ADVERTISEMENT

ഭാര്യ ഭയങ്കര പൊസസീവാണ് അതുകൊണ്ട് ഒരു സ്വൈര്യവുമില്ല. അസ്വസ്ഥതയും നിരാശയും കലർന്ന സ്വരത്തിൽ പല ഭർത്താക്കന്മാരും കൂട്ടുകാർക്കു മുന്നിൽ കുടുംബപ്രശ്നങ്ങളുടെ കെട്ടഴിക്കാറുണ്ട്. എന്നാൽ അൽപ്പമൊന്നു ശ്രദ്ധിച്ചാൽ വളരെയെളുപ്പം തന്നെ ദാമ്പത്യബന്ധത്തിലെ സ്വസ്ഥതയും ദൃഡതയും തിരികെപ്പിടിക്കാമെന്നാണ് കൗൺസിലിങ് വിദഗ്ധർ പറയുന്നത്.

1. ചെറിയ കാര്യങ്ങളിലൂടെ സന്തോഷിപ്പിക്കുക

ഭർത്താവിന്റെ കരുതലിനും പരിഗണനയ്ക്കുമാണ് മറ്റെന്തിനേക്കാളും ഭാര്യമാർ മുൻതൂക്കം നൽകുന്നത്. അങ്ങനെയുള്ള ഭാര്യമാരെ ജീവിതത്തിലെ ചെറിയ ചില മാറ്റങ്ങൾ കൊണ്ട് സന്തോഷിപ്പിക്കാനെളുപ്പമാണ്. രാവിലെ ഉണരുമ്പോൾ ശൂന്യമായ സിങ്ക് കാണാനുള്ള അവസരം വല്ലപ്പോഴുമെങ്കിലും അവർക്കു നൽകുക. എണ്ണമെഴുക്കു പിടിച്ച പാത്രങ്ങൾക്കു പകരം വെട്ടിത്തിളങ്ങുന്ന പാത്രങ്ങൾ കണ്ട സന്തോഷത്തിൽ അവർ ഒരു ദിവസം തുടങ്ങട്ടെ. വല്ലപ്പോഴുമൊക്കെ തുണികൾ മടക്കിവച്ചും ബെഡ് കുടഞ്ഞു വിരിച്ചും വീട്ടിലെ ചെറിയ ഉത്തരവാദിത്തിൽ നിങ്ങളും പങ്കാളിയാവുന്നുണ്ടെന്ന് അവരെ ബോധ്യപ്പെടുത്തുക.

2. മറ്റെന്തിനേക്കാളും മുൻഗണന ഭാര്യയ്ക്ക് നൽകുക

535378901

ജീവിതത്തിൽ ആരൊക്കെ വന്നാലും പോയാലു വിവാഹശേഷം ഭാര്യയ്ക്കു മുൻഗണന നൽകണം. ഭക്ഷണകാര്യത്തിലും കുടുംബത്തിലെ മറ്റുത്തരവാദിത്തങ്ങളുടെ കാര്യത്തിലും ഭാര്യയുടെ ഇഷ്ടത്തിന് മുൻഗണന കൽപ്പിക്കുക. വെറുമൊരു ഡോർമാറ്റിനെപ്പോലെ അവഗണിക്കാതെ അവരെയും അവരുടെ ആവശ്യങ്ങളെയും ബഹുമാനിക്കാൻ പഠിക്കുക.

3. പറയാനുള്ളതു മുഴുവൻ കേട്ടശേഷം മാത്രം പരിഹാരം നിർദേശിക്കുക

507262948

താൻ ഒരു പ്രശ്നത്തിലാണെന്നു ഭാര്യ പറയുമ്പോൾ ചാടിക്കയറി അതിന് പരിഹാരം നിർദേശിക്കുന്ന പതിവുണ്ടെങ്കിൽ അതുപേക്ഷിക്കുക. അവർക്ക് പറയാനുള്ളതു മുഴുവൻ ശ്രദ്ധയോടെ കേൾക്കുക. അതിനുശേഷം മാത്രം ചില ചോദ്യങ്ങളിലൂടെ അവരുടെ മനസ്സിനേറ്റ ആഘാതത്തെ അളക്കുക. പറഞ്ഞു സമാധാനിപ്പിച്ച ശേഷം മാത്രം പരിഹാരം നിർദേശിക്കുക.

4. അഭിപ്രായവ്യത്യാസങ്ങളിലും മാന്യമായി പെരുമാറുക

ഭാര്യാഭർത്താക്കന്മാർ തമ്മിൽ പല കാര്യങ്ങളിലും അഭിപ്രായ വ്യത്യാസങ്ങളുണ്ടായി എന്നു വരാം. പരസ്പരമുള്ള ബഹുമാനത്തിന് ഉലച്ചിൽ തട്ടാതെ വേണം ശരിയെന്നു തോന്നുന്ന അഭിപ്രായം തെരഞ്ഞെടുക്കാൻ. ഒരിക്കലും കഠിനമായ ദേഷ്യമോ വെറുപ്പോ കാട്ടി പരസ്പരം വെറുപ്പിക്കാൻ ശ്രമിക്കാതിരിക്കുക.

5. നല്ലത് ചെയ്യുമ്പോൾ അഭിനന്ദിക്കുക

നിങ്ങൾക്കിഷ്ടമുള്ള ഭക്ഷണസാധനങ്ങൾ വിളമ്പുമ്പോൾ നന്നായെങ്കിൽ അഭിനന്ദിക്കുക. മോശമായെങ്കിൽ രോഷം കൊള്ളാതെ അടുത്ത തവണ നന്നാക്കാം എന്നു പറഞ്ഞ് ഒപ്പം നിന്ന് ആത്മവിശ്വാസം പകരുക. ഭാര്യയുടെ കഴിവുകളെ അംഗീകരിക്കുക. 

6. വീട്ടിലെ എല്ലാ ജോലികളും ഭാര്യ തന്നെ ചെയ്യണമെന്ന് നിർബന്ധം പിടിക്കാതിരിക്കുക. കഴിയുന്ന ചെറിയ ചില ജോലികൾ അവരുടെ അസാന്നിധ്യത്തിലും ചെയ്യുക.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com