sections
MORE

ശ്ലോക ഇനി ആകാശിന് സ്വന്തം; ആഘോഷരാവിലെ കാഴ്ചകളിങ്ങനെ

Akash Ambani, Shloka Mehta, Nita Ambani
ആകാശ്–ശ്ലോക വിവാഹച്ചടങ്ങുകളിൽ ദമ്പതികളെ ആശീർവദിക്കുന്ന നിത അംബാനി
SHARE

മണ്ണിലെ താരങ്ങൾ അണിനിരന്ന ആഘോഷരാവിൽ പ്രണയിനിക്ക് താലി ചാർത്തി ആകാശ് അംബാനി. മുംബൈയിലെ ജിയോ വേൾഡ് സെന്ററിൽ നടന്ന ആഡംബര വിവാഹച്ചടങ്ങിൽ ഇന്ത്യയിലെയും വിദേശത്തെയും രാഷ്ട്രീയ–വ്യവസായ പ്രമുഖരും, ബോളിവുഡ് താരങ്ങളും ക്രിക്കറ്റ് ഇതിഹാസങ്ങളും പങ്കെടുത്തു.

മുകേഷ് അംബാനിയുടെയും നിത അംബാനിയുടെയും മകൻ ആകാശ് അംബാനിയും വജ്രവ്യാപാരി റസൽ മേത്തയുടെയും മോന മേത്തയുടെയും മകൾ ശ്ലോകമേത്തയും തമ്മിലുള്ള വിവാഹത്തിൽ പങ്കെടുക്കാൻ മുൻ ബ്രിട്ടീഷ് പ്രധാനമന്ത്രി ടോണി ബ്ലെയറും ഐക്യരാഷ്ട്ര സംഘടനയുടെ മുൻ സെക്രട്ടറി ജനറൽ ബാൻ കി മൂണും ഗൂഗിൾ സിഇഒ സുന്ദർ പിച്ചെയും വിശിഷ്ടാതിഥികളായി എത്തിയിരുന്നു.

ബോളിവുഡ് താരങ്ങളായ അമീർഖാൻ, പ്രിയങ്ക ചോപ്ര, ഷാരൂഖ് ഖാൻ, ഐശ്വര്യ റായ്, കരീന കപൂർ, ജൂഹി ചൗള എന്നിവർ സകുടുംബം പങ്കെടുത്ത ചടങ്ങിൽ സൗത്തിന്ത്യയിൽ നിന്ന് സ്റ്റൈൽ മന്നൻ രജനികാന്തുമുണ്ടായിരുന്നു.  മുകേഷ് അംബാനിയുടെ പിതാവ് ധീരു ഭായ് അംബാനിക്കും, നിത അംബാനിയുടെ പിതാവ് രവീന്ദ്രഭായ് ദലാലിനും ആദരവ് അർപ്പിച്ചുകൊണ്ടാണ് വിവാഹച്ചടങ്ങുകൾ തുടങ്ങിയത്. വിവാഹാഘോഷത്തിലെ പ്രധാന ചടങ്ങുകളായ ജയ്മാല, സപ്തപതി, കന്യാദാനം എന്നിവ നടന്നത് ജിയോ വേൾഡ് സെന്ററിലാണ്.

nita-ambani-01
നിത അംബാനി, ആകാശ്, ശ്ലോക

മകന്റെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ചടങ്ങിൽ ഏറ്റവും കൂടുതൽ തിളങ്ങിയത് നിത അംബാനിയായിരുന്നു. നിത അണിഞ്ഞ വസ്ത്രത്തിൽപ്പോലും മകനും മരുമകൾക്കുമുള്ള അനുഗ്രഹാശിസ്സുകളുണ്ടായിരുന്നു.  ആകാശിന്റെയും ശ്ലോകയുടെയും പേരുകൾക്കൊപ്പം ശുഭാരംഭം എന്ന് എംബ്രോഡറി ചെയ്ത വസ്ത്രം ധരിച്ചാണ് നിത ആഘോഷരാവിന് കൊഴുപ്പു കൂട്ടിയത്. നിതയുടെ വസ്ത്രത്തിന് യോജിക്കുന്ന ഷെർവാണി ധരിച്ചാണ് മുകേഷ് അംബാനിയും ചടങ്ങിൽ പങ്കെടുത്തത്. ബിടൗണിലെ യുവനടിമമാരും അതീവ സുന്ദരികളായാണ് ചടങ്ങിൽ പ്രത്യക്ഷപ്പെട്ടത്. ദീപിക പദുക്കോൺ, കത്രീന കൈഫ്, ആലിയ ഭട്ട്, ജാൻവി കപൂർ എന്നിവരും ചടങ്ങിൽ തിളങ്ങി നിന്നു.

ആകാശിന്റെ പ്രീവെഡ്ഡിങ് പാർട്ടി നടന്നത് സ്വിറ്റ്സർലൻഡിലെ സെന്റ് മോറിറ്റ്സിലായിരുന്നു. ഒട്ടേറെ അദ്ഭുതക്കാഴ്ചകൾ  കാത്തുവെച്ചിരുന്ന ആഡംബര പാർട്ടിയും വാർതത്തകളിലിടം പിടിച്ചിരുന്നു. അംബാനിയുടെ ആഡംബര വസതിയായ ആന്റിലയിൽ‌ ഹാരി പോട്ടർ സിനിമയിലെ കാഴ്ചകൾ ആധാരമാക്കിയായിരുന്നു പാർട്ടി നടത്തിയത്.

വർഷങ്ങൾ നീണ്ട പ്രണയത്തിനൊടുവിലാണ് ആകാശ് ശ്ലോകയെ സ്വന്തമാക്കിയത്. ധീരുഭായി അംബാനി ഇന്റർനാഷണൽ സകൂളിൽ ഇരുവരും സഹപാഠികളായിരുന്നു. ആകാശിന്റെ ബാല്യകാല സുഹൃത്തായ ശ്ലോക ലണ്ടൻ സ്കൂൾ ഓഫ് ഇക്കണോമിക്സിൽനിന്ന് നിയമത്തിൽ ബിരുദാനന്തര ബിരുദം നേടിയിട്ടുണ്ട്. റോസി ബ്ലൂ ഡയമണ്ട്സ് ഉടമ റസൽ മേത്തയുടെ മക്കളിൽ മൂന്നാമത്തെയാളാണ് ശ്ലോക. റോസി ബ്ലൂ ഫൗണ്ടേഷന്റെ ഡയറക്ടർമാരിലൊരാണ് ഇപ്പോൾ ശ്ലോക.

akash-sholka

ആകാശിന് ശ്ലോകയുടെ മേലുള്ള ശ്രദ്ധയും കരുതലും വ്യക്തമാക്കുന്ന ഒരു വിഡിയോ അടുത്തിടെ തരംഗമായിരുന്നു വിവാഹാഘോഷത്തിന്റെ ഭാഗമായി നടന്ന അന്നസേവാ ചടങ്ങിൽ നിന്നുള്ള ദൃശ്യങ്ങളാണ് ചർച്ചയായത്.വിവാഹത്തിനു മുന്നോടിയായുള്ള അന്നസേവ മാർച്ച് 6 ന് ജിയോ ഗാർഡൻസിലായിരുന്നു നടന്നത്. അന്നസേവയ്ക്കിടയിൽ അംബാനി കുടുംബാംഗങ്ങളും മേത്ത കുടുംബാംഗങ്ങളും ചിത്രങ്ങൾക്കു പോസ് ചെയ്തു. അതിനുശേഷം ആകാശിനോടും ശ്ലോകയോടും മാത്രം ചിത്രങ്ങൾക്കു പോസ് ചെയ്യാൻ ഫൊട്ടോഗ്രാഫർമാർ ആവശ്യപ്പെട്ടു.

ഇതനുസരിച്ച് ഇരുവരും നിന്നു. ‘ശ്ലോക ചിരിക്കുമ്പോൾ അവളുടെ ചിത്രങ്ങളെടുക്കണേ’ എന്നായിരുന്നു ആകാശിന്റെ അഭ്യര്‍ഥന. ഇതു കേട്ടതോടെ ശ്ലോക ചിരിക്കുന്നതും ആകാശിനോട് എന്തോ പറയാൻ ശ്രമിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. ഇതിനുശേഷം ഒറ്റയ്ക്കു പോസ് ചെയ്യണമെന്നു ഫൊട്ടോഗ്രാഫർമാർ ഇരുവരോടും ആവശ്യപ്പെട്ടു. എന്നാൽ ഇതിന് ആകാശ് നൽകിയ മറുപടിയാണ്  ശ്രദ്ധേയമായത്. ‘‘കല്യാണമല്ലേ, ജന്മദിനാഘോഷമല്ലല്ലോ. ഇനി ഞങ്ങള്‍ രണ്ടു ശരീരവും ഒരു ആത്മാവുമാണ്’’– ആകാശ് പറഞ്ഞു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FAMILY CORNER
SHOW MORE
FROM ONMANORAMA