sections
MORE

ആയുധങ്ങളുമായെത്തിയ കള്ളന്മാരെ തുരത്തി വൃദ്ധദമ്പതികൾ; തരംഗമായി ദൃശ്യങ്ങൾ

An elderly couple fight off two armed robbers who barged into the entrance of their house
ചിത്രത്തിന് കടപ്പാട്: എഎൻഐ ട്വിറ്റർ
SHARE

പ്രണയത്തിനു മുന്നിൽ മാരകായുധങ്ങൾ പോലും തോറ്റുപോകുന്ന ഒരു കാഴ്ചയാണ് സമൂഹമാധ്യമങ്ങൾ ഇപ്പോൾ ആഘോഷിക്കുന്നത്. ആയുധങ്ങളുമായി വീടുകയറി ആക്രമിക്കാൻ ശ്രമിച്ച രണ്ട് കള്ളന്മാരെ ധൈര്യത്തോടെ തുരത്തിയോടിച്ച വൃദ്ധദമ്പതികളെ അഭിനന്ദനം കൊണ്ടു പൊതിയുകയാണ് വെർച്വൽ ലോകം. തമിഴ്നാട്ടിലെ തിരുനെൽവേലിയിൽ നടന്ന സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ ശ്വാസമടക്കിപ്പിടിച്ചേ കാണാൻ കഴിയൂ.

ഞായറാഴ്ച രാത്രി 9 മണിക്കാണ് സംഭവം. മുഖംമൂടി ധരിച്ചെത്തിയ മോഷ്ടാക്കളിൽ ഒരാൾ ആദ്യം ആക്രമിച്ചത് വീടിനുള്ളിലെ കസേരയിലിരുന്ന 70 വയസ്സുകാരനായ ഷൺമുഖവേലിനെയാണ്. അദ്ദേഹത്തിന്റെ കഴുത്തിൽ തോർത്തിട്ടു മുറുക്കി കൊലപ്പെടുത്താനായിരുന്നു മേഷ്ടാവിന്റെ ആദ്യ ശ്രമം. ഭർത്താവിന്റെ ബഹളം കേട്ട് അകത്തെ മുറിയിൽ നിന്ന് ഓടിവന്ന 65 വയസ്സുകാരിയായ സെന്താമരൈ കൈയിൽ കിട്ടിയതെല്ലാമുപയോഗിച്ച് ഭർത്താവിനെ ആക്രമിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച മോഷ്ടാവിനെ പ്രതിരോധിച്ചു. 

ആദ്യം സെന്താമരൈയുടെ കൈയിൽ തടഞ്ഞത് ഒരു ചെരുപ്പാണ്. അവർ അതുപയോഗിച്ച് മോഷ്ടാവിനെ എറിഞ്ഞു. ഷൺമുഖവേലും സ്വയം പ്രതിരോധിക്കാൻ ശ്രമിച്ചുകൊണ്ടിരിക്കുമ്പോഴാണ് രണ്ടാമത്തെ മോഷ്ടാവിന്റെ രംഗപ്രവേശം. പ്രതിരോധിക്കാൻ നടത്തിയ ശ്രമങ്ങൾക്കിടയിൽ ഇരിക്കുന്ന കസേരയോടെ ഷൺമുഖവേൽ താഴെ വീഴുന്നുണ്ട്. എന്നാൽ വീഴ്ചയും പരുക്കുകളും അവഗണിച്ച് അദ്ദേഹം മോഷ്ടാക്കളെ പ്രതിരോധിച്ചുകൊണ്ടിരുന്നു.

ഇതേസമയം തനിക്കു നേരെ അരിവാളേന്തി വന്ന മോഷ്ടാവിനെയാണ് സെന്താമരൈ നേരിട്ടത്. ഏറെ നേരത്തെ പരിശ്രമത്തിനൊടുവിൽ ഇരുവരും ചേർന്ന് രണ്ടുമോഷ്ടാക്കളെയും വീട്ടിൽ നിന്നു തുരത്തി. ചെരുപ്പും, കസേരയും, സ്റ്റൂളും ബക്കറ്റുമെല്ലാമുപയോഗിച്ചാണ് വൃദ്ധദമ്പതികൾ മോഷ്ടാക്കളെ തുരത്തിയത്.

സംഭവത്തിന്റെ സിസിടിവി ഫൂട്ടേജ് സമൂഹമാധ്യമങ്ങളിലൂടെ തരംഗമായതോടെയാണ് മുത്തശ്ശന്റെയും മുത്തശ്ശിയുടെയും അപാര ധൈര്യത്തെക്കുറിച്ച് ലോകമറിഞ്ഞത്. സംഭവത്തിന്റെ വിശദാംശങ്ങളന്വേഷിച്ച് തങ്ങളെ തേടിയെത്തുന്ന  മാധ്യമപ്രവർത്തകരോട് ഷൺമുഖവേൽ പറയുന്നതിങ്ങനെ :-

'' ഗ്രാമത്തിന്റെ ഏറ്റവുമറ്റത്ത് കാടിനോടു ചേർന്നുള്ള ഫാം ഹൗസിലാണ് ഞങ്ങൾ താമസിക്കുന്നത്.  അ‍ഞ്ചേക്കർ ഭൂമിയിൽ ഞങ്ങൾ താമസിക്കാൻ തുടങ്ങിയിട്ട് 40 വർഷമായി. ഗ്രാമത്തിൽ നിന്ന് ഒറ്റപ്പെട്ടു കിടക്കുന്ന സ്ഥലമായതുകൊണ്ടു തന്നെ മോഷ്ടാക്കളുടെ ഉപദ്രവം ഉണ്ടായേക്കാമെന്ന് ഞങ്ങൾക്കറിയാമായിരുന്നു''.

ഇത്രയും വിഷമകരമായ ഒരു പ്രതിസന്ധിയെ അതിജീവിച്ചതിന്റെ പകപ്പോ പതർച്ചയോ ഇല്ലാതെ സെന്താമരൈ പറയുന്നതിങ്ങനെ :- '' ഞാൻ എന്റെ ഭർത്താവിനെ അത്രമാത്രം സ്നേഹിക്കുന്നുണ്ട്. അദ്ദേഹത്തെ ആരെങ്കിലും ഉപദ്രവിക്കുന്നത് എനിക്കെങ്ങനെ നോക്കിനിൽക്കാനാവും?. മാരകായുധങ്ങൾക്കു മുന്നിൽ നിന്നും ധൈര്യത്തോടെ തന്റെ പ്രണയം രക്ഷിച്ചെടുത്ത വയോധികയുടെ ദൃശ്യങ്ങൾ ആളുകൾ നെഞ്ചേറ്റിയത് വെറുതെയല്ലെന്ന് പറഞ്ഞുകൊണ്ട് ദൃശ്യങ്ങൾ പങ്കുവയ്ക്കുകയാണ് ആളുകൾ. സിസിടിവി ഫൂട്ടേജിൽ കാണിക്കുന്ന സമയവും തീയതിയും തെറ്റാണെന്ന് പറഞ്ഞുകൊണ്ടാണ് മാധ്യമങ്ങൾ ദൃശ്യങ്ങൾ പങ്കവയ്ക്കുന്നത്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FAMILY CORNER
SHOW MORE
FROM ONMANORAMA