള്‍ക്കു പിന്നിലുള്ളതെന്നും ജ്യോതിഷ് ഓര്‍മിപ്പിക്കുന്നു.

spider
Spider. Image Credit : Jyothish K Sanil

ക്ഷമ വേണം

നല്ല ക്ഷമവേണ്ട കാര്യമാണ് നേച്ചർ ആന്‍ഡ് വൈല്‍ഡ് ലൈഫ് ഫൊട്ടോഗ്രാഫി. വളരെ പതിയെ സമയമെടുത്തു പരിശ്രമിച്ചാല്‍ മാത്രമേ നല്ല ചിത്രങ്ങള്‍ ലഭിക്കൂ. ഏതു ജീവജാലത്തിന്റേയും സ്വാഭാവിക ജീവിത പരിസരത്ത് ചെന്ന് അവയെ അലോസരപ്പെടുത്താതെ കാത്തിരുന്നു വേണം ചിത്രങ്ങളെടുക്കാന്‍. പ്രകൃതിയെ സ്‌നേഹിക്കുകയും പ്രകൃതിയില്‍ ചേര്‍ന്നിരിക്കാന്‍ ഇഷ്ടപ്പെടുകയും ചെയ്യുന്നവര്‍ക്കേ ഇതിനു സാധിക്കണമെന്നുള്ളൂ. ഒന്നോ രണ്ടോ മാസങ്ങള്‍ കൊണ്ടോ വര്‍ഷങ്ങള്‍ കൊണ്ടു പോലും ഇഷ്ടപ്പെട്ട രീതിയിലുള്ള ചിത്രങ്ങള്‍ ലഭിക്കണമെന്നില്ല.

ചേരട്ട
ചേരട്ട (Millipede) Image Credit : Jyothish K Sanil

ചിത്രമെടുക്കാനും ചിത്രങ്ങള്‍ ലഭിക്കാനും മാത്രമല്ല ഈ മേഖലയില്‍ നിന്നും വരുമാനം ലഭിച്ചു തുടങ്ങുന്നതു വരെ കാത്തിരിക്കാനും ക്ഷമ വേണം. മാക്രോ ഫൊട്ടോഗ്രാഫിയില്‍ നിന്നും വരുമാനമുണ്ടാക്കുന്നതിന് ചുരുങ്ങിയത് വര്‍ഷങ്ങളെടുക്കും. തെരഞ്ഞെടുത്ത മുപ്പതോളം ചിത്രങ്ങളുടെ പ്രിന്റുകള്‍ ഇപ്പോള്‍ ജ്യോതിഷ് വില്‍ക്കുന്നുണ്ട്. സുഹൃത്തുക്കളില്‍ നിന്നും ബന്ധുക്കളില്‍ നിന്നും സോഷ്യല്‍മീഡിയ വഴിയുമെല്ലാം ആവശ്യക്കാര്‍ സമീപിക്കാറുണ്ട്. ഇപ്പോഴും ഫോട്ടോകളുടെ പ്രിന്റുകള്‍ പണം കൊടുത്തു വാങ്ങുന്ന രീതി നമ്മുടെ നാട്ടില്‍ വ്യാപകമല്ല. എന്നാല്‍ പതിയെ ഇതിനൊരു മാറ്റം വരുന്നുണ്ടെന്നും ജ്യോതിഷ് സൂചിപ്പിക്കുന്നു.

Spider Web
Spider Web. Image Credit : Jyothish K Sanil

പിന്തുണ, പ്രോത്സാഹനം...

ഫൊട്ടോഗ്രാഫി മത്സരങ്ങളിലേക്ക് ചിത്രങ്ങള്‍ അയച്ചുകൊടുക്കുന്ന പതിവ് ജ്യോതിഷിനില്ല. മാക്രോ ലെന്‍സ് സമ്മാനിച്ച വിവേക് എന്ന ഫൊട്ടോഗ്രാഫര്‍ ഇക്കാര്യത്തില്‍ ജ്യോതിഷിനെ സ്വാധീനിച്ചിട്ടുണ്ട്. മത്സരങ്ങള്‍ക്കു വേണ്ടി ചിത്രങ്ങള്‍ അയച്ചു തുടങ്ങിയാല്‍ പിന്നീട് ചിത്രങ്ങളെടുക്കുന്നതു തന്നെ ഇക്കാര്യം മനസില്‍ വെച്ചുകൊണ്ടാവും. ചിത്രം എടുക്കുന്ന സമയം ആസ്വദിക്കുന്നത് ഇതോടെ അവസാനിക്കുമെന്നാണ് ജ്യോതിഷ് കരുതുന്നത്.

puzhu
പുഴു. Image Credit : Jyothish K Sanil

ജ്യോതിഷ് 2019ല്‍ എടുത്ത തുമ്പിയുടെ ചിറകിന്റെ ചിത്രം ഏഷ്യയിലെ തന്നെ ഏറ്റവും വലിയ നേച്ചർ ഫൊട്ടോഗ്രഫി വെബ്‌സൈറ്റായ നേച്ചർ ഇന്‍ ഫോക്കസില്‍ പ്രസിദ്ധീകരിച്ചു വന്നിട്ടുണ്ട്. മൂന്നാറില്‍ നിന്നും പേരിയയില്‍ നിന്നും എടുത്ത മൂന്നു പാമ്പുകളുടെ ചിത്രങ്ങളും മിന്നാമിനുങ്ങിന്റെ മൂന്നു ചിത്രങ്ങളും നിക്കോണ്‍ അവരുടെ സോഷ്യല്‍മീഡിയ പേജുകളില്‍ പ്രസിദ്ധീകരിച്ചിരുന്നു. ഇക്കൂട്ടത്തിലെ ലാര്‍ജ് സ്‌കെയില്‍ പിറ്റ് വൈപ്പറിന്റെ ചിത്രം ഡല്‍ഹിയില്‍ നടന്ന ഫോട്ടോ വിഡിയോ ഏഷ്യ എക്‌സ്‌പോയുടെ ഭാഗമായി നിക്കോണ്‍ ഇന്ത്യ പ്രസിദ്ധീകരിച്ച കോഫി ടേബിള്‍ ബുക്കില്‍ നേച്ചർ ഫൊട്ടോഗ്രഫി വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയിരുന്നു.

കല്‍പ്പറ്റ സിന്ദൂര്‍ ടെക്‌സ്റ്റെയില്‍സിലെ ജീവനക്കാരനായ സനില്‍കുമാറിന്റേയും ദ്വരക കോ ഓപറേറ്റീവ് ബാങ്ക് ജീവനക്കാരി ഷൈനിയുടേയും മകനാണ് ജ്യോതിഷ്. മാനന്തവാടി കോ ഓപറേറ്റീവ് കോളജ് വിദ്യാര്‍ഥിനി ജ്യോതികയാണ് സഹോദരി. പ്രകൃതിയോടു ചേര്‍ന്നുള്ള ക്രിയേറ്റീവ് നാച്ചുറല്‍ ഫൊട്ടോഗ്രാഫിയില്‍ കൂടുതല്‍ പരീക്ഷണങ്ങള്‍ നടത്തി കൂടുതല്‍ ചിത്രങ്ങള്‍ സമ്പാദിക്കാന്‍ ഒരുങ്ങുകയാണ് ജ്യോതിഷ്.

Content Summary : Jyothish K Sanil, Nature and wildlife photographer; capture living things in an artistic manner.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com