ADVERTISEMENT

ഭർത്താവ് അജയ് ദേവ്ഗണിനെ ആദ്യമായി കണ്ടുമുട്ടിയ നിമിഷത്തെക്കുറിച്ചും വിവാഹാനന്തരം രണ്ടു ഗർഭഛിദ്രങ്ങൾ സമ്മാനിച്ച മാനസിക യാതനകളെക്കുറിച്ചും പിന്നീടെത്തിയ രണ്ടു മക്കൾ സമ്മാനിച്ച ആഹ്ളാദത്തെക്കുറിച്ചും തുറന്നു പറഞ്ഞ് ബോളിവുഡ് താരം കാജോള്‍. ഹ്യൂമൻസ് ഓഫ് മുംബൈയുടെ ഇൻസ്റ്റാഗ്രാം പേജിനു നൽകിയ അഭിമുഖത്തിലാണ് വ്യക്തിഗത ജീവിതത്തിലെ സന്തോഷങ്ങളും ദു:ഖങ്ങളും താരം പങ്കുവച്ചത്.

'കാലങ്ങളായി ഞങ്ങൾ കുട്ടികൾ വേണമെന്നതിനെക്കുറിച്ചു ചിന്തിച്ചു തുടങ്ങിയിരുന്നു. 2001ൽ കഭി ഖുഷി കഭി ഗം എന്ന ചിത്രത്തിന്റെ ചിത്രീകരണ സമയത്ത് ഞാൻ ഗർഭിണിയായിരുന്നു. ദൗർഭാഗ്യവശാൽ ഗർഭം അലസി. സിനിമ പുറത്തിറങ്ങുമ്പോൾ ഞാൻ ആശുപത്രിയിലായിരുന്നു. സിനിമ വിജയമായെങ്കിലും വ്യക്തിഗതമായി അതൊട്ടും നല്ല സമയമായിരുന്നില്ല. പിന്നീട് ഒരിക്കൽ കൂടി ഗർഭഛിദ്രം ഉണ്ടായി. അത് തികച്ചും പരീക്ഷണത്തിന്റെ സമയമായിരുന്നു. എന്നാൽ കാലക്രമേണ എല്ലാം ശരിയായി. ഞങ്ങളുടെ കുടുംബത്തിന് പൂർണതയേകാൻ നൈസയും യേഗുമെത്തി. – കാജോൾ പറഞ്ഞു. ഏറെക്കാലത്തിനു ശേഷം താരദമ്പതികൾ ഒരുമിച്ചു അഭിനയിച്ച തൻഹാജി – ദ അൺസങ് ഹീറോ എന്ന ചിത്രം' പുറത്തിറങ്ങുന്നതിനു മുന്നോടിയായിട്ടായിരുന്നു അഭിമുഖം.

ഹൽച്ചുൽ എന്ന സിനിമയുടെ സെറ്റിൽ വച്ചാണ് അജയ് ദേവ്ഗണിനെ താൻ ആദ്യമായി കണ്ടതെന്ന് കാജോൾ പറഞ്ഞു. 25 വർഷങ്ങൾക്കു മുമ്പ് ആ സെറ്റിൽ വച്ചായിരുന്നു ഞങ്ങൾ ആദ്യം കണ്ടത്. സെറ്റിലെത്തി ഞാൻ ഷൂട്ടിനു തയാറായി എന്റെ ഹീറോയെവിടെയെന്നു ചോദിച്ചപ്പോൾ ഒരു വശത്ത് ഒഴിഞ്ഞിരിക്കുന്ന അജയിലേക്കു ആരോ വിരൽചൂണ്ടി. അങ്ങനെ ചിത്രീകരണം തുടങ്ങുന്നതിന് പത്തു മിനുട്ട് മുമ്പ് ഞങ്ങൾ പരിചയപ്പെട്ടു. ആ സിനിമയുടെ ചിത്രീകരണം കഴിയുന്നതിനു മുമ്പു തന്നെ ഞങ്ങൾ നല്ല സുഹൃത്തുക്കളുമായി.

ആ സമയം താൻ മറ്റൊരാളുമായി ഇഷ്ടത്തിലായിരുന്നുവെന്നും കാമുകനെക്കുറിച്ചുള്ള പരാതി പോലും അജയോടു പറഞ്ഞിട്ടുണ്ടെന്നും താരം കൂട്ടിച്ചേർത്തു. അജയ്യും ആ സമയം മറ്റൊരു പ്രണയത്തിലായിരുന്നു. അധികം വൈകാതെ തന്നെ ഇരുവരുടെയും പ്രണയം തകർന്നു. തങ്ങളിരുവരും പരസ്പരം ഇഷ്ടം അറിയിച്ചിരുന്നില്ലെന്നും ഒരിമേക്കണ്ടവരാണെന്ന ചിന്ത അറിയാതെ തന്നെ ഇരുവരുടെയും മനസിൽ ഉടലെടുത്തിരുന്നുവെന്നും കാജോൾ തുടർന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com