ADVERTISEMENT

ടെലിവിഷനിലെ ജനപ്രിയ അവതാരകന്‍ രഘു റാമും ഭാര്യ നതാലി ഡി ലൂഷ്യോയും ചന്ദ്രനില്‍ പോയിട്ടില്ല. പോകാന്‍ ഉദ്ദേശിക്കുന്നുമില്ല. അല്ലാതെതന്നെ ചന്ദ്രനില്‍ എത്തിയ പ്രതീതിയിലാണ് ഇരുവരും. കാരണം അവര്‍ ഒരു അതിഥിയെ കാത്തിരിക്കുന്നു. ദമ്പതികളുടെ പ്രണയ സ്വര്‍ഗത്തിലേക്ക് മൂന്നാമതൊരാള്‍. ആദ്യത്തെ കണ്‍മണി. കുട്ടിക്കുവേണ്ടിയുള്ള കാത്തിരിപ്പ് തങ്ങള്‍ തുടങ്ങിക്കഴിഞ്ഞതായി കഴിഞ്ഞദിവസം സമൂഹമാധ്യമങ്ങളില്‍ ചിത്രങ്ങള്‍ പങ്കുവച്ചുകൊണ്ട് ഇരുവരും കുറിച്ചു.

 

എംടിവി റോഡീസ് എന്ന ജനപ്രിയ പരിപാടിയിലൂടെ പ്രശസ്തനായ രഘു റാം പങ്കുവച്ച ചിത്രത്തിന്റെ അടിക്കുറിപ്പ് എഴുതിയിരിക്കുന്നത് നതാലി. ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷമുള്ള സാഹസികതയ്ക്ക് തയ്യാറായിക്കൊണ്ടിരിക്കുന്നു. അതേ, ചന്ദ്രനില്‍ എത്തിയപോലെ. 

ചിത്രത്തില്‍ രഘു റാം നതാലിയെ ഇരുകൈകള്‍കൊണ്ടും ചേര്‍ത്തുപിടിച്ചിരിക്കുകയാണ്. നതാലിയുടെ വീര്‍ത്ത വയറും വ്യക്തിമായി കാണാം ചിത്രത്തില്‍. നതാലിയുടെ കയ്യിലാകട്ടെ ഒരു ജോഡി നീല കുഞ്ഞു ഷൂസും. മഞ്ഞയും വെള്ളയും കലര്‍ന്ന തിളക്കമുള്ള വസ്ത്രത്തിലാണ് നതാലി. മുഖത്ത് ഒരു ജീവിതത്തിന്റെ സന്തോഷമത്രയും പ്രകടം.

 

ചിത്രം പുറത്തുവന്നതോടെ സിനിമാ-ടെലിവിഷന്‍ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന പ്രമുഖരെല്ലാം ആശംസകളും അനുഗ്രഹങ്ങളും ചൊരിയുന്ന തിരക്കിലാണിപ്പോള്‍. എംടിവി റോഡീസ് സീസണ്‍ 2 ല്‍ വിജയിയായ ആയുഷ്മാന്‍ ഖുറാനയാണ് ആദ്യത്തെ ആശംസ കുറിച്ചത്. അതിശയത്തോടെ അദ്ദേഹം അഭിനന്ദനം എഴുതി. നടന്‍ കരണവീര്‍ ബോഹ്റയ്ക്കാകട്ടെ അദ്ഭുതം അടക്കാനേ ആകുന്നില്ല. എന്റെ ദൈവമേ..എന്റെ ദൈവമേ..എന്നു രണ്ടുതവണയാണ് അദ്ദേഹം ആശ്ചര്യം പ്രകടിപ്പിച്ചത്. 

 

കഴിഞ്ഞ ഡിസംബറില്‍ ഗോവയില്‍വച്ചായിരുന്നു റഘു റാമിന്റെയും നതാലിയുടെയും വിവാഹം. ക്രിസ്ത്യന്‍ മതാചാരപ്രകാരമുള്ള ചടങ്ങില്‍ ദക്ഷിണേന്ത്യന്‍ രീതിയിലായിരുന്നു  വിവാഹം. ഇതാ ഞാനും എന്നെഴുതി ഹൃദയത്തിന്റെ എണ്ണമറ്റ ചിത്രങ്ങള്‍പോസ്റ്റ് ചെയ്തുകൊണ്ടാണ് രഘു റാം വിവാഹദിനങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ ആഘോഷിച്ചത്. ഓസ്ട്രിയയിലായിരുന്നു ഹണിമൂണ്‍. ഓസ്ട്രിയയില്‍ പോകുന്നതിനെക്കുറിച്ചു താന്‍ ചിന്തിച്ചിട്ടുപോലുമില്ലായിരുന്നുവെന്നും ആ ദേശവും പ്രകൃതിയും കണ്ടതോടെ താന്‍ ഓസ്ട്രിയയുടെ ആരാധകനായെന്നും രഘു കുറിച്ചിരുന്നു. 

സുഗന്ധ ഗാര്‍ഗുമായുള്ള ബന്ധത്തില്‍നിന്ന് രഘു റാം വിവാഹമോചനം നേടിയത് 2018 ലായിരുന്നു. അതിനുശേഷമായിരുന്നു നതാലിയുമായുള്ള വിവാഹം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com