ADVERTISEMENT

കോമയിൽ നിന്നുണർന്നപ്പോൾ അരികിൽ സുന്ദരിയായൊരു പെൺകുഞ്ഞ്. ഡോക്ടർമാർക്ക് തെറ്റുപറ്റി നവജാതശിശുവിനെ തന്റെ അരികിൽ കിടത്തിയതാകാമെന്നാണ് യുകെ സ്വദേശിയായ കൗമാരക്കാരി കരുതിയത്. തന്റെ ജീവിതത്തിലുണ്ടായ അവിശ്വസനീയമായ സംഭവത്തെക്കുറിച്ച് എബണി സ്റ്റീവൻ എന്ന പതിനെട്ടുകാരി പറയുന്നതിങ്ങനെ :-

'കോമയിലാകുന്നതിന് മുൻപ് ഗർഭത്തിന്റെ യാതൊരു ക്ഷീണമോ, ലക്ഷണങ്ങളോ എന്നിലില്ലായിരുന്നു. ആർത്തവവും കൃത്യമായ ഇടവേളകളിലുണ്ടായിരുന്നു. പിന്നീടുള്ളതെല്ലാം അമ്മ പറഞ്ഞ അറിവാണ്. തുടർച്ചയായുണ്ടായ തലചുറ്റലും ബോധക്ഷയവും കണ്ട് ഭയന്നാണ് അമ്മ എന്നെ ആശുപത്രിയിലെത്തിച്ചത്. അപ്പോഴേക്കും എന്റെ ശരീരം കോമയിലായിരുന്നു. അപ്പോഴാണ് ഞാൻ ഗർഭിണിയാണെന്ന വിവരം ഡോക്ടർമാർ അമ്മയെ അറിയിച്ചത്. എന്റെ രക്തസമ്മർദ്ദം വർധിക്കുന്നതിനാൽ കുഞ്ഞിനെ ശസ്ത്രക്രിയയിലൂടെ ഉടൻ തന്നെ പുറത്തെടുക്കാൻ പോകുകയാണെന്നും അവർ അമ്മയെ അറിയിച്ചു'.

'ഒരുറക്കം ഉണരുന്നതുപോലെ ദിവസങ്ങൾക്കു ശേഷം എന്റെ ശരീരം കോമയിൽ നിന്നുണർന്നു. അപ്പോഴാണ് ഒരു പെൺകുഞ്ഞിന്റെ അമ്മയായ വിവരം ഞാൻ അറിയുന്നത്. ആദ്യമൊന്നും ഞാനതു വിശ്വസിക്കാൻ കൂട്ടാക്കിയില്ല. കാരണം കോമയിലാകുന്നതിന് മുൻപ് എനിക്ക് ഗർഭത്തിന്റെ ആലസ്യമോ, വലിയ വയറോ ഒന്നുമില്ലായിരുന്നു. എന്റെ അവിശ്വസനീയത കണ്ട ഡോക്ടർമാർ എന്റെ ശരീരത്തിന്റെ അവസ്ഥയെക്കുറിച്ച് വ്യക്തമാക്കിത്തന്നു. യൂട്രസ് ഡൈഡെൽഫിസ് എന്ന അവസ്ഥയെനിക്കുണ്ടെന്നും. ഈ അവസ്ഥയുള്ളവർക്ക് ഇരട്ടഗർഭപാത്രം ഉണ്ടാകുമെന്നും അവർ എനിക്ക് പറഞ്ഞു തന്നു. എന്റെ ഗർഭപാത്രങ്ങളിലൊന്നിൽ കുഞ്ഞു വളർന്നപ്പോൾ രണ്ടാമത്തെ ഗർഭപാത്രം മാസംതോറും അണ്ഡവിസർജനം നടത്തിയതു മൂലം എനിക്ക് മുറ തെറ്റാതെ ആർത്തവവുമുണ്ടായി. ആദ്യം അവിശ്വസനീയത തോന്നിയെങ്കിലും ഇപ്പോൾ ഈ സുന്ദരമായ നിമിഷം ഞാനേറെയിഷ്ടപ്പെടുന്നു. എബണി പറയുന്നു'.

'' ഉണർന്നപ്പോൾ എന്റെയരികിലെ കുഞ്ഞിനെ എടുത്തു കൊണ്ടു പോകാനാണ് ഞാൻ ആദ്യം ആവശ്യപ്പെട്ടത്. കാരണം എനിക്കുറപ്പായിരുന്നു. ആശുപത്രി അധികൃതർക്ക് എന്തോ തെറ്റുപറ്റിയതാണെന്ന്. ആകെമുഴുവൻ ആശയ കുഴപ്പവും പരിഭ്രാന്തിയുമായിരുന്നു. ഇപ്പോൾ മകളുടെ പുഞ്ചിരി കണ്ടപ്പോൾ ഞാനതെല്ലാം മറന്നു''.

കുഞ്ഞിനെ ആദ്യമായി കണ്ട നിമിഷത്തെ സ്വപ്ന തുല്യമായ നിമിഷം എന്നാണ് എബണി വിശേഷിപ്പിക്കുന്നത്. 'കുഞ്ഞിനോട് ആത്മബന്ധമുണ്ടാകുമോയെന്ന് ആദ്യമെനിക്ക് ഭയമുണ്ടായിരുന്നു. കാരണം അവൾ ജനിച്ചപ്പോഴും പിന്നീടുള്ള ദിവസങ്ങളിലും ഒന്നു തലയുയർത്താൻ പോലുമാകാതെ ഞാൻ തളർന്നു കിടക്കുകയായിരുന്നു. പക്ഷേ അവളൊരു വിസ്മയമാണ്'. എലോഡി എന്നാണ് കുഞ്ഞിനവൾ പേരിട്ടിരിക്കുന്നത്. ഇപ്പോൾ എബണിയുടെ അമ്മയുടെ സംരക്ഷണയിലാണ് ഇരുവരും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com