ADVERTISEMENT

പൂച്ചക്കണ്ണുകളും കവിൾ നിറ‍ഞ്ഞ ചിരിയുമായി തറവാട്ടിലെത്തിയ തുള്ളൽക്കലാകാരന്റെ പിന്നാലെ പ്രണയവുമായി നടന്ന കുസൃതിക്കാരി പെൺകുട്ടിയുടെ മുഖമാണ് സംഗീതയെന്നു കേൾക്കുമ്പോൾ മലയാളികളുടെ മനസ്സിലെത്തുക. ദീപസ്തംഭം മഹാശ്ചര്യം എന്ന ചിത്രമുൾപ്പടെ ഒരുപിടി നല്ല ചിത്രങ്ങളിലൂടെ മലയാളികളുടെ മനസ്സു കവർന്ന സംഗീത ഇപ്പോൾ വാർത്തകളിൽ നിറയുന്നത് ഉള്ളുനൊന്തു പങ്കുവച്ച ഒരു ട്വീറ്റിന്റെ പേരിലാണ്. 

ക്യാമറയ്ക്കു മുന്നിൽ കളിചിരിയുമായി നടന്നിരുന്ന സംഗീതയുടെ സ്വകാര്യ ജീവിതം വളരെ സങ്കീർണ്ണമായിരുന്നു എന്ന തരത്തിലുള്ള വാർത്തകൾ പ്രചരിക്കുമ്പോഴും അത് വിശ്വസിക്കാൻ പലരും തയാറായിരുന്നില്ല. എന്നാൽ മകൾക്കെതിരെ സംഗീതയുടെ അമ്മ കൊടുത്ത ഒരു കേസിനെക്കുറിച്ചറിഞ്ഞപ്പോൾ താരത്തെ സ്നേഹിച്ചിരുന്നവർ പോലും വെറുപ്പു പ്രചരിപ്പിച്ചു. ഈ സാഹചര്യത്തിലാണ് ഹൃദയവേദനയോടെ അമ്മയെക്കുറിച്ചുള്ള സത്യങ്ങൾ താരം സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവിട്ടത്.

ഒരമ്മ എങ്ങനെയൊക്കെയാകരുതെന്ന് തന്നെ പഠിപ്പിച്ചതിനു നന്ദി പറഞ്ഞുകൊണ്ട് സംഗീതയെഴുതിയ കുറിപ്പിങ്ങനെ :-

പ്രിയപ്പെട്ട അമ്മേ,

ഈ ഭൂമിയിലേക്ക് എന്നെ കൊണ്ടുവന്നതിനു നന്ദി. 13–ാം വയസ്സിൽ പഠിത്തം നിർത്തിച്ച് ജോലിക്കു വിട്ടതിന് നന്ദി. ഒരുപാടൊരുപാട് ബ്ലാങ്ക് ചെക്കുകളിൽ ഒപ്പിടുവിച്ചതിന് നന്ദി. ഒരിയ്ക്കലും ഒരു ജോലിയും ചെയ്യാൻ തയാറാകാതിരുന്ന മദ്യപാനികളും, മയക്കു മരുന്നിനടിമകളുമായിരുന്ന നിങ്ങളുടെ ആൺമക്കൾക്കു വേണ്ടി എന്നെ ചൂഷണം ചെയ്തതിനു നന്ദി. നിങ്ങളുടെ തീരുമാനങ്ങളോട് യോജിക്കാതിരുന്നതുകൊണ്ടു മാത്രം വീടിന്റെ കോണിലേക്ക് എന്നെ ഒതുക്കിയതിന് നന്ദി. ഞാൻ എന്റെ സ്വന്തം വഴി കണ്ടെത്തുന്നതിന് മുൻപ് എന്നെ വിവാഹം കഴിപ്പിക്കാതിരുന്നതിന് നന്ദി.

വിവാഹശേഷവും എന്നെയും ഭർത്താവിനെയും പിന്തുടർന്ന് ശല്യം ചെയ്തതിനും ഞങ്ങളുടെ കുടുംബജീവിതത്തിന്റെ സമാധാനം തകർക്കാൻ ശ്രമിച്ചതിനും നന്ദി. ഒരമ്മ എങ്ങനെയാകരുതെന്ന് എന്നെ പഠിപ്പിച്ചതിന് നന്ദി. അതിനെല്ലാം ഒടുവിൽ ഇപ്പോൾ ഉന്നയിച്ച വ്യാജ ആരോപണങ്ങൾക്കും നന്ദി. 

അറിഞ്ഞോ അറിയാതെയോ ഒരു പാവം പെൺകുട്ടിയിൽ നിന്ന് പക്വതയെത്തിയ, ജീവിതത്തെ ധൈര്യത്തോടെ സമീപിക്കുന്ന ഒരു സ്ത്രീയായി എന്നെ മാറ്റിയതിന് നിങ്ങളും കാരണമായിട്ടുണ്ട്. ഈ കാരണങ്ങളെല്ലാം കൊണ്ട് ഞാൻ നിങ്ങളെ സ്നേഹിക്കുന്നു. എന്നെങ്കിലും ഒരിക്കൽ നിങ്ങളുടെ ഈഗോയിൽ നിന്ന് നിങ്ങൾ പുറത്തു കടക്കും അന്ന് എന്നെയോർത്ത് നിങ്ങൾ അഭിമാനിക്കും. – ഏഴുവയസ്സുകാരിയായ മകളുടെ അമ്മ കൂടിയായ സംഗീത കുറിച്ചതിങ്ങനെ.

വാർധക്യത്തിൽ തന്നെ വീട്ടിൽ നിന്നു വീട്ടിൽ നിന്നും പുറത്താക്കിയെന്നും സ്വത്തു തട്ടിയെടുക്കാൻ ശ്രമിച്ചെന്നും ആരോപിച്ചാണ് സംഗീതയുടെ അമ്മ മകൾക്കെതിരെ പരാതി നൽകിയത്. സ്ത്രീകൾക്കായുള്ള തമിഴ്നാട് സംസ്ഥാന സംഘത്തിലാണ് അവർ പരാതി നൽകിയത്. ഇതിനെക്കുറിച്ചുള്ള വാർത്തകൾ പ്രചരിച്ചതോടെ സംഗീതയെ വിമർശിച്ചുകൊണ്ട് നിരവധിപേർ രംഗത്തു വന്നിരുന്നു. ഈ സാഹചര്യത്തിലാണ് സംഭവത്തിലെ സത്യാവസ്ഥയെക്കുറിച്ച് അധികൃതരെ ബോധ്യപ്പെടുത്തിയ ശേഷം ഭൂതകാലത്തിലെ ദുരനുഭവങ്ങളെക്കുറിച്ച് സംഗീത മനസ്സു തുറന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com