ADVERTISEMENT

വാഗ അതിര്‍ത്തിയില്‍ എത്തിയ ഇന്ത്യന്‍ വ്യോമസേനയുടെ വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ധമാനെ അഭിമാനത്തോടെ രാജ്യം സ്വീകരിച്ചപ്പോൾ ആ ധീരയോധാവിന് ധൈര്യവും ആവേശവും പകര്‍ന്ന് ഒരു ഉത്തമ ഇന്ത്യന്‍ പൗരനാക്കി വളര്‍ത്തിയ മറ്റൊരാളെ നമിക്കേണ്ടതുണ്ട്. സാഹസികതയുടെ വിത്തുകള്‍ തന്റെ പ്രിയപ്പെട്ട മകന്റെ മനസ്സില്‍ പാകിയ ഒരു ധീരവവനിതയെ. അതിശയകരവും സാഹസികവുമായ ഒട്ടേറെ പ്രവര്‍ത്തികളിലൂടെ മനുഷ്യരാശിക്ക് പ്രയോജനകരമായ സേവനങ്ങള്‍ ചെയ്തെങ്കിലും തന്റെ സ്വന്തം ലോകത്ത് ഒതുങ്ങിനില്‍ക്കുന്ന ഒരു വനിതയെ- ഡോ. ശോഭ വര്‍ധമാന്‍. അഭിനന്ദന്‍ വര്‍ധമാന്റെ പ്രിയപ്പെട്ട അമ്മ. ഇന്ത്യയുടെ വീരനായകനായ യോദ്ധാവിന്റെ മാതാവ്.

dr-shobha-01
ഡോ. ശോഭ

സാമൂഹിക സേവനം എന്ന വാക്കിനെത്തന്നെ പുനര്‍നിര്‍വചിച്ച വ്യക്തിയാണ് ഡോ.ശോഭ. മദ്രാസ് മെഡിക്കല്‍ കോളജില്‍നിന്ന് വൈദ്യശാസ്ത്ര ബിരുദവും ഇംഗ്ലണ്ടിലെ റോയല്‍ കോളജ് ഓഫ് സര്‍ജന്‍സില്‍നിന്ന് അനസ്തീസിയയില്‍ ബിരുദാനന്ദര ബിരുദവും നേടിയ ഡോ.ശോഭ യുദ്ധവും സംഘര്‍ഷവും സമാധാന ജീവിതം ഇല്ലാതാക്കിയ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ അപകടവും പരുക്കിന്റെ ഭീഷണിയും അവഗണിച്ചു നിരന്തരം, വിശ്രമമില്ലാതെ ജോലി ചെയ്ത വ്യക്തിയാണ്.

‘മെഡിസിന്‍സ് സാന്‍സ് ഫ്രോണ്ടിയേഴ്സ്’ (എംഎസ്എഫ്) അഥവാ അതിര്‍ത്തികളില്ലാത്ത ഡോക്ടര്‍മാര്‍ എന്ന സംഘടനയുടെ അംഗമെന്ന നിലയിലായിരുന്നു ലോകത്തിലെ വിവിധ രാജ്യങ്ങളുടെ അവരുടെ സാഹസിക പ്രവര്‍ത്തനങ്ങള്‍. അടുത്തകാലത്ത് സംഘര്‍ഷം കത്തിനിന്ന പല സ്ഥലങ്ങളിലും ഒരു ഡോക്ടര്‍ എന്ന നിലയില്‍ അവര്‍ക്കു പോകേണ്ടിവന്നു. 2005ല്‍ ഐവറി കോസ്റ്റിന്റെ വടക്കന്‍ പ്രവിശ്യകളിലായിരുന്നു ഡോ.ശോഭയുടെ അപകടകരമായ ആദ്യത്തെ കര്‍ത്തവ്യം. എകെ 47 തോക്കുകളായിരുന്നു അന്ന് അവിടെ നീതി നടപ്പാക്കിയത്.

PTI3_1_2019_000235B
ഇന്ത്യന്‍ വ്യോമസേനയുടെ വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ധമാൻ

സംഘര്‍ഷവും ലഹളയും യുദ്ധങ്ങളും പതിവുസംഭവം. അവിടെനിന്ന് തിരിച്ചെത്തി അതേവര്‍ഷം ലിബിയയിലേക്ക് പോകേണ്ടിവന്നു ഡോ.ശോഭയ്ക്ക്. തിര‍ഞ്ഞെടുപ്പ് അടുത്ത സമയമായിരുന്നു അന്നു ലിബിയയില്‍. പരുക്കേറ്റവരെ ശുശ്രൂഷിക്കാന്‍ നൂറുകണക്കിനു ഡോക്ടര്‍മാരെ വേണ്ടിയിരുന്നു. ആഭ്യന്തര യുദ്ധത്തിനുശേഷം ഐക്യരാഷ്ട്ര സംഘടനയുടെ നേതൃത്വത്തില്‍ രാജ്യം സമാധാനത്തിലേക്ക് തിരിച്ചുവന്നുകൊണ്ടിരുന്ന നാളുകള്‍. പക്ഷേ പതിവായിരുന്നു സംഘര്‍ഷങ്ങള്‍.

ലിബിയയ്ക്കു ശേഷം നൈജീരിയയിലായിരുന്നു ഡോ. ശോഭയുടെ അടുത്ത ദൗത്യം. കുഴിബോംബ് സ്ഫോടനങ്ങളില്‍ രാജ്യം നടുങ്ങിനിന്ന വര്‍ഷങ്ങള്‍. വ്യക്തികള്‍ തമ്മിലും എണ്ണക്കമ്പനികള്‍ തമ്മിലും സംഘര്‍ഷം രൂക്ഷമായ അന്തരീക്ഷം. സംഘര്‍ഷത്തിനു നടുവില്‍ ബ്ലഡ് ബാങ്കും അത്യാഹിത വിഭാഗവും അടങ്ങിയ ഒരു മെഡിക്കല്‍ യൂണിറ്റ് അവിടെ സ്ഥാപിച്ചത് ഡോ.ശോഭയുടെ നേതൃത്വത്തിലാണ്.

രണ്ടാം ഗള്‍ഫ് യുദ്ധകാലത്ത് ഇറാഖില്‍ ബോംബ് സ്ഫോടനത്തില്‍നിന്ന് അവര്‍ അതിശയകരമായി രക്ഷപ്പെട്ടു. ഇറാനില്‍ ജീവിതത്തിലേക്കു തിരിച്ചുവന്നുകൊണ്ടിരുന്ന രോഗികളെ ഡോ. ശോഭ പ്രാണായാമം പഠിപ്പിച്ചു. വളരെ നല്ല ഫലങ്ങളാണ് വ്യത്യസ്തമായ ആ ചികില്‍സ ഉളവാക്കിയത്.

എംഎസ്എഫ് മെഡിക്കല്‍ ഡയറക്ടര്‍ എന്ന നിലയില്‍ ഡോ.ശോഭ ഇറാന്‍- ഇറാഖ് അതിര്‍ത്തിയിലും സേവനം ചെയ്തു. രണ്ടു രാജ്യങ്ങളിലെയും ജനങ്ങളുടെ വ്യത്യസ്ത ജീവിതരീതികളും അതിനിടെതന്നെ അവര്‍ക്കിടയില്‍ നിലനില്‍ക്കുന്ന മനുഷ്യത്വത്തിന്റെ രജതരേഖയും ഡോക്ടറെ അഗാധമായി ആകര്‍ഷിച്ചു.

2009 ല്‍ പാപ്പുവ ന്യൂഗിനിയില്‍ അതുവരെ നേരിട്ടിട്ടില്ലാത്ത വ്യത്യസ്തമായ അനുഭവം ഡോക്ടര്‍ക്കു ലഭിച്ചു. ചീഫ് മെഡിക്കല്‍ കോഓര്‍ഡിനേറ്റര്‍ എന്ന നിലയില്‍ വ്യത്യസ്ത രോഗികള്‍ക്ക് വ്യത്യസ്തമായ ചികില്‍സാ സൗകര്യങ്ങളാണ് ഒരുക്കേണ്ടിയിരുന്നത്. അദിമ നിവാസികളെപ്പോലെ വസ്ത്രങ്ങള്‍പോലും ധരിക്കാനില്ലാതെ ജീവിച്ച ഗോത്രങ്ങളിലും ഡോ.ശോഭയുടെ സേവനത്തിന്റെ കരങ്ങള്‍ നീണ്ടു. 

ഡോക്ടറുടെ അടുത്ത ദൗത്യം ലാവോസില്‍. അവിടെ 1880 കിലോമീറ്ററോളം കാറില്‍ യാത്ര ചെയ്ത ഡോക്ടര്‍ ലാവോസിലെ പലയിടങ്ങളിലും ചികില്‍സാ സൗകര്യം പേരിനുപോലുമില്ലെന്നു മനസ്സിലാക്കി അധികസമയവും ജോലി ചെയ്തു. 

ഹെയ്തിയില്‍ ഡോക്ടറെ കാത്തിരുന്നതാകട്ടെ ജീവിതത്തിലെ ഏറ്റവും വലിയ വെല്ലുവിളിയും. മൂന്നു ലക്ഷത്തോളം പേര്‍ മരിക്കുകയും അത്രതന്നെ ആളുകള്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്ത 2010 ലെ ഭൂകമ്പത്തില്‍ ചികില്‍സാ സൗകര്യം നല്‍കിയും ഉറ്റവരെയും ഉടവരെയും നഷ്ടപ്പെട്ടവരെ ആശ്വസിപ്പിച്ചും ഡോ.ശോഭ പ്രവര്‍ത്തനനിരതയായി. 

ഈ പ്രവര്‍ത്തനങ്ങള്‍ക്കെല്ലാമിടയിലും ഒരു ഭാര്യയുടെ ചുമതലകളും ഡോ. ശോഭ ഒരു മുടക്കവുമില്ലാതെ നോക്കി. ട്രിനിഡാഡ് ആന്‍ഡ് ടുബാഗോയില്‍ ഒരിക്കല്‍ ഐക്യരാഷ്ട്ര സംഘടനയുടെ നേതൃത്വത്തില്‍ അനസ്തീസിയ ബിരുദക്കാരെ പരിശീലിപ്പിക്കാന്‍ ക്ഷണം ലഭിച്ചെങ്കിലും അവര്‍ അതു നിരസിച്ചു. കാരണം തന്റെ ഭര്‍ത്താവിന് അക്കാലത്ത് ലഭിച്ച പാരിസിലെ തന്ത്രപരമായ ഉത്തരവാദിത്തത്തില്‍ കൂടെനില്‍ക്കേണ്ടത് സ്വന്തം ചുമതലയായി അവര്‍ കരുതി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com