sections
MORE

3 വയസ്സുകാരിക്ക് പാൽക്കുപ്പിയിൽ മദ്യം നൽകി അച്ഛൻ

father used to feed her alcohol in milk bottle
പ്രതീകാത്മക ചിത്രം
SHARE

തൊടുപുഴയിലെ ഏഴുവയസ്സുകാരൻ സഹിച്ച ക്രൂരതകണ്ട് നിറഞ്ഞ കണ്ണുകൾ തോരും മുൻപേയാണ് ക്രൂരമായ മറ്റൊരു സംഭവം വാർത്തകളിൽ നിറയുന്നത്. ഡൽഹിയിൽ നിന്നെത്തുന്ന വാർത്തയിൽ ഇര മൂന്നുവയസ്സുകാരിയാണ്. ഡൽഹി കമ്മീഷൻ ഫോർ വിമണിന്റെ ഇടപെടലോടെയാണ് ഡൽഹിയിലെ പ്രേം നഗറിൽ നടന്ന ക്രൂരതയുടെ വാർത്ത പുറംലോകമറിഞ്ഞത്.

മദ്യപാനിയായ അച്ഛനാണ് ഈ സംഭവത്തിലെ വില്ലൻ. ദിവസങ്ങളായി മൂന്നു വയസ്സുകാരി പട്ടിണിയാണ് എന്ന് അയൽക്കാർ അറിയിച്ചതിനെത്തുടർന്ന് സ്ഥലത്തെത്തിയ അധികൃതർക്ക് കാണേണ്ടി വന്നത് ഉള്ളുപൊള്ളിക്കുന്ന കാഴ്ചകളാണ്. മദ്യപിച്ച് ലക്കുകെട്ട അച്ഛനു സമീപം മലവിസർജ്ജ്യത്തിൽ കുളിച്ച് മൃതപ്രായയായി ആ മൂന്നുവയസ്സുകാരി കിടക്കുന്നുണ്ടായിരുന്നു.

മദ്യപിച്ചു ലെക്കുകെട്ട മനുഷ്യനെ വിളിച്ചുളർത്താൻ ശ്രമിച്ചപ്പോൾ അയാൾ ഉദ്യോഗസ്ഥരെ ആക്രമിക്കാനൊരുങ്ങി. ഡൽഹി കമ്മീഷൻ ഫോർ വിമൻ അംഗങ്ങളുടെ ടീം അപ്പോൾത്തന്നെ പൊലീസിനെ വിളിക്കുകയും അച്ഛനെയും മകളെയും പൊലീസ് സ്റ്റേഷനിലെത്തിക്കുകയും ചെയ്തു. സംഭവത്തിൽ ഇതുവരെ എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടില്ല.

സംഭവത്തെക്കുറിച്ച് ഡിസിഡബ്ലു ടീമിനെ അറിയിച്ച അയൽക്കാർ ഗൃഹനാഥന്റെ സ്വഭാവത്തെക്കുറിച്ചു പറയുന്നതിങ്ങനെ :-  

'കുഞ്ഞ് മണിക്കൂറുകളോളം വിശന്നു കരഞ്ഞിട്ടും റിക്ഷാ ഡ്രൈവറായ അയാൾ ഉണരാനോ കുഞ്ഞിന് ആഹാരം നൽകാനോ തയാറായില്ല. ഒഴിഞ്ഞ മദ്യക്കുപ്പികൾക്കിടയിൽ അപ്പോഴും സുഖനിദ്രയിലായിരുന്നു അയാൾ. ഒരു വർഷം മുൻപാണ് അയാളുടെ ഭാര്യ മരിച്ചത്. അതിൽ പിന്നെ മുഴുവൻ സമയവും കുടിച്ച് ബോധം മറഞ്ഞാണ് അയാളുടെ നടപ്പ്. ജോലിക്കു പോകുമ്പോഴും മറ്റ് ആവശ്യങ്ങൾക്കു വേണ്ടി പുറത്തു പോകേണ്ടി വരുമ്പോഴുമെല്ലാം മകളെ വീട്ടിൽ തനിച്ചാക്കുന്നത് അയാളുടെ ശീലമായിരുന്നു.'

അയൽക്കാർ സഹായിക്കാൻ തയാറായിരുന്നെങ്കിലും അയാൾ അതെല്ലാം നിഷേധിക്കുകയും അവരിൽ നിന്നെല്ലാം അകലം പാലിക്കുകയും ചെയ്തിരുന്നു. കുഞ്ഞിന്റെ പാൽക്കുപ്പിയിൽ അയാൾ പലപ്പോഴും മദ്യം നിറച്ചു നൽകുകയും അതു കുടിക്കാൻ അവളെ നിർബന്ധിക്കുകയും ചെയ്തിരുന്നുവെന്നും അയൽക്കാർ പറയുന്നു. 

ഡിസിഡബ്ല്യൂ ടീം കുഞ്ഞിനെ പൊലീസ് സ്റ്റേഷനിൽ നിന്ന്  ആശുപത്രിയിലേക്ക് കൊണ്ടുപോയി. ദിവസങ്ങളോളം മാലിന്യത്തിൽ കിടന്നതുകൊണ്ട് കുഞ്ഞിന്റെ സ്വകാര്യ ഭാഗങ്ങളിൽ ഇൻഫെക്‌ഷൻ ബാധിച്ചിട്ടുണ്ടെന്നാണ് കുഞ്ഞിനെ പരിശോധിച്ച ഡോക്ടർമാർ പറയുന്നത്.അസുഖം ഭേദമായി ആശുപത്രിയിൽ നിന്നിറങ്ങുന്ന കുഞ്ഞിനെ സുരക്ഷാകേന്ദ്രത്തുലേക്കു മാറ്റാനാണ് അധികൃതരുടെ തീരുമാനം.

ഈ സംഭവം ഡിസിപിയുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ടെന്നും എന്തുകൊണ്ടാണ് സംഭവത്തിൽ എഫ്ഐആർ രജിസ്റ്റർ ചെയ്യാത്തതെന്നും കുഞ്ഞിന്റെ അച്ഛനെ അറസ്റ്റ് ചെയ്യാൻ തയാറാവാത്തതെന്നും ഡിസിഡബ്ലുയിലെ കിരൻ നേഗിയും വന്ദന സിങ്ങും ചോദിക്കുന്നു. സംഭവത്തിൽ നടുക്കം രേഖപ്പെടുത്തിയ ഡിസിഡബ്ല്യു ചെയർ പേഴ്സൺ സ്വാതി മലിവാൾ കുട്ടിയുടെ അച്ഛനെതിരെ എത്രയും വേഗംതന്നെ നിയമനടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടു.

കുഞ്ഞിനെക്കുറിച്ചുള്ള വിവരം ഡിസിഡബ്ല്യൂവിനെ അറിയിക്കാൻ മനസ്സുകാട്ടിയ വ്യക്തിയെ അഭിനന്ദിക്കുന്നുവെന്നും അമ്മയുടെ മരണവും അച്ഛന്റെ കരുതലില്ലായ്മയും മൂലം ഏറെ ദുരിതമനുഭവിച്ച കുഞ്ഞിനെ ഏറ്റെടുത്ത് ചികിൽസ നൽകാൻ കഴിഞ്ഞത് വിമൻ ഹെൽപ്പ് ലൈനിലേയ്ക്കു വന്ന ആ ഫോൺകോൾ മൂലമാണെന്നും സ്വാതി മലിവാൾ പറയുന്നു.

കുഞ്ഞിന് സ്വന്തം അച്ഛൻ തന്നെ മദ്യം നൽകിയെന്ന വാർത്തയും അവളുടെ ശരീരത്തു കണ്ട് പാടുകളും തന്നെ അസ്വസ്ഥയാക്കിയെന്നും അവർ പറയുന്നു. മദ്യപാനശീലം വളരെ വലിയൊരു വിപത്താണെന്നും കുഞ്ഞിന്റെ അച്ഛനെതിരെ പൊലീസ് ശക്തമായ നിയമനടപടികൾ സ്വീകരിക്കണമെന്നും അവർ പറയുന്നു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FAMILY CORNER
SHOW MORE
FROM ONMANORAMA