ADVERTISEMENT

സമൂഹമാധ്യമങ്ങളിൽ ഒരു ഹീറോയായി തിളങ്ങി നിൽക്കുകയാണ് തിരുനക്കര സ്വദേശിയായ ഒരച്ഛൻ. പഠനകാലത്ത് മകന് പ്രണയം തോന്നിയ പെൺകുട്ടിയെ അവൻ വിളിച്ചിറക്കിക്കൊണ്ടു പോയതിനും പിന്നീട് ആ മകൻ തന്നെ അവളെ അനാഥയാക്കിയതിനും സാക്ഷിയായ ആ അച്ഛൻ. പക്ഷേ സമൂഹം ഇപ്പോൾ കൈയടിക്കുന്നത് ഈ അച്ഛന്റെ നിലപാടിനാണ്. ഏതു കൊടുങ്കാറ്റിലും ഉലയാത്ത ഉറച്ച തീരുമാനത്തിനാണ്.

തിരുനക്കരയിൽ കഴിഞ്ഞ ദിവസം നടന്ന ഒരു അസാധാരണ വിവാഹത്തിനു പിന്നിലുള്ളത് സിനിമാക്കഥയെ വെല്ലുന്ന കഥയാണ്. ആ കഥയിങ്ങനെ :-

wedding

ഒരു പ്ലസ്ടു പ്രണയത്തോടെയാണ് ആ കഥ തുടങ്ങിയത്. കൗമാരക്കാരായ തങ്ങളുടെ പ്രണയത്തോട് വീട്ടുകാർ എതിർപ്പ് കാട്ടാൻ തുടങ്ങിയപ്പോഴാണ് പ്രായത്തിന്റെ പക്വതക്കുറവിൽ ആ പ്രണയികൾ നാടുവിടാൻ തീരുമാനിച്ചത്. ഒടുവിൽ പൊലീസും കേസും ബഹളവുമൊക്കെയായപ്പോൾ പ്രായപൂർത്തിയാകുമ്പോൾ വിവാഹിതരാകാൻ അനുവദിക്കാമെന്ന ഉറപ്പിൽ കാര്യങ്ങൾ ഒത്തുതീർപ്പാക്കി. എന്നാൽ മകളെ തങ്ങൾക്കു വേണ്ടെന്ന നിലപാടിൽ പെൺകുട്ടിയുടെ വീട്ടുകാർ ഉറച്ചു നിന്നതോടെ തിരുനക്കര സ്വദേശിയായ ആൺകുട്ടിയുടെ അച്ഛൻ തന്റെ തീരുമാനം അവരെ അറിയിച്ചു. അവളെ താൻ മകളായി ഒപ്പം വീട്ടിലേക്കു കൂട്ടുകയാണെന്ന്. ശേഷം അദ്ദേഹം തന്റെ മകനെ ഹോസ്റ്റലിൽ ചേർത്തു. 

ഇതിനിടെയാണ് അപ്രതീക്ഷിതമായ മറ്റൊരു സംഭവം ഉണ്ടായത്. മകൻ ഇതിനിടെ മറ്റൊരു പെൺകുട്ടിയുമായി പ്രണയത്തിലായി. ഇതറിഞ്ഞ അച്ഛൻ മകനെ തനിക്കൊപ്പം വിദേശത്തു കൊണ്ടുപോയി. ജോലിനേടിയ ശേഷം മകൻ നാട്ടിൽ തിരിച്ചെത്തി. തനിക്കായി കാത്തിരുന്നവളെ അവഗണിച്ചുകൊണ്ട് തന്റെ രണ്ടാമത്തെ പ്രണയിനിയെ വിവാഹം കഴിച്ചു.

മകന്റെ നിലപാടിനോട് വിയോജിച്ച അച്ഛൻ തന്റെ പേരിലുള്ള സ്വത്തുക്കൾ മകന് നൽകാതെ താൻ മകളായി ഏറ്റെടുത്ത പെൺകുട്ടിക്ക് നൽകുകയും. അവൾക്ക് നല്ലൊരു വരനെ കണ്ടുപിടിച്ച് അവളുടെ വിവാഹം നടത്തിക്കൊടുക്കുകയും ചെയ്തു. ജന്മം കൊണ്ട് അച്ഛനല്ലെങ്കിലും കർമ്മം കൊണ്ട് അവൾക്ക് അച്ഛനായ ആ മനുഷ്യനെ അഭിനന്ദിച്ചുകൊണ്ടാണ് സമൂഹമാധ്യമങ്ങൾ ഈ കഥ പങ്കുവയ്ക്കുന്നത്.

neenu

ഈ കഥ കേട്ടവരുടെ ഓർമകളിലേക്ക് സ്വാഭിവകമായും പിതൃവാൽസല്യത്തിന്റെ മറ്റൊരു മുഖവുമെത്തും. ദുരഭിമാനക്കൊലക്കിരയായ കെവിന്റെ അച്ഛൻ ജോസഫിന്റെ മുഖം. ഇഷ്ടപ്പെട്ട പെൺകുട്ടിയെ വിവാഹം കഴിക്കാൻ ശ്രമിച്ചതിന്റെ പേരിൽ പെൺകുട്ടിയുടെ അച്ഛനും സഹോദരനും ചേർന്നാണ് കെവിന്റെ ജീവനെടുത്തത്.

കെവിന്റെ മരണത്തോടെ തീർത്തും അനാഥയായിപ്പോകുമായിരുന്ന അവന്റെ പ്രണയിനി നീനുവിനെ മകളായി ഏറ്റെടുത്തത് ജോസഫാണ്. കെവിന്‍ മരിച്ചതു മുതൽ നീനു കെവിന്റെ കുടുംബത്തിനൊപ്പമാണ് താമസം. കെവിന്റെ സഹോദരിയും അമ്മയും ജോസഫുമെല്ലാം സ്വന്തമെന്ന പോലെ അവളെ സ്നേഹിക്കുകയാണ്. ഈ രണ്ടു സംഭവങ്ങളിലെയും അച്ഛന്മാർ സ്വന്തം നിലപാടുകൾ കൊണ്ടാണ് വാർത്തകളിൽ നിറയുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com