ADVERTISEMENT

കാനഡയിലെ വിമാനത്താവളത്തിന്റെ പശ്ചാത്തലത്തിലുള്ള ഒരു രംഗം അക്ഷരാര്‍ഥത്തില്‍ വികാരഭരിതമാണ്. തീര്‍ച്ചയായും കണ്ടിരിക്കേണ്ട രംഗം. കണ്ടാലോ കരച്ചില്‍ നിയന്ത്രിക്കാനാവാത്തതും. ലോകം രാജ്യാന്തര തലത്തില്‍ ഇന്നു നേരിടുന്ന ഏറ്റവും വലിയ പ്രശ്നമായ അഭയാര്‍ഥികളുടെ ൈദന്യതയിലേക്കും കഷ്ടപ്പാടിലേക്കുമാണ് രംഗം വിരല്‍ ചൂണ്ടുന്നത്. 

കാനഡയില്‍ വിമാനത്താവളത്തില്‍ ഒരമ്മ കാത്തിരിക്കുകയാണ്. അവരുടെ സമീപത്തേക്ക് എസ്കലേറ്ററില്‍ ഒരു പുരുഷന്‍ വരുന്നു. അത് അവരുടെ മകനാണ്. മൂന്നു വര്‍ഷത്തിനുശേഷം അവര്‍ വീണ്ടും കാണുകയാണ്. എന്നെന്നേക്കുമായി അകന്നുപോയവര്‍ എന്നു വിചാരിച്ചവര്‍ അതിര്‍ത്തികള്‍ അപ്രസക്തമാക്കി വീണ്ടും കാണുന്നു. അമ്മയുടെ മുഖത്തെ ഭാവം കാണുമ്പോഴേ അറിയാം അവരുടെ കാത്തിരിപ്പിന്റെ ആഴം. മകനോടുള്ള സ്നേഹം. ജീവിതത്തിലെ ഏറ്റവും നിഷ്കളങ്കവും തീവ്രവുമായ ബന്ധത്തിന്റെ തീവ്രത. 

മകന്‍ അടുത്തുവരുമ്പോഴേക്കും അവര്‍ ചാടിയെഴുന്നേറ്റ് അവനെ കെട്ടിപ്പുണരുന്നു. അപ്പോഴും അവരുടെ കണ്ണുകളില്‍നിന്നു കണ്ണീര്‍ ധാരധാരയായി പ്രവഹിക്കുകയാണ്. മകനാകട്ടെ അമ്മയുടെ ആലിംഗനത്തില്‍നിന്നു മുക്തനായി അവരുടെ കാല്‍പാദത്തില്‍ ചുംബിക്കാന്‍ ഒരുങ്ങുന്നു. പല ദിശകളിലേക്കും യാത്ര ചെയ്യേണ്ടവര്‍ അവര്‍ക്കു ചുറ്റും കൂട്ടമായി നില്‍ക്കുകയാണ്. അവര്‍ ദേശ, കാല വ്യത്യാസമില്ലാതെ, പ്രായ-മത വ്യത്യാസമില്ലാതെ കയ്യടിക്കുകയാണ്. അമ്മയുടെയും മകന്റെയും അപൂര്‍വമായ പുനഃ,സമാഗമത്തിനു സാക്ഷ്യം വഹിക്കാന്‍ ഭാഗ്യം ലഭിച്ചവര്‍ എന്ന നിലയില്‍. 

സിറിയയില്‍നിന്നുള്ള അഭയാര്‍ഥിയായ അമ്മയാണ് തന്റെ മകനു വേണ്ടി കാനഡ വിമാനത്താവളത്തില്‍ കാത്തിരുന്നത്. അഭയാര്‍ഥിയായി കാനഡയില്‍ പ്രവേശിക്കാനുള്ള മകന്റെ അപേക്ഷ ഇപ്പോഴാണ് അംഗീകരിച്ചത്. അതിനെത്തുടര്‍ന്നാണ് അവരുടെ പുനഃസമാഗമം യാഥാര്‍ഥ്യമായതും. 

ദൃശ്യത്തിനു സാക്ഷിയായ ഒരാള്‍ വിഡിയോ സമൂഹമാധ്യമത്തില്‍ പോസ്റ്റ് ചെയ്തതോടെ ലക്ഷക്കണക്കിനു പേര്‍ കമന്റുകള്‍ എഴുതി. നിമിഷങ്ങള്‍ക്കകം വിഡിയോ കണ്ടത് രണ്ടു ദശലക്ഷത്തിലധികം പേര്‍. പലരുടെയും കമന്റുകളും വൈകാരികമാണ്. അമ്മയുടെ സ്നേഹം പോലെ ഹൃദയസ്പര്‍ശിയായ മറ്റൊന്നും ലോകത്തിലില്ലെന്നാണ് ഒരാളുടെ കമന്റ്. ഒരമ്മയുടെ സ്നേഹത്തെ അതിര്‍ത്തികള്‍ സൃഷ്ടിച്ച് വേലി കെട്ടി നിര്‍ത്താനാവില്ല എന്നാണ് മറ്റൊരാള്‍ക്ക് പറയാനുള്ളത്. 

വിഡിയോയ്ക്ക് അടിക്കുറിപ്പായി പ്രത്യക്ഷപ്പെട്ട ചില കമന്റുകള്‍: 

സമാധാനവും സന്തോഷവും സ്നേഹവും നല്‍കി ഈ കുടുംബത്തെ ദൈവം രക്ഷിക്കട്ടെ. ലോകത്ത് അമ്മയെപ്പോലെ മകനെ സ്നേഹിക്കാന്‍ മറ്റൊരാള്‍ക്കും കഴിയില്ല. ഏറ്റവും പരിശുദ്ധമായ സ്നേഹം. ഏറ്റവും പരിശുദ്ധമായ ത്യാഗം. അവയൊന്നും ഇല്ലെങ്കില്‍ ജീവിതം ശൂന്യം. ആ അമ്മയ്ക്ക് അവരുടെ ഹൃദയം തിരിച്ചുകിട്ടിയിരിക്കുന്നു. ഇതുപോലെ വേറെ കുടുംബങ്ങളുമുണ്ട്. അവരുടെയും പുനഃസമാഗമം ആയിരിക്കണം നമ്മുടെ ലക്ഷ്യം. നാം ഒരുമിച്ചു നിന്നാല്‍ അതും സാധ്യമാകും. 

English Summary :  Viral Video Refugee woman in Canada meets son after 3 years

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com