ADVERTISEMENT

മുംബൈ ദാദറിലെ 28 ഏക്കര്‍ വിസ്തൃതിയുള്ള  ശിവാജി പാര്‍ക്ക് ചരിത്ര സാക്ഷി മാത്രമല്ല, ചരിത്രപ്പിറവിയുടെ കേന്ദ്രം കൂടിയാണ്. ശിവരാജ്യാഭിഷേകത്തിനു സാക്ഷ്യം വഹിച്ച വിശാലമായ മൈതാനം പതിറ്റാണ്ടുകള്‍ക്കുശേഷം കഴിഞ്ഞ ദിവസം ഉണര്‍ന്നത് ശിവസൈനികരുടെ ജയഘോഷങ്ങളിലേക്ക്. മറാഠ വീര്യം ഉയര്‍ത്തിപ്പിടിച്ച്, അഭിമാനത്തോടെ നെഞ്ചു വിരിച്ച്, കൊമ്പും കുഴലും വിളിച്ച്, ശംഖ് ഊതിയ അണികള്‍ക്ക് ജന്മസാഫല്യമായാണ് ഉദ്ധവ് താക്കറെ മഹാരാഷ്ട്ര മുഖ്യമന്ത്രിയായി അധികാരമേറ്റെടുത്തത്. 

താക്കറെ കുടുംബത്തില്‍നിന്നൊരാള്‍ മഹാരാഷ്ട്രയുടെ മുഖ്യമന്ത്രിയാകുമെന്ന സാക്ഷാല്‍ ബാല്‍ താക്കറെയുടെ പ്രവചനത്തിന്റെ സാക്ഷാത്കാരം. 1966-ല്‍ താക്കറെ ശിവസേനയുടെ പിറവി പ്രഖ്യാപിച്ച അതേ മൈതാനത്ത് സൗമ്യനും ശാന്തനും എന്നാല്‍ ഉറച്ച നിലപാടുകളുമുള്ള ഉദ്ധവ് താക്കറെ മുഖ്യമന്ത്രിയായി അധികാരമേറ്റപ്പോള്‍ പുതിയൊരു ചരിത്രം പിറക്കുകയായിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പിനു മുൻപോ അതിനുശേഷമോ രാഷ്ട്രീയ നിരീക്ഷകര്‍ പോലും പ്രവചിക്കാതിരുന്ന അപ്രതീക്ഷിത കൂട്ടുകെട്ടിലൂടെ പുതിയ രാഷ്ട്രീയ മുന്നണിയായ ‘ മഹാ വികാസ് അഘാടി’ യുടെ നേതാവായാണ് ഉദ്ധവ് മുഖ്യമന്ത്രിപദമേറ്റെടുത്തത്. 

ജനസാഗരം സാക്ഷി നിന്ന ചടങ്ങില്‍ ശിവാജി പാര്‍ക്കില്‍ പ്രമുഖര്‍ക്കൊപ്പം പങ്കെടുക്കാന്‍ ഇന്ത്യയിലെ പ്രശസ്തമായ വ്യവസായ കുടുംബവുമുണ്ടായിരുന്നു. മുകേഷ് അംബാനി- നിത ദമ്പതികള്‍ മകന്‍ ആനന്ദ് അംബാനിക്കൊപ്പമാണ് ചടങ്ങില്‍ ആദ്യാവസാനം പങ്കെടുത്തത്. ഈ വര്‍ഷം ആദ്യം നടന്ന ലോക്സഭാ തിര‍ഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മിലിന്ദ് ദിയോറയ്ക്ക് മുകേഷ് അംബാനി പിന്തുണ പ്രഖ്യാപിച്ചത് രാഷ്ട്രീയ കേന്ദ്രങ്ങള്‍ കൗതുകത്തോടെയാണ് കണ്ടത്. 

താക്കറെ കുടുംബവുമായി അടുപ്പമുള്ള അംബാനി കുടുംബം കോണ്‍ഗ്രസുമായി  അടുക്കുകയാണോ എന്ന സംശയവും ഉയര്‍ന്നിരുന്നു. ഇപ്പോഴാകട്ടെ, എല്ലാ സംശയങ്ങളെയും അപ്രസക്തമാക്കി സുഹൃത്ത് ഉദ്ധവ് താക്കറെയുടെ സത്യപ്രതിജ്ഞാ ചടങ്ങില്‍ ആദ്യവസാനം കുടുംബസമേതം പങ്കെടുത്ത് ഒരിക്കല്‍ക്കൂടി അംബാനി കുടുംബം താക്കറെമാരോടുള്ള തങ്ങളുടെ കൂറ് പ്രഖ്യാപിച്ചിരിക്കുകയാണ്. മുകേഷിന്റെ ഉടമസ്ഥതയിലുള്ള റിലയന്‍സ് ഇന്‍ഡസ്ട്രീസ് ഓഹരി വിപണി മൂല്യം 10 ലക്ഷം കോടി രൂപ കവിയുന്ന ആദ്യ ഇന്ത്യന്‍ കമ്പനിയെന്ന റെക്കോര്‍ഡ് നേടിയ അതേ ദിവസം തന്നെയാണ് ഉദ്ധവ് മഹാരാഷ്ട്ര മുഖ്യമന്ത്രിയായത് എന്നതും കൗതുകകരം. സത്യപ്രതിജ്ഞ ചെയ്ത ഉദ്ധവിനെ ഊഷ്മളമായി ആലിംഗനം ചെയ്താണ് മുകേഷ് തന്റെ സ്നേഹം പ്രകടിപ്പിച്ചത്. 

ശിവസേനയുമായി അകന്ന് എംഎന്‍എസ് എന്ന രാഷ്ട്രീയ പാര്‍ട്ടി രൂപീകരിച്ച് ഒറ്റയ്ക്കു പോരാടിയ സഹോദരന്‍ രാജ് താക്കറെയും ഉദ്ധവിന്റെ സത്യപ്രതിജ്ഞ ചടങ്ങിനു സക്ഷ്യം വഹിക്കാന്‍ എത്തിയിരുന്നു. ഉദ്ധവിനൊപ്പമാകട്ടെ നിഴലു പോലെ ഭാര്യ രശ്മിയും മകന്‍ ആദിത്യ താക്കറെയുമുണ്ടായിരുന്നു. ഡോംബിവ്‍ലിയിലെ സാധാരണ കുടുംബത്തില്‍ ജനിച്ച രശ്മി ഭാര്യ എന്നതിനുപുറമെ ഉദ്ധവിന്റെ വലം കൈയാണ്. പ്രതിസന്ധികളില്‍ പതറാതെ താക്കറെ കുടുംബത്തിനൊപ്പം നിന്ന് വിശ്വാസ്യതയും കൂറും പ്രകടിപ്പിച്ച വ്യക്തിത്വത്തിന് ഉടമ. 

കോണ്‍ഗ്രസ്-എന്‍സിപി സഖ്യത്തിനൊപ്പം ചേര്‍ന്നാണ് ശിവസേന മഹാരാഷ്ട്രയില്‍ പുതിയ സര്‍ക്കാര്‍ രൂപീകരിച്ചിരിക്കുന്നത്. ആദിത്യ താക്കറെ നേരിട്ടുപോയി ക്ഷണിച്ചെങ്കിലും കോണ്‍ഗസ് ഇടക്കാല അധ്യക്ഷ സോണിയ ഗാന്ധിയും മുന്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും ചടങ്ങില്‍ പങ്കെടുത്തിരുന്നില്ല. പക്ഷേ, ഇരുവരും ആശംസകള്‍ അറിയിച്ചിരുന്നു. 

ശിവസേന നേതാവും ബോളിവുഡ് കലാ സംവിധായകനുമായ നിതിന്‍ ദേശായിയാണ് ശിവാജി പാര്‍ക്കിലെ വര്‍ണശബളമായ വേദി രൂപകല്‍പന ചെയ്തത്. ഇഷ്ടവേഷമായ നീളന്‍ കാവി കൂര്‍ത്ത ധരിച്ചാണ് ഉദ്ധവ് സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുത്തതും. തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്ന് ഒരു മാസത്തോളം നീണ്ടുനിന്ന രാഷ്ട്രീയ അനിശ്ചിതത്വത്തിനുശേഷം ഇനി മഹാരാഷ്ട്രയില്‍ ഉദ്ധവ് രാജ്. 

English Summary : Ambani  Family On Stage As Uddhav Thackeray Took Chief Minister's Oath

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com