ADVERTISEMENT

ഒറ്റപ്രസവത്തിൽ ആറു കുഞ്ഞുങ്ങൾക്ക് ജന്മം നൽകിയ അമ്മയെ അഭിനന്ദിച്ചു കൊണ്ട് സമൂഹമാധ്യമങ്ങളിൽ പോളിഷ് പ്രസിഡന്റ് ട്വീറ്റ് ചെയ്തപ്പോഴാണ് ആ സുന്ദരമായ വാർത്തയെക്കുറിച്ച് ലോകമറിഞ്ഞത്. പോളിഷ് യുവതിയാണ് തിങ്കളാഴ്ച ഒറ്റ പ്രസവത്തിലൂടെ ആറു കുഞ്ഞുങ്ങളുടെ അമ്മയായത്.

ക്രാക്കോ യൂണിവേഴ്സിറ്റി ഹോസ്പിറ്റലിൽ നടന്ന സിസേറിയൻ ശസ്ത്രക്രിയയിലൂടെയാണ് 890 ഗ്രാം മുതൽ 1.3 കിലോ വരെ ഭാരമുള്ള ആറു കുഞ്ഞുങ്ങൾക്ക് യുവതി ജന്മം നൽകിയത്. കുഞ്ഞുങ്ങൾ ഇൻക്യൂബേറ്ററിലാണെന്നും അമ്മയുടെയും കുഞ്ഞുങ്ങളുടെയും ആരോഗ്യം തൃപ്തികരമാണെന്നുമാണ് ആശുപത്രിയിൽ നിന്നുള്ള റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

ഗർഭത്തിന്റെ 29–ാമത്തെ ആഴ്ചയാണ് യുവതി കുഞ്ഞുങ്ങൾക്ക് ജന്മം നൽകിയതെന്നും 4 പെൺകുഞ്ഞുങ്ങളും 2 ആൺ കുഞ്ഞുങ്ങളുമാണ് ജനിച്ചിരിക്കുന്നതെന്നുമാണ് യൂണിവേഴ്സിറ്റി ഹോസ്പിറ്റലിലെ പ്രൊഫസർ റെയ്സാർഡ് ലൗട്ടെർബച്ച് പറയുന്നത്. തിങ്കളാഴ്ചയാണ് യുവതി കുഞ്ഞുങ്ങൾക്ക് ജന്മം നൽകിയതെന്നും ഇതൊരു ആപൂർവ സംഭവമാണെന്നും 4.7 ബില്യൺ ഗർഭിണികളിൽ ഒരാൾക്ക് എന്ന നിരക്കിലാണ് ഇത്തരം സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നതെന്നും അദ്ദേഹം പറയുന്നു. പോളണ്ടിൽ ഇത് ആദ്യത്തെ സംഭവമാണെന്നും അദ്ദേഹം പറയുന്നു.

ആറംഗ സംഘത്തിന്റെ അമ്മയ്ക്ക് ഇവരെ കൂടാതെ മറ്റൊരു മകൻ കൂടിയുണ്ടെന്നും കക്ഷിക്ക് ഇപ്പോൾ രണ്ടു വയസ്സുണ്ടെന്നും സഹോദരസംഘത്തെ കണ്ട അവൻ സന്തോഷവാനാണെന്നുമാണ് ആശുപത്രിയിലെ ഡോക്ടർമാർ പറയുന്നത്. ഗർഭത്തിന്റെ ആദ്യഘട്ടത്തിൽ യുവതിയുടെ വയറ്റിൽ വളരുന്നത് അഞ്ചുകുഞ്ഞുങ്ങളാണെന്നാണ് കരുതിയിരുന്നതെന്നും അങ്ങനെയുള്ള അവസ്ഥയിലുള്ള ഒരാളുടെ ഗർഭകാലവും പ്രസവവും സങ്കീർണ്ണമായിരിക്കുമെന്നും സാധാരണ കേസുകളിൽ അത്തരം കേസുകൾക്ക് ഒരു ശുഭാന്ത്യം പ്രതീക്ഷിക്കാനാവുമായിരുന്നില്ലെന്നും ഡോക്ടർമാർ പറയുന്നു.

പോളണ്ടിൽ ആദ്യമായി ഒറ്റപ്രസവത്തിൽ 6 കുഞ്ഞുങ്ങൾ ജനിച്ച സംഭവത്തെ പോളിഷ് പ്രസിഡന്റ് ആൻ്ഡ്രേ ഡ്യൂഡആഘോഷമാക്കിയതിങ്ങനെ 

'' അവിശ്വസനീയമായ വാർത്ത! ക്രാക്കോയിൽ ഇന്ന് ഒറ്റപ്രസവത്തിൽ ആറുകുഞ്ഞുങ്ങൾ ജനിച്ചിരിക്കുന്നു. ഇതാദ്യമായാണ് പോളണ്ടിൽ ഇങ്ങനെയൊരു സംഭവമുണ്ടായിരിക്കുന്നത്. അമ്മയും കുഞ്ഞുങ്ങളും ( 4 പെൺകുട്ടികളും 2 ആൺകുട്ടികളും) സുഖമായിരിക്കുന്നു. കുഞ്ഞുങ്ങളുടെ മാതാപിതാക്കളെയും മെഡിക്കൽ സ്റ്റാഫിനെയും എന്റെ അഭിനന്ദനങ്ങളും നന്ദിയും അറിയിക്കുന്നു!''

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com